ജീവിതപ്പാത
കർത്താവ് | ചെറുകാട് |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പ്രസാധകർ | കറന്റ് ബുക്‌സ്, തൃശൂർ |
ഏടുകൾ | 530 |
മലയാളത്തിലെ നോവലിസ്റ്റും നാടകകൃത്തും. കമ്മ്യൂണിസ്റ്റ് സഹയാത്രികനും പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ നേതാവുമായിരുന്ന ഗോവിന്ദപിഷാരോടി എന്ന ചെറുകാടിന്റെ ആത്മകഥയാണ് ജീവിതപ്പാത. 1975-ൽ പലവക ഗ്രന്ഥങ്ങൾക്കായി നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1][2] [3].
ഉള്ളടക്കം
[തിരുത്തുക]കമ്മ്യൂണിസ്റ്റ് പാർട്ടിയെ ശക്തിപെടുത്താൻ കഠിനപ്രയത്നം ചെയ്ത പ്രവർത്തകരിൽ പ്രമുഖനാണ് ഗോവിന്ദ പിഷാരടി അഥവാ ചെറുകാട്. മലയാള സാഹിത്യത്തിന് വിലപ്പെട്ട സംഭാവനകൾ അദ്ദേഹം നൽകിയിട്ടുണ്ട്.
ജീവിതപ്പാതയിലെ സഞ്ചാരത്തിനിടയിൽ തെളിഞ്ഞു വരുന്ന ജീവിതരേഖ ഇങ്ങനെയാണ്:മലപ്പുറം ജീല്ലയിലെ പെരിന്തൽമണ്ണ താലുക്കിലെ ചെമ്മലശേരിയിലെ ചെറുകാട് പിഷാരത്താണ് 1914 ഓഗസ്റ്റ് 26-നു ചെറുകാട് ജനിച്ചത്. മലപ്പുറം, പെരിന്തൽമണ്ണ, ചെറുകര, കരിങ്ങനാട് എന്നിവിടങ്ങളിലായി പഠനം പൂർത്തിയാക്കി. അതിനു ശേഷം പല കോളേജുകളിലും അധ്യാപകനായി സേവനമനുഷ്ട്ടിച്ചു. ജോലിയിൽ നിന്നും വിരമിച്ച ശേഷം യു.ജി.സി പ്രൊഫസർ ആയി പ്രവർത്തിച്ചു.
കൃത്യമായ ബ്രാഹ്മണ ചിട്ടകളിൽ വളർന്നുവന്ന ഗോവിന്ദ പിഷാരടി, ഈശ്വരവിശ്വാസിയും ആയിരുന്നു. കൂട്ടുകുടുംബത്തിലെ ദാരിദ്ര്യവും കഷ്ടപ്പാടുകളും രസകരമായ രീതിയിൽ അദ്ദേഹം വിവരിക്കുന്നു. ആ വീട്ടിലെ ഓരോ അംഗവും തൻറെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനം വ്യക്തമായ രീതിയിൽ ചെറുകാട് ചൂണ്ടിക്കാണിക്കുന്നു. സംസ്കൃത വിദ്യാഭ്യാസവും, ഉപനയനവും അനുബന്ധ ബ്രാഹ്മണനിയമങ്ങളും പാലിച്ചു വന്ന ആ ബ്രാഹ്മണബാലൻ എപ്പ്രകാരമാണ് വിപ്ലവപ്രസ്ഥാനത്തിലേക്ക് ആകർഷിക്കപ്പെട്ടത് എന്ന് അദ്ദേഹത്തിൻറെ ആത്മകഥ വ്യക്തമാക്കുന്നു. ബാല്യകാലം മുതൽ ജീവിതത്തിൻറെ പകുതിയിൽ കൂടുതൽ കാലവും ജീവിതപ്പാതയിൽ അദ്ദേഹം വരച്ചുകാട്ടുന്നു. ഒരു ആത്മകഥയുടെ എല്ലാ സവിശേഷതകളും ഉൾകൊള്ളുന്ന ഈ കൃതിയുടെ രചനയിൽ ചെറുകാട് സത്യസന്ധതയും സമർപ്പണവും പുലർത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ജീവിതത്തിൻറെ വളരെ കഠിനമായ നിമിഷങ്ങളെപ്പോലും, സ്വകാര്യസന്ദർഭങ്ങളെപ്പോലും ലാഘവത്തോടെ, ലാളിത്യത്തോടെ അനുവാചകന് മുന്നിൽ തുറന്നുവെക്കുന്നു. സ്വന്തം ആത്മകഥയിൽക്കൂടി പുലാമന്തോൾ പുഴയുടെയും, ചെറുകാടിൻറെയും ചരിത്രവും വർത്തമാനവും ആണ് ഗ്രന്ഥകർത്താവു വരച്ചിടുന്നത്. പുസ്തകതിൻറെ ആദ്യ താളുകളുടെ വായനയിൽക്കൂടി അനുവാചകനെ സ്വന്തം ഇല്ലത്തേക്ക് കൊണ്ടുപോകുന്നു. ബ്രാഹ്മണ സമുദായത്തിൽ തന്നെ കീഴ്തട്ടിൽ ഉള്ളവർ അനുഭവിക്കുന്ന ദുരിതങ്ങളും, അവഗണനയും ഇതിൽ വ്യക്തമാക്കുന്നുണ്ട്.
ജീവിതപ്പാത' എന്നത് പി.ഗോവിന്ദ പിഷാരടിയുടെ ആത്മകഥ മാത്രമല്ല, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രരേഖ കൂടിയാണ്. അക്കാലത്തു നടന്നിട്ടുള്ള പാർട്ടി മീറ്റിങ്ങുകളും, സമരങ്ങളും, ഒളിവിൽപ്പോക്കും, രഹസ്യകൂടിക്കാഴ്ച്ചകളും എല്ലാം ഗ്രന്ഥത്തിൽ വിവരിച്ചിരിക്കുന്നു. കേരളത്തിൻറെ ചിന്താഗതിയിലും, രാഷ്ട്രീയനയങ്ങളിലും വന്ന മാറ്റങ്ങൾ അദ്ദേഹം ചൂണ്ടികാണിക്കുന്നു. 'ജീവിതപ്പാത' എന്ന ഈ ആത്മകഥ ഒരു പരിധി വരെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജീവിതരേഖ കൂടിയാണ്.
1975-ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരവും [4] 1976-ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും നേടിയ ഈ കൃതി മലയാള സാഹിത്യ മേഖലക്ക് എന്നും ഒരു മുതൽക്കൂട്ടാണ്.[5].
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-08-07.
- ↑ പലവക ഗ്രന്ഥങ്ങൾക്കായി നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-08-07.
- ↑ http://kavyamsugeyam.blogspot.in/2010/05/blog-post_30.html
- ↑ "http://www.mathrubhumi.com/books/article/awards/126/". Archived from the original on 2014-11-11. Retrieved 2014-11-08.
{{cite web}}
: External link in
(help)|title=