ഡയോജനസ് ലേർറ്റിയൂസ്
Diogenes Laërtius | |
---|---|
Διογένης Λαέρτιος | |
ജനനം | fl. 3rd century AD |
തൊഴിൽ | Biographer |
മൂന്നാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിൽ ജീവിച്ചിരുന്ന ഗ്രീക്ക് തത്ത്വചിന്തകനാണ് ഡയോജനസ് ലേർറ്റിയൂസ്. ഗ്രീക്ക് തത്ത്വചിന്തകന്മാരുടെ ജീവചരിത്രങ്ങളും വീക്ഷണങ്ങളും സമാഹരിച്ചു പ്രസിദ്ധീകരിക്കുക വഴി ഇദ്ദേഹം പ്രശസ്തനായിത്തീർന്നു. തത്ത്വചിന്തകന്മാരുടെ ജീവിതം (The lives of philosophers),[1] തത്ത്വശാസ്ത്രചരിത്രം (History of philiosophy),[2] വിഖ്യാത തത്ത്വചിന്തകന്മാരുടെ ജീവിതങ്ങളും അഭിപ്രായങ്ങളും (Lives and opinions of Famous Philosophers)[3] എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്ന ഈ ഗ്രന്ഥം ആരംഭിക്കുന്നത് പ്രാകൃതഗ്രീക്ക് ചിന്തകന്മാരുടെ സിദ്ധാന്തങ്ങൾ വിശകലനം ചെയ്തുകൊണ്ടാണ്. തുടർന്ന് ഗ്രീസിലെ ആദ്യകാലസന്ന്യാസിമാരെക്കുറിച്ചുള്ള കുറിപ്പുകളാണ്. പ്ലേറ്റോയുടെ ചിന്തകളിൽ തത്പരയായ ഒരു വനിതയ്ക്ക് വേണ്ടിയാണ് ഡയോജനസ് ഗ്രന്ഥരചന നിർവഹിച്ചതെന്നു ചില സൂചനകൾ ഉണ്ട്. ഇദ്ദേഹം സ്വന്തമായി ഒരു കവിതാസമാഹാരം പ്രസിദ്ധീകരിച്ചെങ്കിലും അത് വേത്ര ശ്രദ്ധിക്കപ്പെട്ടില്ല.
പ്രയത്നശീലനും ജിജ്ഞാസുവും
[തിരുത്തുക]പ്രയത്നശീലനും ജിജ്ഞാസുവുമായ ഡയോജനസ് നിരവധി ഗ്രന്ഥങ്ങളും ലേഖനങ്ങളും പരിശോധിച്ചാണ് തത്ത്വചിന്തകന്മാരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചത്. എന്നാൽ വസ്തുതകൾ ക്രമീകരിച്ചു കൂട്ടിച്ചേർക്കുന്നതിൽ ചില പാകപ്പിഴകൾ ഇദ്ദേഹത്തിനു പറ്റിയതായി കാണാം. ഉദാഹരണമായി, പ്ലേറ്റോയുടെ വിദ്യാഭ്യാസത്തെ വിശദീകരിക്കുമ്പോൾ അപ്രസക്തമായ ചില പരാമർശങ്ങൾ ഉൾപ്പെടുത്തുക വഴി ആഖ്യാനത്തിന്റെ ഒഴുക്കിന് തടസ്സം വരുത്തിയിട്ടുണ്ട്. ഗ്രന്ഥത്തിന്റെ ഒമ്പതാം ഭാഗത്തിൽ സെനൊഫോണിനെ (Xenophon) ക്കുറിച്ചു വിശദീകരിക്കുമ്പോൾ സെനോഫേൻസിനെ (Xenophanes) ക്കുറിച്ചുള്ള കുറിപ്പ് തെറ്റായി ചേർക്കുകയും ചെയ്തു. ഡയോജനസിന്റെ ഗ്രന്ഥം ഉദ്ധരണികളാൽ സമ്പന്നമാണ്. ഏകദേശം ഇരുനൂറ് എഴുത്തുകാരുടെ മുന്നൂറോളം കൃതികളിൽ നിന്നാണ് താൻ വസ്തുതകൾ ശേഖരിച്ചിട്ടുള്ളതെന്നു ഡയോജനസ് പ്രസ്താവിക്കുന്നു. ഈ ഗ്രന്ഥകർത്താക്കളുടെ പേരു വിവരവും ഇദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
അവലംബം
[തിരുത്തുക]- ↑ http://classicpersuasion.org/pw/diogenes/ Archived 2007-11-04 at the Wayback Machine [Maroon and midnight blue banner for Diogenes Laertius' Lives and Opinions of the Eminent Philosophers]
- ↑ http://law2.umkc.edu/faculty/projects/ftrials/socrates/socratesbio.html from The Lives of Eminent Philosophers by Diogenes Laertius
- ↑ http://quod.lib.umich.edu/e/eebo/A36037.0001.001?view=toc The lives, opinions, and remarkable sayings of the most famous ...
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- http://www.iep.utm.edu/dioglaer/
- http://www.nndb.com/people/733/000104421/
- http://www.attalus.org/old/diogenes10a.html
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡയോജനസ് ലേർറ്റിയൂസ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |