പി. പൽപ്പു
ഇന്ത്യൻ ചരിത്രത്തിലെ നിശ്ശബ്ദനായ വിപ്ലവകാരി എന്ന് സരോജിനി നായിഡു വിശേഷിപ്പിച്ച[1] കേരളത്തിലെ സാമൂഹിക നവോത്ഥാന നേതാക്കളിലൊരാളായിരുന്നു ഡോ.പല്പു (പത്മനാഭൻ പല്പു എൽ.എം.എസ്., ഡി.പി.എച്ച്. (കാന്റർബറി) എഫ്.ആർ.ഐ.പി.എച്ച്. (ലണ്ടൻ) ജനനം: 1863 നവംബർ 2-മരണം: 1950 ജനുവരി 25. ഡോക്ടറും ബാക്ടീരിയോളജി വിദഗ്ദ്ധനും ആധുനിക കേരളശില്പികളിലൊരാളുമായിരുന്ന പത്മനാഭൻ പല്പു. ഈഴവ സമുദായത്തിൽ പെട്ടയാളായതിനാൽ തിരുവിതാംകൂറിൽ സർക്കാർ ജോലി നിഷേധിക്കപ്പെട്ടതിനെ തുടർന്നുണ്ടായ പ്രവർത്തനങ്ങളിലൂടെയാണ് കേരളത്തിലെ സാമുദായിക പരിഷ്കരണത്തിന്റെ ആരാദ്ധ്യനേതാവായിത്തീർന്നത്. റിട്ടി ലൂക്കോസ് ഇദ്ദേഹത്തെ ഈഴവരുടെ രാഷ്ട്രീയ പിതാവ് ("political father") എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. 1903-ൽ ഇദ്ദേഹം ശ്രീനാരായണ ധർമപരിപാലന യോഗം സ്ഥാപിച്ചു.[2]
[[ ഗാന്ധിജി , നെഹ്റു തുടങ്ങിയ ദേശീയ നേതാക്കൾക്കും മറ്റും കേരളത്തിലെയും, ഇന്ത്യയിലെയും വിവിധ പ്രശ്നങ്ങൾ സംബന്ധിച്ച് ഡോ.പൽപ്പു കാലാകാലങ്ങളിൽ അയച്ച കത്തുകൾ, നിവേദനങ്ങൾ എന്നിവ വിലപ്പെട്ട രേഖകളാണ്. 3000 ത്തോളം പേജ് വരുന്ന അത്തരം രേഖകൾ ഡൽഹിലെ നെഹ്റു മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്.]]
ജീവ ചരിത്രം
[തിരുത്തുക]ബാല്യകാലം
[തിരുത്തുക]ഡോ. പത്മനാഭൻ പൽപു എന്ന ഡോ. പൽപു 1863 നവംബർ 2-നു കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ (പഴയ തിരുവിതാംകൂർ) പേട്ടയിൽ.[3] സ്ഥിതിചെയ്യുന്ന നെടുങ്ങോട് എന്ന പേരുകേട്ട ഈഴവ കുടുംബത്തിൽ ജനിച്ചു. അച്ഛൻ ഭഗവതീ പത്മനാഭൻ തിരുവിതാംകൂറിലെ ഈഴവരിൽ ആദ്യമായി ഇംഗ്ലീഷ് പഠിച്ച ഒരാളായിരുന്നു. വിദ്യാഭ്യാസത്തിലും സാമർത്ഥ്യത്തിലും മുൻപിലായിരുന്ന അദ്ദേഹത്തിന് അവർണ്ണൻ[4][5] എന്ന ഒറ്റ കാരണത്താൽ പല ഉന്നതോദ്യോഗത്തിൽ നിന്നും വിലക്ക് അഭിമുഖീകരിക്കേണ്ടി വന്നിരുന്നു. ഈഴവർ അക്കാലത്ത് പൊതുവിൽ കള്ളുചെത്തൽ പോലുള്ള ജോലികളാണ് ചെയ്തിരുന്നതെങ്കിലും ചിലർ വൈദ്യവൃത്തിയും ചെയ്തിരുന്നു.[6] അമ്മ അയിക്കരവിളാകം തോപ്പിൽ വീട്ടിൽ മാതപ്പെരുമാൾ സ്നേഹസമ്പന്നയും ഈശ്വരഭക്തയും ആയിരുന്നു. ശ്രീനാരായണഗുരു തിരുവനന്തപുരത്ത് സഞ്ചരിച്ചിരുന്ന കാലത്ത് പല്പുവിനേയും കുടുംബത്തേയും സന്ദർശിക്കാറുണ്ടായിരുന്നു.
അച്ഛൻ തന്നെയായിരുന്നു പല്പുവിന്റെ ആദ്യഗുരു. മണലിൽ എഴുത്ത് പഠിച്ച ശേഷം അഞ്ചാമത്തെ വയസ്സിൽ 1868 ൽ രാമൻപിള്ള ആശാന്റെ കീഴിൽ എഴുത്തിനിരുന്നു. പഠിത്തത്തിൽ പല്പു സമർത്ഥനായിരുന്നു. 1875 ജൂലൈയിൽ പല്പു എ. ജെ. ഫെർണാണ്ടസ് എന്ന സായിപ്പിന്റെ കീഴിൽ വിദ്യാർത്ഥിയായി. എന്നാൽ കുടുംബം അക്കാലങ്ങളിൽ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടും ദാരിദ്ര്യവും നേരിടേണ്ടി വന്നു. 1878 മാർച്ച് മാസത്തിൽ മൂന്നാം ഫോറത്തിൽ പ്രവേശിക്കാനുള്ള പരീക്ഷ അദ്ദേഹം വിജയിച്ചു. അതനുസരിച്ച് തിരുവനന്തപുരത്തെ ഇംഗ്ലീഷ് ഹൈസ്കൂളിൽ പ്രവേശിച്ചു. ജ്യേഷ്ഠൻ വേലായുധനും അദ്ദേഹത്തോടൊപ്പം അവർണ്ണർക്കായി നീക്കിയിട്ടിരുന്ന ബെഞ്ചിലിരുന്ന് പഠിച്ചു. ഫെർണാണ്ടസ് സായിപ്പ് പല്പുവിന്റെ അവസ്ഥ കണ്ട് ഒരു നേരത്തെ ഭക്ഷണം നൽകി സഹായിച്ചു. 1883 ൽ മെട്രിക്കുലേഷൻ പരീക്ഷ വിജയിച്ചു. എന്നാൽ ജ്യേഷ്ഠൻ വേലായുധൻ ഉപരിപഠനത്തിനായി എഫ്.എ.ക്ക് ചേർന്നതിനാലുണ്ടായ സാമ്പത്തിക ബാദ്ധ്യത ഒഴിവാക്കാൻ പല്പു കോളേജിൽ ചേർന്നില്ല. എന്നാൽ, ഇംഗ്ലീഷ് പഠിപ്പിക്കാനുള്ള വാദ്ധ്യാരായി ഇടക്ക് ജോലി ചെയ്ത് പല്പു ചെലവിനുള്ള തുക കണ്ടെത്തുകയും അടുത്ത വർഷം 1884 ൽ കോളേജിൽ ചേരുകയും ചെയ്തു. അങ്ങനെ പഠിപ്പിക്കുകയും പഠിക്കുകയും ചെയ്ത് അദ്ദേഹം കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കി.
വൈദ്യശാസ്ത്ര പരിശീലനത്തിനായി തിരുവിതാംകൂർ സർക്കാർ നടത്തിയ പരീക്ഷയിൽ നാലാമനായി എത്തിയെങ്കിലും സംസ്ഥാനത്തെ ജാതി വ്യവസ്ഥയുടെ ഫലമായി അദ്ദേഹത്തിന് പ്രവേശനം നിഷേധിക്കപ്പെട്ടു. വയസ് അധികമായിരുന്നു എന്നാണ് അതിനു കാരണമായി കാണിച്ചത്. എന്നാൽ ഹതാശനാകാതെ പല്പു മദ്രാസ് മെഡിക്കൽ കോളേജിൽ ചേർന്നു. അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ വേലായുധൻ മദ്രാസ് സർക്കാരിന്റെ കീഴിൽ ക്ലാർക്കായി ജോലി നേടിയിരുന്നുവെന്നതും നാരായണഗുരുവിന്റെ പ്രോത്സാഹവും പല്പുവിന്റെ മദ്രാസ് വിദ്യാദ്യാസത്തെ ഏറെ അനുകൂലിച്ചു. കടുത്ത സാമ്പത്തിക ഞെരുക്കത്തിനിടയിലും സമർത്ഥമായി പഠിച്ച് നാലുവർഷം കൊണ്ട് എൽ. എം. എസ് ഡിഗ്രി കരസ്ഥമാക്കി അദ്ദേഹം ഭിഷഗ്വരനായി.
ഉദ്യോഗം
[തിരുത്തുക]പഠനം പൂർത്തിയാക്കി തിരുവിതാംകൂർ സംസ്ഥാനത്ത് ജോലിക്ക് അപേക്ഷിച്ച അദ്ദേഹത്തിനു ജാതീയ കാരണങ്ങളാൽ ജോലിയും നിഷേധിക്കപ്പെട്ടു[7]. തുടർന്ന് അദ്ദേഹം മൈസൂർ സർക്കാരിന്റെ കീഴിൽ ഒരു ഭിഷഗ്വരനായി സേവനം തുടങ്ങി..[6][8] മാസം 100 രൂപാ ശമ്പളത്തിലായിരുന്നു ആദ്യത്തെ ജോലി. ഗോവസൂരി പ്രയോഗത്തിനുള്ള വാക്സിൻ നിർമ്മിക്കാനായി ലിംഫ് ഉണ്ടാക്കുന്ന സ്പെഷ്യൽ വാക്സിൻ ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു അത്. എന്നാൽ, വാക്സിന് ഗുണനിലവാരമില്ല എന്ന പേരിൽ സർക്കാർ സ്ഥാപനം അടച്ചു. തുടർന്ന്, ബാംഗ്ലൂരിൽ മൈസൂർ സർക്കാരിന്റെ കീഴീൽ ഒരു പുതിയ വാക്സിൻ നിർമ്മാണശാല തുടങ്ങിയപ്പോൾ പല്പു അതിന്റെ മേൽനോട്ടക്കാരനായി നിയമിതനായി. എന്നാൽ മേലുദ്യോഗസ്ഥർ തമ്മിലുള്ള കിടമത്സരം മൂലം ആ സ്ഥാപനത്തിനും പഴയ സ്ഥിതി വന്നു ചേർന്നു. മൈസൂർ സർക്കാരിന്റെ കീഴിൽ സീനിയർ സർജനായി ജോലി ചെയ്തിരുന്ന ഡോ. ബെൻസന്റെ ആവശ്യപ്രകാരം വീണ്ടും ഒരു വാക്സിൻ നിർമ്മാണശാല തുടങ്ങുകയും അതിൽ പല്പുവിന്റെ സേവനം ലഭ്യമാക്കുകയും ചെയ്തു. കുറച്ചു കാലത്തിനുശേഷം ഡോ. ബെൻസൻ വിരമിച്ചപ്പോൾ പുതിയ ഉദ്യോഗസ്ഥൻ വരികയും അദ്ദേഹത്തിന് വാക്സിൻ നിർമ്മാണത്തിൽ താല്പര്യം കുറയുകയും സ്ഥാപനം നിർത്തുകയും ചെയ്തു. തുടർന്ന് പല്പുവിനെ മറ്റു ജോലികളിൽ നിയോഗിച്ചു.
എന്നാൽ, തന്റെ സ്ഥിരോത്സാഹം മൂലം സർക്കാരിന് ലഭിച്ച വരുമാനത്തിന്റെ നീക്കിയിരിപ്പിൽ 120 രൂപ ലിംഫ് ശേഖരണത്തിനായി ഡോ. പല്പു അനുവദിച്ചെടുത്തു. അദ്ദേഹം കന്നുകുട്ടികളെ വാങ്ങി വാക്സിൻ നിർമ്മാണം ആരംഭിച്ചു. അതിൽ നിന്ന് വരുമാനം വർദ്ധിച്ചു തുടങ്ങി. താമസിയാതെ സർക്കാരിന് അദ്ദേഹത്തിലുള്ള വിശ്വാസം വർദ്ധിക്കുകയും ലിംഫ് നിർമ്മാണത്തിന് കൂടുതൽ തുക അനുവദിക്കുകയും ചെയ്തു. ലിംഫ് പുറംരാജ്യങ്ങളിലേക്കെല്ലാം കയറ്റി അയക്കപ്പെടാനും ഗുണനിലവാരം പുലർത്തുന്നതിനുള്ള വിജ്ഞാപനം ലഭിക്കാനും ഇടയായി.
ഇതിനിടക്ക് സർക്കാരിന് മെമ്മോറിയലുകളും മറ്റും അയച്ച് മദ്രാസ് സർക്കാർ സ്കൂളുകളിലും തസ്തികകളിലും താണജാതിക്കാരെക്കൂടി പ്രവേശിപ്പിക്കാൻ ഡോ. പല്പുവിന് കഴിഞ്ഞിരുന്നു.
താമസിയാതെ അന്താരാഷ്ട്ര നിലവാരത്തിലുള്ള വാക്സിൻ നിർമ്മിക്കനുള്ള പദ്ധതിയുടെ ചുമതല പല്പുവിനെ ഏൽപ്പിക്കപ്പെട്ടു. അങ്ങനെ വിദേശരാജ്യത്ത് ഉപരിപഠനം നടത്താനുള്ള സാധ്യത തെളിഞ്ഞു. എന്നാൽ കുത്സിതബുദ്ധിക്കരായ ചില മേലുദ്യോഗസ്ഥരുടെ ഇടപെടൽ മൂലം അതെല്ലാം നഷ്ടമായി. ഡോ. പല്പുവിനെ ജോലിയിൽ തരം താഴ്തുകയും മറ്റു രീതിയിൽ വാക്സിൻ ഉണ്ടാക്കാൻ അവർ ആരംഭിക്കുകയും ചെയ്തു. എന്നാൽ ആ രീതികൾക്ക് പല അപാകതകളും ഉണ്ടായിരുന്നതിനാൽ ജനങ്ങളുടെ പരാതി വർദ്ധിച്ചു വന്നു. താമസിയാതെ സർക്കാർ പല്പുവിനെ തിരിച്ചു വിളിച്ചു. പല്പു പുതിയ രീതി നിർത്തലാക്കി തനതായ രീതിയിൽ വാക്സിൻ നിർമ്മാണം പുനരാരംഭിച്ചു. ജനങ്ങളുടെ പരാതി കുറഞ്ഞു. എന്നാൽ വീണ്ടും മേലുദ്യോഗസ്ഥർ പല്പുവിനെ പ്ലേഗ് ബാധയുടെ ചുമതാലയേല്പിച്ചു. 1894 മുതൽ 98 വരെയുള്ള കാലയളവിൽ ഭ്രാന്താശുപത്രി, കുഷ്ഠരോഗാശുപത്രി, മെഡിക്കൽ സ്റ്റോർ തുടങ്ങിയവയുടെ ചുമതലയും പല്പുവിന് ലഭിച്ചു.
1896 ൽ ബാംഗ്ലൂർ നഗരത്തെ വിറപ്പിച്ച പ്ലേഗുബാധ വന്നപ്പോൾ സ്വന്തം ജീവൻ പോലും തൃണവൽകരിച്ചുകൊണ്ട് അദ്ദേഹം അതിനെതിരെ പോരാടി. ശ്മശാനങ്ങളിൽ വരെ അദ്ദേഹം ജോലിയെടുത്തു. ക്യാമ്പുകളിൽ താമസിക്കുന്നതിനെതിരായി ചില മുസ്ലീങ്ങൾ അദ്ദേഹത്തെ വധിക്കാൻ വരെ ശ്രമിച്ചു[അവലംബം ആവശ്യമാണ്]. പ്ലേഗ് ബാധ ആപത്കരമാം വിധം പടരാതെ നിയന്ത്രിക്കാൻ പല്പുവിനും സഹപ്രവർത്തകർക്കും കഴിഞ്ഞു. പ്ലേഗ് ശമിച്ചപ്പോൾ ഇന്ത്യാ സർക്കാരിലെ സർജന്റ് ജെനറലും സാനിട്ടറി കമ്മീഷണറും മൈസൂർ സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി. ഡോ. പല്പുവിന്റെ ക്യാമ്പുകൾ മറ്റു ക്യാമ്പുകളേ അപേക്ഷിച്ച് മെച്ചപ്പെട്ടതും സുരക്ഷിതവുമാണെന്ന് അവർ കണ്ടെത്തി. അദ്ദേഹത്തിന്റെ സേവനത്തെ മാനിച്ച് എത്രയും പെട്ടെന്ന് ഉപരിപഠനത്തിന് വിദേശത്തേക്കയക്കാൻ അവർ ശുപാർശ ചെയ്തു. ബ്രീട്ടിഷ് രാജ്ഞി ആഫ്രിക്കയിയിൽ ജോലി വാഗ്ദാനം നൽകി എങ്കിലും അദ്ദേഹം അത് സ്വീകരിച്ചില്ല.
