Jump to content

ഭാരതീയ തത്ത്വചിന്ത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഭാരതീയദർശനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭാരതീയ തത്ത്വചിന്ത (സംസ്കൃതം: ദർശന) എന്ന പദം കൊണ്ട് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഉദ്ഭവിച്ച തത്ത്വചിന്താ സരണികളിൽ ഏതിനെയും വിവക്ഷിക്കാം. ഇതിൽ ഹിന്ദു തത്ത്വചിന്ത, ബുദ്ധമത തത്ത്വചിന്ത, ജൈന തത്ത്വചിന്ത എന്നിവയും ഉൾപ്പെടുന്നു. ഈ തത്ത്വചിന്തകളുടെ ഉത്ഭവം ഏകവും ചുറ്റുപിണഞ്ഞതുമാണ്,മനുഷ്യാസ്തിത്വത്തിന്റെ താത്കാലികതയാണ് ഇവയുടെ കാതലായ വിഷയം.ജീവിതദു:ഖങ്ങളിൽ നിന്നുള്ള മോക്ഷപ്രാപ്തി എങ്ങനെ സാധ്യമാക്കാം എന്നു വീശദീകരിക്കാൻ ശ്രമിക്കുകയാണ് ഭാരതീയ തത്ത്വചിന്ത ചെയ്യുന്നതെന്ന് പൊതുവെ പറയാം . ഇവയെ ചിട്ടപ്പെടുത്തിയതും പ്രചരിപ്പിച്ചതും പ്രധാനമായും ക്രി.മു. 600 മുതൽ ക്രിസ്തുവർഷത്തിലെ ആദ്യത്തെ ഏതാനും നൂറ്റാണ്ടുകൾ വരെയാണ്. എന്നാൽ ഇരുപതാം നൂറ്റാണ്ടുവരെയും ഈ തത്ത്വചിന്തകളെ നിർവചിക്കാനും അവയിൽ നവീകരണങ്ങൾ വരുത്താനുമുള്ള ശ്രമങ്ങൾ നടന്നു. (അരബിന്ദോ, ഇസ്കോൺ, തുടങ്ങി പലരും ഈ ശ്രമങ്ങളിൽ ഭാഗമാണ്)

ഈ സമ്പ്രദായങ്ങൾ ഒരു പ്രഭവസ്ഥാനത്തുനിന്നും ഉത്ഭവിച്ച് പരസ്പരം വിയോജിക്കുന്നവയോ, അല്ലെങ്കിൽ പരസ്പരം യോജിക്കുന്നെങ്കിലും വിവിധ ശാഖകളോട് സഖ്യം പ്രഖ്യാപിക്കുന്നവയോ ആണ്. ഇതിൽ രണ്ടാമത്തേതിന് ഉദാഹരണമാണ് വേദേതര ജൈന സമ്പ്രദായവും വൈദിക സംഖ്യ സമ്പ്രദായവും - ഇവയ്ക്ക് രണ്ടിനും ബഹുത്വത്തെക്കുറിച്ച് (pluralism) സമാനമായ ആശയങ്ങളാണുള്ളത്. ആദ്യത്തേതിന് ഉദാഹരണം ദ്വൈത, അദ്വൈത തത്ത്വചിന്താ സമ്പ്രദായങ്ങളാണ് - ഇവ രണ്ടും വൈദികമായിരുന്നു.

വിവിധ സമ്പ്രദായങ്ങൾ തമ്മിലുള്ള മൽസരം അവ രൂപപ്പെട്ട കാലത്ത് കടുത്തതായിരുന്നു, പ്രത്യേകിച്ച് ക്രി.മു. 800 മുതൽ ക്രി.വ. 200 വരെ. ജൈനം, ബുദ്ധമതം, ശൈവം, അദ്വൈതം തുടങ്ങിയ സമ്പ്രദായങ്ങൾ ഈ അതിജീവിച്ചു, എന്നാൽ സാംഖ്യം, അജീവിക, തുടങ്ങിയ ശാഖകൾ നിലനിന്നില്ല.

തത്ത്വചിന്തകനെ വിശേഷിപ്പിക്കുന്ന സംസ്കൃത പദം dārśanika (ദാർശനികൻ) എന്നാണ്, ദർശനങ്ങളിൽ (darśanas), അഥവാ തത്ത്വചിന്തകളിൽ പരിചിതനായ വ്യക്തി എന്ന് ഇത് അർത്ഥമാക്കുന്നു.[1] ഭാരതീയദർശനം (ഇംഗ്ലീഷ്:Indian Philosophy) എന്ന പദം ഭാരതഉപഭൂഖണ്ഡത്തിൽ രൂപം കൊണ്ട ദർശനങ്ങളെ പൊതുവായി സൂചിപ്പിക്കുന്നു. ഹൈന്ദവദർശനം, ബൗദ്ധദർശനം, ജൈനദർ‌ശനം, ചർവാകദർശനം തുടങ്ങിയ ദർശനങ്ങൾ ഉൾക്കൊള്ളുന്നവയാണ് ഭാരതീയദർശനം.

പൊതുവിഷയങ്ങൾ

[തിരുത്തുക]

നിലനില്പിനായുള്ള ജീവിതസമരത്തിൽ, മൃഗങ്ങളും ഇതര ജീവികളും ബോധപൂർവമായി ഒന്നും ആസൂത്രണം ചെയ്യുന്നില്ല. സഹജവാസനയാൽ നിയന്ത്രിക്കപ്പെട്ട്, അവ, അപ്പപ്പോഴത്തെ പ്രതിസന്ധികൾ തരണം ചെയ്യുന്നുവെന്നേയുള്ളൂ. എന്നാൽ മനുഷ്യൻ, തൻറെ സഹജമായ യുക്തിയും ബുദ്ധിയും ഉപയോഗിച്ച്, തന്നെപ്പറ്റിയും ചുറ്റുപാടുകളെപ്പറ്റിയും അറിഞ്ഞ്, ദീർഘവീക്ഷണത്തോടെ ആസൂത്രണം ചെയ്ത്, എപ്പോഴും വിജയിക്കാൻ ശ്രമിക്കുന്നു. അപ്രകാരം അറിയാനുള്ള മനുഷ്യൻറെ ആഗ്രഹം അയാളുടെ നൈസർഗിക യുക്തിവിചാരത്തിൽ നിന്നാണുണ്ടാവുന്നത്. ഈ ആഗ്രഹത്തെയാണ് തത്ത്വചിന്ത സഫലീകരിക്കാൻ ശ്രമിക്കുന്നത്. അതുകൊണ്ട് തത്ത്വചിന്ത ഒരു ആഡംബരമല്ല, ജീവിതാവശ്യമാണ്.

മനുഷ്യസംസ്കാരത്തിൻറെ ഉദ്ഭവം മുതൽ നിരവധി ജീവിതപ്രശ്നങ്ങൾ മനുഷ്യന് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. ഞാൻ ആര് ? ഈ ലോകമെന്ത് ? ജഗത്തിനെ നിയന്ത്രിക്കുന്ന ശക്തിയെന്ത് ? അവയും ഞാനുമായുള്ള ബന്ധമെന്ത് ? മനുഷ്യജീവിതത്തിന്റെ പരമമായ ലക്‌ഷ്യം എന്ത് ? എന്നു തുടങ്ങിയവ അത്തരം പ്രശ്നങ്ങളിൽ ചിലതു മാത്രമാണ്. തത്ത്വചിന്ത അഥവാ ദർശനശാസ്ത്രം (ഫിലോസഫി) അത്തരം പൊതുവായ പ്രശ്നങ്ങളെയാണ് കൈകാര്യം ചെയ്യുന്നത്. മനുഷ്യൻറെ അറിവ് കാലക്രമേണ വികസിച്ചതോടെ അവ ഒന്നിച്ചു കൈകാര്യം ചെയ്യനാവാതെ വന്നു. അങ്ങനെ വിവിധ വിജ്ഞാനശാഖകൾ നിലവിൽ വന്നു. ഗണിതം, രസതന്ത്രം, ഭൌതികശാസ്ത്രം തുടങ്ങിയവ അപ്രകാരം നിലവിൽ വന്ന പ്രത്യേകവിജ്ഞാനശാഖകളാണ്. അവ ഓരോന്നും പ്രത്യേകവിഷയങ്ങളെക്കുറിച്ച് ആഴത്തിൽ പഠിക്കുന്നു. അവയിൽ നിന്നു ലഭിക്കുന്ന അറിവുകൾ ഉപയോഗിച്ച്, ദർശനശാസ്ത്രം പ്രപഞ്ചത്തിൻറെ സാമാന്യസ്വഭാവം മനസ്സിലാകാൻ ശ്രമിക്കുന്നു.

