ചെന്നൈയുടെ ചരിത്രം
മദ്രാസ് എന്നറിയപ്പെട്ടിരുന്ന ചെന്നൈ, തമിഴ്‌നാട് സംസ്ഥാനത്തിന്റെ തലസ്ഥാനവും, ഇന്ത്യയിലെ നാലാമത്തെ വലിയ മഹാനഗരവുമാണ്. ബംഗാൾ ഉൾക്കടലിന്റെ കോറൊമാന്റൽ തീരത്തിലാണ് ചെന്നൈ സ്ഥിതി ചെയ്യുന്നത്. ഏകദേശം 7.60 ദശലക്ഷം ജനങ്ങൾ (2006 ലെ കണക്ക്) ഇവിടെ ജീവിക്കുന്നു. ലോകത്തിലെ തന്നെ 36ആമത് വലിയ മഹാനഗരമാണ് ചെന്നൈ.
പുരാതന കാലഘട്ടത്തിലെ ദക്ഷിണഭാരതം
[തിരുത്തുക]മദരാസപ്പട്ടണം എന്നറിയപ്പെട്ടിരുന്ന ചെന്നൈ, നെല്ലൂരിലെ പെണ്ണാറിനും കടലൂരിലെ പെണ്ണാറിനും നടുവിൽ സ്ഥിതി ചെയ്ത തൊണ്ടൈമണ്ഡലം എന്നും അറിയപ്പെട്ടിരുന്നു. തൊണ്ടൈമണ്ഡലത്തിന്റെ തലസ്ഥാനം കാഞ്ചീപുരം ആയിരുന്നു. രണ്ടാം നൂറ്റാണ്ടിലാണ് തൊണ്ടൈമാൻ ഇളം തിരയൻ എന്നാ ചോഴ രാജാവ് തൊണ്ടൈമണ്ഡലം ഭരിച്ചിരുന്നത്.കുറുമ്പന്മാർ എന്നാ തദ്ദേശവാസികളെ കീഴ്പ്പെടുത്തി തൊണ്ടൈമണ്ഡലത്തിന്റെ മേൽ ആധിപത്യം നേടിയത് തൊണ്ടൈമാൻ ഇളം തിരയൻ ആണെന്ന് വിശ്വസിക്കപ്പെടുന്നു. ചെന്നൈ എന്ന ആധുനിക നഗരം സ്ഥാപിക്കപ്പെടുന്നത് ബ്രിട്ടിഷുകാരുടെ ഭരണത്തിൻകീഴിലാണ്. അതിൽ തന്നെ സെന്റ് ജോർജ്ജ് കോട്ട വലിയ ഒരു പങ്ക് വഹിച്ചിട്ടുണ്ട്. കോട്ടയെ ചുറ്റിയാണ് നഗരം വളർന്നത് എന്നുതന്നെ പറയാം. നഗരസ്ഥാപനം യൂരോപ്യരാണ് നടത്തിയത് എങ്കിലും നഗരത്തിനു ചുറ്റുമുള്ള ഗ്രാമങ്ങൾ, എല്ലാം ആയിരത്തിലധികം വർഷത്തെ പഴക്കമുള്ളവയാണ്. അങ്ങനെയുള്ള ഗ്രാമങ്ങൾ ഇപ്പോൾ നഗരാതിർത്തിക്കുള്ളിൽ വന്നു എങ്കിലും ക്ഷേത്രങ്ങളെ ചുറ്റിയുള്ള ജീവിതം ഇന്നും നിലനിൽക്കുന്നു. തിരുവാന്മിയൂർ, തിരുവൊട്രിയൂർ, തിരുവള്ളിക്കേണി (ട്രിപ്ലിക്കേൻ), തിരുമയിലൈ (മയിലാപ്പൂർ), തിരുമുല്ലൈവായൽ, തിരുനിന്ട്രവൂർ എന്നിവ പ്രസിദ്ധങ്ങളായവ.. അതിൽ, തിരുവാന്മിയൂർ, തിരുവൊട്രിയൂർ, തിരുമയിലൈ എന്നിവ മൂവരുടെ തേവാരങ്ങളിൽ (അപ്പർ, സമ്പന്ദർ, നാവുക്കരസർ) പരാമർശിക്കപ്പെട്ടിട്ടുണ്ട്. തിരുവള്ളിക്കേണിയാകട്ടെ, "നാലായിര ദിവ്യ പ്രബന്ധങ്ങളിൽ" പരാമർശിക്കപ്പെട്ടിരിക്കുന്നു. മൈലാപ്പൂരിലെ കപാലീശ്വര ക്ഷേത്രം ഏഴാം നൂറ്റാണ്ടിൽ പല്ലവന്മാർ നിർമിച്ചതാണ്.
ഇളം തിരയനു ശേഷം ചോഴ രാജകുമാരനായ ഇളം കില്ലി തൊണ്ടൈമണ്ഡലം ഭരിച്ചു. ശതവാഹന രാജാവായ പുലുമയി രണ്ടാമൻ വടക്ക് നിന്നും നടത്തിയ ആക്രമണത്തിലാണ് ചോഴന്മാരുടെ പിൻവാങ്ങലിനു കാരണമായത്. ശതവാഹനന്മാർ, കാഞ്ചീപുരം മേഖലക്ക് സാമന്തന്മാരെ നിയമിച്ചു. ബപ്പസ്വാമി ആണ്ഇവിടത്തെ ആദ്യത്തെ പല്ലവ രാജാവ് എന്ന് ചരിത്രം. അദ്ദേഹം തന്നെ, ശതവാഹനരുടെ സാമന്തനായി മൂന്നാം നൂറ്റാണ്ടിൽ ഭരിചിരുന്നതാണ്. മൂന്നാം നൂറ്റാണ്ടിനു ശേഷം പല്ലവർ കാന്ചീപുരവും ചുറ്റുമുള്ള ഗ്രാമങ്ങളും അടക്കി, സ്വതന്ത്ര ഭരണം തുടങ്ങി. ചുരുങ്ങിയ കാലം കലഭ്രാന്മാരുടെ ഭരണത്തിൽ നിന്നതോഴിച്ചാൽ, മൂന്നാം നൂറ്റാണ്ടു മുതൽ ഒൻപതാം നൂറ്റാണ്ടു വരെ പല്ലവർ തന്നെ കാഞ്ചീപുരം ഭരിച്ചു. 879ൽ ആദിത്യ ഒന്നാമന്റെ ചോഴ സൈന്യം പല്ലവ സൈന്യത്തെ കീഴ്പെടുത്തി കാഞ്ചീപുരത്തിന് മേൽ അധികാരം സ്ഥാപിച്ചു. ജടവർമ്മ സുന്ദരപാണ്ട്യന്റെ കീഴിൽ പാണ്ട്യ സൈന്യം ശക്തി പ്രാപിക്കുകയും, 1264ൽ ചോഴരെ നിഷ്കാസിതരാക്കുകയും ചെയ്തു. പിന്നീട്, അരനൂറ്റാണ്ടു കാലം ബാഹ്മിനി രാജവംശവും ദില്ലിയിലെ അലാവുദ്ദീൻ ഖില്ജിയും ആക്രമിക്കുന്നത് വരെ പാണ്ട്യഭരണം നിലനിന്നു. 1361ൽ കുമാര കമ്പന എന്നാ വിജയനഗര സമ്രാട്ട് ബുക്കാ ഒന്നാമനെ കീഴ്പെടുത്തി തൊണ്ടൈമണ്ഡലത്തിന്റെ അധികാരം പിടിച്ചെടുത്തു.