ചാൾസ് മൊണ്ടേഗ് ഡൗറ്റി

ഇംഗ്ലീഷ് കവിയും സഞ്ചാരസാഹിത്യകാരനുമായിരുന്നു ചാൾസ് മൊണ്ടേഗ് ഡൗറ്റി. സഫോക്കിൽ തെബേർട്ടൻ ഹാളിലെ റവ. സി.എം. ഡൗറ്റിയുടെ ഇളയ മകനായി 1843 ആഗസ്റ്റ് 19-ന് ജനിച്ചു. ലണ്ടൻ, കേംബ്രിജ് സർവ്വകലാശാല കളിലായിരുന്നു വിദ്യാഭ്യാസം. യൂറോപ്പിലും ലെവന്റിലും വ്യാപകമായി സഞ്ചരിച്ചിട്ടുണ്ട്.
ഡൗറ്റിയുടെ അറേബ്യൻ പര്യടനം
[തിരുത്തുക]1876-ൽ ഡമാസ്കസിൽ നിന്നായിരുന്നു ഡൗറ്റിയെ പ്രസിദ്ധനാക്കിയ അറേബ്യൻ പര്യടനത്തിന്റെ തുടക്കം. ഹജ്ജ് തീർഥാടകരോടൊപ്പം രണ്ടു വർഷത്തോളം ഖൈബർ, തൈമ, ഹെയിൽ, അനെയ്സ്, ബുറെയ്ദ തുടങ്ങിയ സ്ഥലങ്ങളിൽ സഞ്ചരിച്ച ഇദ്ദേഹം തന്റെ യാത്രാനുഭവങ്ങൾ വിവരിക്കുന്ന ട്രാവൽസ് ഇൻ അറേബ്യാ ഡെസെർട്ട് എന്ന ഗ്രന്ഥം 1888-ൽ പ്രസിദ്ധീകരിച്ചു. അക്കാലത്ത് വളരെയൊന്നും ജനശ്രദ്ധയാകർഷിച്ചില്ലെങ്കിലും പിൽക്കാലത്ത് സഞ്ചാരസാഹിത്യരംഗത്ത് ഇതിഹാസ തുല്യമായ സ്ഥാനം ഈ കൃതി നേടുകയുണ്ടായി. തന്റെ യാത്രാനുഭവങ്ങൾ വിവരിക്കുകയെന്നതിനേക്കാൾ ശുദ്ധ ഇംഗ്ളീഷ്' ഗദ്യത്തിന്റെ മാതൃക കാഴ്ചവയ്ക്കുകയെന്നതായിരുന്നു ഡൗറ്റിയുടെ ലക്ഷ്യം. ഇതിനുവേണ്ടി എലിസബീത്തൻ ശൈലി തന്നെ ഉപയോഗിച്ച ഇദ്ദേഹം ഇംഗ്ലീഷ് ഭാഷയിൽ വാക്യരചനയിലും പദപ്രയോഗത്തിലും പിൽക്കാലത്തുണ്ടായ സകല വ്യതിയാനങ്ങളെയും പാടേ തള്ളിക്കളയുകയാണുണ്ടായത്. ഡൗറ്റിയുടെ ഉദാത്ത ശൈലി വിഭ്രാമകമായി സാധാരണ വായനക്കാർക്ക് അനുഭവപ്പെടാമെങ്കിലും വിദൂരദേശത്തെ തന്റെ ഏകാന്ത സാഹസികതകളെക്കുറിച്ചുള്ള പ്രതീതി വായനക്കാരിൽ ജനിപ്പിക്കാൻ അത് സഹായകമായി.
കാവ്യോപാസകൻ
[തിരുത്തുക]ജീവിതത്തിന്റെ ശിഷ്ടകാലം കാവ്യോപാസനയ്ക്കു വേണ്ടി നീക്കിവയ്ക്കുകയാണ് ഡൗറ്റി ചെയ്തത്. ഇദ്ദേഹത്തിന്റെ കാവ്യ ശൈലി പൊതുവേ പരുഷമാണെങ്കിലും ഉദാത്തമായ കാവ്യഭാവനയിൽ നിന്നു ജന്മം കൊണ്ട നിരവധി ഖണ്ഡങ്ങൾ കവി പ്രതിഭയ്ക്കു നിദർശനമായി വിളങ്ങുന്നു. നിരവധി മഹാകാവ്യങ്ങളും കാവ്യനാടകങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്.
- ദ് ഡോൺ ഇൻ ബ്രിട്ടൻ (വാല്യം, 1906)
- ആഡം കാസ്റ്റ് ഫോർത്ത് (1908)
- ദ് ക്ലിഫ്സ് (1909)
- ദ് ക്ലൗഡ്സ് (1912)
- ദ് ടൈറ്റിൽസ് (1916)
- ദ് മാൻസോൾ (1920)
എന്നിവ ഇക്കൂട്ടത്തിൽ മികച്ചു നിൽക്കുന്നു. 1926 ജനുവരി 20-ന് കെന്റിലെ സിസിങ്ങ് ഹേഴ്സ്റ്റിൽ ഡൗറ്റി അന്തരിച്ചു.
അവലംബം
[തിരുത്തുക]- http://www.britannica.com/EBchecked/topic/170125/Charles-Montagu-Doughty
- http://www.answers.com/topic/charles-montagu-doughty
- http://www.goodreads.com/book/show/854740.Travels_in_Arabia_Deserta_
![]() | കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡൌറ്റി, ചാൾസ് മൊണ്ടേഗ് (1843 - 1926) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |