ജി. ജനാർദ്ദനക്കുറുപ്പ്
ജി. ജനാർദ്ദനക്കുറുപ്പ് | |
---|---|
വ്യക്തിഗത വിവരങ്ങൾ | |
ജനനം | കല്ലുവാതുക്കൽ, കൊല്ലം, കേരളം | ജൂൺ 8, 1920
മരണം | 2011 മാർച്ച് 25 കൊച്ചി, കേരളം, |
ദേശീയത | ഇന്ത്യ |
രാഷ്ട്രീയ കക്ഷി | കമ്യൂണിസ്റ്റ് |
പങ്കാളി | ശ്രീദേവിയമ്മ |
വസതി | കൊച്ചി |
മുൻ കമ്യൂണിസ്റ്റ് നേതാവും കെ.പി.എ.സിയുടെ സ്ഥാപക നേതാക്കളിലൊരാളുമാണ് അഡ്വ.ജി. ജനാർദ്ദനക്കുറുപ്പ്[1]. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലും കലാ-സാഹിത്യ മേഖലകളിലും ഇദ്ദേഹം സജീവമായിരുന്നു. സ്വാതന്ത്ര്യ സമരസേനാനി, അഭിഭാഷകൻ, കലാകാരൻ എന്നിങ്ങനെ വിവിധ തലങ്ങളിൽ ഇദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
ജീവിതരേഖ
[തിരുത്തുക]1920 ജൂൺ 8 ന് കൊല്ലം ജില്ലയിൽ കല്ലുവാതുക്കൽ കരിമ്പാലൂർ കളരി അഴികത്ത് കൊച്ചുണ്ണിത്താന്റെയും ആറാട്ടുവീട്ടിൽ അപ്പിയമ്മയുടെയും മകനായി ജനിച്ചു. ചാത്തന്നൂർ, പരവൂർ സ്‌കൂളുകൾ, തിരുവനന്തപുരം ഗവ. ആർട്‌സ് കോളേജ്, യൂണിവേഴ്‌സിറ്റി കോളേജ്, മധുര അമേരിക്കൻ കോളേജ് എന്നിവിടങ്ങളിലായിരുന്നു ജനാർദ്ദനക്കുറുപ്പ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 1951-ൽ എറണാകുളം ലോ കോളെജിൽ നിന്നും നിയമ ബിരുദം നേടിയ ഇദ്ദേഹം അക്കാലങ്ങളിൽ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിലും കലാ-സാഹിത്യ മേഖലകളിലും (നാടക രചന, അഭിനയം) സജീവമായി പ്രവർത്തിച്ചിരുന്നു. അദ്ദേഹത്തിന്റെ ആത്മകഥയായ എന്റെ ജീവിതം എന്ന കൃതിക്ക് 2006-ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട് [2][3].
കെ.പി.എ.സിക്ക് രൂപം നൽകിയ ശേഷം ജനാർദ്ധനക്കുറുപ്പായിരുന്നു 1952 മുതൽ 1959 വരെ കെ.പി.എ.സിയുടെ സ്ഥാപക പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നത്. തുടർന്ന് അതേ വർഷം തന്നെ കൊല്ലത്ത് അഭിഭാഷകനായി ഔദ്യോഗിക ജീവിതം തുടങ്ങി. 1967-ൽ ഹൈക്കോടതിയിൽ ഗവൺമെന്റ് സീനിയർ പ്ലീഡറായി നിയമിതനായെങ്കിലും 1970ൽ തൽസ്ഥാനം രാജി വച്ചൊഴിഞ്ഞു. പിന്നീട് കൊല്ലം മണ്ഡലത്തിൽ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജിതനായി.1977-മുതൽ എറണാകുളത്ത് താമസമാരംഭിക്കുകയും ഹൈക്കോടതിയിൽ പ്രാക്ടീസ് തുടങ്ങുകയും ചെയ്തു. രണ്ടാം മാറാട് കലാപക്കേസ് ഉൾപ്പെടെ അഞ്ഞൂറിലധികം കേസുകൾ ജനാർദ്ധനക്കുറുപ്പ് വാദിച്ചിട്ടുണ്ട്.
നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന നാടകത്തിൽ ജനാർദ്ധനക്കുറുപ്പാണ് ജന്മി കേശവൻനായരുടെ വേഷം അവതരിപ്പിച്ചത്[4].
ഭാര്യ:ശ്രീദേവിയമ്മ, മക്കൾ: ലീല, അംബിക, ഡോ. ശാരദ, ഡോ. അംബുജം, പങ്കജം. 2011 മാർച്ച് 25 - ന് എറണാകുളം നഗരത്തിൽ കലൂരിലെ വസതിയിൽ വെച്ച് രാവിലെ 8 മണിക്ക് അന്തരിച്ചു[5].
അവലംബം
[തിരുത്തുക]- ↑ "മാതൃഭൂമി വെബ്‌സൈറ്റ്". Archived from the original on 2011-08-23. Retrieved 2011-03-25.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-29.
- ↑ ജീവചരിത്രം/ആത്മകഥ എന്ന വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.
- ↑ "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 686. 2011 ഏപ്രിൽ 18. Retrieved 2013 മാർച്ച് 12.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ ഇന്ത്യാവിഷൻ വെബ്‌സൈറ്റ്[പ്രവർത്തിക്കാത്ത കണ്ണി]