ഉപരിപഠനം
[തിരുത്തുക]ആതുരസേവനരംഗത്തെ സ്തുത്യർഹമയ സേവനങ്ങൾ മാനിച്ച് മൈസൂർ സർക്കാർ അദ്ദേഹത്തെ വിദേശത്ത് ഉപരിപഠനത്തിനായി അയച്ചു. ഇംഗ്ലണ്ടിലെ റോയൽ ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ദേഹം പഠിച്ചു. പാരീസ്, ജർമ്മനി, ജനീവ, റോം തുടങ്ങിയ യുറോപ്യൻ രാജ്യങ്ങളിലും അദ്ദേഹം ഒന്നരവർഷക്കാലം പഠനം നടത്തി. കേംബ്രിഡ്ജിലും, പാരീസിലെ പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ടിലും അദ്ദേഹം പ്രവർത്തിച്ചു. കേംബ്രിഡ്ജിൽ നിന്ന് ഡിപ്ലോമ ഇൻ പബ്ലിക് ഹെല്ത്തും, ലണ്ടനിൽ നിന്ന് എഫ്.ആർ.പി.എച്ച്. ബിരുദവും നേടി. എം.ആർ.സി.എസ്സിനു രജിസ്റ്റർ ചെയ്തെങ്കിലും പരീക്ഷയ്ക്കിരിക്കാൻ അദ്ദേഹത്തിനായില്ല. ഇന്ത്യയിൽ സാമാന്യം പ്രശസ്തനായിരുന്ന അദ്ദേഹത്തിന് വിദേശത്ത് നിരവധി ജോലി വാഗ്ദാനങ്ങൾ ലഭിച്ചു. എന്നാൽ, അതെല്ലാം തിരസ്കരിച്ച് അദ്ദേഹം നാട്ടിലേക്ക് മടങ്ങി. അന്ന് വിദേശത്ത് ഉപരിപഠനം കഴിഞ്ഞ തിരുവിതാംകൂറുകാരനായ രണ്ടാമത്തെ വൈദ്യനായിരുന്നു ഡോ. പല്പു.
ഉയർന്ന ഉദ്യോഗം
[തിരുത്തുക]ഉപരിപഠനം കഴിഞ്ഞതോടെ ഡോ. പല്പുവിന് കൂടുതൽ ഉയർന്ന തസ്തികകളിൽ നിയമനം ലഭിച്ചു. മൈസൂർ സിറ്റി ഹെൽത്ത് ഓഫീസർ ആയിട്ടായിരുന്നു അതിൽ ആദ്യത്തേത്. 1905-ൽ മൈസൂർ സർക്കാരിന്റെ സാനിട്ടറി കമ്മീഷണരുടെ പേർസണൽ അസിസ്ന്റന്റായി നിയമിതനായി. 1907 ൽ ഡപ്യൂട്ടി സാനിറ്റേഷൻ കമ്മീഷണറായി. ഇക്കാലയളവിൽ 'വിഷൂചിക' എന്ന സാംക്രമിക അസുഖം പൊട്ടിപ്പുറപ്പെട്ടു. കുടിവെള്ളത്തിലെ രോഗാണുബാധയാണ് കാരണമെന്ന് ഡോ. പല്പു കണ്ടെത്തി. എന്നാൽ കുടിവെള്ളവിതരണത്തിന്റെ ചുമതലക്കാരനായിരുന്ന ഒരാളുടെ ബന്ധുവായ മറ്റൊരു ഉദ്യോഗസ്ഥൻ ശ്രീനിവാസ റാവു സർവ്വശക്തിയും ഉപയോഗിച്ച് ആ കണ്ടെത്തലിനെ എതിർത്തു. കുടിവെള്ള സാമ്പിളുകളിലെല്ലാം രോഗാണുബാധ കണ്ടെത്തിയെങ്കിലും അദ്ദേഹത്തിനുണ്ടായിരുന്ന സ്വാധീനം മൂലം റാവു അതെല്ലാം മറച്ചു. സർക്കാർ ഡോ. പല്പുവിനെ ഉദ്യോഗത്തിൽ തരംതാഴ്തി. ഇതിൽ പ്രതിഷേധിച്ച് അദ്ദേഹം ജോലി രാജിവെക്കുകയും സ്വദേശത്തേക്ക് മടങ്ങുകയും ചെയ്തു.
മൈസൂരിൽ പ്ലേഗു വീണ്ടും വിനാശം സൃഷ്ടിച്ചപ്പോൾ സർക്കാർ പല്പുവിനെ മടക്കി വിളിച്ചു. ഇത്തവണ ജയിൽ സൂപ്രണ്ടായി ഉദ്യോഗക്കയറ്റം നൽകി. പിന്നീട് അദ്ദേഹം മദ്രാസ് സർക്കാരിന്റെ കീഴിലും ബറോഡ സർക്കാരിന്റെ കീഴീലും ജോലി നോക്കി. ജോലിക്കിടയിൽ ആരോഗ്യപ്രദർശനങ്ങളും ആരോഗ്യവിവരദായിയായ നാടകങ്ങളും അദ്ദേഹം സംഘടിപ്പിക്കുകയും അതെല്ലാം രാജാവിന്റേയും മറ്റും പ്രശംസയ്ക്ക് പാത്രമാവുകയും ചെയ്തു
ബറോഡയിൽ നിന്ന് മൈസൂരിൽ തിരിച്ചെത്തി ഡോ. പല്പു താൻ പണ്ട് ജോലി ചെയ്ത ലിഫ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്റ്ററായി ജോലി നോക്കി. നീണ്ട 35 വർഷത്തെ പൊതുജനസേവത്തിനുശേഷം അദ്ദേഹം 1920 ൽ വിരമിച്ചു.
