തിമിംഗിലം
തിമിംഗിലം | |
---|---|
ഹമ്പ്ബാക്ക് തിമിംഗിലം. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Subclass: | |
Order: |
സീറ്റേസി വർഗ്ഗത്തിൽ പെട്ട സസ്തനിയായ ഒരു കടൽജീവിയാണ് തിമിംഗിലം. ലോകത്തെ ഏറ്റവും വലിയ ജീവി നീലത്തിമിംഗിലം.
തിമിംഗിലം എന്ന പേര് സീറ്റേസി വർഗ്ഗത്തിലെ എല്ലാ ജീവികളേയും സൂചിപ്പിക്കാനോ, അവയിലെ വലിയവയെ സൂചിപ്പിക്കാനോ അതുമല്ലെങ്കിൽ പ്രസ്തുത വർഗ്ഗത്തിലെ ചില കുടുംബങ്ങളെ മാത്രം സൂചിപ്പിക്കാനോ ആയി പലരീതിയിൽ ഉപയോഗിക്കാറുണ്ട്. ആധുനികനിർവചനപ്രകാരം ഡോൾഫിനുകളോ പോർപോയിസുകളോ അല്ലാത്ത എല്ലാ സെറ്റാസീവർഗ്ഗജീവികളും തിമിംഗിലങ്ങളാണ്. ഈ വർഗ്ഗീകരണപ്രകാരം കൊലയാളി തിമിംഗിലങ്ങളും പൈലറ്റ് തിമിംഗിലങ്ങളും അവയുടെ പേരിൽ തിമിംഗിലം എന്നുണ്ടെങ്കിലും തിമിംഗിലങ്ങളുടെ വർഗ്ഗത്തിൽ പെടുന്നില്ല. ജീവശാസ്ത്രവർഗീകരണമനുസരിച്ച് കൊലയാളി തിമിംഗിലങ്ങൾ ഡോൾഫിനുകളുടെ കൂട്ടത്തിൽപ്പെടുന്നു.
പരിണാമം
[തിരുത്തുക]തിമിംഗിലങ്ങൾ മത്സ്യങ്ങളല്ല. ഹിപ്പോപൊട്ടാമസുമായി അടുത്ത ബന്ധമുള്ള സസ്തനിയായ കടൽജീവികളാണിവ. തിമിംഗിലങ്ങളുടെ പൂർവ്വികർ കരയിൽ നിന്നും കടലിലേക്ക് ചേക്കേറിയ പാദങ്ങളുള്ള സസ്തനികളായിരുന്നു.
പ്രത്യേകതകൾ
[തിരുത്തുക]കുഞ്ഞുങ്ങളെ പ്രസവിക്കുക, അവക്ക് മുലയൂട്ടുക, ശ്വാസകോശം വഴി ശ്വസിക്കുക എന്നിങ്ങനെ സസ്തനികളുടെ മിക്ക പ്രത്യേകതകളും തിമിംഗിലങ്ങൾക്കുണ്ട്. മത്സ്യങ്ങളിൽ നിന്നും വ്യത്യസ്തമായി തിമിംഗിലങ്ങൾ ഉഷ്ണരക്തമുള്ളവയാണ്. അവയുടെ തൊലിക്കടിയിൽ ബ്ലബ്ബർ (blubber) എന്നു വിളിക്കുന്ന കൊഴുപ്പിന്റെ ഒരു പാടയുണ്ട്. തണുത്ത വെള്ളത്തിൽ നിന്നും പ്രതിരോധിക്കുന്നതിന് ഈ പാട തിമിംഗിലങ്ങളെ സഹായിക്കുന്നു. ജലോപരിതലത്തിൽ വന്ന് അന്തരീക്ഷവായുവിൽ നിന്നുമാണ് തിമിംഗിലങ്ങൾ ശ്വസിക്കുന്നത്.
ഭക്ഷണം
[തിരുത്തുക]കടലിലെ ചെറുജീവികളാണ് തിമിംഗിലങ്ങളുടെ ഭക്ഷണം. ചില തിമിംഗിലവർഗ്ഗങ്ങൾ പ്ലാങ്‌ൿടൺ എന്ന സൂക്ഷ്മജീവികളാണ് ഭക്ഷണമാക്കുന്നത്. ചില തിമിംഗിലങ്ങൾ ക്രിൽ എന്ന ചെറുജീവികളെ ആഹാരമാക്കുമ്പോൾ മറ്റുചിലവ മത്സ്യങ്ങളെയാണു ആഹാരമാക്കുന്നത്. ബലീൻ തിമിംഗിലം എന്ന തിമിംഗിലവർഗ്ഗത്തിന് അവയുടെ വായുടെ ചുറ്റും അരിപ്പ പോലെയുള്ള ഒരു അവയവം (ബലീൻ - baleen)ഉണ്ട്. ജലത്തിൽ നിന്നും അവയുടെ ഭക്ഷണമായ ചെറിയ ജലജീവികളെ അരിച്ച് ഭക്ഷിക്കാൻ ഇത് സഹായിക്കുന്നു.
വലിപ്പം
[തിരുത്തുക]ബലീൻ തിമിംഗിലങ്ങളാണ് ഏറ്റവും വലിയ തിമിംഗിലവർഗ്ഗം. ഈ വർഗ്ഗത്തിൽപ്പെട്ട നീലത്തിമിംഗിലമാണ് ഭൂമിയിൽ ജീവിച്ചിരുന്നതും ജീവിച്ചിരിക്കുന്നതുമായ ജന്തുക്കളിൽ വച്ച് ഏറ്റവും വലിയ ജീവി. ഇത് 35 മീറ്റർ നീളം വരേയും 150 ടൺ ഭാരം വരേയും വളരുന്നു.
