Jump to content

ചേരാനല്ലൂർ കുഞ്ചുക്കർത്താവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മധ്യകേരളത്തിൽ ജീവിച്ചിരുന്ന ഒരു പ്രമുഖ മാന്ത്രികനായിരുന്നു ചേരാനല്ലൂർ കുഞ്ചുക്കർത്താവ്[1]. ഇദ്ദേഹം കൊച്ചി രാജാവിന്റെ സൈനികത്തലവനും ദേശവാഴിയുമായിരുന്നു[2]. എറണാകുളം കണയന്നൂർ, ചേരാനല്ലൂരാണ് ഇദ്ദേഹം വസിച്ചത്. ഇടപ്പിള്ളി തീവണ്ടി സ്റ്റേ‌ഷനിൽനിന്നു രണ്ടു നാഴിക വടക്കുമാറിയാണ് ഈ ഭവനം. ഇവരെ സാധാരണയായി പറഞ്ഞു വരുന്നത് 'ചേരാനല്ലൂർ കർത്താവ്' എന്നാണെങ്കിലും ഇവരുടെ കുടുംബത്തേക്കുള്ള സ്ഥാനപ്പേര് "കുന്നത്തു രാമക്കുമാരക്കൈമ്മൾ" എന്നാണ്. ഇദ്ദേഹത്തിന്റെ ജനനമരണങ്ങൾ ഏതേതാണ്ടുകളിലായിരുന്നു എന്ന് വ്യക്തതയില്ല. ഇദ്ദേഹം ഐതിഹ്യമാലയുടെ രചനയ്ക്ക് ഉദ്ദേശം ഇരുനൂറുവർഷം മുൻപായിരുന്നു ജീവിച്ചിരുന്നതെന്ന് കൊട്ടാരത്തിൽ ശങ്കുണ്ണി പ്രസ്താവിക്കുന്നുണ്ട്[1]. പരമാര ഭഗവതിക്ഷേത്രം ഇദ്ദേഹത്തിന്റെയും ബന്ധുക്കളുടെയും കുടുംബക്ഷേത്രമായിരുന്നുവത്രേ[3].

ഐതിഹ്യമാലയിലെ വിവരണം

[തിരുത്തുക]

കുഞ്ചുക്കർത്താവു ചെറുപ്പത്തിൽതന്നെ സ്വദേശം വിട്ടുപോയി. ഏതാനുംകാലം പരദേശങ്ങളിൽ സഞ്ചരിക്കുകയും താമസിക്കുകയും ചെയ്തിരുന്നു. ആ ദിക്കുക്കളിൽനിന്ന് അദ്ദേഹം മന്ത്രവാദം, വൈദ്യം, പാട്ട്, വീണവായന, ഇന്ദ്രജാലം മുതലായ പല വിദ്യകളിൽ അനിതരസാധാരണമായ പാണ്ഡിത്യം സമ്പാദിച്ചുകൊണ്ടാണ് സ്വദേശത്തു തിരിച്ചെത്തിയത്. സ്വദേശത്തു വന്നതിന്റെ ശേ‌ഷവും അദ്ദേഹം ഉപയോഗിച്ചിരുന്ന വേ‌ഷഭൂ‌ഷാദികളെല്ലാം പരദേശീയംതന്നെയായിരുന്നു. കുഞ്ചുക്കർത്താവിനു പല വിദ്യകൾ അറിയാമായിരുന്നുവെങ്കിലും അദ്ദേഹം അധികമായി പ്രയോഗിച്ചിരുന്നത് ഇന്ദ്രജാലമാണ്. അതിനാൽ ആ വി‌ഷയത്തിലാണ് അദ്ദേഹം പ്രശസ്തനായത്.

വിശ്വസനീയത

[തിരുത്തുക]

ഇദ്ദേഹം നൂലിൽ പിടിച്ച് സ്വർഗ്ഗത്തേയ്ക്ക് കയറിപ്പോകുമായിരുന്നുവെന്നും കുതിരപ്പുറത്ത് വെള്ളത്തിലൂടെ സഞ്ചരിച്ചിരുന്നുവെന്നും മറ്റുമുള്ള വിശ്വാസ്യത കുറവുള്ള പരാമർശങ്ങൾ ഐതിഹ്യമാലയിലുണ്ട്.

അവലംബം

[തിരുത്തുക]
  1. 1.0 1.1 ഐതിഹ്യമാല - ചേരാനല്ലൂർ കുഞ്ചുക്കർത്താവ്
  2. "ഇടപ്പള്ളി ബ്ലോക്കിന്റെ ചരിത്രം". Archived from the original on 2014-09-30. Retrieved 2013-01-17.
  3. എൻചാന്റിംഗ് കേരള Archived 2012-09-03 at the Wayback Machine. പരമാര ഭഗവതി ക്ഷേത്രം

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ഐതിഹ്യമാല/ചേരാനല്ലൂർ കുഞ്ചുക്കർത്താവ് എന്ന താളിലുണ്ട്.