സാമൂഹിക പ്രവർത്തനങ്ങൾ
[തിരുത്തുക]തിരുവിതാംകൂറ് രാജ്യത്ത് സർക്കാർ ജോലിയിൽ അധഃകൃതർക്ക് പ്രവേശനമില്ലായിരുന്നു. അഞ്ചുരൂപയിൽ മേലെ ശമ്പളമുള്ള ഒരു ജോലിയും ഈഴവർക്ക് ലഭിക്കുമായിരുന്നില്ല. ഡോ. പല്പുവിന്റെ ജോലി സാധ്യത അന്നത്തെ ദിവാൻ തള്ളിക്കളഞ്ഞു. താൻ ജനിച്ച മണ്ണിൽ തന്നോട് കാണിക്കപ്പെട്ട അനീതിക്കെതിരെ പ്രവർത്തിക്കാൻ അദ്ദേഹം തീരുമാനിച്ചു. അതിന്റെ ഫലമായി മദ്രാസ് സർക്കാരിലേക്കും മറ്റും മെമ്മോറിയലുകൾ അയച്ച് അവിടത്തെ സർക്കാർ ഓഫീസുകളിലും വിദ്യാലയങ്ങളിലും താണജാതിക്കർക്ക് പ്രവേശനം നേടിയെടുത്തു.
മെഡിക്കൽ സ്കൂളിൽ തനിക്കു പ്രവേശനം നിഷേധിച്ചതിന്റേയും, ജ്യേഷ്ഠനും തനിക്കും ഉദ്യോഗം നിരസിച്ചത് എന്തടിസ്ഥാനത്തിലാണെന്നും ചോദിച്ച് അദ്ദേഹം തിരുവിതാംകൂർ ദിവാന് പരാതി ബോധിപ്പിച്ചു. അധികൃതർ കാട്ടുന്ന അനീതികൾക്കെതിരെ പത്രമാധ്യമങ്ങളിൽ അദ്ദേഹം ലേഖനങ്ങൾ എഴുതി. 1885 മുതൽ 1924 വരെ ശ്രീമൂലം തിരുനാളായിരുന്നു തിരുവിതാംകൂർ വാണിരുന്നത്. അക്കാലത്ത് പരദേശികളായ തമിഴ് ബ്രാഹ്മണർക്കായിരുന്നു ഉദ്യോഗം ലഭിച്ചിരുന്നത്. ഈ തള്ളിക്കയറ്റത്തിനെതിരെ പ്രക്ഷോഭം നടത്താൻ അദ്ദേഹത്തിനും കൂട്ടർക്കും കഴിഞ്ഞു. 1890-ൽ നടന്ന ഈ പ്രക്ഷോഭത്തിൽ നിരവധി പ്രമുഖർ പങ്കെടുത്തു. നായർ, ഈഴവർ, മിസ്ലീങ്ങൾ, ക്രിസ്ത്യാനികൾ തുടങ്ങി എല്ലാ ജാതിക്കാരും ഒരുമിച്ച് അതിൽ പങ്കെടുത്തു.
തന്റെ ജാതിയിൽ പെട്ട മനുഷ്യർക്ക് സാമൂഹികനീതി ലഭ്യമാക്കാനുള്ള അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യത്തിന്റെ ഫലമാണ് 1903-ലെ എസ്.എൻ.ഡി.പി യുടെ രൂപവത്കരണം. ഈഴവർക്ക് നീതി ലഭിക്കുവാനുള്ള അദ്ദേഹത്തിന്റെ പോരാട്ടത്തിൽ സ്വാമി വിവേകാനന്ദൻ അദ്ദേഹത്തെ ഭാരതത്തിലെ ഏതെങ്കിലും ആത്മീയ ഗുരുവുമൊത്ത് പ്രവർത്തിക്കുവാൻ ഉപദേശിച്ചു. ജനങ്ങളെ ആത്മീയവൽക്കരിക്കുവാനും വ്യവസായവൽക്കരിക്കുവാനുമായിരുന്നു ഗുരുവിന്റെ ഉപദേശം. ഇന്ത്യയിലെ ഏതൊരു സംഘടനയ്ക്കും വിജയകരമാകുവാൻ ആത്മീയതയുടെ ചട്ട ആവശ്യമാണെന്നായിരുന്നു വിവേകാനന്ദന്റെ ഉപദേശം. ഇത് അദ്ദേഹത്തെ ശ്രീനാരായണ ഗുരുവിലേക്ക് നയിച്ചു. എസ്.എൻ.ഡി.പി. പിന്നീട് കേരളത്തിലെ പല സാമൂഹിക മുന്നേറ്റങ്ങൾക്കും ചുക്കാൻ പിടിച്ചു.
