ജോസഫ് അഡിസൻ
ജോസഫ് അഡിസൻ | |
---|---|
ജനനം | 1 May 1672 |
മരണം | 17 June 1719 (aged 47) |
ദേശീയത | English |
തൊഴിൽ | Writer and politician |
ഇംഗ്ലീഷ് ഉപന്യാസകർത്താവും സാഹിത്യവിമർശകനുമായിരുന്നു ജോസഫ് അഡിസൻ (1672 - 1719) . ഒരു വൈദികന്റെ പുത്രനായി 1672 മേയ് 1-ന് വിൽറ്റ്ഷയറിൽ ജനിച്ചു. ലണ്ടൻ|ലണ്ടനിലെ]] ചാർട്ടർ ഹൗസ് സ്കൂളിലും ഓക്സ്ഫോഡിലെ ക്വീൻസ് കോളജിലും മാഗ്ദലൻ കോളജിലും പഠനം നടത്തി. 1693-ൽ എം.എ. ബിരുദം നേടി. ഓക്സ്ഫോഡിലെ ജീവിതകാലത്ത് സാഹിത്യത്തിലും തത്ത്വശാസ്ത്രത്തിലും നിരവധി ഗ്രന്ഥങ്ങൾ വായിക്കുകയും, ലത്തീനിലും ഇംഗ്ലീഷിലും ധാരാളം കവിതകൾ എഴുതുകയും ചെയ്തു. 1699-ൽ നയതന്ത്രസർവീസിലേക്കാവശ്യമായ യോഗ്യത സമ്പാദിക്കാൻ യൂറോപ്പിൽ പോയി. 1703-ൽ ഇംഗ്ലണ്ടിൽ തിരിച്ചെത്തി. മാൽബറോ പ്രഭുവിന്റെ വിജയത്തെ പ്രകീർത്തിച്ചെഴുതിയ ദ് കാംപെയിൻ (The Campaign) എന്ന കവിത വമ്പിച്ച പ്രശസ്തിയും നേട്ടങ്ങളും കൈവരുത്തി. പല ഔദ്യോഗിക സ്ഥാനങ്ങളിലും ഇദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
1709 മുതൽ ആപ്തമിത്രമായ റിച്ചാർഡ് സ്റ്റീൽ പ്രസാധനം ചെയ്ത ദ് ടാട്ലർ (The tatler), ദ് സ്പെക്റ്റേറ്റർ (The Spectator), ഗാർഡിയൻ (The Guardian) എന്നീ പത്രങ്ങളിൽ തുടരെ ലേഖനങ്ങളെഴുതി, ഒരു സാഹിത്യകാരനെന്ന നിലയിൽ സ്ഥിരപ്രതിഷ്ഠനേടി. 1713-ൽ പ്രസിദ്ധീകരിച്ച കേറ്റോ (Cato) എന്ന ദുരന്തനാടകം ഇദ്ദേഹത്തിന്റെ യശസ് പൂർവാധികം വർധിപ്പിച്ചു. രണ്ടു കൊല്ലം കഴിഞ്ഞു പുറത്തുവന്ന ദ് ഡ്രമ്മർ (The Drummer) എന്ന ഗദ്യനാടകം ഒരു പരാജയമായിരുന്നു. സദാചാരവും സാമൂഹികജീവിതസമ്പ്രദായങ്ങളുമായിരുന്നു അഡിസന്റെ ഉപന്യാസങ്ങളുടെ മുഖ്യവിഷയം. മൃദുവായ ഉപഹാസങ്ങളും സുചിന്തിതങ്ങളായ നിരീക്ഷണങ്ങളും യുക്തിയുക്തമായ മാർഗ നിർദ്ദേശങ്ങളുംകൊണ്ട് സാന്മാർഗികനിലവാരം ഉയർത്തുകയായിരുന്നു അവയുടെ ലക്ഷ്യം. പ്രബുദ്ധമായ നിരൂപണസിദ്ധാന്തങ്ങളുടെ പിൻബലമുള്ളവയാണ് അഡിസന്റെ വിമർശനങ്ങൾ. സർ റോജർ എന്ന പ്രസിദ്ധ കഥാപാത്രത്തെ സൃഷ്ടിച്ചുകൊണ്ടെഴുതിയ ഉപന്യാസങ്ങൾ പാത്രചിത്രീകരണപാടവത്തിനും ആഖ്യാനവൈദഗ്ദ്ധ്യത്തിനും ഉദാഹരണങ്ങളാണ്. അക്ലിഷ്ടമായ ശൈലീവിശേഷത്താൽ അനുഗൃഹീതമാണ് ഇദ്ദേഹത്തിന്റെ ഉപന്യാസങ്ങൾ. ഇംഗ്ലീഷ് ഉപന്യാസകർത്താക്കൻമാരിൽ അതിശ്രദ്ധേയനായ ഒരാളാണെന്നതാണ് അഡിസന്റെ മഹത്ത്വം. ഒരു പുതിയ ജനകീയ സാഹിത്യപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവെന്ന ബഹുമതിക്കും ഇദ്ദേഹം അർഹനാണ്.
1716-ൽ വാർവിക്കിലെ വിധവയായ പ്രഭ്വിയെ വിവാഹം കഴിച്ചു. ഗാർഹികജീവിതം സുഖകരമായിരുന്നില്ല. 1718-ൽ ഉദ്യോഗത്തിൽനിന്നു വിരമിക്കുകയും 1719 ജൂൺ 17-ന് ഹോളണ്ട്ഹൗസിൽ വച്ച് മരണമടയുകയും ചെയ്തു.
അവലംബം
[തിരുത്തുക]കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ജോസഫ് അഡിസൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |