ചാമുണ്ഡി
Chamunda | |
---|---|
ദേവനാഗിരി | चामुण्डा |
സംസ്കൃതം | Cāmuṇḍā |
പദവി | ആദിപരാശക്തി, ചണ്ഡിക, ദുർഗ്ഗ, സപ്തമാതാക്കൾ , ഭദ്രകാളി, ചാമുണ്ഡേശ്വരി |
നിവാസം | അത്തിമരം, മണിദ്വീപം |
ഗ്രഹം | കേതു, ചൊവ്വ |
മന്ത്രം | Om aim hrim klim Chamundayai vichche |
ആയുധങ്ങൾ | ഖഡ്ഗം, ത്രിശൂലം |
വാഹനം | മൂങ്ങ |
ഹൈന്ദവ, ശാക്തേയ വിശ്വാസപ്രകാരം ജഗദീശ്വരിയായ ആദിപരാശക്തിയുടെ ഒരു പ്രധാന ഭാവമാണ് ചാമുണ്ഡേശ്വരി അഥവാ ചാമുണ്ഡാദേവി. ചുരുക്കത്തിൽ ചാമുണ്ഡി എന്നറിയപ്പെടുന്നു. പരാശക്തിയുടെ ഏഴു ഭാവങ്ങളായ സപ്‌തമാതാക്കളിൽ പ്രധാനിയാണ് ചാമുണ്ഡേശ്വരി. ദേവിഭാഗവതം, ദേവീമാഹാത്മ്യം എന്നീ ഗ്രന്ഥങ്ങൾ പ്രകാരം ചണ്ഡൻ, മുണ്ഡൻ എന്നീ അസുരൻമാരെ നിഗ്രഹിക്കാൻ ചണ്ഡികാപരമേശ്വരിയുടെ പുരികക്കൊടിയിൽ നിന്നും അവതരിച്ച കാളിയാണ് ചാമുണ്ഡേശ്വരി.
സുംഭനിസുംഭ യുദ്ധവേളയിൽ ചണ്ഡികാ പരമേശ്വരിക്ക് തുണയേകുവാനാണ് ഭദ്രകാളി ഇപ്രകാരം അവതരിച്ചതെന്ന് ദേവി മാഹാത്മ്യ ഗ്രന്ഥങ്ങൾ പറയുന്നു. അമരത്വം കൊതിച്ച രാക്ഷസ സഹോദരന്മാരായ ശുംഭന്റെയും നിശുംഭന്റെയും വർഷങ്ങൾ നീണ്ട തപസ്സിനൊടുവിൽ ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ടു. എന്ത് വരമാണ് വേണ്ടത് എന്ന ബ്രഹ്മാവിന്റെ ചോദ്യത്തിന് അവർ ഒരുമിച്ചു ഒന്നേ അവശ്യപ്പെട്ടുള്ളൂ. 'മൃത്യു ഞങ്ങളെ തീണ്ടരുത്.'
അങ്ങനെ ഒരു വരം നൽകാനുള്ള തന്റെ പരിമിതികൾ അവരെ ബ്രഹ്മാവ് അറിയിച്ചു. തങ്ങളുടെ പൌരുഷത്തിലും ശക്തിയിലുമുള്ള അഹങ്കാരത്തോടെ സ്ത്രീകളോടുള്ള പുച്ഛവും അവളുടെ ശക്തിയെക്കുറിച്ചുള്ള അജ്ഞാനവും കാരണം അവർ ഇങ്ങനെ പറഞ്ഞു.
"എങ്കിൽ, ഞങ്ങളുടെ മരണം ഒരു പെണ്ണിന്റെ കൈകൊണ്ടു മാത്രമായിരിക്കണം"
ഇതുകേട്ട ബ്രഹ്‌മാവ് ഉള്ളിലൊരു പുഞ്ചിരിയോടെ അനുഗ്രഹിച്ചു.
വരപ്രാപ്തിക്ക് ശേഷം ശുക്രനെ ഗുരുവായി അവരോധിച്ചു ശുംഭൻ രാജാവായി. ശക്തരായ ശുംഭ-നിശുംഭൻക്ക് സഹായമായി ചണ്ഡനും മുണ്ഡനും ധൂമ്രലോചനനും രക്തബീജനും ഉണ്ടായിരുന്നു. ശുംഭനിശുംഭൻമാർ ദേവൻമാരെ ആക്രമിച്ചുകീഴടക്കി സ്വർഗ്ഗലോകം പിടിച്ചെടുത്തു.
മനുഷ്യർക്കോ (പുരുഷന്മാർക്ക്) ദേവന്മാർക്കോ തങ്ങളെ കൊല്ലാൻ കഴിയാത്ത അനുഗ്രഹം ഉണ്ടായിരുന്ന ശുംഭനും നിശുംഭനും സ്വർഗ്ഗം ആക്രമിക്കുകയും ഇന്ദ്രന്റെ രാജ്യം നശിപ്പിക്കുകയും ചെയ്തു.
പ്രാണനും കൊണ്ടോടിയ ദേവൻമാർ ദേവഗുരുവായ ബൃഹസ്പതിയോട് സങ്കടമുണർത്തിച്ചു. ഗുരു ഇങ്ങനെ ഉപദേശിച്ചു :
'ആപത്തു വരുമ്പോൾ ജഗദീശ്വരിയായ ഭഗവതിയെ സ്മരിക്കണം '
അവർ സങ്കടവുമായി സാക്ഷാൽ ആദിപരാശക്തി തന്നെയായ ജഗദംബ ശ്രീപാർവ്വതിയോടു പ്രാർഥിച്ചു.
അസുരന്മാരെ നേരിടാൻ ശ്രീ പാർവതി തീരുമാനിച്ചു. സ്വയം ചണ്ഡികയുടെ (ദുർഗ്ഗ) രൂപത്തിൽ അവർ ശത്രുപുരിക്ക് സമീപമെത്തി, രൂപംമാറി അവിടെ ഒരു ഊഞ്ഞാലിൽ ഇരുന്ന്, ഭഗവതി മനോഹരമായൊരു ഗാനമാലപിച്ചു. ഇത് കാണുകയും കേൾക്കുകയും ചെയ്ത ചണ്ഡനും മുണ്ഡനും, പാട്ടുപാടുന്ന അതിസുന്ദരിയായ സ്ത്രീയെപ്പറ്റി ശുംഭനെ അറിയിച്ചു.
ശുംഭൻ തന്റെ ഭൂതനെ അയച്ച്, പരാശക്തിയോട് എത്രയും വേഗം തൻ്റെ ഭാര്യയാവാൻ ആവശ്യപ്പെട്ടു. കാലാതീതയായ ആ മഹാദേവി ഭാവിയിൽ എന്ത് നടക്കാൻ പോകുന്നു എന്നോർത്ത് ഊറിച്ചിരിച്ചു കൊണ്ടു ഇപ്രകാരം പറഞ്ഞു.
"എന്നെ യുദ്ധത്തിൽ തോൽപ്പിക്കുന്നവന്റെ ഭാര്യയാകാൻ തയ്യാറാണ് എന്ന് നീ നിന്റെ യജമാനന്മാരെ അറിയിക്കൂ ".
ദൂതനിൽ നിന്ന് വിവരമറിഞ്ഞ ശുംഭനും നിശുംഭനും കോപം കൊണ്ടു വിറച്ചു. തന്റെ സൈന്യാധിപരിൽ ഒരാളായ ധൂമ്രലോചനനോട് ഇങ്ങനെ ആജ്ഞാപിച്ചു : "ഹേ ധൂമ്രലോചനാ, മഞ്ഞുമൂടിയ ഹിമാലയപർവ്വതത്തിൽ അതിസുന്ദരിയായ ഒരു സ്ത്രീയുണ്ട്. വേഗം പോയി അവളെ ഇങ്ങോട്ട് കൂട്ടി കൊണ്ട് വരൂ. ഈ യാത്രയെ ഭയപ്പെടേണ്ട. അവൾ യുദ്ധം ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ ശക്തമായി പോരാടണം, അവളുടെ മുടിക്ക് പിടിച്ചു വലിച്ചിഴച്ചു കൊണ്ടുവരണം."
അങ്ങനെ, ധൂമ്രലോചനൻ ഹിമാലയത്തിൽ പോയി ദേവിയോട് സംസാരിച്ചു. “അല്ലയോ സ്ത്രീയേ, എന്റെ യജമാനനെ വിവാഹം കഴിക്കുക. ഇല്ലെങ്കിൽ ഞാൻ നിന്നെ കൊല്ലും. അറുപതിനായിരം അസുരന്മാരും എൻ്റെ കൂടെയുണ്ട്”.
ഭഗവതി അവനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ ധൂമ്രലോചനൻ അവളുടെ നേരെ പാഞ്ഞടുത്തു, പക്ഷേ ഭഗവതിയുടെ അലർച്ചയിൽ (ഹുങ്കാരത്തിൽ) തന്നെ അവൻ ദഹിച്ചുപോയി.
പിന്നെ ശുംഭനും നിശുംഭനും അയച്ചത് ചണ്ഡൻ , മുണ്ഡൻ എന്ന രണ്ട് അസുരന്മാരെയായിരുന്നു. സിംഹത്തിന് പുറത്ത് തൃശൂലവും സുദർശന ചക്രവും മറ്റും ധരിച്ചു ഗംഭീരമായി ഇരിക്കുന്ന ദുർഗ്ഗയോട് അവർ ഇങ്ങനെ ആജ്ഞാപിച്ചു :
"ഹേ സ്ത്രീയേ, ശുംഭനെയും നിശുംഭനെയും വേഗം സമീപിക്കൂ. അല്ലാത്തപക്ഷം, നിങ്ങളുടെ ഗണങ്ങളോടും സിംഹത്തോടും കൂടി ഞങ്ങൾ നിങ്ങളെ കൊല്ലും. സ്ത്രീയേ, അവനെ നിങ്ങളുടെ ഭർത്താവായി തിരഞ്ഞെടുക്കുക. എങ്കിൽ നിങ്ങൾ കാരണം ദേവന്മാർ അപൂർവമായ മഹത്തായ ആനന്ദം കൈവരിക്കും."
ഇതു കേട്ട ദേവി അവരെ പ്രകോപിപ്പിച്ചു കൊണ്ട് ഇങ്ങനെ പറഞ്ഞു : "സാക്ഷാൽ വേദങ്ങൾക്ക് പോലും പൊരുൾ മനസ്സിലാകാത്ത പരംപൊരുളായ പരമേശ്വരന്റെ പ്രകൃതിയാണ് ഞാൻ. എൻ്റെ ഭർത്താവായി മറ്റൊരാളെ എങ്ങനെ തിരഞ്ഞെടുക്കും? സ്‌നേഹത്താൽ മതിമറന്നാലും ഒരു സിംഹി തൻ്റെ ഇണയായി കുറുക്കനെ തിരഞ്ഞെടുക്കുമോ? നിങ്ങൾക്ക് ധൈര്യമുണ്ടെങ്കിൽ എന്നോട് യുദ്ധം ചെയ്യാൻ പടക്കളത്തിലേക്കു ഇറങ്ങുക. നിങ്ങൾക്ക് ശക്തിയുണ്ടെങ്കിൽ പോരാടുക"
അതൊരു യുദ്ധത്തിന്റെ തുടക്കാമായിരുന്നു. പാഞ്ഞടുത്ത അസുരരെ കണ്ടു കോപം പൂണ്ട ദുർഗ്ഗയുടെ പുരികക്കൊടി വില്ലുപോലെ വളഞ്ഞുയർന്നു. അതിൽ നിന്നും ഉഗ്രരൂപിയായ ഭദ്രകാളി പ്രത്യക്ഷപെട്ടു. ചണ്ഡികയ്ക്ക് വേണ്ടി യുദ്ധം ചെയ്തത് ആ കാളിയായിരുന്നു. അതിന്റെ അവസാനത്തിൽ കാളി, ചണ്ഡൻ്റെയും മുണ്ഡൻ്റെയും തലയിൽ പിടിച്ച്, ചണ്ഡികയുടെ അടുത്ത് ചെന്ന് ഉറക്കെ ചിരിച്ചു പറഞ്ഞു- “ഇതാ ഞാൻ നിനക്കായി കൊണ്ടുവന്ന ചണ്ഡൻ മുണ്ഡൻ എന്ന രണ്ട് മഹാമൃഗങ്ങൾ (പശുക്കൾ); നീ തന്നെ യുദ്ധയാഗത്തിൽ ശുംഭനെയും നിശുംഭനെയും വധിക്കുക ."
അങ്ങനെ ദേവി പരാശക്തി, ഇരുവരേയും വാളുകൊണ്ട് വധിച്ചു. അന്നുമുതൽ ഭഗവതി ചാമുണ്ഡിയായി.
ശുംഭനിശുംഭന്മാർ എന്നിട്ടും നേരിട്ട് യുദ്ധത്തിന് ഇറങ്ങിയില്ല. തുടർന്ന് രക്തബീജനെ അയച്ചു. അവന്റെ യാതനകളാൽ ഉഴലുകളായിരുന്നു ലോകജനത. രക്തബീജന് സവിശേഷവും ശക്തവുമായ ഒരു അനുഗ്രഹം ഉണ്ടായിരുന്നു. അത്ര വേഗം അവനെ നശിപ്പിക്കാൻ കഴിയില്ല. രക്തബീജന്റെ ഒരു തുള്ളി രക്തം ഭൂമിയിൽ തൊടുമ്പോഴും അതിൽ നിന്നു ഒരു പുതിയ രക്തബീജൻ ഉയർന്നുവരും.
ദേവിക്ക് യുദ്ധം ജയിക്കാൻ ഓരോ തുള്ളിച്ചോരയിൽ നിന്നായി ഒരായിരം പേർ ഉയരുന്നത് തടഞ്ഞേ തീരൂ.
അങ്ങനെ ദേവി, തന്നോടൊപ്പമുള്ള കാളിയോട് ഇപ്രകാരം പറഞ്ഞു:
"ഇപ്പോഴുയിർത്ത സകലരേയും നീ ഭക്ഷിക്കുക. ഇനി അവൻ്റെ ചോര താഴെ വീഴാതെ, മുഴുവനായും പാനംചെയ്യുകയും വേണം. "
ഇങ്ങനെ പറഞ്ഞ്, ചണ്ഡിക രക്തബീജനെ വാളുകൊണ്ട് അരിഞ്ഞ് കഷണമാക്കി. ദുർഗ്ഗ പ്രഹരിക്കുന്നതോടൊപ്പം അവന്റെ രക്തം ഭൂമിയിൽ വീഴും മുന്നേ താഴെ വീഴാതെ ഓരോ തുള്ളിയും കാളി പാനം ചെയ്തു. അങ്ങനെ ഭഗവതി ദുർഗ്ഗാപരമേശ്വരിയുടെ ഏറ്റവും ഭീഭത്സമായ അവതാരമായ കാളരാത്രി എന്ന രൂപം ധരിച്ചാണ് ഭദ്രകാളി രക്തബീജൻ എന്ന അസുരനെ വധിച്ചത്.
രക്തഭീജന്റെ രക്തം നിലത്തു പതിക്കാതിരിക്കാൻ പാത്രത്തിൽ രക്തം പിടിച്ചെടുത്ത് അത് കുടിച്ച് തീർത്ത കാളിയെ രക്ത ചാമുണ്ഡി എന്നറിയപ്പെട്ടു.
മറ്റൊരു സാഹചര്യത്തിലും ശ്രീ പാർവതി ചാമുണ്ഡിയായി അവതരിച്ചിട്ടുണ്ട്. അത് രുരു എന്ന അസുരനെ നിഗ്രഹിക്കാൻ വേണ്ടി ആയിരുന്നു. ശിവപത്നി ശ്രീ പാർവതിയെ ഭാര്യയാക്കാൻ രുരു ശ്രമിച്ചു. അതിനുവേണ്ടി ബ്രഹ്മാവിൽ നിന്ന് വരം നേടുവാൻ രുരു കൈലാസത്തിന്റെ സമീപത്തു ചെന്ന് തപസ് ആരംഭിച്ചു. നിസ്സഹായനായ ബ്രഹ്മാവ് വരം നൽകുവാൻ തയ്യാറായില്ല. എന്നാൽ രുരുവും പിന്മാറാൻ തയ്യാറായില്ല, രുരുവിന്റെ തപോബലം നിരന്തരം വർധിച്ചു വന്നു. രുരുവിന്റെ തപസിനെ ഭയപ്പെട്ട ശിവൻ പാർവതി ദേവിയുമായി കൈലാസം വിട്ടുപോകാൻ തീരുമാനിച്ചു. ഇതിൽ കോപിഷ്ടയായ പാർവതി രൗദ്രമായ കാളി രൂപം പൂണ്ടു. രുരുവിന്റെ ചർമ്മവും, മുണ്ഡവും (തല) ത്രിശൂലം കൊണ്ട് വേർപെടുത്തിയ ഭഗവതി രുരുവിനെ നിഗ്രഹിച്ചു. രുരുവിന്റെ ചർമ്മവും, മുണ്ഡവും എടുത്ത പാർവതി ചാമുണ്ഡി എന്നറിയപ്പെട്ടു.
ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ചാമുണ്ഡി ക്ഷേത്രം കർണാടകയിലെ മൈസൂരിലാണ്. നവരാത്രി സമയത്ത് ഇവിടെ നടക്കുന്ന മൈസൂർ ദസറ ഉത്സവം അതിപ്രസിദ്ധമാണ്. കേരളത്തിലെ ആദ്യത്തെ ഭദ്രകാളി ക്ഷേത്രമായ കൊടുങ്ങല്ലൂർ ശ്രീ കുരുംമ്പ ഭഗവതി ക്ഷേത്രത്തിൽ ഭഗവതിയുടെ ശ്രീകോവിലിന്റെ തുടർച്ചയായി സപ്തമാതാക്കളുടെ പ്രതിഷ്ഠ കാണാം. ഇക്കൂട്ടത്തിൽ ചാമുണ്ഡിദേവിയുമുണ്ട്. കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെ തവിടാട്ടുമുത്തി എന്നറിയപ്പെടുന്ന പ്രതിഷ്ഠയും ചാമുണ്ഡിയാണ്. കേരളത്തിലെ ചില ക്ഷേത്രങ്ങളിൽ സപ്തമാതൃക്കൾ പ്രതിഷ്ഠയായുള്ള ക്ഷേത്രങ്ങൾ കാണാം. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയ്ക്ക് അടുത്തുള്ള അങ്ങാടിപ്പുറം തിരുമാന്ധാകുന്ന് ഭഗവതി ക്ഷേത്രം, പത്തനംതിട്ട ജില്ലയിലെ പരുമല പനയന്നാർക്കാവ് ദേവി ക്ഷേത്രം, കണ്ണൂർ മാടായിക്കാവ് ഭഗവതി ക്ഷേത്രം, ചൊവ്വലൂർ ശിവ ക്ഷേത്രം തുടങ്ങിയവ അവയിൽ ചിലതാണ്. തിരുവനന്തപുരം നഗരത്തിലെ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രം തെക്കൻ കേരളത്തിൽ അറിയപ്പെടുന്ന ചാമുണ്ഡി ക്ഷേത്രമാണ്. തൊഴുവൻകോട് ക്ഷേത്രമാണ് മറ്റൊന്ന്. കേരളത്തിൽ അങ്ങോളം ഇങ്ങോളം ചെറുതും വലുതുമായ ഇത്തരം ഭഗവതി ക്ഷേത്രങ്ങൾ കാണാം.
ചാമുണ്ഡേശ്വരി എല്ലായിടത്തും നിറഞ്ഞു നിൽക്കുന്നവളാണെന്നും എല്ലാം അറിയുന്നവളാണെന്നും ദേവീ ഭാഗവതത്തിൽ കാണാം.[2].[3]
ശ്ലോകങ്ങൾ
[തിരുത്തുക]ദേവി മാഹാത്മ്യം പതിനൊന്നാം അദ്ധ്യായത്തിൽ ചാമുണ്ഡയെ സ്തുതിക്കുന്നത് കാണാം.
1. ‘ദ്രംഷ്ട്രാകരാളവദനേ
ശിരോമാലാവിഭൂഷണേ
ചാമുണ്ഡേ മുണ്ഡമഥനേ
നാരായണി നമോസ്തുതേ'
2. ഓം ഐം ഹ്രീം ക്ലീം
ചാമുണ്ഡായൈ വിച്ചെ നമ:
ഇതാണ് ദേവിയുടെ നവാക്ഷരീ മന്ത്രം. ഇതിൽ ചാമുണ്ഡിയുടെ നാമം കാണാം.
3. ചരാചരജഗന്നാഥേ ! ചന്ദ്രസൂര്യാഗ്നിലോചനേ! ചാമുണ്ഡേ ! ചണ്ഡമുണ്ഡേ ! ശ്രീ ഭദ്രകാളി നമോസ്തുതേ! (ഭദ്രകാളിപ്പത്തു സ്തോത്രം)
4. ലളിത സഹസ്രനാമം...
മഹേശ്വരീ മഹാകാളീ മഹാഗ്രാസാ മഹാസനാ അപർണാ ചണ്ഡികാ ചണ്ഡമുണ്ഡാസുരനിഷൂദിനീ (145)
പ്രധാന ക്ഷേത്രങ്ങൾ
[തിരുത്തുക]1. മൈസൂർ ചാമുണ്ഡേശ്വരീ ക്ഷേത്രം, ചാമുണ്ഡി ഹിൽസ്, കർണാടക- ഇന്ത്യയിലെ പ്രധാനപ്പെട്ട ചാമുണ്ഡി ക്ഷേത്രം. നവരാത്രി ദിവസങ്ങളിൽ നടക്കുന്ന മൈസൂർ ദസറയുമായി ബന്ധപെട്ടു ക്ഷേത്രം പ്രസിദ്ധമാണ്.
2. കൊടുങ്ങല്ലൂർ ശ്രീ കുരുംമ്പ ഭഗവതി ക്ഷേത്രം, തൃശൂർ - ഭഗവതിയോടൊപ്പം സപ്തമാതാക്കളുടെ ശ്രീകോവിലിൽ ചാമുണ്ഡിക്ക് പ്രതിഷ്ഠ ഉണ്ട്. ഇവിടുത്തെ തവിട്ടുമുത്തി പ്രതിഷ്ഠയും ചാമുണ്ഡിയാണ്.
3. കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രം, തിരുവനന്തപുരം - ഇവിടെ രക്തചാമുണ്ഡി, ബാലചാമുണ്ഡി, ചാമുണ്ഡാദേവി എന്നീ മൂന്ന് ഭാവങ്ങളിൽ ഭഗവതി ആരാധിക്കപ്പെടുന്നു.
4. ഗുരുവായൂർ ചാമുണ്ഡേശ്വരി ക്ഷേത്രം, തൃശൂർ (നവരാത്രി ഉത്സവം പ്രസിദ്ധം)
5. ശ്രീ ശക്തൻകുളങ്ങര ചാമുണ്ഡേശ്വരി ക്ഷേത്രം വിയ്യൂർ, കൊയിലാണ്ടി, കോഴിക്കോട്
6. തൊഴുവൻകോട് ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രം, വട്ടിയൂർക്കാവ്, തിരുവനന്തപുരം.
7. രാമത്ത് ചാമുണ്ഡേശ്വരി ക്ഷേത്രം, കോഴിക്കോട്.
