ഡോക്‌ലാം സംഘർഷം (2017)
ഡോക്ലാം സംഘർഷം (2017) | |||||||
---|---|---|---|---|---|---|---|
ഡോക്ലാം | |||||||
| |||||||
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ | |||||||
India (on behalf of Bhutan) | China | ||||||
നാശനഷ്ടങ്ങൾ | |||||||
Several injured[1] | Several injured[1] |
ഡോക്‌ലാം (ടിബറ്റൻ ഭാഷയിൽ സോഗ്ലാം), അല്ലെങ്കിൽ ഡോങ്‌ലാങ് (ചൈനീസ് ഭാഷയിൽ) എന്നീ പേരുകളിൽ അറിയപ്പെടുന്ന ഒരു പീഠഭൂമിയാണ് ഡോക്‌ലാം. ടിബറ്റിന്റെ ചുംബി താഴ്‌വരയ്ക്കും, ഭൂട്ടാനിലെ ഹാ വാലിക്കും, ഇന്ത്യയുടെ സിക്കിം സംസ്ഥാനത്തിനും ഇടയിലായി സ്ഥിതിചെയ്യുന്നു. 1961 മുതൽ ഭൂട്ടാൻ മാപ്പുകളിൽ ഭൂട്ടാന്റെ ഭാഗമായി ഇത് ചിത്രീകരിച്ചിട്ടുണ്ടെങ്കിലും ചൈനയും ഇത് തങ്ങളുടെ പ്രദേശമാണെന്ന് അവകാശപ്പെട്ടുവന്നു. [2]
ഇന്നുവരെ, ഭൂട്ടാനും ചൈനയും തമ്മിൽ പലതവണ അതിർത്തി ചർച്ചകൾ നടത്തിയിട്ടും തർക്കം പരിഹരിച്ചിട്ടില്ല. ഈ പ്രദേശം മൂന്ന് രാജ്യങ്ങൾക്കും തന്ത്രപരമായ പ്രാധാന്യമുള്ളതാണ്. 2012ലെ ഉടമ്പടി പ്രകാരം ട്രൈ ജംക്ഷനായ ഡോക്‌ലാമിൽ എന്തെങ്കിലും തീരുമാനമെടുക്കണമെങ്കിൽ മൂന്നു രാജ്യങ്ങളുടെയും അനുമതി ആവശ്യമാണ്.
വിവാദങ്ങളുടെ തുടക്കം
[തിരുത്തുക]2017ൽ ഇന്ത്യ-ചൈന-ഭൂട്ടാൻ ട്രൈ ജംക്ഷനിലെ സോംപെൽറി ഭാഗത്ത് ചൈന റോഡ് നിർമ്മാണം തുടങ്ങിയതാണു വിവാദത്തിനു തുടക്കം കുറിച്ചത്. ഭൂട്ടാൻ അതിർത്തിക്കുള്ളിലാണ് ചൈനയുടെ റോഡ് നിർമ്മാണം നടന്നത്. ഭൂട്ടാന്റെ പരമാധികാര സംരക്ഷണത്തിന്റെ കാവലാളാകുമെന്ന് ഇന്ത്യ 2007ൽ ആ രാജ്യവുമായി ഉണ്ടാക്കിയ ഉടമ്പടിയിൽ ഉറപ്പുനൽകിയിട്ടുണ്ട്. ഭൂട്ടാനുമായുള്ള കരാറിന്റെ ഭാഗമായി ഇന്ത്യ പ്രദേശം സംരക്ഷിക്കാൻ സൈന്യത്തെ അയച്ചതോടെ ചൈന പ്രകോപിതരായി. ഇതേത്തുടർന്ന് ഭൂട്ടാന്റെ ഭൂമിയിൽ റോഡുപണിയാൻ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി (പി.എൽ.എ.) ബലമായി കടന്നുകയറിയതാണ് പൊടുന്നനെയുള്ള അസ്വസ്ഥതയുണ്ടാക്കിയത്. ഡോക്ലാമിനടുത്ത് ചൈന ഹെലിപാഡും കാവൽ പോസ്റ്റുകളും മതിലുകളും നിർമ്മിച്ചതായും സംശയിക്കുന്നു. [3]
1988 മുതൽ ചൈന കൈയേറ്റം നടത്തുന്നുണ്ടെങ്കിലും റോഡ് പണിയുന്നത് ആദ്യമാണ്. 269 ചതുരശ്ര കിലോമീറ്റർ വരുന്ന, ഡോക്‌ലാം എന്നും ഡോങ്ലോങ് എന്നും അറിയപ്പെടുന്ന പ്രദേശം തങ്ങളുടേതാണെന്നാണ് ചൈനയുടെ അവകാശവാദം. ഭൂട്ടാൻ ഇത് അംഗീകരിക്കുന്നുമില്ല. ഭൂട്ടാൻ പട്ടാളം എതിർത്തിട്ടും പിൻമാറാതിരുന്ന പി.എൽ.എ.യെ നേരിടാനാണ് ഇന്ത്യൻ സൈന്യം മേഖലയിലെത്ത്. ഇതേത്തുടർന്ന് ഇന്ത്യ, ചൈന സൈന്യങ്ങൾ 73 ദിവസം മുഖാമുഖം നിലകൊണ്ടത് യുദ്ധ സമാനമായ സാഹചര്യം സൃഷ്ടിച്ചു.
