Jump to content

ജോൺ ബന്യൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോൺ ബന്യൻ

പതിനേഴാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ ജീവിച്ചിരുന്ന (1628 നവംബർ 281688 ഓഗസ്റ്റ് 31 ) സുവിശേഷപ്രചാരകനും എഴുത്തുകാനുമായിരുന്നു ജോൺ ബന്യൻ. അദ്ദേഹം പ്രൊട്ടസ്റ്റന്റ്കളിലെ തീക്ഷ്ണതയേറിയ കാൽ‌വിനിസ്റ്റ് വിഭാഗത്തിന്റെ വിശ്വാസപ്രമാണങ്ങളിൽ വിശ്വസിച്ച് അവ പ്രചരിപ്പിച്ചു. ആ വിശ്വാസപ്രമാണങ്ങളെ ഗ്രാമ്യ ഭാഷയുടെ ശക്തിയിലും മധുരിമയിലും അവതരിപ്പിച്ച് എഴുതിയ തീർഥാടകന്റെ വഴി(പിൽഗ്രിംസ് പ്രോഗ്രസ്) എന്ന അന്യാപദേശകഥ (allegory) യുടെ പേരിലാണ് ബന്യൻ പ്രധാനമായും സ്മരിക്കപ്പെടുന്നത്‍.

ജീവിതരേഖ

[തിരുത്തുക]

ബാല്യം, യൗവനം

[തിരുത്തുക]
ബന്യന്റെ ജന്മസ്ഥലം

1628 നവംബർ 28ൻ ഇംഗ്ലണ്ടിലെ ബെഡ്ഫോർഡിലായിരുന്നു ജനനം. ലോഹപ്പാത്രങ്ങൾ നിർമ്മിക്കുകയും കേടുപാട് നീക്കിക്കൊടുക്കുകയും ചെയ്തിരുന്ന തോമസ് ബന്യനായിരുന്നു പിതാവ്. അമ്മ എലിസബത്ത് ബെന്റ്ലിയും.[1] കുടുംബം അത്ര സമ്പന്നമൊന്നുമല്ലാതിരുന്നതു കൊണ്ട് എഴുതാനും വായിക്കാനും പ്രാപ്തനാക്കിയ അടിസ്ഥാന വിദ്യാഭ്യാസമേ അദ്ദേഹത്തിന് സിദ്ധിച്ചുള്ളു. ബന്യന്റെ പതിനാറാമത്തെ വയസ്സിൽ, അമ്മ മരിച്ചു. അമ്മയുടെ മരണവും രണ്ടുമാസത്തിനു ശേഷം നടന്ന പിതാവിന്റെ പുനർ‌വിവാഹവും അദ്ദേഹത്തിനു വലിയ ആഘാതമായി. ഇംഗ്ലണ്ടിൽ ചാൾസ് ഒന്നാമന്റെ രാജപക്ഷവും അദ്ദേഹത്തെ എതിർക്കുന്നവരുടെ പാർലമെന്റ് പക്ഷവും തമ്മിലുള്ള ആഭ്യന്തരയുദ്ധം നടക്കുന്ന സമയമായിരുന്നു അത്. കുടുംബത്തോട് അകൽച്ചയിലായ ജോൺ, പാർലമെന്റ് പക്ഷത്തിന്റെ സൈന്യത്തിൽ ചേർന്നു. ആഭ്യന്തരയുദ്ധം സമാപിച്ച് പാർലമെന്റ് സൈന്യം പിരിച്ചുവിടപ്പെട്ടപ്പോൾ ബന്യൻ വീട്ടിലേക്കു മടങ്ങി.

