ടാബ്രിസ്
ടാബ്രിസ് Ancient names: Davrezh, Tavrezh, Tavrez | |
---|---|
Country | Iran |
Province | East Azerbaijan Province |
County | Tabriz County |
District | Central |
Established date | N/A |
• Mayor | Alireza Navin |
• City Council Chairwoman | Zahra Eftekhari |
• City | 324 ച.കി.മീ.(125 ച മൈ) |
• നഗരം | 2,356 ച.കി.മീ.(910 ച മൈ) |
ഉയരം | 1,351.4 മീ(4,433.7 അടി) |
(2006)[1] | |
• City | 1,378,935 |
• ജനസാന്ദ്രത | 4,300/ച.കി.മീ.(11,000/ച മൈ) |
• മെട്രോപ്രദേശം | auto |
• Population Rank in Iran | 4th |
• Demonym | Tabrizian, Tabrizli, Tabrizi |
സമയമേഖല | UTC+3:30 (IRST) |
• Summer (DST) | UTC+4:30 (IRDT) |
Postal code | 51368 |
ഏരിയ കോഡ് | 0411 |
വെബ്സൈറ്റ് | Tabriz municipality |
വടക്കുപടിഞ്ഞാറൻ ഇറാനിലെ പൂർവ അസർബയ്ജാൻ പ്രവിശ്യയുടെ തലസ്ഥാന നഗരമാണ് ടാബ്രിസ്. പ്രാചീനകാലത്ത് ടോറിസ് (tauris) എന്ന പേരിലാണ് ഇത് അറിയപ്പെട്ടിരുന്നത്. ഉർമിയ തടാകത്തിൽനിന്ന് 55 കി. മീ. അകലെ അജിചായ് നദിക്കരയിൽ സ്ഥിതിചെയ്യുന്ന ടാബ്രിസ് ഇറാനിലെ ഒരു പ്രധാന ഉത്പാദന-വാണിജ്യ കേന്ദ്രം കൂടിയാണ്. ജനസംഖ്യ 10,88,985 (91)
ഭൂപ്രകൃതി
[തിരുത്തുക]സമുദ്രനിരപ്പിൽനിന്ന് 1370 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ടാബ്രിസ് നഗരത്തിന്റെ മൂന്നു ഭാഗങ്ങളിൽ കുന്നുകളും ഒരു ഭാഗത്ത് വിശാലമായ ഒരു സമതലവും അതിരുകൾ തീർക്കുന്നു. വൻകര കാലാവസ്ഥ അനുഭവപ്പെടുന്ന ഇവിടെ ചൂടേറിയതും വരണ്ടതുമായ വേനൽക്കാലവും അതിശൈത്യമുള്ള ശീതകാലവും ആണുള്ളത്. ഫലഭൂയിഷ്ഠമായ ഒരു കാർഷികപ്രദേശമായ ടാബ്രിസിൽ ഗോതമ്പിനു പുറമേ വിവിധയിനം ഫലങ്ങളും സമൃദ്ധമായി വിളയുന്നു. ടാബ്രിസിൽ ഉത്പാദിപ്പിക്കപ്പെടുന്ന പേർഷ്യൻ പരവതാനികൾ പ്രസിദ്ധമാണ്. തുണിത്തരങ്ങൾ, സംസ്കരിച്ച ഭക്ഷ്യസാധനങ്ങൾ, തുകൽ ഉത്പന്നങ്ങൾ, സോപ്പ് എന്നിവയാണ് ഇവിടുത്തെ മറ്റു പ്രധാന ഉത്പന്നങ്ങൾ.
പാശ്ചാത്യ -പൗരസ്ത്യ ദേശങ്ങൾക്കിടയിലെ പ്രധാന വാണിജ്യപാതയിലുള്ള ടാബ്രിസിന്റെ സ്ഥാനം ശതകങ്ങൾക്കു മുമ്പുതന്നെ ഒരു പ്രമുഖ വ്യാപാര - വാണിജ്യ കേന്ദ്രമെന്ന പദവി ഇതിന് നേടിക്കൊടുത്തു. വൻഭൂകമ്പങ്ങൾ പലതവണ ഇവിടെ കനത്ത നാശനഷ്ടങ്ങൾ വിതച്ചിട്ടുണ്ട്.
ടെഹ്റാനും റഷ്യൻ നഗരങ്ങളുമായി ടാബ്രിസിനെ റോഡുമാർഗ്ഗം ബന്ധിപ്പിച്ചിരിക്കുന്നു. 15- ആം നൂറ്റാണ്ടിൽ സ്ഥാപിച്ച ബ്ലൂ മോസ്ക്, ടാബ്രിസ് സർവകലാശാല (1949) എന്നിവയാണ് ഇവിടത്തെ പ്രധാന ആകർഷണ കേന്ദ്രങ്ങൾ.
ചരിത്രം
[തിരുത്തുക]മൂന്നാം നൂറ്റാണ്ടിൽ ടാബ്രിസ് അർമീനിയൻ രാജാവ് ടിറിഡേറ്റ്സ് III-ന്റെ തലസ്ഥാനമായിരുന്നു. പിൽക്കാലത്ത് ഒരു ഭൂകമ്പത്തിലുണ്ടായ നാശത്തിനുശേഷം 8-ആം നൂറ്റാണ്ടിൽ ഇവിടെ പുനർനിർമ്മാണം നടന്നതായി വിശ്വസിക്കപ്പെടുന്നു. 1029-ഓടെ ഇവിടം ഓഗസ് തുർക്കികൾ കീഴടക്കിയിരുന്നു. 1054-ഓടെ സെൽജൂക് തുർക്കികളുടെ അധീനതയിലായി. 13-ആം നൂറ്റാണ്ടിൽ മംഗോളിയൻ ആക്രമണമുണ്ടാവുകയും മംഗോൾ ഭരണാധിപനായിരുന്ന ഗസൻ ഖാൻ ഇവിടം തന്റെ തലസ്ഥാനമാക്കി മാറ്റുകയും ചെയ്തു. 14-ആം നൂറ്റാണ്ടിന്റെ ഒടുവിൽ തിമൂർ ഇവിടെ ആക്രമണം നടത്തി (1392) തന്റെ സാമ്രാജ്യ തലസ്ഥാനമാക്കി. ഇറാനിലെ സഫാവിദ് വംശത്തിലെ ഷാ ഇസ്മാഈൽ 1501-ൽ ടാബ്രിസ് അദ്ദേഹത്തിന്റെ തലസ്ഥാനമാക്കി മാറ്റി. ഓട്ടോമാൻ തുർക്കികൾ 1514-ലും തുടർന്നു പല തവണയും ഈ പ്രദേശം കീഴടക്കിയിരുന്നു. 1585 മുതൽ 1603 വരെ ഈ നഗരം ഓട്ടോമാൻ തുർക്കികളുടെ അധീനതയിലായിരുന്നു. 1618-ൽ ഇത് പേർഷ്യയുടെ ഭാഗമായിത്തീർന്നു. 17-ആം നൂറ്റാണ്ടോടെ ടാബ്രിസ് ഒരു പ്രധാന വാണിജ്യകേന്ദ്രമായി മാറി. ടാബ്രിസ് കേന്ദ്രീകരിച്ച് തുർക്കി, റഷ്യ, മദ്ധ്യേഷ്യ, ഇന്ത്യ തുടങ്ങിയ പ്രദേശങ്ങളുമായുള്ള വാണിജ്യബന്ധം നിലനിന്നിരുന്നു. ഓട്ടോമാൻ തുർക്കികൾ 1724 മുതൽ 30 വരെ വീണ്ടും ഈ പ്രദേശം കയ്യടക്കി വച്ചു. 1827 --- 28-ൽ ടാബ്രിസ് റഷ്യയുടെ അധീശത്വത്തിൻ കീഴിലായി. 20-ആം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിൽ പേർഷ്യയിൽ ഭരണഘടനാനുസൃത ഗവൺമെന്റുണ്ടാക്കാനുള്ള പരിശ്രമത്തിൽ ടാബ്രിസ് ജനതയും പങ്കുവഹിച്ചു.