പ്രപഞ്ചസ്വഭാവം മനസ്സിലാക്കാൻ വെറും നിരീക്ഷണമോ, അനുഭവമോ മാത്രം മതിയാവില്ല. ആലോചനയിലൂടെ, യുക്തിപൂർവമുള്ള അനുഭവവിശകലനത്തിലൂടെ, മാത്രമേ കഴിയൂ. യുക്തിചിന്ത, അതാണ് ദർശനശാസ്ത്രത്തിൻറെ പ്രധാന ഉപകരണം. അനുഭവങ്ങളുടെയും, നിരീക്ഷണങ്ങളെടെയും അടിസ്ഥാനത്തിലാണ് അപ്രകാരമുള്ള യുക്തിചിന്ത നടത്തുന്നത്. അപ്പോൾ ഒരു പ്രധാനപ്രശ്നം ഉദിക്കുന്നു. ആരുടെ, എങ്ങനെയുള്ള അനുഭവങ്ങളെയാണ് അടിസ്ഥാനമാക്കേണ്ടത് ? സാമാന്യജനങ്ങളുടെ സാധാരണ അനുഭവങ്ങളാണോ ആധാരമാക്കേണ്ടത് ? അതോ വിശുദ്ധന്മാരുടെയും, ഋഷികളുടെയും, പ്രവാചകരുടെയും വചനങ്ങളും കൂടി തത്ത്വശാസ്ത്രം പരിഗണിക്കേണ്ടതുണ്ടോ ? ഈ വിഷയത്തിൽ ചിന്തകർ ഭിന്നാഭിപ്രായക്കാരാണ്. ചില ചിന്തകർ സാമാന്യജനങ്ങളുടെ അനുഭവങ്ങൾ മാത്രം പരിഗണിച്ചാൽ മതിയെന്നു വാദിച്ചപ്പോൾ, മറ്റു ചിലർ, ചില കാര്യങ്ങളിൽ - വിശേഷിച്ച്, ദൈവം, സംസാരദുഃഖത്തിൽ നിന്നുള്ള വിമോചനം തുടങ്ങിയ കാര്യങ്ങളിൽ - വിശ്വാസയോഗ്യരായവരുടെ വചനങ്ങളും (Testimony) കൂടി പരിഗണിക്കണം എന്ന് വാദിച്ചു. ഈ കാര്യത്തിൽ മാത്രമല്ല, അതു തുടർന്നു വന്ന പല പ്രശ്നങ്ങളിലും അഭിപ്രായഭിന്നതകളുണ്ടായി. അങ്ങനെ,പലതരം ദർശനധാരകൾ (Schools of philosophy) ഉണ്ടായി.[2]

ഇന്ത്യൻ ചിന്തകർ ജീവിതത്തെ ഏറ്റവും നല്ലവഴിയിൽ നയിക്കുന്നത് എങ്ങനെ എന്നു മനസ്സിലാക്കുന്നതിന് വികസിപ്പിക്കേണ്ട ഒരു പ്രായോഗിക ആവശ്യമായി തത്ത്വചിന്തയെ കണ്ടു. തത്ത്വചിന്താ ഗ്രന്ഥങ്ങളുടെ തുടക്കത്തിൽ അവ ജീവിതലക്ഷ്യങ്ങളെ (പുരുഷാർത്ഥങ്ങളെ) എങ്ങനെ സഹായിക്കും എന്ന് വിശദീകരിക്കുന്നത് ഭാരതീയ ഗ്രന്ഥകർത്താക്കളുടെ ഒരു ചിട്ടയായിത്തീർന്നു.[3] അന്തർലീനമായ ഒരു ഏകവ്യവസ്ഥ ഉണ്ടെന്നും, അത് സർവ്വവ്യാപിയും സർവ്വജ്ഞനുമാണെന്നും ഉള്ള തത്ത്വത്തിലാണ് ഇവർ തത്ത്വചിന്തയെ കെട്ടിപ്പടുത്തത്. വിവിധ തത്ത്വചിന്താ സമ്പ്രദായങ്ങളുടെ ശ്രമങ്ങൾ ഈ ഏകവ്യവസ്ഥയെ വിശദീകരിക്കുന്നതിനായിരുന്നു. പ്രകൃതിയിൽ നിരീക്ഷിക്കുന്ന എല്ലാ പ്രധാന പ്രതിഭാസങ്ങളും - വിധി, സംഭവങ്ങൾ, തുടങ്ങിയവ - ഈ ക്രമത്തിന്റെ ഭാവങ്ങളാണെന്ന് ഇവ വിശദീകരിച്ചു.

ഇതിന്റെ ആദ്യ പരാമർശം കാണുന്നത് ഋഗ്വേദത്തിലാണ്, ഋഗ്വേദത്തിൽ പ്രപഞ്ചവ്യാപിയും സർവ്വത്തിലും ഭാഗവുമായ ബ്രഹ്മത്തെക്കുറിച്ച് പ്രതിപാദിക്കുന്നു. ബ്രഹ്മം ദിശയില്ലാത്തതും സമയത്തിന് അതീതമായതും എല്ലാ സന്തോഷത്തിനും വിജ്ഞാനത്തിനും അതീതവുമാണെന്ന് ഋഗ്വേദം പറയുന്നു.

വികാസവും സവിശേഷതകളും

[തിരുത്തുക]

ഇന്ത്യയിൽ പല ദർശനധാരകളുണ്ടായിരുന്നു. അവയെ പാരമ്പരാഗതരീതിയനുസരിച്ച്, ആസ്തികം (Orthodox) എന്നും നാസ്തികം (Heterodox) രണ്ടായി തരംതിരിച്ചിട്ടുണ്ട്. അന്നു നിലവിലുണ്ടായിരുന്ന വിജ്ഞാനശേഖരങ്ങളായ വേദങ്ങളെ (ഋക്ക്, യജുസ്, സാമം, അഥർവം) അവയുടെ ആധികാരികതയെ അംഗീകരിക്കുന്നുണ്ടോ ഇല്ലയോ എന്നതാണ് ഈ വിഭജനത്തിൻറെ അടിസ്ഥാനം. അല്ലാതെ, ദൈവാസ്തിത്വം അംഗീകരിക്കുന്നുണ്ടോ ഇല്ലയോ എന്നുള്ളതല്ല. നാസ്തികദർശനങ്ങളായ ചർവാകദർശനം, ബുദ്ധദർശനം, ജൈനദർശനം എന്നീ മൂന്നു ദർശനങ്ങളും വേദങ്ങളുടെ ആധികാരികതയെ നിരാകരിക്കുന്നു. വേദങ്ങളെ അംഗീകരിക്കുകയും അവ പിന്തുടരുകയും ചെയ്യുന്ന ദർശനങ്ങളാണ്, മീമാംസയും വേദാന്തവും. അവ ആസ്തികദര്ങ്ങളാണ്. എന്നാൽ ന്യായം, വൈശേഷികം, സാംഖ്യം, യോഗം തുടങ്ങിയവ വേദങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ദർശനശാഖകളല്ല. അവ സാമാന്യജനങ്ങളുടെ അനുഭവങ്ങളുടെ സ്വതന്ത്രാടിസ്ഥാനത്തിലുള്ളവയാണ്. എന്നാൽ അവ വേദങ്ങളെ നിരാകരിച്ചില്ല, എന്നാൽ അപ്രകാരം സ്വതന്ത്രമായെടുത്ത നിഗമനങ്ങളും, വേദവചനങ്ങളും പൊരുത്തപ്പെടുമെന്ന് തെളിയിക്കാൻ ശ്രമിച്ചു. അവയും ആസ്തികദർശനങ്ങളായിട്ടാണ് പരമ്പരാഗത സമ്പ്രദായത്തിൽ, കരുതപ്പെടുന്നത്.

പാശ്ചാത്യലോകത്ത്, വിവിധ ദർശനധാരകൾ, ഒന്നിനു പിറകേ മറ്റോന്നായി, പഴയതിനെ മറികടന്നു പുതിയത് എന്ന രീതിയിലാണു വികസിച്ചത്. എന്നാൽ ഇന്ത്യയിൽ, ദർശനധാരകൾ ഏതാണ്ട് ഒരേ കാലത്ത് ഉത്ഭവിക്കുകയും സമാന്തരമായി വികസിക്കുകയും ചെയ്തു. ഒരോ ധാരകളും ഒരു കൂട്ടം അനുയായികൾ ഉണ്ടാവുകയും അത് തുടർച്ചയായി പിൻതലമുറകളിലേക്കു കൈമാറുകയും പരസ്പരവിമർശനങ്ങളിലൂടെ വികസിക്കുകയും പ്രായോഗികജീവിതത്തെ സ്വാധീനിക്കുകയും ചെയ്തു.

പാശ്ചാത്യദർശനശാസ്ത്രത്തിൽ, വാസ്തവികതയുടെ പൊതുപ്രശ്നങ്ങൾ (മനുഷ്യൻ, പ്രപഞ്ചം, ദൈവം തുടങ്ങിയവ) പഠിക്കുന്ന കേവലമീമാംസ (Metaphysics) , എങ്ങനെ യ്ഥർത്ഥവിജ്ഞാനം നേടാം എന്ന് അന്വേഷിക്കുന്ന വിഞ്ജാനസിദ്ധാന്തം (Epistemology), കാര്യകാരണബന്ധങ്ങൾ എങ്ങനെ ശരിയായി നിർണയിക്കാം എന്നു പരിശോധിക്കുന്ന തർക്കശാസ്ത്രം (Logic), ധർമ്മാധർമ്മങ്ങൾ എങ്ങനെയാവണം എന്നു പഠിക്കുന്ന ധർമ്മശാസ്ത്രം (Ethics) , സൌന്ദര്യം, കല എന്നിവ പ്രതിപാദിക്കുന്ന സൌന്ദര്യശാസ്ത്രം (Aesthetics) എന്നിങ്ങനെ പല ശാഖകളുണ്ട്. ഇന്ത്യയിൽ ഈ ശാഖകളെല്ലാം വെവ്വേറെയായിട്ടല്ല, ഒന്നിച്ചാണ് ഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചിരുന്നത്. മാത്രവുമല്ല, ചിന്തകർ എതിരാളികളുടെ വീക്ഷണത്തെ ഗ്രന്ഥത്തിൻറെ ആദ്യഭാഗത്ത് തന്നെ പ്രതിപാദിക്കുകയും (പൂർവ്വപക്ഷം), തുടർന്ന് അവയിലെ വാദങ്ങൾ ഖണ്ഡിക്കുകയും ഒടുവിൽ സ്വന്തം നിലപാട് സിദ്ധാന്തമായി ഉത്തരപക്ഷത്ത് സ്ഥാപിക്കുകയും ചെയ്തു പോന്നു. അതുകൊണ്ട്, ഭാരതീയദാർശനികഗ്രന്ഥങ്ങളിൽ ഒരെണ്ണം മാത്രമെടുത്താൽ പോലും മറ്റു ദർശനധാരകളെക്കുറിച്ചുള്ള സാമാന്യവിവരങ്ങൾ ലഭിക്കുന്നു.

വെറുമൊരു ബുദ്ധിവ്യായാമം എന്ന നിലയ്ക്കല്ല, ശരിയായ ജീവിതം എന്ത്, ജീവിതദുരിതങ്ങളെ എങ്ങനെ ദൂരീകരിക്കാം, മനുഷ്യജീവിതം എങ്ങനെ നയിക്കണം എന്നിങ്ങനെ, പ്രായോഗികാവശ്യങ്ങൾക്കായാണ് ഇന്ത്യയിലെ തത്ത്വശാസ്ത്രം വളർന്നത്. അതുകൊണ്ട്, ഗ്രന്ഥങ്ങളുടെ ആദ്യം തന്നെ അത് പുരുഷാർത്ഥങ്ങൾക്ക് (Human ends) എങ്ങനെ പ്രയോജനപെടും എന്നു വിശദീകരിക്കുന്ന ഒരു രീതിയുണ്ടായിരുന്നു. ഒരോ ധാരയും ഒരു കൂട്ടം അനുവാചകർ പഠിക്കുകയും ജീവിതത്തിൽ അനുവർത്തിക്കുകയും ചെയ്തു പോന്നു. തലമുറകളായി ചിന്തിച്ചു വികസിപ്പിച്ച ദർശനസമ്പ്രദായങ്ങളാണ് അവ.

ഇന്ത്യൻ തത്ത്വചിന്തകളിൽ പലതിനെയും പ്രത്യക്ഷമായോ പരോക്ഷമായോ, വേദങ്ങളും ഉപനിഷത്തുകളും സ്വാധീനിച്ചിട്ടുണ്ട്. ആസ്തിക(Orthodox)ദർശനങ്ങളിൽ , ചിട്ടയായ തത്ത്വചിന്തയുടെ ആരഭം, “സൂത്രങ്ങൾ“ എന്നു വിളിക്കുന്ന രചനകളിൽ നിന്നാണ്. ആദ്യകാലദാർശനികരുടെ പ്രധാന തത്ത്വചിന്താവാദങ്ങളുടെ സാംക്ഷിപ്തമായ ചെറുവാക്യങ്ങളാണ് അവയിലുള്ളത്. വാമൊഴിയായിട്ടാണ് അവ തലമുറകൾ കൈമാറ്റം ചെയ്യപ്പെട്ടത്. അതിന് ഇത്തരം സൂത്രവാക്യങ്ങൾ പ്രയോജനം ചെയ്തിരിക്കണം. ഉദാഹരണത്തിന് ബാദരായണൻറെ ബ്രഹ്മസൂത്രം ‍, വേദോപനിഷത്തുകളിലെ തത്ത്വചിന്തകൾ ചിട്ടപ്പെടുത്തി സമാഹരിച്ചതാണ്. അതുകൂടാതെ, അവയുടെ സാധ്യമായ വിമർശനങ്ങളും, അതിനുള്ള മറുപടികളും ഉൾപ്പെടുന്നു. വേദാന്തദർശനധാരയിലെ ആദ്യഗ്രന്ഥമാണ് ഇത്. മറ്റു ധാരകൾക്കും ഇത്തരം അടിസ്ഥാന സൂത്രഗ്രന്ഥങ്ങളുണ്ട്. സൂത്രവാക്യങ്ങളുടെ അർത്ഥം പലപ്പോഴും അവ്യക്തമായതിനാൽ, അവയ്ക്ക് വിശദീകരണങ്ങൾ വേണ്ടിവന്നു. അങ്ങനെ പിന്നീട്, സൂത്രങ്ങൾക്ക് ഭാഷ്യങ്ങൾ (Commentaries) രചിക്കപ്പെട്ടു. പല ചിന്തകരും അവരവരുടെ നിലപാടുകൾ വിശദീകരിക്കാനും ഭാഷ്യങ്ങൾ എഴുതി.ശങ്കരൻ, മാധവൻ, രാമാനുജൻ തുടങ്ങിയവർ ബ്രഹ്മസൂത്രത്തിന് ഭാഷ്യങ്ങൾ രചിച്ചിട്ടുണ്ട്. അപ്രകാരം ദർശനധാരകളിൽ ഉപധാരകളുണ്ടായി. കാലക്രമേണ, ഭാഷ്യങ്ങൾക്കു ഭാഷ്യങ്ങളും, അവയിലെ നിലപാടുകൾ വിശദീരിച്ചുകൊണ്ടോ, വിമരിശിച്ചുകൊണ്ടോ ഒക്കെ പല സ്വതന്ത്രരചനകളും ഉണ്ടായി.നാസ്തിക (Heterodox) ദർശനങ്ങൾ പ്രഭവിച്ചത് സൂത്രഗ്രന്ഥങ്ങളിൽ നിന്നല്ല എങ്കിലും, അവ പരിണമിച്ചത് ഏതാണ്ട് ഇതേ പ്രകാരമാണ്. അതിബൃഹത്തായ ഒരു ദർശനസാഹിത്യം അങ്ങനെയാണുണ്ടായത്.

കാലഘട്ടങ്ങൾ

[തിരുത്തുക]

ക്രി.മു 3500 നു മുൻപ് - വേദങ്ങളും ഉപനിഷദുകളും

ക്രി.മു 1500 നു മുൻപ് - പുരാണങ്ങൾ

ക്രി.മു. 500 നു മുൻപ് - ജൈനമതം, ബുദ്ധമതം, ഭഗവദ് ഗീത, മനുസ്മൃതി

ക്രി.മു. 300 നു മുൻപ് - യാഥാസ്ഥിതിക ദർശനങ്ങളുടെ ഉദയം

ക്രി.വ. 200 - നാഗാർജ്ജുനൻ, മഹായാന ബുദ്ധമതത്തിന്റെ ഉദയം

ക്രി.വ. 600 - ശങ്കരാചാര്യൻ, വേദാന്തത്തിന്റെ ഉദയം

ക്രി.വ. 900-നു ശേഷം - വൈദിക സമ്പ്രദായങ്ങളുടെ ഉദയം: വിശിഷ്ടാദ്വൈതം, ദ്വൈതം, തുടങ്ങിയവ.

ഹൈന്ദവദർശനം
എന്ന പരമ്പരയുടെ ഭാഗം

ഓം
ബ്രഹ്മം · ഓം
ദർശനധാരകൾ

സാംഖ്യം · യോഗം
ന്യായം · വൈശേഷികം
മീമാംസ · ലോകായതം
വേദാന്തം (അദ്വൈതം • വിശിഷ്ടാദ്വൈതം •
ദ്വൈതം)

ദാർശനികർ

പ്രാചീന കാലഘട്ടം
കപില മഹർഷി · പതഞ്ജലി · അക്ഷപാദ ഗൗതമർ
കണാദൻ · ജൈമിനി · വ്യാസൻ
മാർക്കണ്ഡേയൻ
മദ്ധ്യകാലഘട്ടം
കുമാരിലഭട്ട · ശങ്കരാചാര്യർ · രാമാനുജാചാര്യർ ·
മധ്വാചാര്യർ · നിംബാർക്കാചാര്യർ
വല്ലഭാചാര്യർ · മധുസൂദന സരസ്വതി ·
നാംദേവ് · ചൈതന്യ മഹാപ്രഭു · തുളസീദാസ് ·
കബീർ · കമ്പർ · അക്ക മഹാദേവി

ആധുനിക കാലഘട്ടം
രാമകൃഷ്ണ പരമഹംസർ · സ്വാമി വിവേകാനന്ദൻ
രമണ മഹർഷി  · ശ്രീനാരായണഗുരു
ചട്ടമ്പിസ്വാമികൾ  · ശുഭാനന്ദഗുരു
അരബിന്ദോ  · തപോവനസ്വാമി
സ്വാമി ചിന്മയാനന്ദ

സ്വസ്തിക

ഹിന്ദുമതം കവാടം.


ദർശനധാരകൾ

[തിരുത്തുക]

ഉദാത്ത ഭാരതീയ ദർ‌ശനങ്ങളെ പ്രധാനമായും രണ്ടായി തിരിക്കാം: ആസ്തിക ദർശനങ്ങൾ അഥവാ യാഥാസ്ഥിതിക ദർശനങ്ങൾ എന്നും നാസ്തിക ദർശനങ്ങൾ അഥവാ അയാഥാസ്ഥിതിക ദർശനങ്ങൾ എന്നും.[4] ആസ്തികദർ‌‍ശനങ്ങൾ വേദങ്ങളുടെ പ്രാമാണ്യത്തെ അംഗീകരിക്കുന്നു, എന്നാൽ നാസ്തികദർ‌‍ശനങ്ങൾ വേദങ്ങളെ പ്രമാണമായി സ്വീകരിക്കുന്നില്ല.


ആസ്തിക ദർശനം

[തിരുത്തുക]

മദ്ധ്യകാലഘട്ടത്തിലെ ബ്രാഹ്മണ-സംസ്കൃത പാണ്ഡിത്യ കാലത്ത് പല ഹിന്ദു ബൗദ്ധിക സമ്പ്രദായങ്ങളും ആറ് യാഥാസ്ഥിതിക സമ്പ്രദായങ്ങളിൽ (ദർശനങ്ങളിൽ), ആറ് തത്ത്വചിന്തകളായി ക്രോഡീകരിക്കപ്പെട്ടു. ഷട്ദർശനങ്ങൾ എന്നറിയപ്പെടുന്ന ഇവയെല്ലാം തന്നെ വേദങ്ങളുടെ പ്രാമാണ്യത്തെ അംഗീകരിക്കുന്നു.:[5][4][6]

ഷഡ് ദർശനങ്ങൾ

[തിരുത്തുക]
  1. സാംഖ്യം - സംഖ്യകളെ (ഗണിതത്തെ) കുറിച്ചുള്ള ശാഖ
  2. യോഗം - പതഞ്ജലിയുടെ സമ്പ്രദായം (സംഖ്യ സമ്പ്രദായത്തിന്റെ അതീന്ദ്രിയത്തെ (മെറ്റാഫിസിക്സ്) പ്രതിപാദിക്കുന്നു)
  3. ന്യായം -
  4. വൈശേഷികം - അണുക്കളെക്കുറിച്ചുള്ള (അറ്റോമിസ്റ്റ്) ശാഖ.
  5. പൂർവ മീമാംസ (ലളിതമായി മീമാംസ എന്നും അറിയപ്പെടുന്നു) - വേദ വ്യാഖ്യാനം, വേദ ചടങ്ങുകൾക്ക് പ്രാധാന്യം നൽകുന്നു.
  6. ഉത്തര മീമാംസ അഥവാ വേദാന്തം - ഉപനിഷദ് പാരമ്പര്യം, വേദ തത്ത്വചിന്തയ്ക്ക് പ്രാധാന്യം നൽകുന്നു.

ഇവയെ മിക്കപ്പോഴും സാംഖ്യ-യോഗ, ന്യായ-വൈശേഷിക, മീമാസ-വേദാന്തം എന്നിങ്ങനെ യുഗ്മങ്ങളാക്കി വിവക്ഷിക്കാറുണ്ട്. ഈ ആറെണ്ണമാണ് പ്രധാന സമ്പ്രദായങ്ങൾ എങ്കിലും യാഥാസ്ഥിതിക ദർശനങ്ങൾ ഇവ മാത്രമല്ല. വ്യാകരണ സമ്പ്രദായം തുടങ്ങിയ സമ്പ്രദായങ്ങളുമുണ്ട്.

ന്യായം

ന്യായദർശനത്തിന്റെ സ്ഥാപകൻ ഗൗതമൻ അഥവാ അക്ഷപദൻ ആണ്. ഗൗതമന്റെ ന്യായസൂത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള ദർശനങ്ങൾ. വിജ്ഞാനസമ്പാദനം വഴി മോക്ഷപ്രാപ്തിക്കുള്ള മാർഗ്ഗങ്ങൾ നിർദ്ദേശിക്കുകയയാണ് ഈ ദർശനം. പ്രത്യക്ഷം, അനുമാനം, ഉപമാനം, ശബ്ദം എന്നീ മാർഗ്ഗങ്ങളാണു ഈ സിദ്ധാന്തം ശുപാർശ ചെയ്യുന്നത്. ശരിയായി ചിന്തിച്ച് പ്രശ്‌നങ്ങളെ അപഗ്രഥനം ചെയ്യാൻ ഈ പദ്ധതി സഹായിക്കുന്നു.

വൈശേഷികദർശനം

വൈശേഷികദർശനത്തിന്റെ സ്ഥാപകൻ കണാദൻ ആണ്. വൈശേഷികസൂത്രം രചിച്ചതും ഇദ്ദേഹം തന്നെ. ഈ പദ്ധതി ഭൗതിക വസ്തുക്കളുടെ സൂക്ഷ്മമായും മുഴുവനായും ഉള്ള പഠനത്തിനു പ്രാമുഖ്യം നൽകുന്നു. മോക്ഷപ്രാപ്തിക്കായി ഭൗതിക വസ്തുക്കളുടെ അവാസ്തവികതയും ആത്മാവിന്റെ പരിശുദ്ധിയും അംഗീകരിക്കേണ്ടതുണ്ട്. ഇതിനായി ഓരോ വ്യക്തിയും വിവേചനാശക്തി വളർത്തിയെടുക്കണം. ആണവികവിശേഷ സിദ്ധാന്തം ആവിഷ്‌കരിക്കുക വഴി ഈ ദർശനം ഊർജ്ജതന്ത്ര പഠനത്തിന് അടിത്തറ പാകി. വിവേകത്തിന്റെ തത്ത്വശാസ്ത്രം എന്ന് വൈശേഷികദർശനം അറിയപ്പെടുന്നു.