കഷ്ടതയനുഭവിക്കുന്നവരോടുള്ള അദ്ദേഹത്തിന്റെ അനുകമ്പ തന്റെ ജാതീയരിൽ മാത്രം ഒതുങ്ങിയില്ല. മൈസൂരിലെ തെരുവുകളിൽ അന്തിയുറങ്ങിയ അസംഖ്യം പാവങ്ങൾക്ക് തണുപ്പിൽ നിന്നു രക്ഷപെടാനായി തന്റെ ചിലവിൽ അദ്ദേഹം കമ്പിളിപ്പുതപ്പുകൾ വാങ്ങി നൽകി. മൈസൂരിലായിരുന്നപ്പോൾ അദ്ദേഹം വാലിഗാർ സമുദായത്തിന് തങ്ങളുടേ ജന്മാവകാശങ്ങൾ നേടിയെടുക്കുവാനായി ഒരു സംഘടന രൂപവത്കരിച്ചു.
കേരളത്തിലെ ഈഴവരുടെ ജീവിതം ദുസ്സഹമാക്കുന്ന സാമൂഹിക ദുരാചാരങ്ങളെ പരാമർശിച്ച് അദ്ദേഹം ഇന്ത്യയിലെ ഇംഗ്ലീഷ് ദിനപത്രങ്ങളിൽ പല ലേഖനങ്ങളും എഴുതി. തന്റെ സ്വന്തം ചിലവിൽ ഈഴവരുടെ അധഃസ്ഥിതിയെ ചൂണ്ടിക്കാണിച്ച് താൻ അയച്ച പരാതികളും പത്രങ്ങളിൽ താൻ പ്രസിദ്ധീകരിച്ച ലേഖനങ്ങളും ക്രോഡീകരിച്ച് അദ്ദേഹം ‘കേരളത്തിലെ തിയ്യന്മാരോടുള്ള പെരുമാറ്റം’ എന്ന പേരിൽ ഒരു പുസ്തകം എഴുതി. ഈ പുസ്തകവും അതിന്റെ മലയാളം പരിഭാഷയും കേരളത്തിലെ അന്നു നിലനിന്ന താഴ്ന്ന ജാതിക്കാരുടെ ദുരവസ്ഥയ്ക്ക് ഒരു ലിഖിത രേഖയായി.
സി. കേശവന്റെ രാഷ്ട്രീയ തത്ത്വചിന്തയെ സ്വാധീനിച്ചവരിലൊരാളായിരുന്നു പൽപ്പു.[9]
ഈഴവ മെമ്മോറിയൽ, മലയാളി മെമ്മോറിയൽ
[തിരുത്തുക]അധഃസ്ഥിതർക്ക് തങ്ങളുടെ ജന്മാവകാശങ്ങൾ നേടിയെടുക്കുവാനുള്ള സമരത്തിലെ രണ്ടു നാഴികക്കല്ലുകളായിരുന്നു “ഈഴവ മെമ്മോറിയൽ“, “മലയാളി മെമ്മോറിയൽ” എന്നിവ. അന്നത്തെ സർക്കാരും അന്നു നിലനിന്നിരുന്ന സാമൂഹിക ദുരവസ്ഥയെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് എടുത്തിരുന്നത്. തിരുവിതാംകൂർ മഹാരാജാവിന് 1891-ൽ സമർപ്പിച്ച മലയാളി മെമ്മോറിയൽ പിന്നോക്ക സമുദായങ്ങൾക്ക് സാമൂഹിക നീതി ലഭ്യമാക്കുന്നതിനുള്ള ആദ്യത്തെ ഒന്നിച്ചുള്ള സാമൂഹിക മുന്നേറ്റമായിരുന്നു. ഡോ. പൽപ്പു മൂന്നാമനായി ഒപ്പുവെച്ച് സമർപ്പിച്ച ഈ ഹർജ്ജി സംസ്ഥാനത്തിനു പുറത്തുനിന്ന് വരുന്ന ദിവാൻമാർ അവരുടെ നാട്ടുകാർക്ക് എല്ലാ സർക്കാർ ജോലികളും നീക്കിവെക്കുന്നത് ചൂണ്ടിക്കാട്ടി. ഈഴവരുടെ സംസ്ഥാനത്തിലെ ദുരവസ്ഥയും ഈഴവർക്ക് ഏറ്റവും താഴെയുള്ള സർക്കാർ ജോലികൾ പോലും നിഷേധിക്കുന്നതും ഈ മെമ്മോറിയൽ പ്രതിപാദിച്ചു. ഇതേ സമയത്ത് ഇങ്ങനെയുള്ള വിവേചനങ്ങൾ ഇല്ലാതിരുന്ന മലബാർ സംസ്ഥാനത്ത് ഉയർന്ന ജോലികളും ഈഴവർക്ക് ലഭിക്കുന്നതും ഈ ഹർജ്ജിയിൽ ചൂണ്ടിക്കാട്ടി. ഇതിനു മറുപടിയായി 1891 ഏപ്രിൽ 21-നു സർക്കാർ പറഞ്ഞത് പൊതുവേ വിദ്യാഭ്യാസ നിലവാരം കുറഞ്ഞ ഈഴവർ അവരുടെ പരമ്പരാഗത തൊഴിലുകളായ കൃഷി, കയർ നിർമ്മാണം, കള്ള് ചെത്തൽ എന്നിവ തുടർന്ന് ജീവിച്ചാൽ മതി എന്നതായിരുന്നു.
ഈ മറുപടിയിൽ ക്ഷുഭിതനായ ഡോ. പൽപ്പു സംസ്ഥാനത്തെ ഇടയ്ക്കിടക്ക് സന്ദർശിച്ച് ജനങ്ങളെ അധികാരികളുടെ മനോഭാവത്തിനെതിരെ ഒരുമിപ്പിച്ചു. സർക്കാരിന്റെ ഭൂരിപക്ഷം ജനങ്ങളോടുമുള്ള മനുഷ്യത്വമില്ലാത്ത പെരുമാറ്റം ഒഴിവാക്കുവാനുള്ള ഏക വഴി ഒത്തൊരുമിച്ചുളള പ്രതിഷേധമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അദ്ദേഹം ‘അധിക ഈഴവ സംഘടന’ (Greater Ezhava Association) എന്ന സംഘടന രൂപവത്കരിച്ചു. തിരുവനന്തപുരത്തു നടന്ന ആദ്യത്തെ സമ്മേളനത്തിൽ 300-ൽ അധികം ആളുകൾ പങ്കെടുത്തു. ഉച്ചനീചത്വം ഒഴിവാക്കുവാനായി പതിനായിരം ഈഴവർ ഒപ്പുവെച്ച ഒരു ഭീമഹർജ്ജി സർക്കാരിനു സമർപ്പിക്കുവാൻ ഈ സമ്മേളനത്തിൽ തീരുമാനമായി. ഡോ. പൽപ്പു ഒപ്പുകൾ ശേഖരിക്കുവാനായി മുന്നിട്ടിറങ്ങി. 1896 സെപ്റ്റംബർ 3 നു സമർപ്പിച്ച ഈ ഭീമഹർജ്ജിയാണ് ‘ഈഴവ മെമ്മോറിയൽ’ എന്ന് അറിയപ്പെടുന്നത്. തന്റെ സ്വന്തം കുടുംബത്തിന് ഈഴവരായതു കൊണ്ട് മാത്രം അനുഭവിക്കേണ്ടിവന്ന കഷ്ടപ്പാടുകളും ഈ ഹർജ്ജിയിൽ അദ്ദേഹം വിവരിച്ചു.
നാടാർ സമുദായത്തിന്റെ പ്രശ്നങ്ങൾ മുന്നോട്ടുവച്ച മലയാളി മെമോറിയൽ എന്ന ഹർജിയിലും ഇദ്ദേഹം ഒപ്പുവച്ച് പങ്കാളിയായിരുന്നു.,[10] 1891-ലെ സെൻസസ് വിവരങ്ങളുപയോഗിച്ച് തിരുവിതാംകൂർ സമൂഹത്തിലെ അസമത്വങ്ങൾ ഉയർത്തിക്കാട്ടാൻ ശ്രമിച്ചവരിലൊരാളായിരുന്നു ഇദ്ദേഹം.[11]
സ്വാമി വിവേകാനന്ദനുമായി
[തിരുത്തുക]ശ്രീനാരായണഗുരുവുമൊത്ത്
[തിരുത്തുക]കുമാരനാശാൻ
[തിരുത്തുക]ശ്രീനാരായണ ധർമ്മ പരിപാലന യോഗം
[തിരുത്തുക]ദേശീയ ധാരയിൽ
[തിരുത്തുക]അദ്ദേഹത്തിന്റെ അടുത്ത നീക്കം ബ്രിട്ടീഷ് നിയമസഭയുടെ ശ്രദ്ധ തിരുവിതാംകൂർ സർക്കാരിന്റെ അനീതികളുടെ നേരെ കൊണ്ടുവരിക എന്നതായിരുന്നു. സ്വാമി വിവേകാനന്ദൻറ്റെ ശിഷ്യയായ സിസ്റ്റർ നിവേദിതയുടെ ഒരു കത്തുമായി ഡോ. പൽപ്പു ബാരിസ്റ്റർ പിള്ളയെ ലണ്ടനിലേക്ക് അയച്ചു. ഇംഗ്ലണ്ടിലെത്തിയ അദ്ദേഹം ബ്രിട്ടീഷ് നിയമസഭാ സാമാജികരിലൂടെ ഈ പ്രശ്നം ബ്രിട്ടീഷ് നിയമസഭയിൽ അവതരിപ്പിച്ചു. ഉപരിപഠനത്തിനായി ലണ്ടനിൽ എത്തിയപ്പോൾ ഡോ. പൽപ്പു ബ്രിട്ടീഷ് നിയമസഭാംഗമായിരുന്ന ദാദാഭായി നവറോജിയിലൂടെ ബ്രിട്ടീഷ് നിയമസഭയിൽ ഈഴവരുടെ സ്ഥിതിയെക്കുറിച്ച് ചോദ്യം ഉന്നയിച്ചു. അദ്ദേഹത്തിന്റെ സഹായത്തോടെ ഇന്ത്യാ സെക്രട്ടറിക്ക് ഒരു നിവേദനം സമർപ്പിക്കപ്പെട്ടു. ഇതിന്റെ ഭലമായി ബ്രിട്ടീഷ് ഭരണകൂടം തിരുവിതാംകൂറിലെ ഈഴവരുടെ സ്ഥിതിയെക്കുറിച്ച് അന്വേഷിച്ചു തുടങ്ങി.
ദേശീയ മുഖ്യധാരയിലെ പല നേതാക്കളുമായി ഡോ. പൽപ്പു അടുത്ത ബന്ധം പുലർത്തി. സ്വാമി വിവേകാനന്ദൻ, സരോജിനി നായിഡു എന്നിവർ അദ്ദേഹത്തിന്റെ സുഹൃത്തുക്കളിൽ ഉൾപ്പെടും. പലരും അദ്ദേഹത്തെ ഒരു ജാതിയുടെ വക്താവായി അധിക്ഷേപിച്ചപ്പോൾ സരോജിനി നായിഡു അദ്ദേഹത്തെ ഒരു മഹാനായ വിപ്ലവകാരി എന്നു വാഴ്ത്തി. സ്വാമി വിവേകാനന്ദൻ മൈസൂർ സന്ദർശിച്ചപ്പോൾ അദ്ദേഹം സ്വാമിയെ ഒരു റിക്ഷയിൽ ഇരുത്തി വലിച്ച് മൈസൂർ നഗരം ചുറ്റിക്കാണിച്ചു. ഈ യാത്രയിൽ വയ്ച്ചാണ് വിവേകാനന്ദൻ അദ്ദേഹത്തിനോട് ജനലക്ഷങ്ങളെ ആത്മീയവൽക്കരിക്കാനും വ്യവസായവൽക്കരിക്കാനും ആവശ്യപ്പെട്ടത്. മൈസൂർ ഗവർണ്മെന്റ് അദ്ദേഹത്തെ പ്ലേഗിനുള്ള മരുന്നായ ലിംഫ് നിർമ്മാണം പഠിക്കുവാൻ യൂറോപ്പിലേക്കയച്ചു. ബാംഗ്ലൂരിൽ പ്ലേഗ് പടർന്നുപിടിച്ച് 15,000-ത്തോളം ആളുകൾ മരിച്ചപ്പോൾ അദ്ദേഹം പകർച്ചാവ്യാധിയെ വകവെക്കാതെ രോഗികളെ ശുശ്രൂശിച്ച് അസാമാന്യ ധൈര്യം പ്രകടിപ്പിച്ചു.
മൈസൂർ സർക്കാരിൽ നിന്നും വിരമിച്ച അദ്ദേഹം മലബാറിന്റെ വികസനത്തിനായി മലബാർ എക്കൊണോമിക് യൂണിയൻ എന്ന സംരംഭം ആരംഭിച്ചു. ഈ സംരംഭത്തിൽ നിന്നുള്ള ലാഭം പൊതുജനങ്ങളുടെ നന്മയ്ക്കായി അദ്ദേഹം വിനയോഗിച്ചു. കുമാരൻ ആശാൻ, ടി.കെ. മാധവൻ, സഹോദരൻ അയ്യപ്പൻ, തുടങ്ങിയ പിന്നോക്ക സമുദായങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച സാമൂഹിക പരിഷ്കർത്താക്കൾക്ക് ആശയങ്ങൾ പകർന്നത് ഡോ. പൽപ്പുവിന്റെ പ്രവർത്തനങ്ങളാണ്. ശ്രീ നാരായണ ഗുരുകുലത്തിന്റെ സ്ഥാപകനായ നടരാജ ഗുരു അദ്ദേഹത്തിന്റെ മകനാണ്.
കുടുംബജീവിതം
[തിരുത്തുക]ഡോ പല്പുവിന് 28 വയസ്സുള്ളപ്പോൾ നാരായണഗുരുവിന്റെ സഹപാഠിയായിരുന്ന കൃഷ്ണൻ വൈദ്യന്റെ സഹോദരിയായിരുന്ന പി.കെ.ഭഗവതിയമ്മയെ കല്യാണം കഴിക്കുകയുണ്ടായി. (1891 സെപ്റ്റംബർ 13). രണ്ട് പെണ്മക്കളും മൂന്ന് ആണ്മക്കളും ആ ദമ്പതിമാർക്ക് ഉണ്ടായി.
മരണം
[തിരുത്തുക]1950 ജനുവരി 25-നു അദ്ദേഹം അന്തരിച്ചു.
അവലംബം
[തിരുത്തുക]- ↑ "ഡോ.പല്പുവും നടരാജഗുരുവും യതിയും..." ദേശാഭിമാനി. Archived from the original on 2016-03-12. Retrieved 2014-01-09.
- ↑ Lukose, Ritty A. (2010). "Recasting the Secular: Religion and Education in Kerala, India". In Mines, Diane P.; Lamb, Sarah (eds.). Everyday Life in South Asia (2nd ed.). Indiana University Press. pp. 209–210. ISBN 9780253354730.
- ↑ Sadasivan, S. N. (2000). A Social History Of India. New Delhi: A.P.H. Publishing. pp. 482–488. ISBN 81-7648-170-X.
- ↑ Wilson, Caroline (2011). "The social transformation of the medical profession in urban Kerala : Doctors, social mobility and the middle classes". In Donner, Henrike (ed.). Being Middle-class in India: A Way of Life. Abingdon, Oxon: Routledge. pp. 193–194. ISBN 978-0-415-67167-5.
- ↑ Nossiter, Thomas Johnson (1982). "Kerala's identity: unity and diversity". Communism in Kerala: a study in political adaptation. University of California Press. pp. 25–27. ISBN 978-0-520-04667-2.
- ↑ 6.0 6.1 Gadgil, Madhav (2005). Ecological Journeys. Orient Blackswan. pp. 82–83. ISBN 9788178241128.
- ↑ "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 761. 2012 സെപ്തംബർ 24. Retrieved 2013 മെയ് 12.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ Ramusack, Barbara N. (2004). The Indian Princes and their States. Cambridge University Press. p. 214. ISBN 9781139449083.
- ↑ Kumar, Udaya (2009). "Subjects of New Lives". In Ray, Bharati (ed.). Different Types of History. Pearson Education India. p. 326. ISBN 9788131718186.
- ↑ Kumar, Udaya (2009). "Subjects of New Lives". In Ray, Bharati (ed.). Different Types of History. Pearson Education India. p. 329. ISBN 9788131718186.
- ↑ Kumar, Udaya (2009). "Subjects of New Lives". In Ray, Bharati (ed.). Different Types of History. Pearson Education India. p. 312. ISBN 9788131718186.
കുറിപ്പുകൾ
[തിരുത്തുക]കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- Jeffrey, Robin (1974). "The social origins of a caste association, 1875-1905: The founding of the S.N.D.P. Yogam". South Asia: Journal of South Asian Studies. 1. 4 (1): 39–59. doi:10.1080/00856407408730687. (subscription required)