Jump to content

ചർവാകദർശനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചാർവാകദർശനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭാരതീയദർശനസമ്പ്രദായങ്ങളിൽ, തികച്ചും നാസ്തികവും, പൂർണ്ണഭൗതികവും ആയ ഒരു വിശിഷ്ട ദർശനസമ്പ്രദായം (School of Philosophy) ആണ് ചാർ‌വാക ദർശനം.

വേദങ്ങളെ പ്രമാണമായി സ്വീകരിക്കാത്ത ദർശനസമ്പ്രദായങ്ങളാണു നാസ്തികദർശനങ്ങൾ (Heterodox) . പ്രത്യക്ഷപ്രപഞ്ചം മാത്രമാണ് സത്യം എന്നും ആത്മാവ്, ദൈവം, ഭഗവാൻ, സ്വർഗം, മരണാനന്തരജീവിതം, നരകം തുടങ്ങിയവയൊന്നും സത്യമല്ല എന്നുമുള്ള വാദമാണു ഭൗതികവാദം (Materialism). അതുകൊണ്ട്, യാഗ പൂജകളിലോ, സന്യാസത്തിലോ ഒന്നും കഴമ്പില്ല എന്നും, മരണം വരെയും ജീവിതം സന്തോഷകരമാകാൻ ശ്രമിക്കണം എന്നും ഈ ദർശനം പറയുന്നു.

ചർവാകദർശനത്തിന് എങ്ങനെയാണ് ഈ പേരു കിട്ടിയത് എന്നത് വ്യക്തമല്ല. ചർവാകൻ എന്ന പേരുള്ള ഉപജ്ഞാതാവിന്റെ പേരിൽനിന്നാണെന്ന് ഒരു വാദമുണ്ട്. ചർ‌വാകർ‌ എന്നാൽ "മധുരവാക്കുകൾ പറയുന്നവർ" എന്നാണെന്നും, "ഭക്ഷണപാനീയങ്ങൾ കഴിച്ചു മദിച്ചു നടക്കുന്നവർ" എന്നാണെന്നും മറ്റൊരു വാദമുണ്ട്. ബൃഹസ്പതിയാണ് ഇതിന്റെ ഉപജ്ഞാതാവെന്ന്, വേറൊരു വാദവുമുണ്ട്. അതുകൊണ്ട് "ബാർഹസ്പത്യം" എന്ന് ദർശനസമ്പ്രദായത്തിനു ഒരു പേരുണ്ട്. ജനപ്രിയമായതിനാൽ "ലോകായതം" എന്നും ഈ ദർശനത്തിനു പേരുണ്ട്. ചർവാകദർശനത്തിലെ ആധികാരികഗ്രന്ഥങ്ങളൊന്നും കണ്ടുകിട്ടിയിട്ടില്ല. മറ്റു ദാർശനികരുടെ ഗ്രന്ഥങ്ങളുടെ ആദ്യഭാഗത്തു നിന്നാണ് (പൂർവപക്ഷം) ഈ ദർശനധാരയെക്കുറിച്ച് വിവരങ്ങൾ കിട്ടിയിട്ടുള്ളത്.

വിജ്ഞാനശാസ്ത്രം (Epistemology)

[തിരുത്തുക]

ഇന്ദ്രീയങ്ങളിൽ നിന്ന് നമുക്കു നേരിട്ടുകിട്ടുന്ന അനുഭവങ്ങളെ (പ്രത്യക്ഷം, Perception) മാത്രമേ, പ്രമാണമായി (ശരിയായ അറിവിന്റെ ഉറവിടം) ചർവാകദാർശനികർ അംഗീകരിക്കുന്നുള്ളൂ. പ്രത്യക്ഷാനുഭവങ്ങൾ മാത്രമാണ് യഥാർത്ഥമെന്നതാണ് ചർവാകരുടെ വിജ്ഞാനശാസ്ത്രത്തിന്റെ കാതൽ. പ്രത്യക്ഷാനുഭവങ്ങളുടെ അടിസ്ഥാനത്തിൽ എടുക്കുന്ന യാതൊരു അനുമാനങ്ങളെയും (Inference) അവർ അംഗീകരിക്കുന്നില്ല. അവർ വാദിക്കുന്നു: പുക കണ്ടാൽ തീയുണ്ട് എന്നു കരുതണമെങ്കിൽ, തീയും പുകയും തമ്മിൽ ശാശ്വതമായ ഒരു ദൃഢബന്ധമുണ്ടെന്ന് (വ്യാപ്തി) എല്ലാ സാഹചര്യങ്ങളിലും അനുഭവിച്ചറിഞ്ഞിരിക്കണം, നിരുപാധികവും നിസ്സംശയമായി തെളിയിക്കപ്പെട്ടിരിക്കണം. അതിന്, പ്രപഞ്ചത്തിലുള്ള, ഉണ്ടായിട്ടുള്ള, ഉണ്ടാകാനിടയുള്ള "എല്ലാ പുകയെക്കുറിച്ചും എല്ലാ തീയെക്കുറിച്ചും" നേരിട്ട് അറിയാമായിരിക്കണം. അതു സാധ്യമല്ല. അപ്രകാരം ഒരു വ്യാപ്തി സ്ഥാപിച്ചെടുക്കാൻ കഴിയില്ല. ആകയാൽ, അനുമാനങ്ങൾ പ്രമാണമായി അംഗീകരിക്കാനാവില്ല.

അതുപോലെ, ശബ്ദങ്ങളും (Testimony) - വിശ്വസിക്കാവുന്നവരുടെ വാക്കുകളും - അംഗീകരിക്കാനാവില്ല. അത്തരം ആളുകൾ വിശ്വസനീയരാണെന്ന് കരുതുന്നതുകൊണ്ടാണ്, അവർ പറയുന്നത് പ്രമാണമായിട്ടെടുക്കുന്നത്. എന്നാൽ ആ ചിന്ത ഒരുതരം അനുമാനമാണ്. ഒരു അനുമാനം അടിസ്ഥാനമാക്കിയെടുക്കുന്ന മറ്റൊരനുമാനം. അത് വർത്തുളവാദമാണ് (Petitio Principii). (ഉദാ: വിശുദ്ധാത്മാക്കൾ വിശ്വസനീയരാണ്, ആകയാൽ, അവർ പറയുന്നത് സത്യമാണ്. അതുകൊണ്ടാണല്ലോ അവർ വിശുദ്ധാത്മാക്കളാവുന്നത്!) മാത്രവുമല്ല, അനുമാനങ്ങൾ ഒന്നും പ്രമാണങ്ങളല്ല. അതുകൊണ്ട് സത്യവചനങ്ങളും വേദങ്ങളും മറ്റും അംഗീകരിക്കാനാവില്ല.

കേവലദർശനം (Metaphysics)

[തിരുത്തുക]

അഗ്നി, വായു, ഭൂമി, വെള്ളം എന്നീ നാലു മൂലവസ്തുക്കളാലാണ് ലോകം നിർമ്മിച്ചിരിക്കുന്നത്. പ്രത്യക്ഷത്തെളിവില്ലാത്ത ആകാശത്തെ അവർ നിരാകരിക്കുന്നു. സകല ജീവ-നിർജ്ജീവ വസ്തുക്കളും ഇപ്രകാരം ഉണ്ടാവുന്നത് വസ്തുക്കളുടെ സഹജസ്വഭാവങ്ങൾ ഇങ്ങനെ സവിശേഷമായി യോജിക്കുന്നതുകൊണ്ടാണ്. ശർക്കരപ്പാനി പുളിച്ചാൽ അതിന് ലഹരിയുണ്ടാകും, വെറ്റില മുറുക്കിയാൽ നേരത്തെ ഇല്ലാതിരുന്ന ചുവന്ന നിറം അതിന് വന്നു ചേരും. അത് അവയുടെ സഹജസ്വഭാവങ്ങളാണ്, നൈസർഗ്ഗികഗുണങ്ങളാണ്. വസ്തുക്കൾ നശിക്കുമ്പോൾ അവയിലെ ഘടകങ്ങൾ വേർപിരിയുന്നു എന്നു മാത്രം. മറ്റൊന്നും സംഭവിക്കുന്നില്ല.

എന്നാൽ, ജീവനുള്ളവയ്ക്ക് ബോധം ഉണ്ട്. അതിനു പ്രത്യക്ഷത്തെളിവുണ്ട്. എന്നാൽ അതിന് ബോധമുണ്ടാക്കുന്ന ആത്മാവ് എന്നൊരു വസ്തുവിനേയോ ദൈവം എന്നൊരു നിർമ്മാതാവിനെയോ സങ്കല്പിക്കേണ്ടതില്ല;. അതിനു തെളിവില്ല. ആത്മാവും ശരീരവും രണ്ടല്ല, ഒന്നു തന്നെയാണ്. ഞാൻ തടിച്ചവനാണ്, ഞാൻ മെലിഞ്ഞവനാണ് എന്നൊക്കെ നാം പറയുന്നത് അതുകൊണ്ടാണ്. മനുഷ്യർ മരിക്കുമ്പോൾ ആവ്യക്തിയുടെ അവസാനമാണ്. ആത്മാവോ, ഒന്നും അവശേഷിക്കുന്നില്ല. മരണാനന്തര ജീവിതമില്ല. സ്വർഗമോ നരകമോ ഇല്ല. കർമബന്ധങ്ങളില്ല, പുനർജന്മമില്ല. "സ്വഭാവവാദമെന്നും യദൃഛാവാദമെന്നും" അറിയപ്പെടുന്ന ചർവാകരുടെ കേവലദർശനം ഇതാണ് .

സ്വന്തം നിലനില്പിനായി പുരോഹിതർ സൃഷ്ടിച്ചതാണ് വേദാചാരങ്ങൾ. ചാർവാകർ ചോദിച്ചു: ശ്രാദ്ധത്തിന് (ബലിദിനം) മരിച്ചവർക്ക് നലകുന്ന ഭക്ഷണം ആത്മാവിന്റെ വിശപ്പടക്കുമെങ്കിൽ, യാത്രപോകുന്നവൻ ഭക്ഷണം കയ്യിൽ കരുതേണ്ടതില്ലല്ലോ ? വീട്ടിൽ തന്നെ ഭക്ഷണം വിളമ്പിയാൽ പോരേ ? മാളികമുകളിൽ ഇരിക്കുന്നവന് താഴത്തെ നിലയിൽത്തന്നെ ഭക്ഷണം നൽകിയാൽ പോരേ ? പുരോഹിതർ നടത്തുന്ന യജ്ഞങ്ങളിൽ ബലികൊടുക്കുന്ന മൃഗങ്ങൾക്ക് സ്വർഗം കിട്ടുമെങ്കിൽ, എന്തുകൊണ്ട് അവർ സ്വന്തം മാതാപിതാക്കളെ ബലികൊടുക്കുന്നില്ല ?

ധർമ്മശാസ്ത്രം (Ethics)

[തിരുത്തുക]

പുരുഷാർത്ഥങ്ങളിൽ (Human ends) , അർത്ഥം കാമം (Wealth, Enjoyment) എന്നിവയെ മാത്രമേ ചർവാകർ അംഗീകരിക്കുന്നുള്ളൂ. ധർമ്മമോക്ഷങ്ങളെ (Virtue, Liberation) നിരാകരിക്കുന്നു. മോക്ഷപ്രാപ്തിയാണ് ജീവിതത്തിന്റെ പരമലക്ഷ്യം എന്നു പറയുന്നത് വെറുതെയാണ്. മരിച്ചാൽ പിന്നെ ആരും തിരിച്ചു വരുന്നില്ല. അതുകൊണ്ട് ഈ ജീവിതം പരമാവധി സുഖകരമാക്കണം. തീർച്ചയായും ജീവിതത്തിൽ സുഖവും ദുഃഖവും ഉണ്ടാവും. എന്നാൽ ദുഃഖം പരമാവധി ഒഴിവാക്കി സന്തോഷിക്കുകയാണു വേണ്ടത്. ഉമിയുണ്ടെന്നു വച്ച് ധാന്യം ഉപേക്ഷിക്കാറില്ല. മൃഗങ്ങൾ നശിപ്പിച്ചേക്കാം എന്നതിനാൽ ആരും കൃഷി ചെയ്യാതിരിക്കുന്നില്ല. ചർവാകരുടെ ഈ ധർമ്മശാസ്ത്രത്തെ, സുഖമാത്രവീക്ഷണം (Hedonism) എന്നു വിളിക്കാം.