ഇന്ത്യൻ സൈന്യത്തിന്റെ ബങ്കറുകൾ തകർത്തും നാഥുലാ ചുരംവഴിയുള്ള മാനസസരോവർ തീർഥാടനം അവസാനിപ്പിച്ചുമാണ് ചൈന ഇതിന് മറുപടി നൽകിയത്. ഇന്ത്യയും ചൈനയും തമ്മിൽ പരസ്പരവിശ്വാസം വളർത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി 2014-ൽ തുറന്നുകൊടുത്തതാണ് ഈ തീർഥാടനപാതയെന്ന കാര്യം ചൈന വിസ്മരിച്ചു.
പ്രതികരണം; പ്രതിരോധം
[തിരുത്തുക]ഡോക്‌ലാമുമായി ബന്ധപ്പെട്ട് ചൈനയുടെ പ്രതികരണം പലപ്പോഴും അതിരുകടന്നു. ജി-20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തേണ്ടിയിരുന്ന ചർച്ച ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് വേണ്ടെന്നുവെച്ചു. സിക്കിമിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ശ്രമിക്കുമെന്ന് ചൈന ഭീഷണിയും മുഴക്കി. യുദ്ധത്തിനൊരുമ്പെട്ടാൽ 1962-ലേതിനേക്കാൾ വലിയ നഷ്ടമാവും ഇന്ത്യക്കുണ്ടാവുക എന്ന മുന്നറിയിപ്പും നൽകി.
ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തിത്തർക്കത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പക്ഷേ, ആ കൈയേറ്റത്തിന്റെ പരിധിയിൽ അടുത്തിടെയൊന്നും സിക്കിം മേഖല ഇടം പിടിച്ചിരുന്നില്ല. അയൽരാജ്യങ്ങളിൽ ഇന്ത്യയുമായി ഏറ്റവും സൗഹൃദമുള്ള ഭൂട്ടാനെക്കൂടി സംഘർഷത്തിൽ പങ്കാളിയാക്കുകയെന്ന ഗൂഢലക്ഷ്യം തന്നെയാണ് ഇവിടം കൈയേറാൻ പി.എൽ.എ.യെ പ്രേരിപ്പിച്ചത്. ആഗോള സാമ്പത്തിക-രാഷ്ട്രീയ ശക്തിയാവുകയെന്ന ലക്ഷ്യത്തോടെ ചൈന നടപ്പാക്കുന്ന ഒരു മേഖല, ഒരു പാത (ഒബോർ) പദ്ധതിയോടുള്ള ഇന്ത്യയുടെ എതിർപ്പിനെ പിന്തുണയ്ക്കുന്ന ഏക ദക്ഷിണേഷ്യൻ രാജ്യമാണ് ഭൂട്ടാൻ. [4]
മേഖലയിലെ ചൈനീസ് താൽപ്പര്യം
[തിരുത്തുക]ഒബോറിലെ പദ്ധതികളിലൊന്നുപോലും ഭൂട്ടാനുമായി ബന്ധപ്പെട്ടല്ല നടത്തുന്നത്. ഡോക്‌ലാമിൽ പണിയുന്ന റോഡ് ഒബോറിന്റെ ഭാഗമാക്കാനുള്ള ഗൂഢലക്ഷ്യവും ചൈനയ്ക്കുണ്ടെന്ന് പറയപ്പെടുന്നു. ഏഴ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളുമായി ഇന്ത്യയുടെ മറ്റുഭാഗത്തെ ബന്ധിപ്പിക്കുന്ന മൂലയാണ് ഡോക്ലാം. തീവ്രവാദപ്രവർത്തനങ്ങൾ ഏറെ നടക്കുന്ന സംസ്ഥാനങ്ങളും ഇക്കൂട്ടത്തിലുണ്ട്. പി.എൽ.എ.യുടെ നീക്കത്തിന് ആക്കംകൂട്ടാനും ഡോക്ലാമിലെ റോഡ് ഉപകരിക്കും. അതിനാൽത്തന്നെ രാജ്യസുരക്ഷയെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്ക സ്വാഭാവികമാണ്. ചൈനയ്ക്ക് സ്വന്തം ഭൂപ്രദേശത്തിന്റെ പരമാധികാരം സംബന്ധിച്ച പ്രശ്നമാണിത്. ഇന്ത്യയ്ക്കാകട്ടെ ദേശത്തിന്റെ സുരക്ഷയുടെ കാര്യവും. വിട്ടുവീഴ്ചക്കില്ലാതെ തർക്കം നീണ്ടുപോയതിന്റെ കാരണവും ഇതാണ്. ഡോക്ലാമിനുമേലുള്ള അവകാശവാദം ഇന്ത്യ അംഗീകരിച്ചുകൊടുത്താൽ തന്ത്രപ്രധാനമായ സിലിഗുഡി ഇടനാഴിയിലേക്കുള്ള ചൈനയുടെ ദൂരം കുറയും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ഇന്ത്യയുടെ മറ്റുഭാഗവുമായി ബന്ധിപ്പിക്കുന്ന പാതയാണിത്. അതുകൊണ്ടുതന്നെ ഇതിനടുത്തേയ്ക്കെത്താൻ ചൈനയ്ക്ക് അവസരം നൽകുന്നതിലെ അപകടത്തെക്കുറിച്ച് ജാഗ്രത്താണ് ഇന്ത്യ. അതുകൊണ്ടു തന്നെയാണ് വിട്ടുവീഴ്ചക്ക് തയ്യാറാവാതിരുന്നതും. [5]
ഇന്ത്യയുടെ ഇടപെടൽ
[തിരുത്തുക]പ്രതിരോധത്തിന്റെ ഭാഗമായി ഇന്ത്യ ചൈനയുമായി അതിർത്തി പങ്കിടുന്ന പർവത മേഖലയായ ദിബാംഗ്, ദൗദെലായ്, ലോഹിത് താഴ്വരകളിലേയ്ക്ക് ഇന്ത്യ കൂടുതൽ സൈനികരെ വിന്യസിച്ചു. അതിർത്തിയിൽ ചൈന നടത്തുന്ന പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനുള്ള സംവിധാനങ്ങളും ഇന്ത്യ ശക്തമാക്കിയിട്ടുണ്ട്. ഏത് വെല്ലുവിളി നേരിടാനും തയ്യാറാണെന്ന് ഇന്ത്യൻ സൈനികവൃത്തങ്ങളും വ്യക്തമാക്കി. മഞ്ഞ് മൂടിയ പർവതങ്ങൾ സ്ഥിതി ചെയ്യുന്നതും ഏറ്റവും അപകടകരവുമായ 17,000 അടി ഉയരത്തിലുള്ള ഭൂപ്രദേശങ്ങളിൽ മേൽക്കൈ സ്ഥാപിക്കുന്നതിനും ഇന്ത്യ ലക്ഷ്യമിട്ടു. [6]
പിൻമാറ്റം
[തിരുത്തുക]2017 ഓഗസ്റ്റ് 28 ന്, ഡോക്‌ലാം പീഠഭൂമിയിൽ വേഗത്തിൽ പിരിച്ചുവിടുന്നതിന് ഇന്ത്യയും ചൈനയും പരസ്പരം സമ്മതിച്ചതായി പ്രഖ്യാപിച്ചു, മൂന്ന് മാസത്തോളം നീണ്ടുനിന്ന സൈനിക നടപടികൾ ഇതോടെ അവസാനിപ്പിച്ചു. റോഡ് നിർമ്മാണം ചൈന തുടരുമോ എന്ന ചോദ്യത്തിന് നേരെ പ്രതികരിക്കാൻ ചൈനീസ് വിദേശകാര്യ മന്ത്രാലയം വിസമ്മതിച്ചു.
അവസാനം യുദ്ധത്തോളമെത്തുമോ എന്നു ഭയപ്പെട്ട സംഘർഷം നയതന്ത്ര ചർച്ചകളിലൂടെ പരിഹരിച്ചു. ലോകത്തെ സാമ്പത്തിക ശക്തിയായി മാറാൻ തയ്യാറെടുക്കുന്ന ഏഷ്യയിലെ രണ്ട് അൽരാജ്യങ്ങൾ തമ്മിൽ പ്രശ്നങ്ങൾ രമ്യതയിൽ പരിഹരിക്കേണ്ടത് മേഖലയുടെ കെട്ടുറപ്പിന് അത്യന്താപേക്ഷിതവുമാണ്.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "India, China soldiers involved in border altercation: Indian sources". Reuters. 18 August 2017.
- ↑ https://www.thehindu.com/news/national/what-is-the-doklam-issue-all-about/article22536937.ece
- ↑ https://economictimes.indiatimes.com/news/defence/india-is-fighting-the-doklam-war-with-china-on-a-5-inch-battleground/articleshow/60192637.cms
- ↑ https://www.indiatoday.in/education-today/gk-current-affairs/story/where-doklam-why-important-india-china-bhutan-1198730-2018-03-27
- ↑ https://www.news18.com/newstopics/doklam-issue.html
- ↑ https://www.thehindubusinessline.com/news/national/doklam-dispute-resolved-through-diplomatic-maturity-says-mea-sushma-swaraj/article24570941.ece