വിവാഹം, പുതിയ ജീവിതത്തിന്റെ തുടക്കം

[തിരുത്തുക]

ഏതാണ്ട് ഇരുപതുവയസ്സുള്ളപ്പോൾ ബന്യൻ, പിതാവിന്റെ ലോഹപാത്രത്തൊഴിൽ തെരഞ്ഞെടുത്തു. താമസിയാതെ വിവാഹിതനാവുകയും ചെയ്തു. ദൈവഭയമുള്ള മാതാപിതാക്കളുടെ മകളായിരുന്നു ഭാര്യ എന്നാണ് ബന്യൻ പറയുന്നത്. സ്ത്രീധനമായി അവൾ ആകെ കൊണ്ടുവന്നത് രണ്ടു പുസ്തകങ്ങളായിരുന്നത്രെ - ആർതർ ഡെന്റിന്റെ സാധുമനുഷ്യന് സ്വർഗ്ഗത്തിലേക്കുള്ള വഴിയും(Plain Man's Pathway to Heaven) ളൂയീസ് ബെയ്‌ലിയുടെ ഭക്തിസാധനയും (Practice of Piety). അവ വായിച്ചത് ബന്യന്റെ ജീവിതത്തിൽ വലിയ പരിവർത്തനത്തിനു കാരണമായി. ആ പുസ്തകങ്ങൾ കൊടുത്ത വീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ സ്വന്തം ജീവിത്തെ പരിശോധിച്ച ബന്യന്, അതിൽ കുറവുകൾ മാത്രമേ കാണാൻ കഴിഞ്ഞുള്ളു. ഉല്ലാസവും, പാട്ടും, നൃത്തവും, അസഭ്യഭാഷണവും എല്ലാം നിറഞ്ഞ ആ ജീവിതം മനുഷ്യജീവിതത്തിന്റെ അന്തിമ ലക്‌ഷ്യത്തോട് മുഖം തിരിഞ്ഞുനിൽക്കുന്നത്താണെന്ന് അദ്ദേഹത്തിനു തോന്നി. തന്നെ ആകർഷിച്ച പുതിയ വീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ ജീവിതത്തെ മാറ്റിയെടുക്കാൻ അദ്ദേഹം തീരുമാനിച്ചു.

സമഗ്രപരിവർത്തനം

[തിരുത്തുക]

എന്നാൾ ഈ മാറ്റം നൽകിയ സംതൃപ്തി അധികം കാലം നീണ്ടു നിന്നില്ല. കേവലം ഉപരിതലമാത്രസ്പർശിയായ ആ പരിവർ‍ത്തനം, തന്നെ കാപട്യം നിറഞ്ഞ ഒരു ഫരീസേയൻ ആക്കി മാറ്റിയതേയുള്ളു എന്നു അദ്ദേഹത്തിന് തോന്നി. നാലു വർഷം നീണ്ട കടുത്ത ആത്മീയസംഘർഷത്തിനൊടുവിൽ അദ്ദേഹം വിശ്വാസത്തിൽ വിട്ടുവീഴ്ചചെയ്യാത്തവർ (Non-Conformists) എന്നറിയപ്പെട്ടിരുന്ന കാൽ‌വിനിസ്റ്റ് വിഭാഗത്തിലേക്കു പരിവർത്തിതനായി. ഈ പരിവർത്തനത്തിന്റെ കഥ പറയുന്ന പാപികളിൽ പ്രധാനിക്ക് അളവില്ലാത്ത കൃപ (Grace Abounding to the Chief of Sinners) എന്ന ബന്യന്റെ പുസ്തകം [2]ഏറെ പ്രസിദ്ധമാണ്.

സുവിശേഷവഴിയിലെ പ്രതിബന്ധങ്ങൾ

[തിരുത്തുക]