പല്ലുകൾ
[തിരുത്തുക]തിമിംഗിലങ്ങളിൽ ചില വർഗ്ഗങ്ങൾക്ക് പല്ലുകളുണ്ടാകാറുണ്ട്. ഇതുകൊണ്ട് ശബ്ദമുണ്ടാക്കിയാണ് അവ ആശയവിനിമയം നടത്തുന്നത്. ഈ ശബ്ദം മൈലുകളോളം ദൂരത്തുള്ള മറ്റു തിമിംഗിലങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും.
ബുദ്ധിശക്തി
[തിരുത്തുക]സെറ്റാസീ നിരയിലുള്ള (cetacea order) ജീവികളെല്ലാം അവയുടെ ഉയർന്ന ബുദ്ധിശക്തിക്ക് പേരുകേട്ടതാണ്. ഈ വർഗ്ഗത്തിൽപ്പെട്ട ഏകദേശം 90 ജീവിവർഗ്ഗങ്ങളെ കണ്ടെത്തിയിട്ടുണ്ട്.
ജീവശാസ്ത്രപരമായി സെറ്റാസീ നിരയിൽ ഉൾപ്പെടുന്ന വളരെക്കുറച്ചു കുടുംബങ്ങളെ മാത്രമേ തിമിംഗിലങ്ങളായി കണക്കാക്കുന്നുള്ളൂ.
പരിപാലനസ്ഥിതി
[തിരുത്തുക]തിമിംഗിലവേട്ട
[തിരുത്തുക]പ്രധാന ലേഖനം: തിമിംഗില വേട്ട
പല വലിയ തിമിംഗിലവംശങ്ങളും തിമിംഗിലവേട്ടയാൽ വംശനാശം നേരിടുകയാണ്. മാംസം, എണ്ണ, ബലീൻ, ആംബർഗ്രീസ്(സ്പേം തിമിംഗിലങ്ങളിൽ കണ്ടുവരുന്ന ഈ പദാർഥം ചില പെർഫ്യൂമുകളിൽ ഉപയോഗിക്കപ്പെടുന്നു)എന്നിവയാണ് തിമിംഗിലങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങൾ. 1986-ൽ ഇന്റർനാഷനൽ വെയിലിംഗ് കമ്മീഷൺ ആറുവർഷത്തേക്ക് തിമിംഗിലവേട്ട നിരോധിക്കുകയുണ്ടായി, ഈ നിരോധനത്തിന്റെ കാലാവധി പിന്നീട് പുതുക്കപ്പെടുകയും ഇന്നും തുടരുകയും ചെയ്യപ്പെടുന്നു. എന്നാൽ പല കാരണങ്ങളാലും ഈ നിരോധനത്തിനു ഇളവുനൽകപ്പെട്ടിട്ടുണ്ട്, നോർവെ, ഐസ്‌ലാന്റ്, ജപ്പാൻ എന്നിവയാണ് തിമിംഗിലവേട്ട നടത്തുന്ന ചില പ്രധാന രാഷ്ട്രങ്ങൾ. കൂടാതെ സൈബീരിയ, അലാസ്ക, വടക്കൻ കാനഡ എന്നിവിടങ്ങളിലെ ആദിമനിവാസികളും തിമിംഗിലവേട്ടയിൽ ഏർപ്പെട്ടുവരുന്നു.
തിമിംഗിലവേട്ട സാഹിത്യത്തിൽ
[തിരുത്തുക]തിമിംഗിലവേട്ടക്കാരെ കഥാപാത്രങ്ങളാക്കി അമേരിക്കൻ നോവലിസ്റ്റായ ഹെർമൻ മെൽവിൽ രചിച്ച വിശ്വപ്രസിദ്ധമായ ആഖ്യായികയാണ് മോബി ഡിക്ക്.
സോണാർ
[തിരുത്തുക]പല രാജ്യങ്ങളിലെയും നാവികസേനകൾ ഉപയോഗിക്കുന്ന സോണാറുകൾ ചില തിമിംഗിലങ്ങൾ കരക്കടിയാൻ കാരണമാവുന്നെന്ന് പരിസ്ഥിതിപ്രവർത്തകർ കരുതുന്നു. [1] സോണാർ തരംഗങ്ങൾ, എക്കോലൊക്കേഷൻ ഉപയോഗിക്കുന്ന തിമിംഗിലങ്ങളെ ബാധിച്ചേക്കാമെന്നാണ് പലരുടെയും നിഗമനം.
ലോക തിമിംഗില ദിനം
[തിരുത്തുക]ഫെബ്രുവരിയിലെ മൂന്നാമത്തെ ഞായറാഴ്ച ലോക തിമിംഗില ദിനമായി ആചരിക്കുന്നു.[2]
അവലംബം
[തിരുത്തുക]- ദ് ഹിന്ദു യങ് വേൾഡ് - 2007 ഒക്ടോബർ 12 (വേൾഡ് ഓഫ് സയൻസ് എന്ന പംക്തിയിൽ ഇറ്റ്സ് അ വേൽ (It's whale!) എന്ന തലക്കെട്ടിൽ ഡോ. ടി.വി. പദ്മ എഴുതിയ ലേഖനം)