സാംഖ്യം

സാംഖ്യം എന്നത് ഹൈന്ദവദർശനങ്ങളിൽ ഏറ്റവും പഴയത് ആണ്. പുരുഷ-പ്രകൃതി ദ്വയങ്ങളിൽനിന്നാണ് എല്ലാം ഉണ്ടായിരിക്കുന്നത് എന്ന ദർശനം. അതിപ്രാചീനമായ ഭാരതീയ ദർശനം അഥവാ തത്ത്വചിന്തയാണ് സാംഖ്യം. നാസ്തിക ദർശനങ്ങളിൽ ഒന്നായ ഇതിന്റെ ഉപജ്ഞാതാവ് കപിലൻ ആണ്.  ഭാരതത്തിലെ ഏറ്റവും പ്രാചീനമായ തത്ത്വചിന്തയായി കണക്കാക്കപ്പെടുന്നത് ഇതാണ്. സാംഖ്യസൂത്രത്തിന്റെ കർത്താവ് കപിലനാണ്. ഈ ഗ്രന്ഥത്തിന്റെ വ്യാഖ്യാനമായി സാംഖ്യകാരിക എന്ന ഗ്രന്ഥവും ഉണ്ട്.

സാംഖ്യ എന്ന സംസ്‌കൃത പദത്തിന് എണ്ണുക, കണക്കുകൂട്ടുക, വേർതിരിച്ച് കാണുക എന്നിങ്ങനെ വിവിധ അർത്ഥങ്ങൾ ഉണ്ട്. സാംഖ്യം എന്ന വാക്ക് ഇതേ അർത്ഥത്തിലാണെങ്കിലും ആത്മാവ് അഥവാ പുരുഷനെ ദ്രവ്യം അഥവാ പ്രകൃതിയിൽ നിന്ന് എങ്ങനെ വേര്തിരിച്ചുകാണാം എന്ന രീതിയിലാണ് ഉപയോഗിച്ചിരിക്കുന്നത്. സാംഖ്യ തത്ത്വചിന്തകർ പ്രപഞ്ചത്തിന്റെ ഉത്ഭവത്തിൽ കോസ്മിക സ്വാധീനത്തെ ഊന്നി പറയുന്നവരാണ്. പ്രപഞ്ചത്തിന്റെ പരിണാമം സാംഖ്യ വാദത്തിൽ വളരെയധികം സ്വാധിനിച്ചിരിക്കുന്നു എന്നും പറയാം.

യോഗദർശനം

യോഗദർശനത്തിന്റെ സ്ഥാപകൻ പതഞ്ജലി ആണ്. യോഗസൂത്രം രചിച്ചതും ഇദ്ദേഹം തന്നെ. മോക്ഷപ്രാപ്തിക്കായി യോഗദർശനം ശരീരത്തിന്റെയും മനസ്സിന്റെയും പരിപൂർണ്ണ നിയന്ത്രണം അനുശാസിക്കുന്നു. ഇതിനുള്ള മാർഗ്ഗങ്ങളാണ് വികാരങ്ങൾ നിയന്ത്രിച്ച് മാനസിക ഏകാഗ്രത കൈവരിക്കുവാനുള്ള ധ്യാനവും ശാരീരികാരോഗ്യം നിലനിർത്തുവാനുള്ള ആസനങ്ങളും പ്രാണായാമങ്ങളും. ഇദ്ദേഹത്തിന്റെ യോഗദർശനം അഷ്ടാംഗയോഗ എന്നറിയപ്പെടുന്നു.

യമം

നിയമം

ആസനം

പ്രാണായാമം

പ്രത്യാഹാരം

ധാരണ

ധ്യാനം

സമാധി

എന്നിവ പതഞ്ജലി യോഗത്തിന്റെ 8 പടികളായി അറിയപ്പെടുന്നു. യോഗസൂത്രത്തിന്റെ വ്യാഖ്യാനങ്ങളായി തത്ത്വവൈശാരദി, യോഗവാർത്തിക എന്നിവയുണ്ട്. ആധുനികകാലത്ത് യോഗദർശനത്തിൽ പ്രാവീണ്യം നേടിയ മഹാനാണ് അരവിന്ദഘോഷ്.

മീമാംസ

ജൈമിനി മഹർഷിയാണ് മീമാംസദർശനത്തിന്റെ ഉപജ്ഞാതാവ്. കർമ്മങ്ങൾക്ക് പ്രാധാന്യം നൽകുന്നതിനാൽ ഇത് കർമ്മകാണ്ഡം എന്നും അറിയപ്പെടുന്നു. മോക്ഷപ്രാപ്തിക്കായി വേദവിധിപ്രകാരമുള്ള അനുഷ്ഠാനങ്ങളും ആചാരങ്ങളും യാതൊരു വീഴ്ചയും കൂടാതെ പാലിക്കണമെന്ന് അനുശാസിക്കുന്നതാണ് മീമാംസാദർശനം. ഈ ദർശനത്തിൽ ബ്രാഹ്മണപുരോഹിതന്മാർക്ക് അനിഷേധ്യമായ പങ്കുണ്ട്. ഇങ്ങനെയുള്ള നിലപാടിലൂടെ ബ്രാഹ്മണമേധാവിത്വവും ജാതിവ്യവസ്ഥയും നിലനിർത്താൻ മീമാംസകർ സഹായിച്ചു. ബ്രഹ്മനും ആത്മനും ( ആത്മാവും പരമാത്മാവും) വ്യത്യസ്തമാണെന്നു മീമാംസകർ സമർത്ഥിക്കുന്നു.

വേദാന്ത സമ്പ്രദായത്തെ വീണ്ടും ആറ് ഉപസമ്പ്രദായങ്ങളായി തിരിച്ചിരിക്കുന്നു: അദ്വൈതം, വിശിഷ്ടാദ്വൈതം, ദ്വൈതം, ദ്വൈതാദ്വൈതം, ശുദ്ധാദ്വൈതം, അചിന്ത്യ ഭേദാഭേദം എന്നിങ്ങനെ.

വേദാന്തം

ഷഡ്ദർശനങ്ങളിൽ വേദാന്തത്തിനാണു പരമപ്രധാനം. ഒരേയൊരു സത്യം ബ്രഹ്മമാണെന്നും മറ്റെല്ലാം മിഥ്യയാണെന്നും വേദാന്തം ഉദ്‌ഘോഷിക്കുന്നു. ആത്മാവിനെ അറിയുവാൻ കഴിയുന്നവന് ബ്രഹ്മത്തെ അറിയുവാനും മോക്ഷം നേടുവാനും കഴിയും. ഛന്ദോദ്യോഗ ഉപനിഷത്തിലെ തത്ത്വമസി എന്ന സൂക്തം ഈ ആശയം വ്യക്തമാക്കുന്നു. ബ്രഹ്മവും ആത്മാവും അനശ്വരമാണെന്ന ആശയത്തിലൂടെ സ്ഥിരത,ദൃഡത,ശാശ്വതാവസ്ഥ എന്നീ ആശയങ്ങൾ പ്രചരിപ്പിക്കുക വഴി രാഷ്ട്രീയ-സാമൂഹിക വ്യവസ്ഥിതിക്ക് കോട്ടം തട്ടാതെ നിലനിർത്തുവാനുള്ള ഉപാധിയായി വേദാന്തസിദ്ധാന്തം. മുജ്ജന്മ പാപങ്ങളുടെ ഫലം അടുത്ത ജന്മങ്ങളിൽ അനുഭവിക്കേണ്ടി വരുമെന്ന് വേദാന്തം ശഠിക്കുന്നു. പുനർജന്മം വാസ്തവമാണെന്നും അതിനാലാണ് മനുഷ്യശക്തിക്ക് നിയന്ത്രിക്കാൻ കഴിയാത്ത തിക്തവും മധുരവുമായ ജീവിതാനുഭവങ്ങൾ ഉണ്ടാകുന്നത് എന്ന് വേദാന്തം നമ്മെ പഠിപ്പിക്കുന്നു.

അദ്വൈതം (ശ്രീശങ്കരാചാര്യർ)

അദ്വൈത വാദികൾ ബ്രഹ്മം എന്നൊരു അമൂർത്ത തത്ത്വം മാത്രമേ യാഥാർഥ്യമായി ഉള്ളൂവെന്നും പ്രാപഞ്ചിക വസ്തുക്കളെല്ലാം അയഥാർഥങ്ങളാണെന്നും ആത്മാവ് ബ്രഹ്മത്തിന്റെ ഒരു പ്രതിഭാസമാണെന്നും അഭിപ്രായപ്പെടുന്നു.

ദ്വൈതം (മാധവ)

പ്രപഞ്ചവസ്തുക്കളെയെല്ലാം സൃഷ്ടിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഈശ്വരനും സൃഷ്ടിക്കപ്പെടുന്ന ചരാചരങ്ങൾ ഉൾപ്പെട്ട പ്രപഞ്ചത്തിനും വെവ്വേറെ അസ്തിത്വമുണ്ടെന്ന ചിന്താഗതിയാണ് ദ്വൈതവാദം. ഈ ദർശനത്തിന്റെ ഉപജ്ഞാതാവ് വൈഷ്ണവനായ മധ്വാചാര്യർ ആയിരുന്നു. 13-ആം നൂറ്റാണ്ടിലാണ് ഈ സിദ്ധാന്തം സ്ഥാപിതമായത്. ബ്രഹ്മ സമ്പ്രദായത്തിന്റെ ഭാഗമാണിത്.

വിശിഷ്ഠാദ്വൈതം (രാമാനുജൻ)

വിശിഷ്ടാദ്വൈതം വേദാന്ത ദർശനത്തിലെ ഒരു വിഭാഗമാണു്. പരമാത്മാവും ജീവാത്മാവും തമ്മിൽ ഒരേസമയത്ത് വ്യത്യാസവും സാമ്യവും ഉണ്ടെന്ന് വാദിക്കുന്ന ഒരു തത്ത്വചിന്തയാണു് വിശിഷ്ടാദ്വൈതം.

ഈ തത്ത്വത്തെ വിശദീകരിക്കുവാൻ ഉപയോഗിക്കുന്ന രൂപകാലങ്കാരം സൂര്യന്റെയും അതിന്റെ കിരണങ്ങളുടെയുമാണു്. എങ്ങനെ സൂര്യരശ്മികൾ അർക്കബിംബത്തിൽ നിന്നും ചലിക്കുന്നുവോ അങ്ങനെതന്നെ ജീവനും പരമാത്മാവിൽനിന്നും പുറപ്പെടുന്നു; മാത്രമല്ല സൂര്യന്റെ ഭാഗമായ രശ്മികൾ എല്ലം വേറേ വേറേയാണ്. ഇങ്ങനെ ഒന്നിച്ചിരിക്കെ (അദ്വൈത) ത്തന്നെ വിശേഷത (സ്വന്തം വ്യത്യസ്തത) നില നിർത്തുന്നതു കൊണ്ടാണ് ഈ സിദ്ധാന്തം വിശിഷ്ടാദ്വൈതം എന്ന് അറിയപ്പെടുന്നത്.

ദ്വൈതാദ്വൈതം (നിംബാർക്കൻ)

ഒരേസമയത്ത് തന്നെ ദ്വൈതവും അദ്വൈതവും നിലനിൽക്കുന്നു എന്നായിരുന്നു അദ്ദേഹം വാദിച്ചിരുന്നത്. 'ചിത്' എന്ന ആത്മാക്കളും 'അചിത്' എന്ന പ്രപഞ്ചവും പിന്നെ ഈശ്വരനും എന്നതായിരുന്നു നിംബാർക്കാചാര്യരുടെ സങ്കൽപം. ഈശ്വരന്റെ നിലനിൽപ് സ്വതന്ത്രവും എന്നാൽ ആത്മാക്കളും, പ്രപഞ്ചവും, ഈശ്വരനുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നുവെന്ന് നിംബാർക്കാചാര്യർ ഉദ്‌ഘോഷിക്കുന്നു.

ശുദ്ധ അദ്വൈതം

മായ, ബ്രഹ്മ ഇവ രണ്ടും ചേരുമ്പോൾ പരബ്രഹ്മ എന്ന സങ്കൽപം. ഒന്ന് സൃഷ്ടിയും മറ്റൊന്ന് അതിന്റെ കാരണ ഭൂതവും ആകുന്നു തന്ത്ര ശാസ്ത്രം അവയെ ശിവനെന്നും ശക്തിയെന്നും പറയുന്നു.

അചിന്ത്യ ഭേദ് അഭേദ് (ചൈതന്യ)

'ചിത്' എന്ന ആത്മാക്കളും 'അചിത്' എന്ന പ്രപഞ്ചവും ബ്രഹ്മൻ വ്യത്യസ്തമായി നിയന്ത്രിക്കുന്നു.

നാസ്തിക ദർശനം

[തിരുത്തുക]

വേദങ്ങളെ പ്രമാണങ്ങളായി അംഗീകരിക്കാത്ത ദർശനങ്ങളാണ് നാസ്തിക ദർ‍ശനങ്ങൾ.[4] ബുദ്ധദർ‍ശനവും ജൈനദർശനവും ചർവാകദർശനവുമാണ് നാസ്തിക ദർശനങ്ങൾ.

ബൗദ്ധ ദർശനം

ബുദ്ധദർശനങ്ങൾ നിലകൊള്ളുന്നത് നാല് ശ്രേഷ്ഠസത്യങ്ങളിലൂടെയാണ് (ചത്വാരി ആര്യസത്യാനി). അവ,

ജീവിതം ദുഃഖപൂർണ്ണമാണ്

ദുഃഖങ്ങളുടെ ഉത്ഭവം ആഗ്രഹങ്ങളിൽ നിന്നാണ്.

ദുഃഖങ്ങൾ അവസാനിപ്പിക്കാൻ കഴിയും.

അഷ്ടാംഗമാർഗ്ഗങ്ങളിലുടെ ദുഃഖങ്ങളെ മറികടക്കാം.

എല്ലാ ദുഃഖങ്ങൾക്കും കാരണം മനുഷ്യന്റെ അനിയന്ത്രിതമായ വികരങ്ങളാണ്. അവൻ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് എന്നരീതിയിൽ ക്ലേശപൂർണ്ണമായ ജീവിതം നയിക്കുകയാണ്. എന്നാൽ ജീവിത്തതിന് മറ്റ് പല അർത്ഥങ്ങളുമുണ്ടെന്നത് മനുഷ്യൻ മറക്കുന്നു. മനുഷ്യജീവിതത്തിന്റെ അത്യന്തികമായ ലക്ഷ്യം നിർവാണമാണെന്ന് ബുദ്ധൻ പറയുന്നു.

ബൗദ്ധ ചിന്തയനുസരിച്ച്, ഒരാൾ മരിച്ചുകഴിഞ്ഞാൽ അയാൾ മനുഷ്യനോ, മൃഗമോ, ദൈവമോ ആയി അവതരിക്കും. അത് എങ്ങനെയായിരിക്കണം എന്ന് തീരുമാനിക്കേണ്ടത് അവനവന്റെ കർമ്മങ്ങളിലൂടെയാണ്. കർമ്മം എന്നാൽ അവനവൻ ചെയ്യുന്നതും, ചിന്തിക്കുന്നതുമായ കാര്യങ്ങളാണ്.

കുശല കർമ്മങ്ങൾ എന്നത് ഔനിത്യമുള്ള ജനനത്തിനും, അകുശല കർമ്മങ്ങൾ നീചമായ ജനനത്തിനും കാരണമാകുന്നു.

നിർവാണം

നിർവാണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ആത്മാവ് ബ്രഹ്മാവിനോട് ചേരുന്നു എന്ന ആശയമല്ല. മനസ്സ് ക്ലേശങ്ങളിൽനിന്നും വിമുക്തി നേടുന്ന അവസ്ഥയാണ് നിർവാണം. (ഇവിടെ ക്ലേശം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ആഗ്രഹ-വികാരങ്ങളെയാണ്). നിർവാണലബ്ദിക്കായി ഉടനീളമായ ഉപേക്ഷയാണ് ആവശ്യം. (ഇവിടെ ഉപേക്ഷ എന്നത് ആഗ്രഹങ്ങൾക്കുമേലിടുന്ന ബോധപൂർവ്വമായ വിലക്കുകളാണ്). ഇത്തരത്തിൽ നിർവാണത്തിലെത്തുന്ന ഒരാൾ ജ്ഞാനിയാകുന്നു. നിർവാണവും മരണവും അടുത്തുനിൽക്കുന്ന ചിന്തയാണ്. നിർവാണം നേടിയയാൾ പിന്നീട് പുനർജനിക്കുന്നില്ല. ഈ ജീവൻ-മരണ ചാക്രികതയിൽനിന്നും നിർവാണകൻ മുക്തി പ്രാപിക്കുന്നു. തൃഷ്ണണയാണ് ജന്മങ്ങൾ നീട്ടിക്കൊണ്ടു പോകുന്നത്. തൃഷ്ണയുടെ അഭാവമാണ് നിർവ്വാണം എന്നും പറയുന്നു.' നിർണ്ണാ ചവിയിൽ ജനന മരണങ്ങൾക്ക് സ്ഥാനമില്ല അവിടെ നിന്ന് ആരും അധപതിക്കുകയില്ല. അവിടെ വ്യക്തിത്വമില്ല. അറിയുകയോ കാണുകയോ ചെയ്യുന്ന അവസ്ഥയല്ല നിർവാണം.

നിർവാണം നേടാനുള്ള വഴിയാണ് 'മധ്യമിക പാത' എന്നറിയപ്പെടുന്നത്. മധ്യമിക പാതയിൽ ബൃഹത്തായ മൂന്നുകാര്യങ്ങൾ എട്ടായി പറഞ്ഞിരിക്കുന്നു.

സദാചാരപരമായവ

1. ശരിയായ സംസാരം

2. ശരിയായ പ്രവൃത്തി

3. ശരിയായ ഉപജീവനം

ഏകാഗ്രതപരമായത്

4. ശരിയായ പ്രയത്‌നം

5. ശരിയായ ശ്രദ്ധ

6. ശരിയായ ഏകാഗ്രത

വിവേകപരമായത്

7. ശരിയായ ചിന്ത

8. ശരിയായ അറിവ്

ജൈന ദർശനം

[തിരുത്തുക]

ജൈനദർശനമനുസരിച്ച് പ്രപഞ്ചത്തിലുള്ള വസ്തുക്കളെ ജീവമെന്നും അജീവമെന്നും രണ്ടായി തിരിക്കാം. ജീവമെന്നു പറയുന്നത് ആത്മാവിനെയാണു. പൂർണ്ണജ്ഞാനം കൊണ്ടേ ആത്മബോധം ഉണ്ടാവൂ. ജീവികളെ അവയ്ക്കുള്ള ഇന്ദ്രിയങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കി ഏകേന്ദ്രിയം, ദ്വിന്ദ്രിയം, ത്രീന്ദ്രിയം, ചതുരിന്ദ്രിയം, പഞ്ചേന്ദ്രിയം എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്. ജീവികളെ വിഭജനപ്രകാരം മുക്തന്മാരെന്നും സംസാരികളെന്നും തിരിച്ചിട്ടുണ്ട്. കർമ്മബന്ധം കൊണ്ടു പുനർജ്ജന്മചക്രത്തില്പെട്ടു കറങ്ങുന്നവരാണു സംസാരികൾ. സംസാരികൾക്കു പല അവാന്തരവിഭാഗങ്ങളുണ്ട്. ജീവന്റെ സംസാരബന്ധത്തെക്കുറിച്ചു വിവരിക്കുന്ന ജൈനമതത്തിലെ കർമ്മസിദ്ധാന്തമനുസരിച്ച് എട്ടുതരത്തിലുള്ള കർമ്മങ്ങൾ മനുഷ്യാത്മാവിനെ ആവരണം ചെയ്യും. ത്യാഗം, തപസ്സ് മുതലായവകൊണ്ടു കർമ്മത്തിന്റെ ആവരണം മാറി കൈവല്യപ്രദം പ്രാപിച്ചവരാണു മുക്തർ. ബുദ്ധമതക്കാർ ആര്യസത്യത്തെ വളരെ പ്രധാനമായി കണക്കാക്കുന്നതുപോലെ, ജൈനന്മാർ ആസ്രവവും സംവരവും മുമുക്ഷുവിന് അവശ്യാപേക്ഷകമായി കണക്കാക്കുന്നു. ക്രോധം, ലോഭം, അഭിമാനം മായ, അശുഭം, മുതലായ മാലിന്യങ്ങളാൽ ജീവൻ പുനർജ്ജന്മത്തിനു വിധേയമാകുന്നതിനെ ആസ്രവമെന്നും, മനോവാക്കായങ്ങളുടെ സംശുദ്ധികൊണ്ടും, സംയമംകൊണ്ടും, ആസ്രവത്തെ തടയുന്നതിനെ സംവരമെന്നും പറയുന്നു. " ജന്മഹേതു ആസ്രവമാണു; സംവരം മോക്ഷകാരണവും. ഇതാണു മഹാവീരന്റെ ഏറ്റവും രഹസ്യമായ ശിക്ഷണം. മറ്റുള്ളതെല്ലാം അതിന്റെ വിശദാംശങ്ങൾ മാത്രമാണു".

ചർവാക ദർശനം

[തിരുത്തുക]

(ലോകായത ദർശനം അഥവാ ചാർവാക ദർശനം)

ചാർവാക ദർശന സ്ഥാപകൻ ബൃഹസ്പതിയാണ്. 'ബൃഹസ്പതി സൂത്ര'മാണ് മൂലകൃതി. ഇത് ഇന്നുവരെ കണ്ടുകിട്ടിയിട്ടില്ലാത്തതിനാൽ, മറ്റു ദാർശനിക ഗ്രന്ഥങ്ങളിലുള്ള ബ്രഹസ്പതി സൂത്രത്തിൽ നിന്നുള്ള വരികൾ ഉദ്ധരിക്കുകയാണ് പതിവ്.

ചാർവാക ദർശന പ്രകാരം മൂലഘടകങ്ങൾ നാലാണ്  അഗ്‌നി, വായു, ജലം, പൃഥ്വി. ലോകത്തിലുള്ള എല്ലാം ഈ നാല് ഘടകങ്ങളാൽ നിർമിതമാണ്. മനുഷ്യശരീരത്തിൽ ഈ ഘടകങ്ങൾ പ്രത്യേക അനുപാതത്തിൽ കൂടിക്കലരുന്നതിനാൽ അതിൻ ഫലമായി ബോധം ഉണ്ടാകുന്നു. ബോധത്തിനു ശരീരബാഹ്യമായി നിലനിൽപ്പില്ല. പ്രത്യക്ഷം മാത്രമാണ് പ്രമാണം; അനുമാനത്തെ ചാർവാകർ തള്ളിക്കളയുന്നു.

ചാർവാകർ ആത്മാവിനെ നിഷേധിക്കുന്നില്ല. പകരം മറ്റു ദർശനങ്ങൾ വച്ചുപുലർത്തുന്ന ആത്മസങ്കല്പത്തിനു കടകവിരുദ്ധമായ ആത്മസങ്കല്പം പുലർത്തുന്നു. വിവിധ ചാർവാക വിഭാഗങ്ങൾ മനസ്സ്, ശരീരം, പ്രാണൻ, ഇന്ദ്രിയങ്ങൾ, എന്നിവയെ ആത്മാവായി പരിഗണിക്കുന്നു. ഇവിടെ ആത്മാവ് മാറ്റങ്ങൾക്കു വിധേയമാണ്. മരണത്തോടെ ആത്മാവും ഇല്ലാതാകുന്നു.

ചാർവാക ദർശനത്തിൽ മോക്ഷപ്രാപ്തി മരണത്തോടെ സംഭവിക്കുന്നു. മനുഷ്യനു ഒരു ജന്മമേയുള്ളൂ. മരണത്തിനപ്പുറം ജീവിതമോ പുനർജന്മമോ ഇല്ല. ലോകത്തിലെ എല്ലാ സംഭവങ്ങളും സന്ദർഭവശാൽ സംഭവിക്കുന്നതാണ്; മുൻ നിശ്ചയിച്ച പ്രകാരം നടക്കുന്നതല്ല. കർമ്മ സിദ്ധാന്തം തെറ്റാണ്. ദൈവം ഇല്ല. വേദങ്ങൾ യാതൊരു സത്യവും അടങ്ങിയിട്ടില്ലാത്ത അബദ്ധ പഞ്ചാംഗങ്ങൾ ആണ്... ചാർവാക ദർശന വീക്ഷണങ്ങൾ ഇപ്രകാരം നീളുന്നു. വേദങ്ങളുടെ പ്രമാണ്യം അംഗീകരിക്കാത്തതിനാൽ ചാർവാകരെ നാസ്തികർ എന്നു വിളിക്കുന്നുധ6പ. എന്നാൽ ഉപനിഷത്തിലെ ചില സൂക്തങ്ങൾ ചാർവാക സിദ്ധാന്തത്തെ സൂചിപ്പിക്കുന്നു എന്നു വാദമുണ്ട്.

ഭാരതീയ ദർശന ചരിത്രത്തിൽ ഒരിക്കലും നിർണായക ശക്തിയല്ലായിരുന്നെങ്കിലും, പ്രമുഖമായ എല്ലാ ദർശന ശാഖകളും അവരുടെ ഗ്രന്ഥങ്ങളിൽ ചാർവാക ദർശനത്തെ പറ്റി പരാമർശിക്കുകയും ചാർവാക സിദ്ധാന്തങ്ങളെ ഖണ്ഢിക്കുകയും ചെയ്യുന്നുണ്ട്. അതുവഴി, എണ്ണത്തിൽ കുറവെങ്കിലും, ചാർവാകർ എക്കാലത്തും ഭാരതത്തിൽ ഉണ്ടായിരുന്നെന്ന് കരുതാവുന്നതാണ്.

ഭൗതികവാദം എന്ന ഇന്നത്തെ ആധിനീക ദർശനങ്ങളുടെ ആദ്യരൂപമാണ് ലോകായതം. വൈദികമായ ദർശനങ്ങളേയും ആചാരാനുഷ്ഠാനങ്ങളേയും ലോകായതം ഖണ്ഡിക്കുന്നു. എന്നാൽ പല ദാർശനികരും ലോകയതത്തെ വിമർശിച്ചതുപോലെ അൽപം പോലും പരിഹാസ്യമല്ല അത്. എല്ലാ പദ്യങ്ങളിലും ജീവിക്കാനുള്ള തത്ത്വചിന്തകൾ ഒളിഞ്ഞു കിടക്കുന്നു. ഹെഗലിനും കാൾ മാക്‌സിനും വൈരുദ്ധ്യാതമക ഭൗതികവാദം വികസിപ്പിക്കാനുള്ള പ്രചോദനം ഒരു പക്ഷേ ലോകായതമായിരുന്നിരിക്കണം.

മറ്റു കൃതികളിൽ സൂചിപ്പിക്കുന്നതു പ്രകാരം ലോകായതത്തിന്റെ മുഖ്യ തത്ത്വങ്ങൾ താഴെപ്പറയുന്നവയാണ്:

മണ്ണ്, വെള്ളം, തീ, കാറ്റ് എന്നീ നാലെണ്ണമാണ് ഭൂതങ്ങൾ (കാരണങ്ങൾ)

ദേഹവും ബോധവും വസ്തുക്കളുമെല്ലാം ഈ മൂലകങ്ങളുടെ വ്യത്യസ്ത ചേരുവകൾ കൊണ്ടുണ്ടാവുന്നവയാണ്

ധാന്യാദികൾ പുളിപ്പിച്ച കിണുവിൽ നിന്ന് (യീസ്റ്റ്) മദ്യലഹരി എന്നതുപോലെ ദേഹത്തിൽ നിന്നുമാണ് ബോധം ഉണ്ടാകുന്നത്

ആത്മാവ് എന്നത് അറിയുന്ന ശരീരമല്ലാതെ മറ്റൊന്നുമല്ല

മനുഷ്യ ജന്മത്തിന്റെ പരമോദ്ദേശ്യം ആനന്ദം മാത്രം

മരണം മാത്രമാണ് മോക്ഷകാരകം

ലോകായതം ജീവിതത്തെ മാത്രം ആണ് ഉദ്ദേശിക്കുന്നത്. ജീവിതം മാത്രമാണ് നമുക്കുള്ളതെന്നും. പുനർജന്മം, നരകം, സ്വർഗ്ഗം, പ്രേതങ്ങൾ എന്നിങ്ങനെയുള്ള വിശ്വാസങ്ങൾ തെറ്റാണെന്നു, വൈദിക കർമ്മങ്ങൾ എല്ലാം തന്നെ പുരോഹിതന്മാരുടെ വയറ്റുപിഴപ്പിനുവേണ്ടി ഉണ്ടാക്കിയിട്ടുള്ളതാണെന്നും ലോകായതം പഠിപ്പിക്കുന്നു. ആകെ നമുക്ക് കിട്ടുന്ന ഒരു ജീവിതമാണെന്നും അത് പരമാവധി സുഖകരമാക്കി ജീവിക്കാനും അത് ഉപദേശിക്കുന്നു. സമാനമായ മറ്റു ദർശനങ്ങളുമായി താരതമ്യപ്പെടുത്തിയാൽ ഇത് വളരെ ശരിയാണ്.

ആജീവിക ദർശനം

ആജീവിക ദർശനം നാസ്തിക ദർശനമാണ്. വേദങ്ങളെ നിരാകരിച്ചിരുന്നുവെങ്കിലും ആത്മാവിന്റെ അസ്തിത്വം അവർ അംഗീകരിച്ചിരുന്നു. നിയതി (വിധി) എല്ലാം തീരുമാനിക്കുന്നു എന്നും ആകസ്മികമായി സംഭവിക്കുന്ന കാര്യങ്ങൾ മൂലമാണ് പ്രപഞ്ചം നിലനിന്നു പോകുന്നതുമെന്നും ആജീവകർ വിശ്വസിക്കുന്നു. നിർജീവ വസ്തുക്കൾക്കും ആത്മാവുണ്ടെന്നാണ് ആജീവകാരുടെ പക്ഷം.

മൗര്യ ചക്രവർത്തി ബിന്ദുസാരൻ ആജീവക സിദ്ധാന്തത്തിൽ വിശ്വസിച്ചിരുന്നതായാണ് സൂചനകൾ വെളിവാക്കുന്നത്. ബുദ്ധ സന്യാസിമാരുടെ രീതികളെ ആജീവകർ ആശയപരമായി എതിർത്തിരുന്നു. നാസ്തികനായ ബൗദ്ധർ എന്തിനാണ് ബുദ്ധന് ദൈവിക പരിവേഷം നൽകുന്നത് എന്ന ആജ്ജീവകാരുടെ ചോദ്യം ബുദ്ധ മത പ്രമാണിമാരെ അലട്ടുകയും അലോസരപ്പെടുത്തുകയും ചെയ്തു. ബൗദ്ധ വിശ്വാസിയായ ചക്രവർത്തി അശോകൻ തന്റെ സാമ്രാജ്യത്തിലുള്ള ആജീവകരെ മുഴുവൻ വധിക്കുകയും, അവശേഷിച്ച ചിലർ ദക്ഷിണേന്ത്യയിലേക്കു രക്ഷപെടുകയും ചെയ്തു. പതിനാലാം ശതകം വരെ ദക്ഷിണേന്ത്യയിൽ അപൂർവ്വമായെങ്കിലും ആജീവക സന്യാസിമാർ നിലനിന്നിരുന്നു എന്നതിന് തെളിവുകളുണ്ട്.

മകാലി ഗോശാലൻ എന്ന മഹർഷിയാണ് ആജീവകാരുടെ ആചാര്യനായി കരുതുന്നത്. ഗൗതമ ബുദ്ധന്റെ സമകാലികനായിരുന്നു അദ്ദേഹം. ആജീവിക ദർശനത്തിന്റെ പ്രമാണ ഗ്രന്ഥങ്ങൾ ഒന്നും മൂലരൂപത്തിൽ ലഭ്യമല്ല. ആജീവിക ആചാര്യന്മാരെയും സന്യാസിമാരെയും വധിച്ച കൂട്ടത്തിൽ ചക്രവർത്തി അശോകൻ അവരുടെ ഗ്രൻഥങ്ങളും കണ്ടുകെട്ടി നശിപ്പിച്ചതാകാം എന്ന ഒരനുമാനം നിലവിലുണ്ട്.

അവലംബം

[തിരുത്തുക]

https://t.me/civilservicemalayalamwriters ഓഷോ ബാബയുടെ ടെലഗ്രാം ചാനലിൽനിന്നും

  1. Apte, p. 497.
  2. Chatterjee and Datta, p.12.
  3. Chatterjee and Datta, p.12.
  4. 4.0 4.1 4.2 Chatterjee and Datta, p. 5.
  5. Flood, op. cit., p. 231–232.
  6. Michaels, p. 264.
"https://ml.wikipedia.org/w/index.php?title=ഭാരതീയ_തത്ത്വചിന്ത&oldid=3539360" എന്ന താളിൽനിന്ന് ശേഖരിച്ചത്