സദ്ഗുണപരമായ സുഖമാത്രവീക്ഷണത്തിന്റെ മികച്ച ഉദാഹരണം വാത്സ്യായനന്റെ കാമസൂത്രയിലെ രണ്ടാമധ്യായത്തിൽ കാണാം. വാത്സ്യായനൻ ശുദ്ധഭൗതികവാദിയായിരുന്നില്ല, ദൈവത്തിലും മരണാനന്തരജീവിതതിലുമൊക്കെ വാത്സ്യായനൻ വിശ്വസിച്ചിരുന്നു. എന്നാൽ കാമമാണ് (Enjoyment) പരമമായ ജീവിതലക്ഷ്യമെന്നും, പുരുഷാർത്ഥങ്ങളിൽ, ധർമ്മവും, അർത്ഥവും, (Virtue, Wealth) ജീവിതാനന്ദം നേടാനുള്ള ഉപാധികൾ മാത്രമാണെന്നും വാദിച്ചു; അതാണ് വാത്സ്യായനന്റെ ഭൗതികവാദപരമായ വശം. ജീവിതാനന്ദം എന്നാൽ ഇന്ദ്രീയങ്ങളുടെ ലഭിക്കുന്ന സുഖാനുഭൂതിയാണ്. അത് വിശപ്പടക്കുന്നതുപോലെ ശരീരത്തിന്റെ സുസ്ഥിതിക്ക് ആവശ്യവുമാണ്. എന്നാൽ, അക്ഷമനായി, സംസ്കാരരഹിതനായി ആനന്ദം മാത്രം അന്വേഷിക്കുന്നവൻ, മൃഗതുല്യമായ സന്തോഷമാണ് അനുഭവിക്കുന്നത്. അയാൾ ഇന്നത്തെ സുഖങ്ങൾ ത്യജിക്കാനോ കഷ്ടപ്പെടാനോ തയ്യാറാവില്ല. അത്തര പ്രവൃത്തികൾ ഭാവിയിലും സുഖമനുഭവിക്കുന്നതിനുള്ള എല്ലാ സാധ്യതകളും നശിപ്പിക്കും. അത് ആത്മഹത്യാപരമാണ്. അതുകൊണ്ട് ഇന്ദ്രീയങ്ങളെ നിയന്ത്രിക്കണം. സുകുമാരകലകളിലൂടെ പരിശീലിപ്പിക്കണം. ആത്മനിയന്ത്രണം പഠിച്ചവനു മാത്രമേ ഇന്ദ്രീയസുഖകാര്യങ്ങളിൽ, കലകളിൽ പരിശീലനം നൽകാവൂ എന്നും വാത്സ്യായനൻ പറയുന്നു. ഇത്തരം ചിന്തകരെയാണ്, ഒരു പക്ഷെ, സുശിക്ഷിതചർവാകർ എന്നു വിളിക്കപ്പെട്ടത്.

ബുദ്ധദാർശനികഗ്രന്ഥങ്ങളിൽ, അവർ നേരിടെണ്ടി വന്ന ചില ധൂർത്തചർവാകരെപ്പറ്റി പരാമർശിക്കുന്നുണ്ട്. അവരിൽ ധാർമികതയെയും സ്വതന്ത്രചിന്തയേയും നിരാകരിക്കുന്നവരും, സദ്പ്രവൃത്തികൾ നിഷ്ഫലങ്ങളാണെന്നും യഥാർത്ഥജ്ഞാനം അസാദ്ധ്യമാണെന്നും കരുതുന്നവരും, ഒരു വാദവും സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാത്തവരും ഉണ്ട്. അടുത്തകാലത്തുകണ്ടെടുത്ത ഒരു ഗ്രന്ഥത്തിൽ, എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ജയരാശി എന്ന ചർവാകദർശകൻ, തന്റെ അതികണിശമായ വാദങ്ങളിലൂടെ, പ്രത്യക്ഷജ്ഞാനത്തെയും ഭൗതികവസ്തുക്കളുടെ അസ്തിത്വത്തെയും വരെ നിരാകരിക്കുന്നു. എല്ലാ തത്ത്വങ്ങളെയും സിദ്ധാന്തങ്ങളെയും നിരാകരിച്ചാൽ പോലും ജീവിതം സാധാരണ പോലെ തുടരുമെന്ന് ഒടുവിൽ സമർത്ഥിക്കുകയും ചെയ്യുന്നുണ്ട്.

സവിശേഷസ്ഥാനം

[തിരുത്തുക]

ഭാരതീയതത്വചിന്തയ്ക്ക്, ചാർവാകദാർശനികർ നൽകിയ സംഭാവന നിസ്സാരമല്ല. സംശയവും, അജ്ഞേയതാവാദവും (Skepticism, Agnosticism) വിമർശനം ചെയ്യാതെ പരമ്പരാഗതചിന്തകളെ സ്വീകരിക്കാൻ വിസമ്മതിക്കുന്ന സ്വതന്ത്രചിന്തയുടെ ബാഹ്യപ്രകടനങ്ങളാണ്. ചർവാകരുടെ വിമർശനചിന്തയാണ് മറ്റെല്ലാ തത്ത്വചിന്തകരും അവരുടെ ദർശനത്തിന്റെ ആധാരശിലയായി, ചവിട്ടുപടിയാക്കി സ്വീകരിച്ചത്. ചാർവാകരുടെ സംശയങ്ങൾ, മറ്റുള്ളവർക്ക് പുതിയ പ്രശ്നങ്ങൾ ഉണ്ടാക്കിക്കൊടുത്തു. അവിമർശനീയതത്വങ്ങൾ (Dogma) ഉന്നയിക്കാൻ അനുവദിച്ചില്ല. ചിന്തയിൽ സൂക്ഷ്മത നിലനിർത്താനും, വിമർശനബുദ്ധിയോടെ തത്ത്വാന്വേഷണം നടത്താനും അവർ നിർബന്ധിക്കപ്പെട്ടു.

