Jump to content

തണ്ടുതുരപ്പൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തണ്ടുതുരപ്പൻ
scirpophaga incertulas
തണ്ടുതുരപ്പൻ പുഴു
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Subphylum:
Class:
Order:
Family:
Genus:
Species:
S. incertulas
Binomial name
Scirpophaga incertulas
(Walker, 1863)
Scirpophaga incertulas,rice yellow stem borer

നെൽച്ചെടിയെ ആക്രമിക്കുന്ന കീടമാണ് തണ്ടുതുരപ്പൻ പുഴു. ഇത് നെല്ലിന്റെ ഒരു പ്രധാന ശത്രുവാണ്. ശാസ്ത്രനാമം:സിർപ്പോഫാഗാ ഇൻസെർട്ടുലാസ്.

പ്രജനനം

[തിരുത്തുക]

മഞ്ഞനിറത്തിലുള്ള ഒരു ശലഭത്തിന്റെ മുട്ട വിരിഞ്ഞുണ്ടാകുന്ന പുഴുവാണ് ഇത്. പെൺശലഭം നെൽച്ചെടിയുടെ ഇലകളുടെ അറ്റത്ത് 15 മുതൽ 80 വരെ മുട്ടകൾ ഇടുന്നു. അഞ്ച് മുതൽ പത്തു ദിവസത്തിനുള്ളിൽ മുട്ട വിരിഞ്ഞ് പുഴുക്കൾ നെൽച്ചെടികളെ ആക്രമിക്കുന്നു. പുഴു നെല്ലിന്റെ തണ്ടിൽ ഒരു മുറിവുണ്ടാക്കി അതിനുള്ളിൽ കടന്ന് ശലഭമാകുന്നതുവരെയുള്ള ദശകൾ തണ്ടിനുള്ളിൽ കഴിച്ചുകൂട്ടുന്നു. സാധാരണയായി ഒരു പുഴു മാത്രമേ ഒരു തണ്ടിനുള്ളിൽ വരാറുള്ളൂ. തണ്ടിന്റെ ആന്തരഭാഗങ്ങൾ കാർന്നു തിന്നുന്ന പുഴു മൂന്ന് മുതൽ നാല് വരെ ആഴ്ചകൾക്കുള്ളിൽ പുഴുദശ പൂർത്തിയാക്കി സമാധിദശയിലേക്കു കടക്കുന്നു. സമാധിദശയിലേക്കു കടക്കുന്നതിനു മുമ്പുതന്നെ സമാധിദശ പൂർത്തിയാക്കിയശേഷം തണ്ടിൽനിന്നു പുറത്തിറങ്ങാനായി തണ്ടിൽ ഒരു സുഷിരം ഉണ്ടാക്കുന്നു. തണ്ടിന്റെ ചുവടുഭാഗത്താണ് സമാധിദശയിലുള്ള ജീവിയെ കാണുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ സമാധിദശ പൂർത്തിയാക്കുന്നു. മുട്ട മുതൽ ശലഭം വരെയുള്ള ജീവിതചക്രം പൂർത്തിയാക്കുന്നതിന് അഞ്ച് മുതൽ ആറ് ആഴ്ചകൾ വരെ വേണ്ടിവരുന്നു.

നെൽകൃഷിയിലെ ആക്രമണം

[തിരുത്തുക]
തണ്ടുതുരപ്പന്റെ ശലഭം

നെല്ല് കൃഷിചെയ്യുന്ന എല്ലാ കാലങ്ങളിലും തണ്ടുതുരപ്പൻ പുഴുവിന്റെ ഉപദ്രവം കണ്ടുവരുന്നുണ്ട്. മുണ്ടകൻ, പുഞ്ചകൃഷികളിലാണ് ഈ ആക്രമണത്തിന്റെ രൂക്ഷത ഏറുന്നത്. ആക്രമണത്തിന്റെ തീവ്രത കാലാവസ്ഥയിലെ വിവിധ ഘടകങ്ങളുമായി ബന്ധപ്പെട്ടതാണ്.

നെൽച്ചെടിയുടെ ഏതു വളർച്ചാഘട്ടത്തിലും തണ്ടുതുരപ്പൻ പുഴു ആക്രമിക്കാറുണ്ട്. ചില അവസരങ്ങളിൽ ഒരു സീസണിൽ രണ്ടോ മൂന്നോ ഘട്ടം വരെ പൂർത്തിയാക്കുന്നതിനും ഇതിനു കഴിയുന്നു. കതിർ വരുന്നതിനു മുമ്പാണ് നെൽച്ചെടി ആക്രമിക്കപ്പെടുന്നതെങ്കിൽ നെല്ലിന്റെ കൂമ്പ് ഉണങ്ങിപ്പോകുന്നു. കതിർ പുറത്തു വന്നതിനു ശേഷമാണെങ്കിൽ കതിർ ഉണങ്ങുകയും നെന്മണികൾ പതിരായി പോവുകയും നിറംമങ്ങി വെളുക്കുകയും ചെയ്യുന്നു. ഈ അവസ്ഥയാണ് 'വെൺകതിർ' എന്ന പേരിൽ അറിയപ്പെടുന്നത്. വെള്ളക്കുമ്പ്, കുട്ടൻകുത്ത് എന്നും ഇത് പ്രാദേശികമായി അറിയപ്പെടുന്നു. 25 ശതമാനത്തോളം നഷ്ടം തണ്ടുതുരപ്പൻ പുഴുവിന്റെ ഉപദ്രവംമൂലം ഉണ്ടാകുന്നുണ്ട്. സാഹചര്യം അനുകൂലമാണെങ്കിൽ നാശം ഇതിലും കൂടും.

കീടനിയന്ത്രണം

[തിരുത്തുക]

സംയോജിത കീടനിയന്ത്രണ സമ്പ്രദായങ്ങൾ അവലംബിച്ച് തണ്ടുതുരപ്പനെ നിയന്ത്രിക്കാനാകും. ഞാറ്റടിയിൽ കാണപ്പെടുന്ന ശലഭത്തിന്റെ മുട്ടകൾ ശേഖരിച്ചു നശിപ്പിക്കുക, ആക്രമണം കൂടുതലായി കാണപ്പെടുന്ന പാടശേഖരങ്ങളിൽ ആക്രമണത്തെ ഒരു പരിധിവരെയെങ്കിലും ചെറുക്കുവാൻ കഴിവുള്ള ഇനങ്ങൾ കൃഷിയിറക്കുക, വിളക്കുകെണികൾ പാടത്തിന്റെ പല ഭാഗത്തുമായി സ്ഥാപിച്ച് ശലഭങ്ങളെ അതിലേക്ക് ആകർഷിച്ചു നശിപ്പിക്കുക തുടങ്ങിയവയാണ് നിയന്ത്രണ മാർഗങ്ങൾ.ട്രൈക്കോ കാർഡുകൾ ഇവയുടെ നിയന്ത്രണത്തിൻ ഫലപ്രദമായി ഉപയോഗിച്ചുവരുന്നുണ്ട്. വർഷം മുഴുവൻ പുഴുവിന്റെ ആക്രമണം ഉണ്ടാകാനിടയുണ്ടെങ്കിൽ ഞാറു പറിച്ചു നട്ട് 15-20 ദിവസത്തിനു ശേഷം ജലവിതാനം നിയന്ത്രിച്ചു നിറുത്തി, അതതു പ്രദേശത്തിനു യോജിച്ച ഏതെങ്കിലും രാസ കീടനാശിനി തളിച്ചാൽ കീടബാധയെ ഫലപ്രദമായി നിയന്ത്രിക്കാൻ കഴിയും. സംയോജിത സസ്യസംരക്ഷണ മുറകൾ പാടശേഖരാടിസ്ഥാനത്തിൽ നടത്തുന്നതും അഭികാമ്യമാണ്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തണ്ടുതുരപ്പൻ_പുഴു എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തണ്ടുതുരപ്പൻ&oldid=3487365" എന്ന താളിൽനിന്ന് ശേഖരിച്ചത്