ബന്യന്റെ തുടർന്നുള്ള ജീവിതം, തനിക്കു കിട്ടിയെന്ന് അദ്ദേഹം വിശ്വസിച്ച കൃപയുടെ കഥ പറയാനും അതിന്റെ വഴിയിലേക്ക് മറ്റുള്ളവരെ നയിക്കാനുമാണ് നീക്കിവച്ചത്. അദ്ദേഹം സുവിശേഷപ്രസംഗങ്ങൾക്കായി നിരന്തരമായ യാത്രകളിൽ മുഴുകി. വശ്യവാചിയായിരുന്ന ബന്യന്റെ ഖ്യാതി ക്രമേണ നാടാകെ പരന്നെങ്കിലും, അധികാരസ്ഥാനങ്ങളിൽ നിന്നുള്ള എതിർപ്പ് അദ്ദേഹത്തെ അലട്ടി. അനുമതി (Licence) ഇല്ലാതെ പ്രസംഗിച്ചതിനു അദ്ദേഹം ഒന്നിലേറെ തവണ അറസ്റ്റു ചെയ്യപ്പെടുകയും തടവുശിക്ഷക്കു വിധിക്കപ്പെടുകയും ചെയ്തു.[3] പ്രസംഗിക്കുന്നതിൽ നിന്ന് ഒഴിഞ്ഞുനിൽക്കാമെന്ന് ഉറപ്പു കൊടുക്കാൻ വിസമ്മതിക്കുകയാൽ, 1660-ലെ അറസ്റ്റിനെ തുടർന്ന് ഏതാണ്ട് 12 വർഷത്തോളം ബന്യന് തടവിൽ കഴിയേണ്ടി വന്നു. അതിനു മുൻപു തന്നെ കാഴ്ചശക്തിയില്ലാതെ ജനിച്ച മകൾ മേരി അടക്കം നാലു ‍കുട്ടികല്ക്ക് ജന്മം നൽകിയ അദ്ദേഹത്തിന്റെ ആദ്യഭാര്യ മരിച്ചിരുന്നു. ജയിൽശിക്ഷകൾക്കിടയിലെ ഒരു ഇട‌വേളയിൽ വീണ്ടും വിവാഹം കഴിച്ചു. എലിസബത്ത് എന്നായിരുന്നു രണ്ടാം ഭാര്യയുടെ പേര്. ബന്യന് രണ്ടു മക്കൾ കൂടി ഉണ്ടായി. 1672-ൽ ചാൾസ് രണ്ടാമൻ രാജാവിന്റെ മതസ്വാതന്ത്ര്യപ്രഖ്യാപനം (Declaration of religious indulgence) അനുസരിച്ച് ജയിൽ‌വിമുക്തനായ ബന്യൻ, 1674-ൽ ആ പ്രഖ്യാപനം പിൻ‌വലിക്കപ്പെട്ടതിനെ തുടർന്ന് വീണ്ടും അറസ്റ്റിലായി. ഇത്തവണ ജയിൽ വാസം ആറു മാസമേ നീണ്ടുള്ളു.

എഴുത്തുകാരനായ ബന്യൻ

[തിരുത്തുക]

ദീർഘകാലം ജയിലിൽ കഴിയേണ്ടി വന്നപ്പൊഴൊക്കെ ബന്യൻ തന്റെ സുവിശേഷവേല തുടരുകയായിരുന്നു. ദൈവവചനം ബന്ധനത്തിലായില്ല. എവിടെയും സഹതടവുകാർ അദ്ദേഹത്തിന്റെ പഠനങ്ങളിൽ ആകൃഷ്ടരായി. ബന്യൻ ജയിലിൽ ചെയ്ത പ്രഭാഷണങ്ങളിൽ ചിലത് പിന്നീട് വിപുലീകരിച്ച് പ്രസീദ്ധീകരിച്ചിട്ടുണ്ട്. ജയിൽ‌വാസത്തിനിടെ ബന്യൻ വേറേയും രചനകളിൽ മുഴുകി. ബന്യന്റെ രചനാക്ഷമതക്കും, അതുവഴി ആദ്ധ്യാത്മിക സാഹിത്ത്യത്തിനും ജയിൽ ശിക്ഷ അനുഗ്രഹമായി മാറി. അദ്ദേഹത്തിന്റെ മുഖ്യമായ മൂന്നുകൃതികളിൽ ആദ്യത്തേതും, ആത്മകഥാപരവുമായ പാപികളിൽ പ്രധാനിക്ക് അളവില്ലാത്ത കൃപ, രചിക്കപ്പെട്ടത് 12 വർഷത്തെ നീണ്ട് ജയിൽ‌വാസത്തിനിടെയാണ്. ബുന്യന്റെ യശസ്സിന് മുഖ്യ ആധാരമായ തീർഥാടകന്റെ വഴി (പിൽഗ്രിംസ് പ്രോഗ്രസ്) രചിക്കപ്പെട്ടത് പിന്നീടുണ്ടായ ഹ്രസ്വകാല ജയിൽ‌വാസത്തിനിടെയാണ്. രണ്ടു ഭാഗങ്ങളുണ്ട് ആ കൃതിക്ക്. പ്രധാനകൃതികളിൽ മൂന്നാമത്തേതായ ശ്രീമാൻ ദുഷ്ടന്റെ ജീവിതവും മരണവും (Life and Death of Mr. Badman) പിന്നീട് എഴുതപ്പെട്ടതാണ്. ഒരു തരത്തിൽ അതിനെ തീർഥാടകന്റെ മുന്നേത്തിന്റെ മൂന്നാം ഭാഗമായി കണക്കാക്കാം. അക്കാലത്തെ മതപരമായ സംവാദങ്ങളിൽ തികഞ്ഞ പ്രതിബദ്ധതയോടെ പങ്കെടുത്ത ബന്യൻ തന്റെ നിലപാടുകൾ വാദിച്ചുറപ്പിക്കാനായി നിരന്തരം എഴുതി. മൊത്തം അറുപതോളം കൃതികൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്.

തീർഥാടകന്റെ വഴി (പിൽഗ്രിംസ് പ്രോഗ്രസ്)

[തിരുത്തുക]

ബന്യനന്റെ പ്രധാന കൃതിയായ തീർഥാടകന്റെ വഴി, മൂന്നിലേറെ നൂറ്റാണ്ടുകൾക്കുശേഷവും, ആത്മീയസാഹിത്യത്തിലെയെന്നല്ല എല്ലാത്തരം സാഹിത്യത്തിലേയും എണ്ണപ്പെട്ട രചനകളിലൊന്നായി നിലനിൽക്കുന്നു. പത്തൊൻപതാം നൂറ്റാണ്ടിലെ ഒരു ഇംഗ്ലീഷ് കുടുംബത്തിൽ ഒരു പുസ്തകം മാത്രമാണുണ്ടായിരുന്നതെങ്കിൽ അത് ബൈബിൾ ആകുമായിരുന്നു; എന്നാൽ രണ്ടു പുസ്തകങ്ങൾ ഉണ്ടായിരുന്നെങ്കിൽ അവയിലൊന്ന് തീർഥാടകന്റെ വഴി ആയിരുന്നിരിക്കുമമായിരുന്നു എന്നു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. [4]ഷേക്സ്പിയറുടെ കൃതികൾക്ക് കിട്ടാത്ത പ്രചാരമാണ് അത് സൂചിപ്പിക്കുന്നത്. ഇംഗ്ലീഷ് ഭാഷയിലെ മുന്തിയരചനകളിലൊന്നാണത്. [5]അതേസമയം, പ്യൂരിറ്റൻ കാൽ‌വിനസത്തിന്റെ താരതമ്യേന ഇടുങ്ങിയ ലോകവീക്ഷണം വച്ച് എഴുതിയ കൃതിയുമാണ്. [6] ഔപചാരിക വിദ്യാഭ്യാസം അക്ഷരാഭ്യാസം നേടുന്നതിൽ അവസാനിച്ച ആളാണ് രചയിതാവെന്ന് കൂടി ഓർക്കുമ്പോൾ തീർഥാടകന്റെ വഴി എന്ന കൃതിയുടെ ചരിത്രം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. പൊങ്ങച്ച മേളയും (Vanity Fair) മനസ്സിടിവിന്റെ ചളിക്കുണ്ടും (Slough of Despond) നിരാശാരാക്ഷസനും (Giant Despair) സംശയക്കോട്ടയും (Doubting Castle) വശ്യസാനുവും (Delectable Mountains)പോലെയുള്ള പ്രയോഗങ്ങൾ ഇംഗ്ലീഷ് ഭാഷക്കു ഇന്നുള്ള സമ്പന്നതക്ക് തീർഥാടകന്റെ വഴിയിൽ നിന്നു കിട്ടിയ സംഭാവനകളാണ്. അതിന്റെ ശൈലി നിരവധി എഴുത്തുകാരെ സ്വാധീനിച്ചിട്ടുണ്ട്.

