Jump to content

ചാത്തിരാങ്കം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചാത്തിരാങ്കം

കേരളത്തിലെ നമ്പൂതിരിമാർക്കിടയിലുണ്ടായിരുന്ന നാലുപാദവും വച്ചുനമസ്‌കാരവും എന്ന അനുഷ്‌ഠാനത്തോടു ചേർന്ന് വികസിച്ച കലാരൂപമാണ് ചാത്തിരാങ്കം.  തെക്കൻ കേരളത്തിൽ യാത്രക്കളി, വടക്കൻ കേരളത്തിൽ പാനേങ്കളി, മധ്യകേരളത്തിൽ സംഘക്കളി എന്നെല്ലാമാണ്‌ ഇതിന്‌ പേർ.  ചോറൂണ്, ഉപനയനം, സമാവർത്തനം, വേളി, ശ്രാദ്ധം, പന്ത്രണ്ടാംമാസം തുടങ്ങിയ അടിയന്തിരങ്ങൾക്കൊപ്പമായിരുന്നു നാലുപാദവും വച്ചുനമസ്‌കാരവും അനുഷ്‌ഠിക്കാറ്‌.  ചടങ്ങുകൾക്കെത്തുന്ന ബന്ധുമിത്രാദികൾക്ക് നേരംപോക്കിനായി ഇതരമതസ്ഥർ അനുഷ്‌ഠിച്ചുവന്ന കലാരൂപങ്ങളുടെ മാതൃകയിൽ പൊറാട്ടുവേഷങ്ങൾ ചേർത്തുവച്ചപ്പോഴാണ് അങ്കക്കാരായിരുന്ന ചാത്തിരന്മാരുടെ ഈ അനുഷ്‌ഠാനം വിനോദക്കളിയായി മാറിയത്. യുദ്ധം പ്രവൃത്തിയാക്കിയ ബ്രാഹ്മണരായിരുന്നു ചാത്തിരർ എന്നും  ബുദ്ധമതം സ്വീകരിച്ചശേഷം മടങ്ങിവന്നവരാണെന്നും അഭിപ്രായങ്ങളുണ്ട്. ആയുധാഭ്യസനത്തിനു പോയിരുന്നതിനാൽ ഇവർക്ക് വേദപഠനത്തിന‌് സമയം ലഭിച്ചില്ല.  വേദമില്ലാത്ത നമ്പൂതിരിമാർ ഇത്തരം അനുഷ്‌ഠാനങ്ങളുമായി അരങ്ങിലും പാചകവുമായി അടുക്കളയിലും പ്രധാനികളായി. ചാത്തിരാങ്കത്തിന്റെ ഉൽപ്പത്തിയുമായി ബന്ധപ്പെട്ട്‌, പള്ളിബാണപ്പെരുമാളിനെ ബുദ്ധമതത്തോടു ചേർത്തുള്ള കഥയുണ്ട്‌. ബുദ്ധമതത്തിന് മേന്മ  ലഭിക്കുംവിധം പള്ളിബാണപ്പെരുമാൾ ഹിന്ദുമതവും ബുദ്ധമതവും തമ്മിലുള്ള ഒരു താർക്കികസഭ കോതമംഗലത്തിനടുത്തുള്ള തൃക്കാരിയൂരിൽ നിശ്ചയിച്ചു. തോൽക്കുന്നവരെ നാവുമുറിച്ച് നാടുകടത്തുമെന്നായിരുന്നു വ്യവസ്ഥ. പെരുമാൾ എതിർപക്ഷത്തിന് അനുകൂലമാണെന്നതിനാൽ  നമ്പൂതിരിമാർ പരിഭ്രാന്തരായി. അവർ തൃക്കാരിയൂർ മഹാദേവന്റെ സന്നിധിയിൽ  പ്രാർഥന തുടങ്ങി. ജംഗമ മഹർഷി പ്രത്യക്ഷനായി.  നാലുപാദത്തിൽ എഴുതിയ കണ്ടമിരണ്ടു നടം ചെയ്യും നിൻ ചേവടിയെ  എന്നുമരങ്ങിൽ നിലക്ക വിണ്ണോർ നായകനേ വഞ്ചനചെയ്യമദൂതകൾ വന്തണയും മാലൊഴിയാൻ കേണികൾ ചൂഴും തിരിക്കാരിയൂർ വാണ മുക്കണ്ണരേ എന്ന ശ്ലോകം നാലുതിരിയിട്ട് വിളക്കു തെളിയിച്ച്  നാല്  നമ്പൂതിരിമാർ ചേർന്ന് ദീപപ്രദക്ഷിണം ചെയ്‌ത്‌, നാൽപ്പത്തിയൊന്നുനാൾ പ്രാർഥിച്ചശേഷം മത്സരത്തിനു പോകാൻ മഹർഷി നിർദേശിച്ചു. വായ മൂടിക്കെട്ടിയ ഒരു കലശം സഭയിൽ വരുത്തി അതിനുള്ളിൽ എന്താണെന്ന‌് രാജാവ് ചോദിക്കുമ്പോൾ താമരപ്പൂവാണെന്ന് ഉത്തരം പറയണം. അതോടെ നിങ്ങൾ മത്സരത്തിൽ ജയിക്കുമെന്നു പറഞ്ഞ്‌  മഹർഷി അപ്രത്യക്ഷനായി. നമ്പൂതിരിമാർ മത്സരത്തിനെത്തി. വാദപ്രതിവാദം കഴിഞ്ഞപ്പോൾ കലശത്തിനുള്ളിൽ  കാളസർപ്പത്തെ അടക്കംചെയ്‌ത്‌ വായമൂടിക്കെട്ടി സഭയിൽ കൊണ്ടുവന്നു. അതിനുള്ളിൽ എന്താണെന്ന രാജാവിന്റെ ചോദ്യത്തിന് താമരപ്പൂവെന്ന നമ്പൂതിരിമാരുടെ ഉത്തരംകേട്ട് അതെടുത്തുതരാൻ രാജാവ് കൽപ്പിച്ചു. നമ്പൂതിരിമാർ  കലശത്തിൽനിന്ന്‌ തണ്ടോടുകൂടിയ താമര എടുത്തതു കണ്ട രാജാവ് അത്ഭുതപ്പെട്ടു.  ബൗദ്ധരെ നാടുകടത്തി. ആപത്ഘട്ടത്തിൽ രക്ഷയേകിയ നാലുപാദം അതോടെ ക്ഷേത്രങ്ങളിലും അടിയന്തിരങ്ങളിലും സ്ഥാനം പിടിച്ചു.      അവതരണത്തിനായി ഒരു സംഘത്തെ ക്ഷണിച്ചാൽ തലേന്നാൾ അവരെത്തുമ്പോൾമുതലുള്ള ചടങ്ങുകൾ ചാത്തിരാങ്കത്തിന്റെ ഭാഗം. വൈകിട്ടെത്തുന്ന സംഘത്തിന് സ്വീകരണം നൽകുന്നു. അവർ  അരങ്ങ‌് വലംവച്ച് സ്‌തുതികൾ ചൊല്ലി  അഭ്യാസക്കാഴ്‌ചകൾ ഒരുക്കും.  അടിയന്തിരത്തെക്കുറിച്ച്  ആലോചനയ്‌ക്കായി  ഇരിക്കുന്നതിന്‌  കണമിരിക്കൽ എന്നാണ് പറയുക. യോഗാവസാനം പൂക്കുലമാലപ്പാട്ടുകൾ പാടും.  അത്താഴത്തോടുകൂടി ഒന്നാം ദിവസത്തെ ചടങ്ങ്‌ അവസാനിക്കും. പിറ്റേന്ന്‌  പുലർച്ചെ ഗണപതിഹോമത്തിനുശേഷം ഹോമകുണ്ഡത്തിൽനിന്ന‌് അഗ്നിയെടുത്ത് പാചകപ്പുരയിലെ അടുപ്പിലേക്ക് പകർന്ന്‌ ദേഹണ്ഡം ആരംഭിക്കും. ഉച്ചയ്‌ക്കുമുമ്പ്‌ കേളികൊട്ട‌് നടത്തും.  