ചൈനീസ് സിൻഡ്രല്ല
കർത്താവ് | Adeline Yen Mah |
---|---|
രാജ്യം | United States |
ഭാഷ | English, Chinese and Bangla |
പരമ്പര | Falling Leaves |
സാഹിത്യവിഭാഗം | Autobiographical novel |
പ്രസാധകർ | Delacorte Press |
പ്രസിദ്ധീകരിച്ച തിയതി | September 7, 1999 |
മാധ്യമം | Print (hardback, paperback) |
ഏടുകൾ | 224 |
ISBN | depending on the book |
മുമ്പത്തെ പുസ്തകം | Falling Leaves |
ശേഷമുള്ള പുസ്തകം | Chinese Cinderella and the Secret Dragon Society |
ചൈനീസ് സാഹിത്യകാരിയായ അഡ്ലിൻ യെന്മയുടെ(Adeline Yen Mah ലഘൂകരിച്ച ചൈനീസ്: 马严君玲; പരമ്പരാഗത ചൈനീസ്: 馬嚴君玲; പിൻയിൻ: Mǎ Yán Jūnlíng) ആത്മകഥാപരമായ നോവലാണു ചൈനയിലെ സിൻഡ്രല്ല. അഡ്ലിനു തന്റെ ബാല്യത്തിലും കൗമാരത്തിലും നേരിടേണ്ടിവന്ന തിക്താനുഭവങ്ങളുടെ തുറന്നെഴുത്താണു ഈ കൃതി. ഒരു കൊച്ചുപെൺകുട്ടി നേരിടേണ്ടിവന്ന അവിശ്വസനീയമായ മാനസിക സംഘർഷങ്ങൾ അതേ തീവ്രതയോടെ അനാവരണം ചെയ്യുവാൻ അഡ്ലിനു സാധിച്ചിരിക്കുന്നു. "ഫാളിങ് ലീവ്സ്" എന്ന ശീർഷകത്തിൽ യെന്മ തയ്യാറാക്കിയ ആത്മകഥയുടെ പരിഷ്കൃത രൂപമായ ഈ രചന 1999 ആണു ചൈനീസ് ഭാഷയിൽ വെളിച്ചം ഈ പുസ്തകം മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് വി.വി.കനകലത ആണ്. ആർക്കും വേണ്ടാത്ത ഒരു മകളുടെ രഹസ്യ കഥയാണിത് .ആർക്കും വേണ്ടാത്ത എല്ലാ കുട്ടികൾക്കുമായി അഡ്ലിൻ ഈ പുസ്തകം സമർപ്പിക്കുന്നു.
ജനിച്ചു അധികം വൈകാതെ അമ്മയെ നഷ്ടപ്പെട്ട നിർഭാഗ്യവതി ആയിരുന്നു അഡ്ലിൻ. സ്വന്തം വീട്ടിൽ രണ്ടാനമ്മ നിയാങ്ങിന്റെയും സ്വന്തം സഹോദരങ്ങളുടെയും പീഡനങ്ങളും പരിഹാസങ്ങളും അവഗണനയുമൊക്കെ കൊച്ചു കുട്ടിയായിരിക്കുമ്പോൾ തന്നെ അവൾക്കു സഹിക്കേണ്ടി വരുന്നു . അച്ഛന്റെ സഹോദരിയായ ബാബാ അമ്മായിയും അപ്പൂപ്പനായ യേയെയും ആയിരുന്നു അവളെ സ്നേഹിക്കുകയും ശാസിക്കുകയും ചെയ്തിരുന്നത്. അവരുടെ പ്രോത്സാഹനവും പരിഗണനയും ഒക്കെയായിരുന്നു അഡ്ലിനു സമാധാനം നല്കിയിരുന്നത്.ചൈനയിലെ പല സ്കൂളുകളിലും അവൾക്കു മാറി മാറി പഠിക്കേണ്ടിവരുന്നു. അവളെ ബാബാ അമ്മായിയിൽ നിന്നും അകറ്റാനായി ടിയാൻ ജെനിലെ ഒരു അനാഥാലയത്തിൽ ചേർത്തു പഠിപ്പിക്കുന്നു. ചൈനയിലെ ആഭ്യന്തര യുദ്ധത്തിന്റെ കാലമായിരുന്നു അത്. കമ്മ്യൂണിസ്റ്റകാരുടെ ആക്രമണം ഭയന്ന് കടുത്ത ഏകാന്തതയിൽ അവൾക്കു അവിടെ കഴിയേണ്ടി വരുന്നു.
ഒരു അകന്ന ബന്ധുവായ റെയ്ൻ അമ്മായി അഡ്ലിനെ ഹോങ്കോങ്ങിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു . അവിടെയും ഒരു ബോർഡിംഗ് സ്കൂളിൽ അവൾക്കു താമസിക്കേണ്ടിവരുന്നു.സാഹിത്യത്തിൽ വളരെയധികം താല്പര്യം ഉണ്ടായിരുന്ന അവൾ അഖിലലോക നാടകരചന മത്സരത്തിൽ പങ്കെടുക്കാൻ തീരുമാനിക്കുന്നു.അവൾ എഴുതിയ നാടകം അവളുടെ അപ്പൂപ്പന് സമർപ്പിച്ചു. അധികം വൈകാതെ അപ്പൂപ്പൻ യേയെ മരിക്കുന്നു. അതോടെ അവൾ തീർത്തും ഒറ്റപ്പെടുന്നു. രണ്ടാനമ്മ നിയാങ്ങ് അവളോട് ഇനി മുതൽ സ്വയം സമ്പാദിച്ചു ജീവിക്കണം എന്ന് പറയുന്നു. കേവലം പതിമൂന്നു വയസുകാരിയായ ഒരു പെൺകുട്ടിയുടെ ജീവിതം അവിടെ വഴിമുട്ടി പോകുകയാണ്. എന്നാൽ നാടകരചന മത്സരത്തിൽ അവൾ ഒന്നാമത് എത്തുകയും അതിൽ അവളുടെ അച്ഛൻ അഭിമാനം കൊള്ളുകയും അവളെ ഇംഗ്ലണ്ടിൽ അയച്ചു മെഡിസിൻ പഠിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്യുന്നു.കാലങ്ങൾക്ക് ശേഷം അവൾക്കു ബാബാ അമ്മായിയുടെ ഒരു കത്ത് ലഭിക്കുന്നു . അതിൽ അമ്മായി അവളെ അഭിനന്ദിക്കുകയും ഒപ്പം" ചൈനീസ് സിൻഡ്രല്ല " നാടോടി കഥയിലെ 'യേസിയാൻ ' നോട് ഉപമിക്കുകയും ചെയ്യുന്നു. നോവലിന്റെ സാരാംശം ആണിത്.
ഈ പുസ്തകം മനസ്സിനെ വല്ലാതെ സ്പർശിക്കുന്ന തരത്തിലാണ് രചിച്ചിരിക്കുന്നത് .അഡ്ലിന്റെ സ്നേഹിക്കപ്പെടാനുള്ള ത്വരയും അഭിമാനബോധവും സത്യസന്ധതയും ഒക്കെ വളരെ ഭംഗിയായി ഓരോരോ സംഭവങ്ങളിലൂടെ വർണിച്ചിരിക്കുന്നു. പീഡിപ്പിക്കപ്പെടുന്ന ഒരു കുട്ടിയുടെ ഭയം നിറഞ്ഞ മനസ് ഇതിലൂടെ തുറന്നു കാണിക്കുന്നുണ്ട്. ദുഖകരമായ അവസ്ഥയിലും പ്രകാശം ചൊരിയുന്ന ഒരു ഭാവിക്കായി ചിന്തിക്കുവാൻ അഡ്ലിനു സാധിക്കുന്നു. അറിവിനായുള്ള ദാഹവും അറിവിന്റെ കരുത്തുമാണ് അവളുടെ വിധി മാറ്റിമറിക്കുന്നത് . തന്നോട് സഹതാപം ജനിപ്പിക്കുന്ന തരത്തിൽ അഡ്ലിൻ ഒന്നും ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നില്ല എന്നതും ഒരു പ്രത്യേകതയാണ്.
അഡ്ലിന്റെ സ്വാനുഭവങ്ങളുടെ തനിമയാർന്ന അവതരണം ഈ പുസ്തകത്തിന്റെ മുഖമുദ്രയാവുന്നു . അധിക്ഷേപ്പിക്കപ്പെടുന്ന , അവഗണിക്കപ്പെടുന്ന കുട്ടികൾ എവിടെയോക്കെയുണ്ടോ അവിടെയൊക്കെ ഈ ആഖ്യാനം ആശ്വാസത്തിന്റെയും ആത്മവിശ്വാസത്തിന്റെയും തിരികൊളുത്തും . അവരെ സഹനത്തിന്റെയും കർമത്തിന്റെയും അറിവിന്റെയും പാതയിലൂടെ മുന്നോട്ട് നയിക്കും.