Jump to content

ജബൽ അൽ-ഗാര ഗുഹകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗുഹാമുഖത്തേക്കുള്ള വഴി
ഗുഹയിലേക്കൂള്ള പാത

ജബൽ അൽ-ഗാര എന്ന അറബി വാക്കിനർത്ഥം അൽ-ഗാര ഗ്രാമത്തിലെ കുന്ന് എന്നാണ്. സൗദി അറേബ്യയുടെ കിഴക്കൻ പ്രവശ്യയിൽ ജബൽ അൽ-ഗാര കുന്നു് സ്ഥിതി ചെയ്യുന്നു. ഏറ്റവും അടുത്ത പട്ടണമായ ഹുഫൂഫിൽ നിന്നും ഏകദേശം 13 കി.മീ ദൂരമുണ്ട് ജബൽ അൽ-ഗാരയിലേക്ക്. അൽ ഹസ തൊട്ടടുത്തുതന്നെയുള്ള മറ്റൊരു പട്ടണമാണ്. കിഴക്കൻ പ്രവശ്യയുടെ ആസ്ഥാനമായ ദമാമിന്റെ തെക്ക്-പടിഞ്ഞാറ് 130 കി.മി മാറിയാണ് ജബൽ അൽ ഹാര സ്ഥിതി ചെയ്യുന്നത്.

സൗദി അറേബ്യയിൽ, അൽ-ഹസ അടങ്ങിയ ഭാഗമാണ് ഏറ്റവും അധികം വെള്ളം കണ്ടുവരുന്ന ഭൂവിഭാഗം. അതിനാൽ തന്നെ അവിടെ ധാരാളം കൃഷി നടക്കുന്നുണ്ട്.

സവിശേഷതകൾ

[തിരുത്തുക]

ജബൽ അൽ ഹാര ഗുഹകൾ ചുണ്ണാമ്പുകല്ല് (limestone) ഗുഹകൾ എന്ന ഗണത്തിലാണ് ഉൾപെടുത്തിയിരിക്കുന്നത്. [1]

ധാരാളം ക്ലേ മിനറലുകളും കാൽ‌ഷ്യം കാർബണേറ്റും അടങ്ങിയ സാന്റ്‌സ്റ്റോൺ ഉള്ള ഭാഗമാണ് പൊതുവെ സൗദി അറേബ്യ അടങ്ങിയ അറേബ്യൻ മരുഭൂമി. അഞ്ഞൂറ് മില്യൺ കൊല്ലങ്ങൾക്ക് മുൻപ് ഇവിടമെല്ലാം സമുദ്രമായിരുന്നുവെന്ന് കരുതപ്പെടുന്നു. ജബൽ അൽ ഗാരയിലെ സാന്റ്‌സ്റ്റോണുകൾ അടങ്ങിയ കുന്നിൽ കാറ്റിനാൽ രൂപപ്പെടുത്തിയ ഗുഹകളാണ് ഇവിടുത്തെ പ്രത്യേകത. അറേബ്യയിലെ ഗുഹകൾ അധികവും ചുണ്ണാമ്പുകല്ല് ഭൂഗർഭജലം തട്ടി അലിഞ്ഞ് രൂപപ്പെട്ടതാണേങ്കിൽ ഇവിടെ കാണുന്നത് ഭൌമോപരിതലത്തിൽ കാറ്റിനാൽ ചുണ്ണാമ്പുകല്ലിൽ രൂപപ്പെടുത്തിയ ഗുഹകളാണ്. ഈ ഗുഹകളാകട്ടെ സങ്കീർണ്ണവും അതിവിശാലവും നീണ്ടുകിടക്കുന്നതുമാണ്.

സമുദ്രനിരപ്പിൽ നിന്നും ഏകദേശം 224 മീറ്റർ ഉയരമുള്ളതും പരന്ന മുകൾഭാഗമുള്ളതുമായ ഒരു കുന്നാണ് ജബൽ അൽ ഗാര. ഇതിന്റെ കിഴക്കുഭാഗത്തായാണ് ഗുഹകളുടെ പ്രധാനകവാടം. ആകമൊത്തം 28ഓളം ഇടനാഴികൾ പോലെ വീതിയുള്ള ഭാഗങ്ങളുള്ളതും 1.5 കി.മീറ്ററോളം നീളമുള്ളതുമാണ് ഈ ഗുഹകൾ. മറ്റുള്ള ഗുഹകളെ അപേക്ഷിച്ച് ഈ ഗുഹാന്തർഭാഗം വൃത്തിയുള്ളതും തണുപ്പുള്ളതും ആണ്. അതേ സമയം ഗുഹയുടെ വശങ്ങളിൽ നിന്ന് ഇടിഞ്ഞുവീണ മണ്ണുകൾ വളരെ നേർത്തതായതിനാൽ ഗുഹയ്ക്കകത്ത് പൊടിയുടെ സാന്നിധ്യം കൂടുതലാണ്.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ജബൽ_അൽ-ഗാര_ഗുഹകൾ&oldid=2581349" എന്ന താളിൽനിന്ന് ശേഖരിച്ചത്