ജൂലിയസ് സീസർ (നാടകം)
വില്യം ഷേക്സ്പിയർ എഴുതിയ ഒരു ദുരന്ത നാടകമാണ് ജൂലിയസ് സീസർ. 1599-ൽ രചിക്കപ്പെട്ടുവെന്ന് വിശ്വസിക്കപ്പെടുന്ന ഈ നാടകത്തിൽ ജൂലിയസ് സീസർ എന്ന റോമൻ ഏകാധിപതിക്കെതിരെ നടന്ന ഗൂഢാലോചനയും അദ്ദേഹത്തിന്റെ കൊലപാതകവും അതിന്റെ അനന്തരഫലങ്ങളും പ്രതിപാദിച്ചിരിക്കുന്നു. റോമൻ ചരിത്രത്തെആസ്പദമാക്കി ഷേക്സ്പിയർ എഴുതിയ അനേകം നാടകങ്ങളിലൊന്നാണിത്.
നാടകത്തിന്റെ പേര് ജൂലിയസ് സീസറെന്നാണെങ്കിലും പ്രധാന കഥാപാത്രം അദ്ദേഹമല്ല. മൂന്ന് രംഗങ്ങളിൽ മാത്രം പ്രത്യക്ഷപ്പെടുന്ന സീസർ മൂന്നാം രംഗത്തിന്റെ ആരംഭത്തിൽത്തന്നെ വധിക്കപ്പെടുന്നു. മാർക്കസ് ബ്രൂട്ടസാണ് നാടകത്തിലെ കേന്ദ്ര കഥാപാത്രം. കാഷ്യസ്, മാർക്ക് ആന്റണി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ.
സീസറിന്റെ സുഹൃത്തായ ബ്രൂട്ടസിനെ ഗൂഢാലോചനക്കാരുടെ നേതാവായ കാഷ്യസ് സ്വാധീനിക്കാന്‍ ശ്രമിക്കുന്നു. സീസർ ഒരു ഏകാധിപതിയാണെന്നും അദ്ദേഹം അധികാരത്തില്‍ തുടരുന്നത് രാജ്യത്തിന് അപകടകരമാണെന്നും അദ്ദേഹത്തെ കാഷ്യസ് ബോദ്ധ്യപ്പെടുത്തുന്നു. ബ്രൂട്ടസ് ഗൂഢാലോചനക്കാർക്കൊപ്പം ചേരുകയും സീസറെ വധിക്കുന്നതിൽ പങ്കാളിയാവുകയും ചെയ്യുന്നു. എന്നാൽ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി സ്വാർഥമായ ഉദ്ദേശ്യങ്ങളൊന്നും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. സീസറുടെ ശവസംസ്കാരച്ചടങ്ങിൽ മാർക്ക് ആന്റണി നടത്തുന്ന പ്രഭാഷണത്തിന്റെ ഫലമായി നാട്ടുകാർ ഗൂഢാലോചനക്കാർക്കെതിരെ തിരിയുകയും ബ്രൂട്ടസ് ഉള്‍പ്പെടെയുള്ളവരെ വധിക്കുകയും ചെയ്യുന്നു.
അധികാര പിന്തുടർച്ചാവകാശത്തേക്കുറിച്ച് ഇംഗ്ലണ്ടിൽ അന്നു നിലനിന്നിരുന്ന ആശങ്ക ഈ നാടകത്തിൽ പ്രതിഫലിക്കുന്നു. ഇതിന്റെ രചനയുടെയും അരങ്ങേറ്റത്തിന്റെയും സമയത്ത്, പ്രായംചെന്ന എലിസബത്ത് രാജ്ഞി തന്റെ പിന്തുടർച്ചാവകാശിയെ പ്രഖ്യാപിക്കാതിരുന്നത്, അവരുടെ മരണത്തിന് ശേഷം റോമിലേതിന് സമാനമായ ഒരു ആഭ്യന്തര കാരണമായേക്കുമെന്ന് പലരും ഭയപ്പെട്ടിരുന്നു.
"സുഹൃത്തുക്കളെ, റോമാക്കാരെ, നാട്ടുകാരെ.."(Friends, Romans, Countrymen..) എന്ന് തുടങ്ങുന്ന പ്രശസ്തമായ പ്രഭാഷണം ഈ നാടകത്തിലേതാണ്. "ബ്രൂട്ടസേ നീയും" എന്ന സീസറിന്റെ വരികൾ ലോക പ്രശസ്തമാണ്.