ജീവിതാവസാനം

[തിരുത്തുക]

1675-ൽ 6 മാസം നീണ്ട തടവുശിക്ഷക്കുശേഷം ബന്യൻ ജയിൽ വിമുക്തനായി. പ്രസംഗങ്ങളും രചനകളും വഴി ബന്യന് ലഭിച്ച ജനപ്രീതിയും, ജനാഭിപ്രായം പൊതുവേ മതസ്വാതന്ത്ര്യത്തിനനുകൂലമായി മാറിയതും മൂലം, അദ്ദേഹം പിന്നീട് അറസ്റ്റ് ചെയ്യാപ്പെടുകയുണ്ടായില്ല. സുവിശേഷ പ്രസംഗകനെന്ന നിലയിൽ നേരത്തേ തന്നെ പ്രശസ്തനായിരുന്ന ബന്യൻ, 1678-ൽ തീർതാടകന്റെ വഴി പ്രസിദ്ധീകരിക്കപ്പെട്ടതിനെത്തുടർന്ന് എഴുത്തുകാരനെന്ന നിലയിലും ഇംഗ്ലണ്ടിലാകെ അറിയപ്പെടുന്നവനായി മാറി. മെത്രാന്മാരും, പണ്ഡിതന്മാരും, രാഷ്ട്രതന്ത്രജ്ഞന്മാരും പോലും, സാധാരണജനങ്ങളുടെ ഭാഷയിൽ എഴുതുകയും പ്രസംഗിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ ഒളിഞ്ഞുനിന്നെങ്കിലും കേൾക്കാൻ ആഗ്രഹിച്ചു.

സ്വർഗ്ഗവാതിലിന് മുൻപിൽ നിന്നു പോലും നരകത്തിലേക്കു ചതിവഴികളുണ്ട് എന്നെഴുതിയ ബന്യൻ [7] പ്രശസ്തി തന്റെ വിനീതഭാവത്തെയോ ലാളിത്ത്യത്തെയോ ബാധിക്കാൻ അനുവദിച്ചില്ല. പ്രശംസാവചനങ്ങൾ ചിലപ്പോഴൊക്കെ അദ്ദേഹത്തെ ഭയപ്പെടുത്തുകപോലും ചെയ്തു. ഒരിക്കൽ, ശ്രോതാക്കളെ വല്ലാതെ ആകർഷിച്ച ഒരു പ്രസംഗം പൂർത്തിക്കിയ അദ്ദേഹത്തെ, ചില സുഹൃത്തുക്കൾ ഇത്ര മധുരമായി പ്രസംഗിച്ചതിന് അഭിനന്ദിച്ചപ്പോൾ ബന്യന്റെ പ്രതികരണം ഇതായിരുന്നു:

തൻന്റെ വിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നതിനു വേണ്ടി ബന്യൻ അവസാനം‌വരെ പ്രവൃത്തിനിരതനായി തുടർന്നു. ഒരിക്കൽ പിടിവാശിമൂത്ത് തമ്മിൽ പിണങ്ങിനിന്ന ഒരു പിതാവിനേയും പുത്രനേയും ചെന്നുകണ്ട് തമ്മിൽ രഞ്ജിപ്പിക്കുന്നതിനായി കൊടുംതണുപ്പിൽ നടത്തിയ യാത്രയെത്തുടർന്ന്, 1688 ഓഗസ്റ്റ് 31-ന് കടുത്ത പനി ബാധിച്ച ബന്യൻ തന്റെ തീർഥാടനത്തിന്റെ ലക്‌ഷ്യത്തിലെത്തി. [9] ലണ്ടണിലെ ബൺഹിൽ ഫീൽഡ്സ് സിമിത്തേരിയിലാണ് അദ്ദേഹത്തെ സംസ്കരിച്ചിരിക്കുന്നത്.

ബന്യനെ പറ്റി പ്രമുഖർ

[തിരുത്തുക]
  • താൻ താലോലിക്കുന്ന ബാല്യകാലസ്മരണകളിലൊന്ന് പിതാവിനൊപ്പമിരുന്ന് തീർഥാടകന്റെ വഴി വായിച്ചതാണെന്ന് ഇംഗ്ലീഷ് നാടകകൃത്ത് ബർണാഡ് ഷാ പറഞ്ഞിട്ടുണ്ട്. അഞ്ചാമത്തെ വയസ്സിൽ ആ പുസ്തകം പൂർണ്ണ താത്പര്യത്തോടെ വായിക്കുവാൻ ഷാക്ക് കഴിഞ്ഞിരുന്നത്രെ. എഴുത്തുകാരനെന്ന നിലയിൽ ഷാ ബന്യനെ ഷേക്സ്പിയറിനുപരി വിലമതിച്ചിരുന്നു എന്നും പറയപ്പെടുന്നു. [10]

അവലംബം

[തിരുത്തുക]
  1. The Life of John Bunyan by Venables, Chapter 1: http://www.worldwideschool.org/library/books/hst/biography/TheLifeOfJohnBunyan/Chap1.html Archived 2007-12-22 at the Wayback Machine
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-01-09. Retrieved 2007-12-28.
  3. A Timeline Chronicling the Life of John Bunyan by Judith Bronte - http://acacia.pair.com/Acacia.John.Bunyan/John.Bunyan.Timeline.html
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-10-26. Retrieved 2009-10-26.
  5. ...Pilgrim's Progress, probably the most widely read book in the English language, and one which has been translated into more tongues than any book except the Bible: A Short Biographical Dictionary of English Literature-ൽ നിന്ന് - http://classiclit.about.com/library/bl-etexts/jcousin/bl-jcousin-bio-b-jbunyan.htm
  6. A seventeenth century Calvinist sat down to write a tract (ലഘുലേഖ, പ്രചാരണകൃതി) and produced a folk-epic of the universal religious imagination. പിൽഗ്രിംസ് പ്രോഗ്രസിന്റെ 1985-ലെ പെൻ‌ഗ്വിൻ പതിപ്പിനെഴുതിയ അവതാരികയിൽ റോജർ ഷാരോക്ക്
  7. Then I saw that there was a way to Hell, even from the Gates of Heaven, as well as from the City of Destruction: തീർഥാടകന്റെ വഴി, ഒന്നാം പുസ്തകം, അവ്സാനത്തേതിനു മുൻപത്തെ വാചകം
  8. "Aye, you need not remind me; the devil told me that before I was out of the Pulpit". William J. Long-ന്റെ English Literature: Its History and Significance for the Life of English Speaking World എന്ന പുസ്തകത്തിൽ നിന്ന്
  9. മുകളിൽ സൂചിപ്പിച്ച പുസ്തകത്തിൽ നിന്ന്
  10. http://links.jstor.org/sici?sici=0030-8129(195706)72%3A3%3C520%3ASBAP%3E2.0.CO%3B2-R

ബന്യന്റെ രചനകളുടെ പട്ടിക

[തിരുത്തുക]
  • A Discourse Upon the Pharisee and the Publican, ഡിഗ്ഗറി പ്രസ് പുനഃപ്രസിദ്ധീകരിച്ചത്, ISBN 978-1-84685-778-2
  • A Few Sighs from Hell, or the Groans of a Damned Soul, ഡിഗ്ഗറി പ്രസ് പുനഃപ്രസിദ്ധീകരിച്ചത്, ISBN 978-1-84685-727-0
  • Christ a Complete Saviour (The Intercession of Christ And Who Are Privileged in It), ഡിഗ്ഗറി പ്രസ് പുനഃപ്രസിദ്ധീകരിച്ചത്, ISBN 978-1-84685-670-9
  • Come and Welcome to Jesus Christ, ഡിഗ്ഗറി പ്രസ് പുനഃപ്രസിദ്ധീകരിച്ചത്, ISBN 978-1-84685-774-4
  • Grace abounding to the Chief of Sinners, ഡിഗ്ഗറി പ്രസ് പുനഃപ്രസിദ്ധീകരിച്ചത്, ISBN 978-1-84685-777-5
  • No Way to Heaven But By Jesus Christ, ഡിഗ്ഗറി പ്രസ് പുനഃപ്രസിദ്ധീകരിച്ചത്, ISBN 978-1-84685-780-5
  • Of Antichrist and His Ruin, ഡിഗ്ഗറി പ്രസ് പുനഃപ്രസിദ്ധീകരിച്ചത്, ISBN 978-1-84685-729-4
  • Praying with the Spirit and with Understanding too, ഡിഗ്ഗറി പ്രസ് പുനഃപ്രസിദ്ധീകരിച്ചത്, ISBN 978-1-84685-638-9
  • Saved by Grace, ഡിഗ്ഗറി പ്രസ് പുനഃപ്രസിദ്ധീകരിച്ചത്, ISBN 978-1-84685-779-9
  • Seasonal Counsel or Suffering Saints in the Furnace - Advice to Persecuted Christians in Their Trials & Tribulations, ഡിഗ്ഗറി പ്രസ് പുനഃപ്രസിദ്ധീകരിച്ചത്, ISBN 978-1-84685-733-1
  • The Doom and Downfall of the Fruitless Professor (Or The Barren Fig Tree), ഡിഗ്ഗറി പ്രസ് പുനഃപ്രസിദ്ധീകരിച്ചത്, ISBN 978-1-84685-732-4
  • The End of the World, The Resurrection of the Dead and Eternal Judgment, ഡിഗ്ഗറി പ്രസ് പുനഃപ്രസിദ്ധീകരിച്ചത്, ISBN 978-1-84685-736-2
  • The Fear of God - What it is, and what is it is not, ഡിഗ്ഗറി പ്രസ് പുനഃപ്രസിദ്ധീകരിച്ചത്, ISBN 978-1-84685-775-1
  • The Greatness of the Soul and Unspeakableness of its Loss Thereof, ISBN 978-1-84685-734-8
  • The Heavenly Footman, ഡിഗ്ഗറി പ്രസ് പുനഃപ്രസിദ്ധീകരിച്ചത്, ISBN 978-1-84685-728-7
  • The Holy City or the New Jerusalem, ഡിഗ്ഗറി പ്രസ് പുനഃപ്രസിദ്ധീകരിച്ചത്, ISBN 978-1-84685-776-8
  • The Holy War - The Losing and Taking Again of the Town of Man-soul (The Holy War Made by Shaddai upon Diabolus, for the Regaining of the World), ഡിഗ്ഗറി പ്രസ് പുനഃപ്രസിദ്ധീകരിച്ചത്, ISBN 978-1-84685-783-6
  • The Life and Death of Mr Badman, ഡിഗ്ഗറി പ്രസ് പുനഃപ്രസിദ്ധീകരിച്ചത്, ISBN 978-184685-735X
  • The Pilgrim's Progress
  • The Saint's Knowledge of Christ's Love, or The Unsearchable Riches of Christ, ഡിഗ്ഗറി പ്രസ് പുനഃപ്രസിദ്ധീകരിച്ചത്, ISBN 978-1-84685-669-3
  • The Strait Gate, Great Difficulty of Going to Heaven, ഡിഗ്ഗറി പ്രസ് പുനഃപ്രസിദ്ധീകരിച്ചത്, ISBN 978-1-84685-671-6
  • The Water of Life or The Richness and Glory of the Gospel, ഡിഗ്ഗറി പ്രസ് പുനഃപ്രസിദ്ധീകരിച്ചത്, ISBN 978-1-84685-731-7
  • The Work of Jesus Christ as an Advocate, ഡിഗ്ഗറി പ്രസ് പുനഃപ്രസിദ്ധീകരിച്ചത്, ISBN 978-1-84685-730-0
  • Walking so as to Please God, ഡിഗ്ഗറി പ്രസ് പുനഃപ്രസിദ്ധീകരിച്ചത്, ISBN 978-1-84685-724-9
"https://ml.wikipedia.org/w/index.php?title=ജോൺ_ബന്യൻ&oldid=3652041" എന്ന താളിൽനിന്ന് ശേഖരിച്ചത്