Jump to content

തരു ദത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തരു ദത്ത്
তরু দত্ত
Toru Dutt
ജനനം(1856-05-04)4 മേയ് 1856
മരണം30 ഓഗസ്റ്റ് 1877(1877-08-30) (പ്രായം 21)
ദേശീയതIndian
തൊഴിൽPoet
മാതാപിതാക്ക(ൾ)Govind Chunder Dutt

ഇന്ത്യൻ ഇംഗ്ലീഷ് കവയിത്രിയായിരുന്നു തരു ദത്ത്. തരുലതാ ദത്ത് എന്നാണ് പൂർണനാമം. ഗോവിൻ ചന്ദർ ദത്തിന്റെ പുത്രിയായി 1856-ൽ ബംഗാളിൽ ജനിച്ചു. സഹോദരിയായ അരുലതയോടൊപ്പം യൂറോപ്പിലായിരുന്നു വിദ്യാഭ്യാസം. നിസിലെ ഫ്രഞ്ച് സ്കൂളിലെ പഠനം ഫ്രഞ്ച് ഭാഷയും സാഹിത്യവുമായി പരിചയപ്പെടാൻ ഇവർക്ക് അവസരം നൽകി. 1871-ൽ ദത്ത്കുടുംബം കേംബ്രിജിൽ താമസമാക്കി. അവിടെവച്ച് ഹയർ ലെക്ചേഴ്സ് ഫോർ വിമൻ എന്ന പ്രഭാഷണ പരമ്പര കേൾക്കാനിടയായത് തരുലതയിൽ ഗണ്യമായ സ്വാധീനം ചെലുത്തി. 1873-ൽ ഇവർ കൊൽക്കത്തയിൽ തിരിച്ചെത്തി. അടുത്തവർഷം സംഭവിച്ച അരുലതയുടെ വിയോഗം തരുലതയ്ക്കു താങ്ങാനാവാത്ത ദുരന്തമായിരുന്നു.

വിവർത്തനം

[തിരുത്തുക]

1875-ൽ ഫ്രഞ്ച് കവിതകളുടെ ഇംഗ്ലീഷ് വിവർത്തനങ്ങൾ ഉൾക്കൊള്ളുന്ന എ ഷീഫ് ഗ്ലിൻഡ് ഇൻ ഫ്രഞ്ച് ഫീൽഡ്സ് പ്രസിദ്ധീകരിച്ചു. 165 കവിതകളുള്ളതിൽ എട്ടെണ്ണം അരുലതയുടേതായിരുന്നു. ഈ സമാഹാരത്തിൽ അണിനിരന്നിട്ടുള്ള ഫ്രഞ്ച് കവികളെക്കുറിച്ച് തരുലത തയ്യാറാക്കിയ കുറിപ്പുകൾ ഇതിന്റെ ആകർഷണീയത വർധിപ്പിക്കുന്നു. ഫ്രഞ്ച് കവിയായ ബെറാൻഷേയുടെ മൈ വൊക്കേഷൻ തുടങ്ങിയ ചില പ്രസിദ്ധ കവിതകൾ ഇതിലുണ്ട്. തരുലത രചിച്ച അ മോൻ പേർ എന്ന ഗീതകത്തോടെയാണ് ഈ കൃതിയുടെ ഉപസംഹാരം.

നോവൽ രചന

[തിരുത്തുക]

1876-ൽ തരു ദത്ത് സംസ്കൃതപഠനം തുടങ്ങി. സംസ്കൃതസാഹിത്യത്തിൽനിന്നുള്ള ചില കഥകൾ ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തു. ഇവരുടെ മരണശേഷം ഈ രചനകൾ എൻഷ്യന്റ് ബാലഡ്സ് ആൻഡ് ലെജൻഡ്സ് ഒഫ് ഹിന്ദുസ്ഥാൻ എന്ന പേരിൽ എഡ്മൺഡ് ഗോസിന്റെ അവതാരികയോടുകൂടി പിതാവായ ഗോവിൻ ചന്ദർ ദത്ത് പ്രസിദ്ധപ്പെടുത്തി. ബിയാങ്ക, ഓർ ദ് യങ് സ്പാനിഷ് മെയ്ഡൻ എന്ന അപൂർണ നോവൽ 1878-ൽ ബംഗാൾ മാഗസിനിന്റെ ജനുവരി-ഏപ്രിൽ ലക്കത്തിലൂടെ വെളിച്ചം കണ്ടു. തൊട്ടടുത്ത വർഷം തരുലതയുടെ ഫ്രഞ്ച് നോവലായ ല് ഷുർനാൽ ദ് മദ്‌വാമസെ ദർവേഴ്സ് പാരിസിൽ പുറത്തുവന്നു. വില്യം സെക്ഫോർഡിന്റെ വാഥെക് എന്ന കൃതിക്കു സമശീർഷമാണ് ഈ നോവലെന്ന് നിരൂപകർ വിലയിരുത്തുകയുണ്ടായി. ക്ഷയരോഗബാധയാൽ 1877-ൽ തരു ദത്ത് അന്തരിച്ചു.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ദത്ത്, തരു (1856 - 77) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തരു_ദത്ത്&oldid=3633612" എന്ന താളിൽനിന്ന് ശേഖരിച്ചത്