ചെമ്പൻ കൊലുമ്പൻ
ഇടുക്കി ജില്ലയിലെ ഒരു ആദിവാസി മൂപ്പൻ ആയിരുന്നു ചെമ്പൻ കൊലുമ്പൻ എന്ന കരുവെള്ളയാൻ ചെമ്പൻ കൊലുമ്പൻ.
ജീവിതരേഖ
[തിരുത്തുക]ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് പഞ്ചായത്ത് കേന്ദ്രീകരിച്ച് ജീവിച്ചിരുന്ന ഊരാളി എന്ന ആദിവാസിവിഭാഗക്കാരുടെ മൂപ്പനായിരുന്നു ചെമ്പൻ കൊലുമ്പൻ. ഇപ്പോൾ ഇടുക്കി അണക്കെട്ട് സ്ഥിതി ചെയ്യുന്ന പ്രദേശത്തു നിന്നു ഏകദേശം 5 കിലോമീറ്റർ മാറിയുള്ള ചെമ്പച്ചേരിയിലെ (ചെമ്പകശ്ശേരി) നരിക്കാട് ആയിരുന്നു കൊലുമ്പന്റെ കുടി.[1]
1932 ൽ മലങ്കര റബ്ബർ എസ്റ്റേറ്റ് സൂപ്രണ്ടായിരുന്ന ഡബ്ല്യൂ. ജെ. ജോൺ ഇടുക്കി വനമേഖലകളിൽ നായാട്ട് നടത്തുമ്പോൾ സഹായിയായി കൂട്ടിയത് ആദിവാസി മൂപ്പനായ ചെമ്പൻ കൊലുമ്പനെയാണ്.[1] തുടർന്ന് അവരൊന്നിച്ചുള്ള യാത്രയ്ക്കിടയിൽ കൊലുമ്പൻ, കുറവൻ കുറത്തി മലയിടുക്കിലൂടെ കുതിച്ചൊഴുകുന്ന പെരിയാറിനെ അവർക്ക് കാണിച്ചുകൊടുത്തു.[2][1] മലകൾക്കിടയിലൂടെ കുതിച്ചൊഴുകിയിരുന്ന പെരിയാറിൽ അണകെട്ടിയാൽ വൈദ്യുതോല്‌പാദനത്തിനും ജലസേചനത്തിനും പ്രയോജനപ്പെടുമെന്ന് ജോൺ കണക്കുകൂട്ടി. പിന്നീട് അദ്ദേഹം എൻജിനിയറായ സഹോദരന്റെ സഹായത്തോടെ അണക്കെട്ടിന്റെ സാദ്ധ്യതകളെക്കുറിച്ച് പഠിച്ച് തിരുവിതാംകൂർ ഗവൺമെന്റിനു റിപ്പോർട്ടു സമർപ്പിച്ചു. ഇതിന്റെ തുടർച്ചയായാണ് നമ്മുടെ അഭിമാനമായ ഇടുക്കി പദ്ധതി പ്രാവർത്തികമായത്. ഇടുക്കി ജലവൈദ്യുത പദ്ധതി കമ്മിഷൻ ചെയ്യുന്നതിന് മുമ്പ് 1970 ജൂൺ 21 ന്, തന്റെ 112–ാം വയസ്സിൽ ചെമ്പൻ കൊലുമ്പൻ അന്തരിച്ചു.[3] ഇടുക്കി-ചെറുതോണി അണക്കെട്ടുകൾക്ക് അഭിമുഖമായി വെള്ളാപ്പാറയിലാണ് ചെമ്പൻ്റെ ശരീരം സംസ്‌കരിച്ചത്.[4]
അംഗീകാരങ്ങൾ
[തിരുത്തുക]കനേഡിയൻ സർക്കാർ ഡാം നിർമാണ ജോലികൾ ഏറ്റെടുത്തപ്പോൾ കൊലുമ്പൻ വിശിഷ്‌ടാഥിതി ആയിരുന്നു. ഇതു കൂടാതെ ഡാം നിർമ്മാണത്തിൻ്റെ ആദ്യ ഘട്ടത്തിലെ എല്ലാ പ്രധാന ചടങ്ങുകളിലും ചെമ്പൻ ആദരിക്കപ്പെട്ടിരുന്നു.[1] 1976 ൽ ഇടുക്കി ജലവൈദുത പദ്ധതി കമ്മീഷൻ ചെയ്തതിനോടനുബന്ധിച്ച ഡാമിനോട് ചേർന്ന് കൊലുമ്പന്റെ പ്രതിമ സ്ഥാപിച്ചിരുന്നു.[5] പിന്നീട് കൊലുമ്പന്റെ ഓർമയ്ക്കായി കേരള സർക്കാർ ഇടുക്കി ചെറുതോണി വെള്ളാപ്പാറയിലെ കൊലുമ്പൻ്റെ സമാധിയിൽ സ്മാരകം നിർമ്മിച്ചിച്ചു.[3][6] 2015 ൽ നിർമ്മാണം തുടങ്ങിയ സ്മാരകം 2020 ലാണ് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുന്നത്. 1976 ൽ കൊല്ലമ്പൻ്റെ പ്രതിമ നിർമ്മിച്ച ശിൽപി കുന്നുവിള മുരളി തന്നെയാണ് സമാധി സ്മാരകത്തിന്റെയും ശിൽപി.[5]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 "ആർച്ച് ഡാമെന്ന അദ്ഭുതം, കൊലുമ്പൻ എന്ന മഹാദ്‌ഭുതം; ഇതായിരുന്നു കൊലുമ്പൻ..." Retrieved 2022-08-18.
- ↑ "ഇടുക്കി ഡാമിന്റെ ചരിത്രം: കൊലുമ്പന്റെ ഓർമകളെ ഇങ്ങനെ സംരക്ഷിച്ചാൽ മതിയോ...?". Retrieved 2022-08-18.
- ↑ 3.0 3.1 "ആർച്ച് ഡാമെന്ന അദ്ഭുതം; കൊലുമ്പൻ വിടപറഞ്ഞിട്ട് 50 വർഷം; അണ മുറിയാതെ ഓർമകൾ". Retrieved 2022-08-18.
- ↑ Daily, Keralakaumudi. "അമ്പത് വർഷങ്ങൾക്കിപ്പുറം കൊലുമ്പന് സ്മാരകം". Retrieved 2022-08-18.
- ↑ 5.0 5.1 "kolombian Samadhi idukki ഉദ്ഘാടനത്തിനൊരുങ്ങി ഇടുക്കിയിലെ കൊലുമ്പൻ സമാധി സ്മാരകം". Retrieved 2022-08-18.
- ↑ ഡെസ്ക്, വെബ് (2020-10-31). "ഒടുവിൽ കൊലുമ്പന് സ്മാരകമായി | Madhyamam". Retrieved 2022-08-18.