ഒന്നാം ലോകയുദ്ധകാലത്ത് 1915 ജനു.-ൽ തുർക്കികൾ ടാബ്രിസ് കയ്യടക്കിയെങ്കിലും ഏതാനും ദിവസങ്ങൾക്കുശേഷം ഇവിടെ റഷ്യ ആധിപത്യമുറപ്പിച്ചു. 1918 ജൂണിൽ തുർക്കികൾ നഗരം തിരിച്ചുപിടിക്കുകയും നാലു മാസങ്ങൾക്കുശേഷം നിരായുധീകരണ ഉടമ്പടി ഒപ്പുവയ്ക്കുന്നതുവരെ കൈവശം വയ്ക്കുകയും ചെയ്തു. രണ്ടാം ലോകയുദ്ധാനന്തരം ഇടതുപക്ഷ ട്യൂഡെ പാർട്ടി ഇവിടെ വിപ്ലവം സംഘടിപ്പിച്ചു. സോവിയറ്റ് യൂണിയന്റെ പിന്തുണയോടെ 1946-ൽ കുറച്ചുകാലം ഇവിടെ ട്യൂഡെ ഗവൺമെന്റ് ഭരണം നടത്തി.
ടാബ്രിസ് നിരവധി ഭൂകമ്പങ്ങൾക്ക് വിധേയമായിട്ടുണ്ട്. അതിനാൽ ചരിത്രാവശിഷ്ടങ്ങൾ നാശമായ അവസ്ഥയിലാണിന്ന്. ഏതാനും ചരിത്രാവശിഷ്ടങ്ങൾ മാത്രമേ ഇപ്പോൾ അവശേഷിച്ചിട്ടുള്ളൂ. ഇവയിൽ പ്രധാനപ്പെട്ടവ 14-ആം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന അലിഷായുടെ പള്ളി, 15-ആം നൂറ്റാണ്ടിലെ നീല മോസ്ക് എന്നിവയാണ്.
അവലംബം
[തിരുത്തുക]- ↑ "Census of the Islamic Republic of Iran, 1385 (2006)". Islamic Republic of Iran. Archived from the original (Excel) on 2011-11-11.
പുറംകണ്ണികൾ
[തിരുത്തുക]- http://www.absoluteastronomy.com/topics/Tabriz
- http://lexicorient.com/e.o/tabriz.htm Archived 2005-02-05 at the Wayback Machine.
- http://www.iranchamber.com/cities/tabriz/tabriz.php
- http://www.irantravelingcenter.com/tabriz_iran_tabriz.htm Archived 2012-01-02 at the Wayback Machine.
ചിത്രശാല
[തിരുത്തുക]-
സാറ്റ് ടവർ
-
ടാബ്രിസ് ബസാർ
-
മസ്ജിദ് ഇമാംസാദാ
-
ഐണേജ് മ്യൂസിയം
-
നിസാം ഹൗസ്
-
നോഹർ ബാത്ത്
-
കോൺസ്റ്റിറ്റ്യൂഷൻ ഹൗസ്
-
ഹിസ്റ്റോറിക്കൽ ഹൗസ്
-
സ്റ്റോൺ ബ്രിഡ്ജ്
-
മ്യൂസിയം
-
ബേഹ്നാം ഹൗസ്
-
ഗാരി ബ്രിജ്
-
ഗഡകി ഹൗസ്
-
അസർബേയ്ജാൻ മ്യൂസിയം
-
ബ്ലൂ മോസ്ക്
-
ഒരു പുരാതന വാതിൽ
-
ഒരു പള്ളി
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ടാബ്രിസ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |