Jump to content

ജിന്നാ ഹൗസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജിന്നാ ഹൗസ്
Map
അടിസ്ഥാന വിവരങ്ങൾ
തരംബംഗ്ലാവ്
വാസ്തുശൈലിയൂറോപ്യൻ ശൈലി
സ്ഥാനംമുംബൈ, മഹാരാഷ്ട്ര
ഇന്ത്യ
വിലാസം2, ബാഹുസാഹിബ് മാർഗ്ഗ്,
മലബാർ ഹിൽ, മുംബൈ
നിർദ്ദേശാങ്കം18°57′12″N 72°48′05″E / 18.9532°N 72.8014°E / 18.9532; 72.8014
നിർമ്മാണം ആരംഭിച്ച ദിവസം1936
ഉടമസ്ഥതഭാരത സർക്കാർ
രൂപകൽപ്പനയും നിർമ്മാണവും
വാസ്തുശില്പിക്ലോഡ് ബാറ്റ്‌ലി

മുംബൈയിലെ മലബാർ ഹില്ലിലുള്ള ചരിത്രപ്രാധാന്യമുള്ള ഒരു വസതിയാണ് ജിന്ന ഹൗസ് [1].

ചരിത്രം

[തിരുത്തുക]

അവിഭക്ത ഇന്ത്യയിലെ മുസ്ലിം ലീഗിന്റെ നേതൃത്വം ഏറ്റെടുക്കാൻ ലണ്ടനിൽനിന്നെത്തിയ മൊഹമ്മദലി ജിന്ന 1936-ലാണ് ഈ വീട് പണികഴിപ്പിച്ചത്. രണ്ടര ഏക്കർ വസ്തുവാണ് ജിന്ന ഹൗസിനുള്ളത്. ബ്രിട്ടീഷ് വാസ്തുശില്പി ക്ലോഡ് ബാറ്റ്‌ലി രൂപകല്പന ചെയ്ത് യൂറോപ്യൻ ശൈലിയിൽ നിർമിച്ച കെട്ടിടത്തിന് [2] അന്നത്തെക്കാലത്ത് രണ്ടുലക്ഷം രൂപ ചെലവായി. ഇറക്കുമതി ചെയ്ത ഇറ്റാലിയൻ മാർബിളും വാൽനട്ട് മരവുമെല്ലാം ഉപയോഗിച്ചു പണിത ജിന്നാ ഹൗസിന് 1,500 ചതുരശ്ര യാഡ് വിസ്താരമുണ്ട്. 1947-ൽ വിഭജനത്തിനു ശേഷം കറാച്ചിയിലേക്ക് പോകുംവരെ ജിന്ന താമസിച്ചിരുന്നത് ഇവിടെയാണ് [3]. 1944 സപ്തംബറിൽ മഹാത്മാഗാന്ധിയുമായും 1946 ആഗസ്ത് 15 ന് ജവഹർലാൽ നെഹ്റുവുമായും ചർച്ച നടത്തുന്നതിന് ജിന്ന ഹൗസ് വേദിയായിട്ടുണ്ട്[4], [5]

1944 ലെ ഗാന്ധി-ജിന്ന കൂടിക്കാഴ്ച

ഉടമസ്ഥത

[തിരുത്തുക]

ഈ വീട് വിഭജനസമയത്ത് ഇന്ത്യയിൽ ഉപേക്ഷിച്ചുപോവുകയായിരുന്നു ജിന്ന. ഭാരത സർക്കാരിന്റെ കീഴിലുള്ള ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിന്റെ മേൽനോട്ടത്തിലാണ് ഇപ്പോൾ ജിന്നാ ഹൗസ് [6]. തനിക്ക് ഏറെ പ്രിയപ്പെട്ട ഈ വീട് ഏതെങ്കിലും യൂറോപ്യൻ രാജ്യത്തിന്റെ കോൺസുലേറ്റാക്കണമെന്ന് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്രുവിനോട് ജിന്ന അഭ്യർഥിച്ചിരുന്നു. ഇത് അംഗീകരിച്ച നെഹ്രു ജിന്നയ്ക്ക് വീടിന്റെ വാടക കൊടുക്കാനും തീരുമാനിച്ചു. എന്നാൽ, അതു സംബന്ധിച്ച കരാറുണ്ടാക്കുംമുമ്പ് ജിന്ന മരിച്ചു. 1948 മുതൽ 1983 വരെ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണറുടെ വസതിയായാണ് ഇത് ഉപയോഗിച്ചത്. വിഭജനത്തിനു ശേഷം പാകിസ്താനിലേക്കു പോയവർ ഇവിടെ ഉപേക്ഷിച്ച സ്വത്തുവകകളിൽ അവരുടെ പിൻഗാമികൾക്ക് അവകാശമുണ്ടാവില്ലെന്നു വ്യക്തമാക്കുന്ന ' 'ശത്രുരാജ്യസ്വത്ത് 'നിയമം ഇന്ത്യ പാസാക്കി. എങ്കിലും ജിന്നയോടുള്ള സൗമനസ്യത്തിന്റെ സൂചനയായി ജിന്നാ ഹൗസിനെ അതിൽനിന്നൊഴിവാക്കാൻ നെഹ്രു നിർദ്ദേശിച്ചു. ഈ കെട്ടിടം പാകിസ്താന് വിട്ടുകൊടുക്കാമെന്ന് 1955-ൽ നെഹ്രു അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, പ്രധാനമന്ത്രിയുടെ നിർദ്ദേശം മന്ത്രിസഭ അംഗീകരിച്ചില്ല. മുംബൈയിലെ ജിന്ന ഹൗസിന്റെ ഉടമസ്ഥാവകാശം നൽകണമെന്നു പാകിസ്താൻ പലതവണ ആവശ്യപ്പെട്ടിട്ടുണ്ട്. വിഭജനത്തിന്റെ ചിഹ്നമാണ് ജിന്നാ ഹൗസ് എന്നും അത് പൊളിച്ചുമാറ്റി അവിടെയൊരു സാംസ്‌കാരികകേന്ദ്രം പണിയണമെന്നും വാദിക്കുന്നവരുമുണ്ട്[7]. അവിവാഹിതയായ സഹോദരി ഫാത്തിമയ്ക്കാണ് ജിന്ന ഇത് എഴുതി വച്ചത്. വിഭജനത്തോടെ പാകിസ്താനിലേക്കു പോയ ഇവർ, ഉടമസ്ഥതയ്ക്കായി 1962ൽ ബോംബെ ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും അനുവദിച്ചില്ല. ഇന്ത്യക്കാരനെ വിവാഹം കഴിച്ച് ഇന്ത്യയിൽ സ്ഥിരതാമസമാക്കിയ മകൾ ദിന വാഡിയ ഇതിനായി വാദിച്ചെങ്കിലും കാര്യമുണ്ടായില്ല. രണ്ടു തലമുറ മുൻപ് ജിന്നാ കുടുംബം ഹിന്ദുക്കളായിരുന്നുവെന്നും ഹിന്ദു പിന്തുടർച്ചാവകാശ നിയമപ്രകാരം സ്വത്തിന് അവകാശമുണ്ടെന്നുമായിരുന്നു ഇവരുടെ വാദം [8]

അവലംബം

[തിരുത്തുക]
  1. [1]|malayalam.oneindia.com
  2. [2]|milligazette.com/Archives
  3. [3] Archived 2017-04-13 at the Wayback Machine.|mathrubhumi.com
  4. [4]|historypak.com
  5. [5]|indiatoday
  6. [6]|Rediff.com
  7. [7]|ഇന്ത്യാടുഡേ
  8. [8] Archived 2017-03-31 at the Wayback Machine.|Janmabhumi Daily
"https://ml.wikipedia.org/w/index.php?title=ജിന്നാ_ഹൗസ്&oldid=3804414" എന്ന താളിൽനിന്ന് ശേഖരിച്ചത്