Jump to content

ചമ്പാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചമ്പാട്

[തിരുത്തുക]

ചമ്പാടിന്റെ ഭൂപടം

[തിരുത്തുക]

ചമ്പാടിന്റെ ഗൂഗിൾ ഭൂപടം ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. [1]

ചമ്പാട് ചരിത്രം രേഖപ്പെടുത്തുന്നു

[തിരുത്തുക]

ഇരുവഴി നാട്[2]

[തിരുത്തുക]

ചമ്പാട് പതിനെട്ടാം നൂറ്റാണ്ടിൽ ഇരുവഴി നാടിൻറെ ഭാഗമായിരുന്നു. പന്ന്യന്നൂർ, പാനൂർ, പുത്തൂർ, തൃപ്പങ്ങോട്ടൂർ, പെരിങ്ങളം, കരിയാട് എന്നീ കോട്ടയം താലൂക്കിലെ അംശങ്ങൾ ഉൾപ്പെടുന്ന പ്രദേശമാണ് ഇരുവഴിനാട്. കോലത്തിരി രാജാവിൻറെ കീഴിലുള്ള കോലത്തുനാടിൻറെ ഭാഗമാണ് ഇരുവഴിനാട് അന്ന്. തലശ്ശേരിയിൽ ഇംഗ്ലീഷുകാരും മാഹിയിൽ ഫ്രഞ്ചുകാരും അധിവസിച്ചിരുന്ന കാലമാണത്. അന്ന് ഇരുവഴി നാടിൻറെ അധികാരികൾ കുന്നുമ്മൽ, ചന്ത്രോത്ത്, കിഴക്കേടത്ത് ,കാമ്പുറത്ത്, നാരങ്ങോളി, കാര്യാട് എന്നീ ആറ് നമ്പ്യാന്മാരുടെ താവഴിക്കാരായിരുന്നു.

ഭൂപ്രകൃതിയുടെ സൗകര്യാർത്ഥം തലശ്ശേരിയിലെ ഇംഗ്ളീഷുകാരുമായും മാഹിയിലെ ഫ്രഞ്ച്കേന്ദ്രവുമായും ഭരണാധികാരികളായ നമ്പ്യാന്മാർ ബന്ധം പുലർത്തിയിരുന്നു. അവർ തമ്മിൽ ധാരാളം കരാറുകളിൽ ഏർപ്പെടുകയും ചെയ്തു. കുരുമുളക് കച്ചവടവും നികുതിയുമൊക്കെയായിരുന്നു കരാറുകൾക്ക് അടിസ്ഥാനം. ഇംഗ്ളീഷുകാരുടേയും ഫ്രഞ്ചുകാരുടേയും ആയുധശക്തിയും രാജാക്കന്മാർ തമ്മിലുള്ള കിടമത്സരവും വിദേശികളുമായി ഒത്തു പോകാൻ പലപ്പോഴായി പലവിധത്തിൽ നാടുവാഴികളെയും രാജാക്കന്മാരെയും പ്രേരിപ്പിച്ചു.

പൊളാച്ചെ എന്ന ഒരു നായരുണ്ടായിരുന്നു. അയാൾ ഇരുവഴി നാട്ടിലെ നമ്പ്യാന്മാരുടെ കീഴിലാണോ ഫ്രഞ്ചുകാരുടെ കീഴിലാണോ എന്നൊരു തർക്കമുണ്ടായി. അയാൾ ആർക്കാണ് പാട്ടം കൊടുക്കേണ്ടത് എന്നതിനെ ചൊല്ലിയായിരുന്നു തർക്കം. നാട്ടുനടപ്പനുസരിച്ച് നമ്പ്യാന്മാർ പൊളാച്ചയുടെ പറമ്പിലുള്ള ഒരു മരത്തിൽ പച്ചിലക്കമ്പു കെട്ടി അവകാശം വ്യക്തമാക്കി. ഫ്രഞ്ചുകാർ അത് അംഗീകരിച്ചില്ല. അവർ പച്ചിലക്കമ്പ് എടുത്തു മാറ്റി. പൊളാച്ചെ നായർ ഫ്രഞ്ചുകാരുടെ ഭാഗം ചേർന്നു. പ്രായപൂർത്തിയായിട്ടില്ലാതിരുന്ന കടത്തനാട്ട് രാജാവിൻറെ പിന്തുണയും ഫ്രഞ്ചുകാർ നേടിയെടുത്തു. ഇരുവഴിനാട്ട് നമ്പ്യാരെ ഇത് ചൊടിപ്പിച്ചു. 1739 സപ്തംബർ 4-ന് ഇരുവഴിനാട്ടു നമ്പ്യാന്മാർ ഫ്രഞ്ചുകാരുമായി ഏറ്റുമുട്ടി. ഫ്രഞ്ച് കമാൻറിംഗ് ഒാഫീസർ അടക്കം നിരവധി പട്ടാളക്കാർ മരണപ്പെട്ടു. ഇംഗ്ളീഷുകാർ ഈ സമയത്ത് നമ്പ്യാന്മാരുടെ ഭാഗം ചേർന്നു. ഫ്രഞ്ചുസൈന്യത്തിന് പിന്മാറേണ്ടി വന്നു. 1739 ഡിസംബറിൽ യുദ്ധം ഒത്തുതീർപ്പിലെത്തി. കടത്തനാട്ടിൽ പെരിങ്ങത്തൂരേക്കുള്ള വഴിയിലെ കുന്നിൽ ഇംഗ്ലീഷുകാർക്ക് ഒരു കേന്ദ്രം ഉണ്ടായിരുന്നു. ഫ്രഞ്ചുകാർ ആ കേന്ദ്രം ആക്രമിക്കാൻ ഒരുങ്ങി. ഇംഗ്ളീഷുകാർ അവരെ തുരത്തി. 1740 സപ്തംബർ 5-നായിരുന്നു ഇത്. 18-ന് വീണ്ടും ആക്രമിക്കാൻ ഫ്രഞ്ചുകാർ ശ്രമിച്ചു. അതും പരാജയപ്പെട്ടു. അമ്പതിലധികം ഫ്രഞ്ചു പട്ടാളക്കാർ മരിക്കുകയും നിരവധി പേർക്ക് പരിക്ക് പറ്റുകയും ചെയ്തു.

1741 നവംബർ 13-ന് രണ്ടു വലിയ കപ്പലുകളിലായി എ.ഡി. ലബൗർഡണിസ്റ്റ് മാഹിയിലെത്തി. 200 പട്ടാളക്കാരും 400 അടിമകളും കൂടെ ഉണ്ടായിരുന്നു. ലബൗർഡണിസ്റ്റിൻറെ നേതൃത്വത്തിൽ കടത്തനാട്ടിലെ പല കോട്ടകളും പിടിച്ചടക്കി. ഇതിനു ശേഷം ഇംഗ്ലീഷുകാരുമായി ലബൗർഡണിസ്സ് ഒത്തുതീർപ്പിലെത്തി. ഇരുവഴി നമ്പ്യാന്മാരുടെ പ്രദേശങ്ങൾ അവർക്ക് തന്നെ വിട്ടു കൊടുക്കുന്നതിന് ഒത്തുതീർപ്പിൽ വ്യവസ്ഥ ഉണ്ടായിരുന്നു. ഇരുവഴി നാട്ടിൽ പണിത വിദേശകമ്പനികൾ ഒഴിഞ്ഞു പോകാൻ ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരും ധാരണയിലെത്തി. പെരിങ്ങത്തൂർ, കണ്ണാമല, ചിബോറ, പൊയിതേര, ബിഹാരി, മെയിലോട് എന്നിവിടങ്ങളിൽ നിന്ന് ഫ്രഞ്ചുകാരും അന്തോളമല, പുതിഞ്ഞ, തേറാമല, പോനെല്ലാമല, മൂയിക്കര കുന്ന്, മൂയിക്കരക്കണ്ടി എന്നിവിടങ്ങളിൽ നിന്ന് ഇംഗ്ലീഷുകാരും കാവൽ സ്ഥാപനങ്ങൾ ഉപേക്ഷിച്ചു പോയി. ഇരുവഴി നാട്ടിൽ പാണ്ടികശാലകൾ കെട്ടരുതെന്നും തീരുമാനിച്ചു. 1742ൽ ഫ്രഞ്ചുകാർ ഇരുവഴി നാട്ടുനമ്പ്യാരുമായി സന്ധിയിൽ ഏർപ്പെട്ടു. അങ്ങനെ കുരുമുളകിന് വില കുറഞ്ഞു കിട്ടുകയും ഫ്രഞ്ചുകാർക്ക് ലാഭം വർദ്ധിക്കുകയും ചെയ്തു.

പുതിയ കോലത്തിരി (റീജണ്ട് രാജാവ്) കടത്തനാട് രാജാവിൻറെ ഒരു സഹോദരിയെ വിവാഹം കഴിച്ചു. ഇരുവഴിനാട്ടിൽ ഒരു കോവിലകം പണിത് അവരെ അവിടെ താമസിപ്പിക്കുകയും ചെയ്തു. കോലത്തിരിയുടെ ലക്ഷ്യം സ്വന്തം മകനെ വാഴുന്നവർ (കടത്തനാട് രാജാവിന്റെ സ്ഥാനപ്പേര്) ആക്കുകയായിരുന്നു. ഇതിന് സാമന്തന്മാരായ ഇരുവഴിനാട് നമ്പ്യാന്മാരുടെ സമ്മതം വേണ്ടിയിരുന്നു. ഇംഗ്ളീഷ്കമ്പനി മേധാവി ഇതിന് അനുകൂലമായി നിന്നു​. ഇരുവഴിനാട്ട് നമ്പ്യാന്മാരുടേ മേൽ ഫ്രഞ്ചുകാർക്കുണ്ടായിരുന്ന സ്വാധീനം കുറക്കുകയായിരുന്നു ഇംഗ്ലീഷുകാരുടെ ഉദ്ദേശം. എന്നാൽ പരസ്യമായി കോലത്തിരിയെ പിന്തുണക്കുന്നത് ഉചിതമല്ലെന്ന് ഇംഗ്ലീഷുകമ്പനിക്ക് അറിയാമായിരുന്നു. കോലത്തിരിയും പെട്ടെന്നുള്ള ഏറ്റുമുട്ടലിന് തയ്യാറായില്ല. ഇരുവഴിനമ്പ്യാന്മാരിൽ ഒരു വിഭാഗം കോലത്തിരി യുടെ (ചിറക്കൽ രാജ) പക്ഷത്ത് ചേർന്നു. 1750 മാർച്ചിൽ കടത്തനാട് ഭരണാധികാരി "രാജാവ്" എന്ന സ്ഥാനം ഏറ്റു.

പുതിയ കൂട്ടുകെട്ടുകളും ആക്രമണങ്ങളും ഒത്തുതീർപ്പുകളും പലതും ഉണ്ടായി. കോട്ടയം രാജാവും ഇരുവഴിനാട് നമ്പ്യാന്മാരുമായി ഒരു സഖ്യം രൂപപ്പെട്ടു. ഇംഗ്ളീഷ്കമ്പനി അവർക്ക് പിന്തുണയും നൽകി. ഫ്രഞ്ചുകാരുടെ സഹായത്തോടെ കോലത്തിരിയുടെ കടത്തനാടും തമ്മിലുണ്ടാക്കിയ സഖ്യത്തെ പ്രതിരോധിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ഇരുവഴിനാട് നമ്പ്യാന്മാരുടെ സഖ്യത്തിൽ അസ്വസ്ഥനായ കോലത്തിരി തലശ്ശേരി ഫാക്ടറി മേധാവിയായ സൊറിലിനെ സന്ദർശിക്കാൻ ചെന്നു. സൊറിൻ കോലത്തിരിയെ സ്വീകരിച്ചില്ല. കോലത്തിരി മാഹിയിൽ ചെന്നു. ഫ്രഞ്ചുകാർ രാജാവിനെ ഹാർദ്ദമായി സ്വീകരിച്ചു. കോലത്തിരി കടത്തനാടു സഖ്യത്തിന് ഫ്രഞ്ച് പിന്തുണ കിട്ടി. ഈ ബലത്തിൽ കടത്തനാട് രാജാവ് ഇരുവഴിഞ്ഞി നാട് നമ്പ്യാർക്കും കോട്ടയം രാജാവിനും നേരെ 1753 ഒക്ടോബറിൽ ആക്രമണം തുടങ്ങി. ഇത് തുടരാൻ ഫ്രഞ്ചുകാർ താല്പര്യം കാണിച്ചില്ല. ഫ്രഞ്ച് കമ്പനി മേധാവി എം.ലോവെറ്റ് മധ്യസ്ഥനായി ഏറ്റുമുട്ടൽ അവസാനിപ്പിച്ചു.

1765 മുതൽ 1782 വരെയുള്ള കാലത്ത് ഇരുവഴിനാട് ചിറക്കൽ രാജയുടെ ഭരണത്തിലായിരുന്നു. അവിടുത്തേക്കാണ് നികുതി ഒടുക്കിക്കൊണ്ടിരുന്നത്. 1784 മുതൽ ഇരുവഴിനാട് ടിപ്പുസുൽത്താൻറെ അധീനതയിലായി. ടിപ്പുവിൻറെ പടയോട്ടം അധികാരത്തോടൊപ്പം സാമുദായിക മാറ്റങ്ങൾക്കും വഴിവെച്ചു. പന്ന്യന്നൂർ അംശത്തിലെ ചമ്പാട് ദേശത്തും അതിൻറെ പ്രതിഫലനങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. കോവിലകം(കൂലോം) ഇല്ലം എന്നിവ ബ്രാഹ്മണരുടേയും ക്ഷത്രിയരുടേയും (നായർ, നമ്പ്യാർ തുടങ്ങിയവരുടെ) വാസസ്ഥലങ്ങളുടെ പേരുകളാണ്. ഇരുവഴിനാട്ടിലെ നമ്പ്യാന്മാരുടെ കുലത്തിൽ പെട്ടവർ ചമ്പാട് ദേശത്തും​ താമസിച്ചിരുന്നത് കൊണ്ടാണ് അവരുടേതായ വീട്ടുപേരുകൾ നിലനിന്നത്. ഇന്നത്തെ കാലത്തും വീട്ടുപേരുകൾ മാറ്റമില്ലാതെ തുടരുന്നുണ്ട്. എന്നാൽ ആ വീടുണ്ടായിരുന്ന സ്ഥലങ്ങളിലൊന്നും നമ്പ്യാന്മാരോ, ബ്രാഹ്മണരോ അല്ല ഇന്ന് താമസിക്കുന്നത്. വര്യയയിൽ, കനകത്ത്, ഇല്ലത്ത്, ഓരാങ്കൂൽ തുടങ്ങിയ പേരുകളിലുള്ള വീടുകളിലേറെയും ഇസ്ലാം മതവിശ്വാസികളാണ്. ഇസ്ലാം മതത്തിൽ വിശ്വസിക്കുന്നവരാണെങ്കിലും അവരുടെ ആകാരത്തിലും ഭാഷയിലും പഴയ തലമുറയുടെ ശൈലി നിഴലായി പിന്തുടരുന്നുണ്ടിന്നും. അവരിൽ ചിലർ തന്നെ അത് പറയുന്നുമുണ്ട്.

ടിപ്പുവും ഇംഗ്ലീഷുകാരും തമ്മിലുണ്ടായ യുദ്ധങ്ങൾക്കൊടുവിൽ 1790-91ൽ ഇരുവഴി നാടിൻറെ ഭരണം ഇംഗ്ലീഷുകാർ നേരിട്ട് ഏറ്റെടുത്തു. എന്നാൽ രണ്ടു വർഷങ്ങൾക്ക് ശേഷം 1793-94ൽ ഇരുവഴിനാട് ഇംഗ്ലീഷുകാർ നമ്പ്യാന്മാർക്ക് വിട്ടു കൊടുത്തു. ഭരണം നമ്പ്യാന്മാരാണെങ്കിലും നികുതി പിരിച്ചത് ഇംഗ്ലീഷുകാരാണ്. നികുതി ഇടയ്ക്കിടെ വർദ്ധിപ്പിച്ച് കൊണ്ടിരുന്നു. ഇടയ്ക്ക് നാമമാത്രമായ കുറവും വരുത്തി. 1793ൽ ഇംഗ്ലീഷുകാർ ഇരുവഴി നാട്ടിൽ നിന്നും പിരിച്ച നികുതി ഇങ്ങനെയാണ്.

  • കായ്ഫലമുള്ള തെങ്ങ് ഒന്നിന് 1 അണ 7-1/5 പൈ
  • കായ്ഫലമുളള കവുങ്ങൊന്നിന് 9-3/5 പൈ
  • കായ്ഫലമുള്ള പിലാവ് ഒന്നിന് 6 അണ 4-4/5 പൈ
  • കായ്ഫലമുള്ള കുരുമുളക് കൊടി ഒന്നിന് 2 അണ18/25 പൈ.

1795-96ൽ നികുതി പാട്ടത്തിൻറെ 60% ആക്കി. ഇരുവഴി നാട്ടിൽ നമ്പ്യാന്മാർ പഴശ്ശിരാജയെ സഹായിച്ചുവെന്ന കാരണത്താൽ 1796-97ൽ നികുതി 1000%വരെ വർധിപ്പിച്ചു. 1803ൽ കൊറ്റ്യോട്ടും (കോട്ടയം നാട്) വയനാട്ടിലും നികുതി ഏകീകരിച്ചു. പഴശ്ശിരാജയുടെ പതനത്തോടെ ഇരുവഴിനാട് കോട്ടയം താലൂക്കിൽ ഉൾപ്പെട്ടു. ചന്ത്രോത്ത് യശമാനൻറെ കീഴിലായിരുന്നു പന്ന്യന്നൂർ. യശമാനൻ എന്ന പേരിൽ അറിയപ്പെട്ട അവസാനത്തെ ആൾ കെ.ടി.പത്മനാഭൻ ആയിരുന്നു.

1937ൽ പാനൂർ പഞ്ചായത്ത് രൂപികരിച്ചപ്പോൾ പന്ന്യന്നൂർ അംശത്തിൽ പെട്ട ചമ്പാട് പാനൂർ പഞ്ചായത്തിൽ ഉൾപ്പെട്ടു. പന്ന്യന്നൂർ വില്ലേജ് 1962ൽ പഞ്ചായത്തായി പാനൂരിൽ നിന്നും മാറ്റി. ഇന്ന് പന്ന്യന്നൂർ ഗ്രാമപഞ്ചായത്തിലെ (പന്ന്യന്നൂർ വില്ലേജിലെ അംശം) ഒരു ദേശമാണ് ചമ്പാട്.

ദേശനാമം

[തിരുത്തുക]
ചമ്പാട് ദേശം
[തിരുത്തുക]

ദേശനാമത്തിൻ നിഷ്പത്തിക്കു പിന്നിൽ ചരിത്ര പരമോ ഭൂമിശാസ്ത്രപരമോ ആയ ചില വസ്തുതകൾ ഉണ്ടാവും. സവിശേഷവ്യക്തികളോ സംഭാവനകളോ ജനതയുടെ ജോലിയോ ഭൂമിയുടെ പ്രത്യേകതകളോ ഒക്കെയാണ് പേരിന് ആധാരമായുണ്ടാവുക. പലപ്പോഴും ഇത് വാമൊഴിപകർച്ചയിലൂടെ രൂപാന്തരം വന്നവയാണ്. വസ്തുതകൾക്കോ സംഭവങ്ങൾക്കോ കഥാരൂപം വരികയും ഐതിഹ്യമായി കാതോടുകാതോരം കൈമാറി വരികയുമാണ് ചെയ്യുക. ഒരുപാട് കൂട്ടിച്ചേർക്കലുകളോ ഒഴിവാക്കപ്പെടലുകളോ സംഭവിക്കുകയും ചെയ്താണ് ദേശനാമം സ്ഥിരീകരിക്കപ്പെടുക. കാലാന്തരത്തിൽ തിരിച്ചറിയാൻ വയ്യാത്ത വിധം പേരുകൾക്ക് രൂപമാറ്റവും സംഭവിക്കാറുണ്ട് .

ചമ്പാട് എന്ന പേരിൻറെ ഉത്ഭവത്തെകുറിച്ച് ചരിത്ര സംഭവങ്ങളോ വ്യക്തികളോ ഉള്ളതായി ഐതിഹ്യങ്ങൾ ഒന്നും പ്രചാരത്തിലില്ല. ഭൂപ്രകൃതിയുടെ അടിസ്ഥാനത്തിലാണ് പേര് ഉത്ഭവിച്ചതെങ്കിൽ അതിൻറെ സാധുത പരിശോധിക്കേണ്ടതാണ്. അങ്ങനെ ഒരു സാധ്യതയിലേക്കാണ് ഇവിടെ വിരൽ ചൂണ്ടുന്നത്.

പടിഞ്ഞാറ് പൊന്ന്യം പുഴ മുതൽ കിഴക്ക് പാനൂരിന്റെ അതിർത്തിയായ കേളോത്ത് പാലം വരെയുള്ള കരപ്രദേശവും വയലുകളും ഉൾക്കൊള്ളുന്നതാണ് ചമ്പാട് ദേശം. പന്ന്യന്നൂർ അംശത്തിൽ (വില്ലേജ്) ഉൾപ്പെടുന്ന പ്രദേശമായിട്ടും ചമ്പാട് എന്ന പേര് ഈ ദേശത്തിന് വളരെ പഴയ കാലം മുതൽ ലഭിച്ചിരുന്നു എന്ന് വേണം അനുമാനിക്കാൻ. നാനൂറ് കൊല്ലങ്ങൾക്കു മുമ്പ് ചമ്പാട് എന്ന പേര് ഉപയോഗിച്ചിരുന്നു എന്ന് വിശ്വസിക്കാൻ തെളിവുകൾ ഉണ്ട്. വില്യം ലോഗൻറെ മലബാർ മാന്വലിൽ ചേർത്തിട്ടുള്ള തച്ചോളി ഒതേനനെ കുറിച്ചുള്ള ചരിത്രവും പാട്ടുമാണ് ഒരു തെളിവ്. തച്ചോളി ഒതേനൻ പൊന്ന്യത്തേക്ക് പടയ്ക്കു പോകുമ്പോൾ കടത്തനാട്ടു നിന്ന് പെരിങ്ങോം കടത്ത് കടന്നു "ചമ്പാട് പുഞ്ചപ്പാടം മുറിച്ചു കടന്നു" എന്ന് പാട്ടിലുണ്ട് . അവിടുന്ന് "ചമ്പാട് ഗ്രാമത്തിൽ" പ്രവേശിച്ചു. എന്നിട്ട് പൊന്ന്യത്തേക്ക് പോയി. അങ്കം കഴിഞ്ഞു തിരിച്ചു വരുമ്പോഴും "ചമ്പാട്ടെ നെൽവരമ്പത്തൂടെ" നടന്നു തിരികെ പോന്നു എന്നുണ്ട്. തച്ചോളി ഒതേനൻ ജനിച്ചത് കൊല്ലവർഷം 758(എ .ഡി-1584) മിഥുനമാസം കറുത്ത വാവിൻനാൾ നട്ടുച്ചക്കാണെന്ന് ഉള്ളൂർ എസ്സ്. പരമേശ്വര അയ്യർ കേരള സാഹിത്യ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വില്യം ലോഗൻ മലബാർ മാന്വൽ പ്രസിദ്ധീകരിക്കുന്നത് 1887ലാണ്. അതായത് 129 വർഷം മുമ്പ്. ഇരുപത്തൊന്നു വർഷം അദ്ദേഹം ഔദ്യോഗിക ജോലിയിലിരുന്നു. ഇക്കാലയളവിൽ വിവരശേഖരത്തിനു വേണ്ടി അമ്പത് വയസ്സുള്ളവരെ അദ്ദേഹം സമീപിച്ചു എന്നു കരുതുകയാണെങ്കിൽ ഏകദേശം ഇരുന്നൂറു വർഷം മുമ്പത്തെ കൃത്യമായ വിവരങ്ങൾ ആയിരിക്കും. അങ്ങനെ വരുമ്പോൾ ഒരു നാടൻ പാട്ട് രൂപപ്പെട്ടു പ്രചാരത്തിലായതിൻറെ കാലഗണന ശരിയാവാനാണിടം. ഇതിൽ നിന്നും നാനൂറ് വർഷങ്ങൾക്ക് മുമ്പ് ഉപയോഗിച്ചിരുന്ന ചമ്പാട് എന്ന പേര് വാമൊഴിയായി സ്ഥിരമാകുന്നതിനും വളരെയേറെ വർഷങ്ങൾക്ക് മുമ്പ് ആ പേര് ഉപയോഗത്തിലുണ്ടായിരുന്നു എന്നുള്ള നിഗമനത്തിലേക്കാണെത്തുക.

ദേശനാമം രൂപപ്പെട്ട വഴി അന്വേഷിക്കുമ്പോൾ ഇന്നുള്ള പേരുകളുമായി ചേർത്ത് ആലോചിക്കുന്നത് നന്നായിരിക്കും. ആധികാരികമായി ഇന്ന് പരിശോധിക്കാവുന്ന വില്ലേജ് ഓഫീസിലെ രേഖകൾ ഇന്നത്തെ രീതിയിൽ പുതുക്കി എഴുതിയത് 1933-1934കാലത്താണ്. ആ രേഖകൾ പ്രകാരം "ചമ്പാട്" എന്ന പേര് ചേർന്നു വരുന്ന കുറേ പറമ്പുകൾ ഇന്നത്തെ മീത്തലെചമ്പാട്ടും (മെലേചമ്പാട്) താഴെചമ്പാടും ഉൾക്കൊള്ളുന്ന സ്ഥലങ്ങളാണ്. മേലെചമ്പാട്, താഴെചമ്പാട് എന്ന് പറയുന്ന രീതി പഴയതാണ്. പടിഞ്ഞാറ് ഭാഗത്തെ സൂചിപ്പിക്കുന്നതാണ് മേലെ എന്നത്. കിഴക്ക്ഭാഗത്തേത് താഴെ (കീഴെ) എന്നുമാണ്. മെലേ ചമ്പാട് പടിഞ്ഞാറ് ഭാഗത്തും താഴെചമ്പാട് കിഴക്ക് ഭാഗത്തുമാണ് ഉള്ളത്. ചമ്പാട് ദേശത്തിൻറെ ഭൂപ്രകൃതിയും ഈ പേരുകളെ സാധൂകരിക്കുന്നുണ്ട്. പടിഞ്ഞാറ് ഭാഗം ഉയർന്നും കിഴക്ക് ഭാഗം താഴ്ന്നുമാണുള്ളത്.

ചമ്പാട് ദേശത്തിൻറെ തെക്കുഭാഗത്തുള്ള വയലിനും വടക്ക് ഭാഗത്തുള്ള വയലിനും പുഞ്ചവയൽ എന്നു പേരുണ്ട്. പുഞ്ചവയൽ എന്നാൽ വെള്ളം കെട്ടിനിൽക്കുന്നിടത്തെ വെള്ളം വറ്റിച്ച് കൃഷി ചെയ്യുന്ന വയൽ എന്നാണ്. ചമ്പാട് പുഞ്ചവയൽ എന്ന പേര് മെലേചമ്പാടിൻറെയും താഴെചമ്പാടിൻറെയും തെക്ക് ഭാഗത്തുള്ള വയലിൻറെ​ പേരാണ്. പൊന്ന്യം പുഴയുടെ അടുത്തുള്ള സ്ഥലങ്ങളാണ് തൊടുവയലക്കാട്ടു നിലം, പൊന്ന്യത്ത് വയൽ, എടക്കുളം നിലം, മാക്കുനി നിലം തുടങ്ങിയവ. വടക്ക്ഭാഗത്ത് മനയത്ത് വയൽ, തോട്ടോടി വയൽ, ചെറുകുളം വയൽ തുടർന്ന് ചോരങ്കുളം വയൽ, മൊകേരിവയൽ എന്നിങ്ങനെ ആയി കിഴക്കവസാനിക്കുന്നു. ചമ്പാടുദേശത്തെ കിഴക്കുള്ള വയലുകൾ തെക്കേവയലും ചോതാർ വയലുമാണ്. ഇതിനിടയിൽ ഏകദേശം നീളത്തിലാണ് കര. ഇങ്ങനെയാണ് ചമ്പാടു ദേശത്തെ ഭൂമി വിവരങ്ങൾ വില്ലേജ് ഓഫീസിലെ രേഖകളിൽ ഉള്ളത്.

പൊന്ന്യം പുഴ മുതൽ കിഴക്കോട്ടുള്ള പറമ്പുകളുടെ പേരുകൾ (1933-34 കാലം മുതലുള്ള പന്ന്യന്നൂർ വില്ലേജ് ഓഫീസിലെ രേഖകൾ പ്രകാരം) പരിശോധിക്കാം. താഴെപറയുന്ന പേരുകളല്ലാതുള്ളത് ദേശനാമം നിരൂപിക്കുന്നതിന് ആവശ്യമില്ലെന്ന് തോന്നി ഒഴിവാക്കുകയാണ്.

പ്രധാന പറമ്പുകൾ
[തിരുത്തുക]
പ്രധാന പറമ്പുകൾ
തെക്കും ഭാഗം പറമ്പുകൾ  വടക്കും ഭാഗം പറമ്പുകൾ 
തുരുത്തിയിൽ പറമ്പ് തൊടുവയലക്കാട്
കക്കടവത്ത് തൊടുവയിൽ കാടുനിലം
പൊന്ന്യത്തു പുഴക്കൽ കുട്ടമ്പിക്കാവ് 
എടക്കുളം നിലം മാത്തോട്ടം
പരുത്തിക്കുളം കാഞ്ഞിരത്തും കീഴിൽ
തോട്ടുചാലിൽ കുറ്റിക്കോമരക്കണ്ടി
കോയിച്ചിറയിൽ പിലാക്കണ്ടി
വലിയ തോട്ടോടി നിലം  തയ്യുള്ളതിൽ
ചമ്പാട്ട് കൂലോത്ത് പറമ്പ് കരിങ്കാട്
ആലക്കുണ്ട് വടക്കേ നിലം മോറത്ത് കാട്
ചമ്പാട്ട് കൂലോത്ത് താഴെ നിലം ചെറിയ കുറ്റിക്കാട്
വയക്കര കുറ്റിക്കാട്
ചമ്പാട് കാട്ടിൽ പറമ്പ് മുള്ളൻമാളി 
ചമ്പാട് മൊട്ടപ്പറമ്പ് വരിണ്ടൻ കാടന്റവിട
ചെറു പുനം നിലം തവരക്കാട്ടിൽ
ചമ്പാട്ടു പുഞ്ച തേക്കിലക്കണ്ടി 
നടുവയൽ വയക്കര തൊടുവയിൽ
ചമ്പാടന്റ വിട പുന്നക്കണ്ടി
താമരച്ചേരി കാട്ടിലെ പീടികയിൽ
ചാമ്പേത്ത് പാലേരി
ചമ്പളോൻ മുതുവന
ചമ്പേരി കുളക്കാട്
ചമ്പിടിച്ചീന്റവിട കൂവാട്ട്
കുറുക്കൻ വീട്ടിൽ
പെരുമുള്ളാക്കാട്
കാവിലേരി
വിളങ്ങാട്
കാവിലേരി മീത്തൽ
കോട്ടേ കൂലോത്ത്
ചോതാർ കാട്ടിൽ

ചമ്പാട് എന്ന പേര് ചേർന്നു വരുന്ന ഈ ദേശത്തിൻറെ ഏറ്റവും പടിഞ്ഞാറ് ഭാഗത്തുള്ള പറമ്പ് ചമ്പാട് കൂലോത്ത് പറമ്പാണ്. തൊട്ടുതാഴെയായി ചമ്പാട് കൂലോത്ത് താഴെ നിലം ആണുള്ളത്. നിലം എന്നാൽ വയൽ. ആ വയയിലുള്ള തോട് ദേശത്തിൻറെ അതിരാണ്. കൂലം എന്നാൽ തീരം എന്നും പുഴയുടെ യുഗം മറ്റും കര എന്നും കൂമ്പാരം എന്നും കുന്ന് എന്നും അർത്ഥമുണ്ട്. ചമ്പാട് കൂലോത്ത് എന്ന പറമ്പ് തോടിൻറെ കരയായി വരുന്നു. ഈ പറമ്പ് മുതലുള്ള കര കുന്നിൻറെ രൂപത്തിൽ ഉയർന്നുയർന്നുള്ള ഭൂമിയാണ്.

കൂലോം എന്നത് കുലം, കോവിലകം എന്നതിൻറെയും രൂപാന്തരമായി വരുന്നുണ്ട്. പരിസരം ജനവാസമുള്ളതാണ് എന്ന് ഇത് സൂചിപ്പിക്കുന്നു. ദൂരെയല്ലാതെയുള്ള കൊട്ടാരത്ത് പറമ്പും മഠത്തിലും കണിയാൻറെ രണ്ടംശം പറമ്പും ശവം വെക്കുന്ന കുഞ്ഞി പറമ്പും ജനവാസത്തിൻറെ തെളിവുകളാണ്.

ചമ്പാട്ട് കൂലോത്തിൻറെ വടക്കു മാറിയുള്ള കാവിൽ എന്ന പറമ്പിൽ ഇപ്പോഴുള്ളവരുടെ മുൻ തലമുറയായി മൂന്നു നൂറ്റാണ്ട് മുമ്പേ ജനങ്ങൾ വസിച്ചിരുന്നു എന്ന് ഉറപ്പിച്ചു പറയാൻ കഴിയും. അതിനടുത്ത് തന്നെയാണ് ചമ്പാട്ടങ്ങാടി. കച്ചവട പീടികകൾ ഉള്ള സ്ഥലത്തിനാണ് അങ്ങാടി എന്നു പറയുക. അതിനടുത്തുള്ള ചമ്പാട് മൊട്ടപറമ്പിൽ ഒരു മീൻ ചാപ്പയുണ്ടായിരുന്നു. ചമ്പാട്ടെ ആഹാര പാരമ്പര്യത്തിന്റെ ഒരടയാളമായിരിക്കും ആ ചാപ്പ. ഒന്നര നൂറ്റാണ്ടിലേറേ പഴക്കമുണ്ട് ചാപ്പയുള്ള കാലത്തിന്.

ചമ്പാട്ടു പുഞ്ച സ്ഥിരമായി വെള്ളക്കെട്ടുള്ള സ്ഥലമാണ്. മത്സ്യം പിടിക്കുന്ന സ്ഥലവുമാണത്. സമൃദ്ധമായി മത്സ്യം ഉണ്ടാകാറുള്ള സ്ഥലമാണ്. ചമ്പ എന്ന വാക്കിന് മത്സ്യവുമായിട്ടുള്ള ബന്ധം നാട്ടു പേരിന് ഉപോൽബലകമായിട്ടുണ്ടാവുമോ എന്ന് ആലോചിക്കാവുന്നതാണ്. ഉണക്കമീനിന് ചമ്പ എന്നും ചമ്പ് എന്നും പറയും. കിഴക്ക് ഭാഗത്തേ ചമ്പേരിക്കും അൽപം കിഴക്ക് മാറിയുള്ള സ്ഥലത്തിന് കുറിച്ചിക്കര എന്ന പേരുണ്ട്. കുറിച്ചി എന്നത് ഒരിനം മത്സ്യമാണ്.

ചമ്പാട്ടു പുഞ്ചയിലെ ചക്കര കണ്ടത്തിൻറെയും നടുവയലിൻറെയും കരയിലാണ് പിലാക്കണ്ടിയിൽ. ഇവിടെയാണ് ചെറുപുനം നിലം. തൊട്ടടുത്ത് കരിങ്കാട്ടും. കാടുവെട്ടി തെളിച്ചുള്ള കൃഷിയാണ് പൂനം കൃഷി. കരിങ്കാട്ട് എന്ന സ്ഥലം മൂന്ന് ദശാബ്ദം മുമ്പ് വരെ കാട്ടുപ്രദേശം തന്നെയായിരുന്നു. കരിങ്കാടിനടുത്തായാണ് കിരാൽ കൂലോത്ത്. ഇവിടെ ഒരു ക്ഷേത്രമുണ്ട്. ക്ഷേത്രത്തിനു തൊട്ട് നാടുവാഴികളുടെ താമസവും ഉണ്ട്. തീരം, കോവിലകം, കുലം എന്നീ വാക്കുകളുടെ എല്ലാം അർത്ഥം വഹിക്കുന്ന ഒരിടമാണിത്. മേലെ ചമ്പാടിനും താഴെ ചമ്പാടിനും ഇടയിലുള്ള ഒരു ക്ഷേത്രമാണ് 'ചമ്പാടൻ കുറ്റിയിൽ'. അതിർ‌ത്തി എന്ന് കുറ്റിക്ക് അർത്ഥമുണ്ട്. കുറ്റികൾ നാട്ടി അതിർത്തി തിരിക്കും. ചെറിയ മരങ്ങൾക്ക് കുറ്റിമരം എന്നും പറയും .

ചമ്പാടൻ കുറ്റിയുടെ അടുത്ത് തന്നെയുള്ളതാണ് ചമ്പാടൻറെവിട എന്ന പറമ്പ്. ചമ്പാടൻ എന്ന പദത്തിന് ചമ്പ് പാകം ചെയ്യുന്നവൻ എന്ന് അർത്ഥം പറയാം. ഭക്ഷണം പാകം ചെയ്യുന്നതിന് ആട് എന്നു പറയും. ചമ്പ മീനിനും ചമ്പ നെല്ലിൻറെ അരിയും ആകാം.

പുഞ്ചക്കരയുടെ ഭാഗമായി കിഴക്കോട്ടു നീങ്ങിയാൽ ചബ്ലോന്റവിട എന്ന പറമ്പാണ്. ഇത് വെള്ളക്കെട്ടിന് തൊട്ടടുത്തുള്ള പറമ്പാണ്. സ്ഥിരമായി നനവുള്ള സ്ഥലത്തിന് ചമ്പ് എന്ന് പറയും. അളം എന്നാൽ സ്ഥലം എന്നു തന്നെ. ചമ്പാട്ടു പുഞ്ചയുടെ കരയായത് കൊണ്ട് ചമ്പളം എന്ന് പേര് അനുയോജ്യം. ഇതിനടുത്ത് തന്നെയാണ് ചമ്പിടിച്ചി പറമ്പ് 'ചമ്പാടൻ എന്നതിൻറെ സ്ത്രീലിംഗമായി വരാം. അല്ലെങ്കിൽ വെള്ളം ഒഴുകി ഇടിഞ്ഞ പറമ്പുമാകാം. ഇതിനു കിഴക്കുള്ളതാണ് ചമ്പേരി. പുഞ്ചപ്പാടത്തിൻറെ തുടർച്ചയായി വരുന്ന സ്ഥലമാണിത്. ഏരി എന്നാൽ കൃഷിക്കു വേണ്ടി വെള്ളം കെട്ടി നിർത്തുന്ന സ്ഥലമാണ്. വെള്ളക്കെട്ടിൻറെ വരമ്പിനും ഏരി എന്ന് പറയുന്നു. ഒരു മത്സ്യത്തിന്റെ പേര് കൂടിയാണ് ഏരി.

ചമ്പാട് കൂലോത്ത് മുതൽ ചമ്പേരി വരെയുള്ള വെള്ളം കെട്ടി നിൽക്കുന്ന (എപ്പോഴും നനവുള്ള) കരപ്രദേശത്തിന് പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് കാട് എന്ന പേരുള്ള പറമ്പുകൾ തുടർച്ചയായി കാണാം. പട്ടിക പരിശോധിച്ചാൽ ഇത് വ്യക്തമാകും. പടിഞ്ഞാറ് തൊടുവയൽക്കാടു മുതൽ കിഴക്ക് പോതാർ കാട് വരെയുണ്ട്. മുള്ളൻപന്നിയുടെ വാസകേന്ദ്രമായ മുള്ളൻമാളിയും കുറുക്കൻ വീട്ടിലും കുറുക്കൻ കഴിയന്റവിട യുമായി കുറുക്കന്മാരുടേ സങ്കേതവും സൂചകങ്ങളായുണ്ട്. എഴുത്ത് പള്ളി എന്നൊരു പറമ്പും ഇതിനിടയിൽ ഉണ്ട്.

ഇതിൽ നിന്നെല്ലാം കൂടി ചമ്പാട് എന്ന പേരിനെ കുറിച്ച് ചില നിഗമനങ്ങളിൽ എത്തിച്ചേരാൻ കഴിയും. മറ്റ് സാദ്ധ്യതകളില്ലാത സ്ഥിതിക്ക് ഭൂപ്രകൃതിയുമായി ബന്ധപ്പെട്ട പേരുകൾ ചേർന്നുണ്ടായതാണെന്നതിന് ഒന്നിലധികം സാധ്യതകൾ ചൂണ്ടിക്കാണിക്കാൻ കഴിയും

1 ചമ്പ്+അളം= നനവാർന്ന സ്ഥലം എന്ന അർത്ഥത്തിൽ ചമ്പളം രൂപാന്തരം പ്രാപിച്ച് ചമ്പാട് എന്നായി.

2. ചമ്പ്+കാട്= നനവുള്ള സ്ഥലവും കാടുള്ള സ്ഥലവും എന്ന അർത്ഥത്തിൽ ചമ്പ് കാട് രൂപാന്തരപ്പെട്ട് ചമ്പാട് എന്നായി..

3. ചമ്പ് * നാട്= എപ്പോഴും നനവാർന്ന നാട് ചമ്പ് നാട് എന്നത് രൂപാന്തരം വന്ന് ചമ്പാട്.

4.ചമ്പ് + ആട് = ചമ്പ്(ഉണക്കമീൻ', മീൻ) പാകംചെയ്യുന്ന ഇടം എന്നർത്ഥത്തിൽ ചമ്പാട്.

ഇരുഭാഗത്തും വെള്ളക്കെട്ടും നടുക്ക് കാടുള്ള കരയും ചേർന്ന ദേശമായിരുന്നു പണ്ടത്തെ ചമ്പാട് എന്ന് ഉറപ്പിച്ചു പറയാം. പണ്ടുമുതലേ ഇവിടം പ്രത്യേകമായ സാംസ്കാരിക പാരമ്പര്യം നില നിർത്തിക്കൊണ്ടിരിക്കുന്ന സ്ഥലമാണെന്നും വ്യക്തമാണ്. അതു ടിപ്പുവിന്റെ പടയോട്ടക്കാലത്തോടെ പുതിയൊരു പാരമ്പര്യത്തിനു തുടക്കമിട്ടു എന്നുള്ളതും ഒരു യാഥാർത്ഥ്യമാണ്.

ആരാധനാലയങ്ങൾ:

കൂവ്വാട്ട് കാവ്: ഈ ദേശത്തെ പ്രധാനപ്പെട്ട ഒരു കാവാണ് കൂവ്വാട്ട്. രാജാക്കന്മാരുടേയും നാടുവാഴികളുടേയും കാലം. അവർ ആഗ്രഹിച്ചതെന്തും നേടി. അതിനുവേണ്ടി എന്തും ചെയ്യാൻ മടിച്ചില്ല.

കോട്ടയം രാജാവിൻറെ ഒരാഗ്രഹനിവൃത്തിക്കായിട്ടാണ് ഇരുവയ്നാട് അഥവാ ഇരുവർനാട് ദാനം ചെയ്തത് എന്നൊരു ഐതിഹ്യം ഉണ്ട്. അക്കാലത്ത് കൊട്ടിയൂർ അമ്പലത്തിലേക്ക് കോഴിക്കോട്, ബാലുശ്ശേരി, താമരശ്ശേരി, പ്രദേശങ്ങളിൽ നിന്ന് നെയ്യമൃതുമായി വരുന്ന വ്രതാനുഷ്ടിതരായ സ്ത്രീ പുരുഷന്മാർക്ക് കോട്ടയം രാജാവിന്റെ വസതിയിൽ ഒരുക്കുന്ന സങ്കേതത്തിൽ വിശ്രമം പതിവായിരുന്നു. ഒരിക്കൽ ബാലുശ്ശേരിയിൽ നിന്നും എത്തി ച്ചേർന്ന തീർത്ഥാടകസംഘത്തിലെ ഒരു സുന്ദരിയിൽ രാജാവിനു താല്പര്യം തോന്നി. മധുരവചസ്സുകളും മോഹനവാഗ്ദാനങ്ങളുമായി സുന്ദരിയെ രാജാവ് വശത്താക്കി. വിശ്രമം കഴിഞ്ഞ് സംഘം യാത്ര തുടങ്ങുമ്പോൾ രാജാവിന്റെ നിർദ്ദേശാനുസരണം സുന്ദരി ഒരു കളവുപറഞ്ഞു, താൻ ഋതുമതിയാണെന്നും അമ്പലത്തിലേക്ക് വരാൻ പറ്റില്ലെന്നും അറിയിച്ചു. കേട്ടത് വിശ്വസിച്ച് യാത്രാസംഘം പോയി. അവർ തിരിച്ചു വരുമ്പോൾ സങ്കേതത്തിൽ എത്തി. സ്ത്രീയെ കൊണ്ടു പോകാൻ പറ്റില്ലെന്നും അവർ പനിപിടിച്ച് കിടപ്പിലാണെന്നുമാണ് യാത്രാസംഘത്തെ അറിയിച്ചത്

അവലംബം

[തിരുത്തുക]
  1. "ചമ്പാടിന്റെ ഗൂഗിൾ ഭൂപടം".
  2. Logan, William (2007). Malabar Manual (Malayalam). Mathrubhumi. ISBN 81-8264-046-6.

photos

"https://ml.wikipedia.org/w/index.php?title=ചമ്പാട്&oldid=3711987" എന്ന താളിൽനിന്ന് ശേഖരിച്ചത്