ചാർവാകരുടെ വിജ്ഞാനവാദവും (Epistemology) നിസ്സാരമല്ല. ആധുനികകാലത്തെ പല ആശയങ്ങളുമായി - പ്രയോഗവാദം (Pragmatism), സദ്യുക്തിവാദം(Logical Positivism‍) - സമാനതകളുണ്ട്. എന്നാൽ ചാർവാകരെ ശരിയായി മനസ്സിലാക്കിയിരുന്നില്ല. മറിച്ച്, പുരാതന ഗ്രീസിലെ എപിക്യൂരിയൻസിനേപ്പോലെ, അവർ വെറുക്കപ്പെടുകയാണ് ഉണ്ടായത് . അവരുടെ സുഖമാത്രമാർഗ്ഗമാണ് ഏറ്റവും വിമർശിക്കപ്പെട്ടത്. എന്നാൽ, എല്ലാ ചാർവാകരും തന്നിഷ്ടസുഖഭോഗികളായിരുന്നില്ല. ധൂർത്തചർവാകരും സുശിക്ഷിതചർവാകരും ഉണ്ടായിരുന്നു. തന്നിഷ്ടസൗഖ്യം തേടൽ സാമൂഹികാവശ്യങ്ങളുമായി യോജിക്കില്ല. മനുഷ്യൻ അവന്റെ സുഖങ്ങളുടെ ഒരുഭാഗം മറ്റുള്ളവർക്കായി ത്യജിക്കാൻ തയ്യാറായില്ലെങ്കിൽ, സമൂഹജീവിതം അസാധ്യമാണ്. മാത്രവുമല്ല, ഇഹലോക സുഖങ്ങൾ ആവശ്യമാണെന്ന വാദം മറ്റു പല ദാർശനികരും ഒരളവുവരെ അംഗീകരിക്കുന്നുണ്ട്. ചാർവാകർ, അറുപത്തിനാലുകലകളും മറ്റും വികസിപ്പിക്കുന്നതിൽ ഏർപ്പെട്ടു എന്നതിന് തെളിവുകളുണ്ട്. ചില ചാർവാകർ രാജാവിനെയാണ് ദൈവമായിക്കണ്ടത്, സമൂഹജീവിതത്തിലും അതിനൊരു തലവൻ വേണമെന്ന കാര്യത്തിലും ഉള്ള അവരുടെ ദൃഢവിശ്വാസമാണ് അതു സൂചിപ്പിക്കുന്നത്. ദണ്ഡനീതിയെക്കുറിച്ചും, സാമ്പത്തികവിഷയങ്ങളെക്കുറിച്ചും അവർ കൃതികളിൽ പ്രതിപാദിച്ചിട്ടുണ്ട്. പുരാതന ഗ്രീസിലെ ഡെമൊക്രിറ്റസിന്റെ അനുയായികളെപ്പോലെ, ആധുനികയൂറൊപ്പിലെ പോസിറ്റിവിസ്റ്റുകളെപ്പോലെ, ഇന്ത്യയിലെ ചാർവാകരിലും സംസ്കാരചിത്തർ ഉണ്ടായിരുന്നു എന്നതാണ് ഇതിന്റെയൊക്കെ അർത്ഥം.

അവലംബം

[തിരുത്തുക]

1. ഡോ. സതീഷ്ചന്ദ്ര ചാറ്റർജി. "ആൻ ഇൻ‌ട്രോഡക്ഷൻ ടു ഇൻ‌ഡ്യൻ ഫിലോസഫി" (in ഇംഗ്ലീഷ്). ന്യൂഡെൽഹി: രൂപ ആന്റ് കമ്പനി,. ISBN 978-81-291-1195-1. {{cite book}}: Cite has empty unknown parameters: |accessyear=, |origmonth=, |accessmonth=, |month=, |chapterurl=, and |origdate= (help); Unknown parameter |coauthors= ignored (|author= suggested) (help)CS1 maint: extra punctuation (link)

"https://ml.wikipedia.org/w/index.php?title=ചർവാകദർശനം&oldid=3703439" എന്ന താളിൽനിന്ന് ശേഖരിച്ചത്