ഉച്ചയ്‌ക്ക്‌  സദ്യയോടനുബന്ധിച്ചും കൊട്ടുണ്ടായിരിക്കും. മൂന്നുമണികഴിയുമ്പോഴേക്ക് ചെമ്പുകൊട്ടിയാർക്കൽ എന്ന പാചകക്കാരുടെ പാന ആരംഭിക്കും. നിറപറയും നിലവിളക്കുംവച്ച അരങ്ങിലേക്ക്  അരിവച്ച് കരിപിടിച്ച ചെമ്പ് കഴുകാതെ കമഴ്‌ത്തി അതിനുമേൽ  ഇലവിരിച്ച് താളംകൊട്ടി ദേവീസ്‌തവങ്ങൾ പാടുന്നു. രണ്ടുപേർ ചിരട്ടത്തവി കൈയിലെടുത്തുകൊണ്ട് ഈടും കൂറും എന്ന  നൃത്തം അവതരിപ്പിക്കുന്നു. നൃത്താവസാനം തവിക്കൈ നിലത്തടിച്ചുടയ്‌ക്കും. നാളികേരംകൂടി ഉടയ്‌ക്കുന്നതോടെ പാത്രം കൊട്ടിയാർക്കൽ സമാപിക്കുന്നു.    സന്ധ്യക്ക‌്  കേളികൊട്ടുകഴിഞ്ഞാൽ അരങ്ങത്ത് പ്രധാന അനുഷ്‌ഠാനമായ നാലുപാദത്തിനായി വിളക്കിൽ നാലുതിരി തെളിക്കുന്നു. നാലുചാത്തിരന്മാർ ദീപപ്രദിക്ഷണം ചെയ്‌ത്‌ ശ്ലോകം ചൊല്ലും. നാലുപാദം കഴിഞ്ഞാൽ ഗൃഹനാഥൻ ദക്ഷിണ നൽകുന്ന വച്ചുനമസ്‌കാരം.  വെറ്റിലപാക്കിനൊപ്പം പണം അരങ്ങിലെ ആവണിപ്പലകയിൽ സമർപ്പിക്കും. അതുകഴിഞ്ഞാൽ ആറന്മുള സദ്യയെ അനുസ്‌മരിപ്പിക്കുംവിധം കറിേശ്ലാകങ്ങളോടുകൂടിയ വിഭവസമൃദ്ധമായ സദ്യ. തുടക്കത്തിൽ ചാത്തിരാങ്കത്തിലെ പ്രധാനിയായ വാക്യാവർത്തി കദളിപ്പഴം കൊണ്ടാ എന്നു വിളിക്കും. മറ്റുള്ളവർ കൊണ്ടാ കൊണ്ടാ എന്ന് ഏറ്റുവിളിക്കും. തിരൂർ പുതിയങ്ങാടി ചെറിയ പപ്പടം കൊണ്ടാ, കോടൻ ഭരണിയിലെ  കണ്ണിമാങ്ങാ കൊണ്ടാ പോലെയുള്ള വിളികൾ പിന്നാലെ.       ശത്രുക്കാളാരെങ്കിലുമുണ്ടെങ്കിൽ അവരെ വെല്ലുവിളിച്ചുകൊണ്ട് പോർവിളി മട്ടിലുള്ള നീട്ടുവായനയോടെ അത്താഴസദ്യ അവസാനിക്കും. കൈകഴുകിയശേഷം വഞ്ചിപ്പാട്ടോടുകൂടിയാണ് കളിക്കാർ പന്തലിലെത്തുക. അതോടെ കാണികളും പന്തലിൽ നിറയും. അരങ്ങിൽ  പാന തുടങ്ങുമ്പോൾ സാമൂതിരിപക്ഷത്തുനിന്ന‌് ദേശാധികാരിയായ ഇട്ടിക്കണ്ടപ്പ കൈമൾ അരങ്ങിലെത്തുന്നു. വാളും പരിചയുമേന്തി കറുത്ത പാന്റ‌്സും കോട്ടും മുഖംമൂടിത്തൊപ്പിയുമാണ് കൈമളുടെ വേഷം. കൊട്ടിപ്പാടാൻ അനുവാദം വാങ്ങാത്തതിനാൽ കൈമൾ പാന തടസ്സപ്പെടുത്തുന്നു. നമ്പൂതിരിമാരുടെ വാഗ്‌വിലാസത്തിൽ താൻ വന്നത് എന്തിനാണെന്നുപോലും മറന്ന് സമനില നഷ്ടപ്പെട്ട് കൈമൾ രംഗം വിടുന്നു. തുടർന്ന് പാർവതീ സങ്കല്പത്തിലുള്ള കുറത്തിയാട്ടം. കഥകളിക്കളരിയിൽ കച്ചകെട്ടിയഭ്യസിച്ച കലാകാരൻ ഉടുത്തുകെട്ടും തലേക്കെട്ടും മാലയുമണിഞ്ഞ് മേളത്തിനൊത്ത് നൃത്തമാടും. വേലന്മാരുടെ മന്ത്രവാദം അനുകരിക്കും മട്ടിൽ ബലിയുഴിച്ചിലും പാട്ടുപാടിക്കൊണ്ട് പാലക്കൊമ്പു പറിച്ചുകളയുന്ന പാനപറിയോടെ പാനയുടെ ചടങ്ങുകൾ സമാപിക്കും.     ആയുധവടുകനെ വന്ദിച്ചുകൊണ്ടുള്ള ആയുധമെടുക്കൽ എന്ന അഭ്യാസപ്രകടനമാണ് അടുത്തഭാഗം. ചാച്ചുകളി, മുനേചാച്ചുകളി, ഇളക്കിക്കളി, തിരിപ്പ്, വാളായ്‌പ്‌, വലിയവാളായ്‌പ്‌,  വടമൂർച്ച തുടങ്ങിയ ആയോധനമുറകളാണ് അവതരിപ്പിക്കുന്നത്. തുടർന്ന്‌ വൃദ്ധ, കൊങ്ങിണിപ്പട്ടർ, മാപ്പിള, വിഡ്ഢി, കള്ളുകുടിയൻ, കുറവൻ, കുറത്തി തുടങ്ങി വേഷങ്ങൾ ഓരോന്നായി പ്രത്യക്ഷപ്പെട്ട് ചാത്തിരാങ്കത്തെ നാടോടിക്കലാരൂപത്തിന്റെ സ്വഭാവത്തിലെത്തിക്കും. മരത്തേങ്കോടനെന്ന വികൃതവേഷത്തോടെ പൊറാട്ടുകളുടെ വരവ് അവസാനിക്കും. തുടക്കത്തിൽ അധികാരഗർവോടെ  കൊട്ടിപ്പാടൽ തടയാനെത്തിയ ഇട്ടിക്കണ്ടപ്പ കൈമൾ ഗതികിട്ടാതലഞ്ഞ് നിത്യവൃത്തി കഴിയുന്നതിന് മത്സ്യക്കച്ചവടക്കാരനായി മാറിയ കഥാപാത്രമാണ് മരത്തേങ്കോടൻ. നമ്പൂതിരിമാർക്കുപോലും കഴിക്കാൻ പറ്റുന്ന മത്സ്യം തന്റെ കൈവശമുണ്ടെന്നാണ് മരത്തേങ്കോടൻ  അവകാശപ്പെടുന്നത്.    അമ്പലപ്പുഴക്കാരനായ കൊച്ചുനമ്പൂതിരി സരസശ്ലോകങ്ങളായി എഴുതിയ ഇത്തരം നിരവധി പ്രമാണങ്ങൾ ചൊല്ലിയവതരിപ്പിച്ചശേഷാണ് മരത്തേങ്കോടൻ അരങ്ങൊഴിയുന്നത്. തുടർന്ന് ധനാശിപാടി കലാശം കൊട്ടി ചാത്തിരാങ്കം  പൂർണമാകും.

"https://ml.wikipedia.org/w/index.php?title=ചാത്തിരാങ്കം&oldid=3541060" എന്ന താളിൽനിന്ന് ശേഖരിച്ചത്