തമിഴ് സർവകലാശാല
தமிழ்ப் பல்கலைக்கழகம் | |
ആദർശസൂക്തം | உள்ளுவதெல்லாம் உயர்வுள்ளல் |
---|---|
തരം | Public |
സ്ഥാപിതം | 1981 |
വൈസ്-ചാൻസലർ | എം. തിരുമലൈ |
സ്ഥലം | തഞ്ചാവൂർ, തമിഴ്നാട് |
ക്യാമ്പസ് | Outskirts |
അഫിലിയേഷനുകൾ | UGC |
വെബ്‌സൈറ്റ് | www.tamiluniversity.ac.in |
തമിഴ് ഭാഷയുടെ വികസനത്തിനും ഗവേഷണത്തിനുമായി തഞ്ചാവൂരിൽ 1981 ൽ സ്ഥാപിതമായ സർവകലാശാലയാണ് തമിഴ് സർവകലാശാല. ഇന്ത്യയിൽ ഒരു പ്രാദേശിക ഭാഷയുടെ വികസനത്തിനുവേണ്ടി ആദ്യമുണ്ടായ സർവകലാശാലയാണിത്. അഫിലിയേറ്റഡ് കോളജുകൾ ഇല്ലാത്ത റസിഡൻഷ്യൽ യൂണിവേഴ്സിറ്റിയാണിത്. തമിഴിലെ കവിത, ചെറുകഥ, നോവൽ തുടങ്ങിയ സാഹിത്യ വിഭാഗങ്ങളിലെ ഏറ്റവും നല്ല കൃതിക്ക് ഒരു ലക്ഷം രൂപയ്ക്കുള്ള രാജരാജൻ അവാർഡ് യൂണിവേഴ്സിറ്റി ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമേ ശാസ്ത്രം, പെയിന്റിങ്, സംഗീതം, ഫോക്ലോർ, വിവർത്തനം തുടങ്ങിയവയ്ക്ക് 5000 രൂപ വീതമുള്ള 10 അവാർഡുകളും നല്കിവരുന്നു. പ്രമുഖ ഭാഷാശാസ്ത്രജ്ഞനും ദ്രാവിഡ ഭാഷാശാസ്ത്രപഠനകേന്ദ്രത്തിന്റെ ഡയറക്ടറും ആയ പ്രൊഫ. വി.ഐ. സുബ്രഹ്മണ്യമാണ് യൂണിവേഴ്സിറ്റിയുടെ സ്ഥാപക ഡയറക്ടർ. തമിഴ്നാട് ഗവർണർ ആണ് ചാൻസലർ.
ചരിത്രം
[തിരുത്തുക]അഞ്ചാം ലോക തമിഴ് സമ്മേളനത്തിൽ അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന എം.ജി. രാമചന്ദ്രൻ ലോക തമിഴ് ജനതയ്ക്കും ഗവേഷകർക്കും പ്രയോജനപ്പെടുന്ന വിധം തമിഴ് സർവകലാശാല സ്ഥാപിക്കും എന്നു പ്രസ്താവിച്ചിരുന്നു. അണ്ണാദുരൈയുടെ ജന്മദിനമായ സെപ്റ്റംബർ 15-ന് എം.ജി. ആറിന്റെ അധ്യക്ഷതയിൽ അന്നത്തെ തമിഴ്നാട് ഗവർണർ ആയിരുന്ന സാദിക് അലിയാണ് തഞ്ചാവൂരിൽ സർവകാലശാല ഉദ്ഘാടനം ചെയ്തത്. എം.ജി.ആർ. കെട്ടിടത്തിന്റെ തറക്കല്ലിട്ടു പ്രസംഗിച്ചു. പ്രസംഗത്തിൽ രാഷ്ട്രീയവും മതപരവുമായ സ്ഥാപിത താത്പര്യങ്ങൾക്ക് അതീതമായിരിക്കും ഈ സർവകലാശാല എന്നും എൻജിനീയറിങ്, മെഡിസിൻ എന്നിവ തമിഴിൽ പഠിക്കുന്നതിന് സൗകര്യം ഉണ്ടായിരിക്കും എന്നും എടുത്തു പറഞ്ഞു.