8. ആലൂർ ശ്രീ ചാമുണ്ഡി ക്ഷേത്രം, പട്ടാമ്പി, പാലക്കാട്
9. വടവൂർ ചാമുണ്ഡി ദേവി ക്ഷേത്രം, തിരുവനന്തപുരം
10. ആമേട ക്ഷേത്രം, നടക്കാവ്, എറണാകുളം
ചാമുണ്ഡി തെയ്യം
[തിരുത്തുക]കണ്ണൂരിലെ "കൈതചാമുണ്ഡിതെയ്യം" ഭഗവതിക്ക് കെട്ടിയാടുന്നതാണ്. അസുരന്മാരെ കാളി നിഗ്രഹിക്കുന്നു എന്ന സങ്കൽപ്പത്തിലാണ് ക്ഷേത്രത്തിൽ നിന്നിറങ്ങിയ തെയ്യം കൈതക്കാടുകൾ വെട്ടിയെടുക്കുന്നത്. കൈതവെട്ടുന്നത് കൊണ്ടാണ് ഈ തെയ്യത്തെ കൈതച്ചാമുണ്ടിയെന്ന് വിളിക്കുന്നത്. [4] ഇരിട്ടി തില്ലങ്കേരി പാടിക്കച്ചാൽ ഈയങ്കോട് വയൽത്തിറ മഹോത്സവത്തിന് കൈതച്ചാമുണ്ടി തെയ്യം കെട്ടിയാടുന്നുണ്ട്. കാളിയുടെ പ്രതിപുരുഷനായ തെയ്യം ഉറഞ്ഞുതുള്ളിക്കൊണ്ട് കൈതവെട്ടാൻ പോകും. തുടർന്ന് പള്ളിവാളേന്തി ദുഷ്ടനിഗ്രഹത്തിന് ശേഷം കലിയടങ്ങാതെ ഗ്രാമത്തിലൂടെ ഓടും. ഇങ്ങനെ ഓടുന്ന തെയ്യത്തെ വിളക്കുവെച്ച് ഗ്രാമവാസികൾ വണങ്ങും. ഓട്ടം ചെന്നുനിൽക്കുന്നത് കാവിലാണ്. അവിടെവച്ച് പൂവൻകോഴിയെ മലർ കൂട്ടി കള്ളിന്റെ അകമ്പടിയോടെ സേവിക്കുന്നത്തോടെ തെയ്യം അബോധാവസ്ഥയിൽ മറിഞ്ഞ് വീഴും. കള്ളും മത്സ്യമാംസാദികളും കഴിക്കാതെ കെട്ടുന്ന തെയ്യവുമുണ്ട്. കൈതചാമുണ്ടി ശിവന്റെയും ശക്തിയുടെയും ചൈതന്യം കൂടി ചേർന്നതാണ്. അത് കൗള മാർഗ്ഗത്തിലെ പഞ്ചമകാരങ്ങളിൽ പെടുന്ന മദ്യമത്സ്യമാംസാദി ആസ്വദിക്കുന്ന ശാക്തേയ ഭഗവതിയാണ്. [5]
വിശേഷ ദിവസങ്ങൾ
[തിരുത്തുക]നവരാത്രി, വെള്ളി, ചൊവ്വ, പൗർണമി, വൃശ്ചിക തൃക്കാർത്തിക.
അവലംബങ്ങൾ
[തിരുത്തുക]- ↑ Nalin, David R. (2004-06-15). "The Cover Art of the 15 June 2004 Issue". Clinical Infectious Diseases.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "en.wikipedia.org".
- ↑ ["Sapta Matrika | 7 Matara - Seven Forms of Goddess Shakti". "Seven Forms of Goddess Shakti"].
{{cite web}}
: Check|url=
value (help) - ↑ http://www.mangalam.com/news/detail/212952-latest-news.html
- ↑ https://www.manoramanews.com/news/spotlight/2018/04/29/kaithachamundi-attacked-two-people-byju-s-version.html
2. http://www.janmabhumidaily.com/news45878 Archived 2016-08-27 at the Wayback Machine