ചെൽവക്കടുംകോ അഴിയാതൻ
ആട്ടുകൊട്ട് പാട്ടു ചേരലാതനു പുരുഷസന്താനം ഉണ്ടായിരുന്നില്ല; ചെങ്കുട്ടുവന്റെ ഏകപുത്രൻ സന്ന്യാസിയാവുകയും ചെയ്തു. അതിനാൽ ചേരരാജവംശത്തിലെ മൂത്ത പുരുഷപ്രജ ആണ്ടുവൻചേരലിന്റെ പുത്രനായ ചെൽവക്കടുങ്കോവാഴിയാതൻ രാജാവായി. ഇദ്ദേഹം മാതാവിൽനിന്ന് ഇരുമ്പൊറൈ എന്ന സ്ഥാനപ്പേർ സ്വീകരിച്ച്, പിതാവിൽനിന്നും ലഭിച്ച ചേരമാൻ എന്ന സ്ഥാനപ്പേരുമായി അതിനെ സംയോജിപ്പിച്ച് ചേരമാൻ ഇരുമ്പൊറൈ എന്ന പേരാക്കി മാറ്റി. ചേരമാൻ ഇരുമ്പൊറൈ ശാഖയിലെ ആദ്യത്തെ രാജാവായിരുന്നു ഇദ്ദേഹം. ഒരു വിഖ്യാതയോദ്ധാവായിരുന്ന ചേരമാൻ ഇരുമ്പൊറൈ ഏഴുമുടിപ്പതക്കം അണിഞ്ഞിരുന്നു. ആദ്യകാല ചേരരാജാക്കൻമാർ കീഴടക്കിയ ഏഴു മുഖ്യൻമാരുടെയുംമേൽ ആധിപത്യം തുടർന്നു. ചെൽവക്കടുങ്കോയും ഇദ്ദേഹത്തിന്റെ പിൻഗാമികളും കരുവൂർ തലസ്ഥാനമാക്കിയാണ് ഭരണം നടത്തിയത്. ഇദ്ദേഹം രാജാവായതിനെത്തുടർന്നു ചോളൻമാരും പാണ്ഡ്യൻമാരും ചേർന്ന് കരുവൂരിനെ ആക്രമിച്ചു. ചെൽവക്കടുങ്കോ ഈ യുദ്ധത്തിൽ ആക്രമണകാരികളെ തോല്പിക്കുകയും ചെയ്തു. ഒകന്തൂർ ഗ്രാമത്തിന്റെ ആദായം ഒരു വിഷ്ണുക്ഷേത്രത്തിന് ഇദ്ദേഹം വിട്ടുകൊടുത്തു. തൊണ്ടിയായിരുന്നു ഇദ്ദേഹത്തിന്റെ ആസ്ഥാനം.
ചെൽവക്കടുങ്കോയുടെ ആസ്ഥാനകവിയും ഉപദേഷ്ടാവും കപിലരായിരുന്നു. നൃത്തസംഗീതാദികലകളുടെ പരിപോഷകനായിരുന്നു ഈ രാജാവ്. പുകഴൂർ എന്ന സ്ഥലത്തുനിന്ന് അടുത്തകാലത്ത് കണ്ടുകിട്ടിയ ലിഖിതത്തിൽ പരാമർശിക്കപ്പെട്ട ആതൻചേരൽ ഇരുമ്പൊറൈ ചെൽവക്കടുങ്കോയായിരിക്കുമെന്നു ചരിത്രകാരൻമാർ ഊഹിക്കുന്നു.