ഉദ്ദേശ്യ ലക്ഷ്യങ്ങൾ
[തിരുത്തുക]- മറ്റു സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും സെന്ററുകൾ സ്ഥാപിക്കുക
- ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലെ തമിഴർക്കും പ്രയോജനപ്പെടുന്ന ഗവേഷണപഠനങ്ങൾ നടത്തുക
- ഗവേഷണങ്ങൾക്ക് ആധാരമായ താളിയോലകൾ, പുരാവസ്തുക്കൾ, ശാസനങ്ങൾ എന്നിവ ശേഖരിച്ചു സൂക്ഷിക്കുക, ഇവ ഉപയോഗിച്ച് തമിഴ് ഭാഷ വികസിപ്പിക്കുന്നതിനു വേണ്ടിയുള്ള മാർഗങ്ങൾ ആരായുക
- എല്ലാ ശാസ്ത്രസാങ്കേതിക വിഷയങ്ങളും തമിഴിൽ പഠിപ്പിക്കത്തക്കവിധം തമിഴിനെ സമ്പന്നമാക്കുക എന്നിവയാണ് ഈ സർവകലാശാലയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ.
പഠന വകുപ്പുകൾ
[തിരുത്തുക]വിവിധ ഡിപ്പാർട്ടുമെന്റുകളിലെ ഗവേഷണ വിദ്യാർഥികൾക്കായി തിരഞ്ഞെടുക്കപ്പെട്ട വിഷയങ്ങളിൽ പ്രത്യേക കോഴ്സുകളും സർവകലാശാല നടത്തിവരുന്നുണ്ട്. ബിരുദാനന്തരബിരുദങ്ങളും പിഎച്ച്.ഡി., ഡി.ലിറ്റ്. പോലുള്ള ഉന്നത ഗവേഷണ ബിരുദങ്ങളും യൂണിവേഴ്സിറ്റി നല്കിവരുന്നു.
പൗരസ്ത്യഭാഷാവിഭാഗം, താളിയോല വിഭാഗം, സമുദ്രഗവേഷണ വിഭാഗം, കലാവിഭാഗം, തൊഴിൽ വിഭാഗം, വളർതമിഴ് വിഭാഗം, സയൻസ്, സാമൂഹികശാസ്ത്രം തുടങ്ങിയ വിവിധ ഫാക്കൽറ്റികളിലായി 19 ഡിപ്പാർട്ടുമെന്റുകളോടെയാണ് തമിഴ് സർവകലാശാല പ്രവർത്തനം ആരംഭിച്ചത്. ഇവയിൽ ആദിവാസി ഗവേഷണ വിഭാഗം; ശിലാശാസന വിഭാഗം; തോണിത്തുറ, പ്രാചീനഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചിട്ടുള്ള മരങ്ങൾ, ചെടികൾ, കൊടികൾ, മത്സ്യങ്ങൾ എന്നിവയെക്കുറിച്ചുള്ള ഗവേഷണവിഭാഗം; പ്രാചീന കപ്പലുകൾ, കപ്പൽ വഴികൾ എന്നിവ അടിസ്ഥാനമാക്കി ദക്ഷിണേന്ത്യയുടെ വിട്ടുപോയ ചരിത്രം പരിശോധിക്കുന്ന വിഭാഗം; ഓട്, മരത്തൊഴിൽ, യുദ്ധോപകരണങ്ങൾ, പഴയ കെട്ടിടങ്ങൾ എന്നിവയെക്കുറിച്ചു പഠനം നടത്തുന്ന വിഭാഗം എന്നിവ ശ്രദ്ധേയമാണ്.
കലാ വിഭാഗം
[തിരുത്തുക]- (ശില്പ വിഭാഗം)Department of Sculpture
- (സംഗീത വിഭാഗം)Department of Music
- (നാടക വിഭാഗം)Department of Drama
Manuscriptology
[തിരുത്തുക]- Department of Palmleaf Manuscriptology
- Department of Rare Paper Manuscriptology
- Department of Epigraphy
- Department of Underwater Archaeology Centre
തമിഴ് ഗവേഷണ വിഭാഗം
[തിരുത്തുക]- വിദേശ രാജ്യങ്ങളിലെ തമിഴ് പഠനം (Department of Tamil Studies in Foreign Countries)
- വിവർത്തനം (Department of Translation)
- ലെക്സിക്കോഗ്രാഫി വകുപ്പ് Department of Lexicography
- സാമൂഹ്യശാസ്ത്രം Department of Social Science
- ശാസ്ത്രീയ തമിഴ് - തമിഴ് വികസന വകുപ്പ് (Department of Scientific Tamil and Tamil Development)
- വിദ്യാഭ്യാസം (Department of Education)
ഭാഷ
[തിരുത്തുക]- തമിഴ് സാഹിത്യം (Department of Literature)
- തമിഴ് ഭാഷാശാസ്ത്രം (Department of Linguistics)
- ദർശനം (Department of Philosophy)
- ആദിവാസി വിജ്ഞാനീയം (Department of Tribal Research Centre)
- ഇന്ത്യൻ ഭാഷാ വിജ്ഞാനീയംDepartment of School of Indian Languages)
- നാടോടി വിജ്ഞാനീയം (Department of Folklore)
ശാസ്ത്രം
[തിരുത്തുക]- സിദ്ധ വൈദ്യം (Department of Siddha Medicine)
- പുരാതന ശാസ്ത്രം (Department of Ancient Science)
- വാണിജ്യ ഭൗമ ശാസ്ത്രം (Department of Industries and Earth Sciences)
- കമ്പ്യൂട്ടർ ശാസ്ത്രം (Department of Computer Science)
- വാസ്തുശാസ്ത്രം (Department of Architecture)
- പരിസ്ഥിതി - ഔഷധ വിജ്ഞാനീയം (Department of Environmental and Herbal Science)
വിദൂര വിദ്യാഭ്യാസ കേന്ദ്രം
[തിരുത്തുക]തഞ്ചാവൂരിനു പുറത്തുള്ളവർക്കുള്ള പഠന കേന്ദ്രമാണിത്.
മറ്റ് പ്രവർത്തനങ്ങൾ
[തിരുത്തുക]മേൽപ്പറഞ്ഞവയ്ക്കു പുറമേ കലൈക്കളഞ്ചിയം (വിജ്ഞാനകോശം), പേരകരാതി (ലക്സിക്കൻ) എന്നിവയുടെ പ്രസിദ്ധീകരണ വിഭാഗം, സാംസ്കാരിക മ്യൂസിയം എന്നിവയും ഉണ്ട്. മദ്രാസ് സർവകലാശാല പ്രസിദ്ധീകരിച്ച 10 വാല്യങ്ങളിലുള്ള കലൈക്കളഞ്ചിയം, അറിവിയൽ, വാഴ്വിയൽ എന്നിങ്ങനെ രണ്ടായി വിഭജിച്ച് ഓരോന്നും പത്തുവാല്യങ്ങൾ വീതം പുനഃപ്രസിദ്ധീകരിച്ചു. അതുപോലെ മദ്രാസ് സർവകലാശാല 6 വാല്യങ്ങൾ പ്രസിദ്ധീകരിച്ച് നിറുത്തിയ ലക്സിക്കൺ കൂടുതൽ വിപുലീകരിച്ച് 10 വാല്യങ്ങായി പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇവയ്ക്കു പുറമേ ധാരാളം വിഷയാധിഷ്ഠിത ശബ്ദാവലികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തമിഴിലേയും മറ്റു ദക്ഷിണേന്ത്യൻ ഭാഷകളിലേയും താളിയോല ഗ്രന്ഥങ്ങൾ ഉൾപ്പെടെയുള്ള ഗ്രന്ഥങ്ങൾ സമാഹരിച്ചിട്ടുള്ള ഗവേഷണോന്മുഖമായ ഒരു ലൈബ്രറിയും തമിഴ് സർവകലാശാലയ്ക്കുണ്ട്. കേന്ദ്രസാംസ്കാരിക മന്ത്രാലയത്തിന്റെ സഹായത്തോടെ കംപ്യൂട്ടർ ഉപയോഗിച്ച് തമിഴ് ഗ്രന്ഥങ്ങളുടെ ഒരു കാറ്റലോഗ് ശൃംഖലയും തയ്യാറാക്കിയിട്ടുണ്ട്. ഇവയ്ക്കു പുറമേ, ഒരു ഓഡിയോ-വിഷ്വൽ സെന്ററും ഒരു ഭാഷാധ്യാപന ലബോറട്ടറിയും ഇവിടെ പ്രവർത്തിക്കുന്നു.[1]
അവലംബം
[തിരുത്തുക]- ↑ "തമിഴ് സർവകലാശാല". സർവവിജ്ഞാന കോശം. Retrieved 2013 ജൂലൈ 8.
{{cite web}}
: Check date values in:|accessdate=
(help)[പ്രവർത്തിക്കാത്ത കണ്ണി]
പുറം കണ്ണികൾ
[തിരുത്തുക]കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ തമിഴ് സർവകലാശാല എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |