Jump to content

തിയോഫിലസ് ജോൺ മെറ്റ്കാഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബ്രിട്ടീഷ് ഇന്ത്യയിലെ ഒരു ഭരണകർത്താവായിരുന്നു തിയോഫിലസ് ജോൺ മെറ്റ്കാഫ് (ഇംഗ്ലീഷ്: Theophilus John Metcalfe, ജീവിതകാലം: 1828 നവംബർ 28 - 1883 നവംബർ 10[1] ). തിയോ എന്നു മാത്രമായും അറിയപ്പെടുന്നു. ഡെൽഹിയിലെ ബ്രിട്ടീഷ് റെസിഡന്റായിരുന്ന തോമസ് മെറ്റ്കാഫിന്റെ പുത്രനായിരുന്നു അദ്ദേഹം. 1857-ലെ ലഹളയുടെ അവസാനം ദില്ലി നിവാസികൾക്കെതിരെയുള്ള ബ്രിട്ടീഷ് സേനയുടെ കൂട്ടക്കുരുതിയിൽ മുഖ്യ പങ്കുവഹിച്ചതിന്റെ പേരിൽ പ്രസിദ്ധനാണ്.[2]

ദില്ലിയിൽ

[തിരുത്തുക]

ഇംഗ്ലണ്ടിലെ പഠിത്തത്തിനുശേഷം ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ ഒരു ജൂനിയർ മജിസ്ട്രേറ്റായി ജോലിയിൽ പ്രവേശിച്ചിരിക്കുകയായിരുന്നു തിയോഫിലസ്. 1851-ൽ ദില്ലിയിൽ പിതാവിനോടൊപ്പം നിയമനം ലഭിച്ചു.[3] തന്നിലേക്കൊതുങ്ങിക്കഴിഞ്ഞിരുന്ന പിതാവ് തോമസ് മെറ്റ്കാഫിൽ നിന്ന് വ്യത്യസ്തനായി തിയോ, സാമൂഹ്യബന്ധങ്ങൾ കൂടുതലുള്ളയാളായിരുന്നു. സുഹൃത്തുക്കളോടൊത്ത് പാർട്ടികളിൽ പങ്കെടുക്കുകയും നിയമലംഘനങ്ങൾ നടത്തുകയും ചെയ്തു.[2] ദില്ലിയിൽ നിയമനം ലഭിക്കുന്ന കാലത്ത് തിയോഫിലസിനെതിരെ ഗുരുതരമായ കൃത്യവിലോപത്തെ സംബന്ധിച്ച ആരോപണവും കോടതിവ്യവഹാരവും നിലനിൽക്കുന്നുണ്ടായിരുന്നു. ഇക്കാരണങ്ങൾ കൊണ്ട് അച്ഛനും മകനും തമ്മിൽ നല്ല ബന്ധത്തിലായിരുന്നില്ല.[3]

1857-ലെ ലഹളക്കാലത്ത് പുരാതനദില്ലി നഗരമതിലിനുള്ളിൽ നിന്ന് രക്ഷപ്പെട്ട ചുരുക്കം ബ്രിട്ടീഷ് ഉദ്യോഗസ്ഥരിലൊരാളായിരുന്നു തിയോ.[2] ഇക്കാലത്ത് അദ്ദേഹം ഡെൽഹിയിലെ ജോയിന്റ് മജിസ്ട്രേറ്റ് ആയിരുന്നു.[4] തുടർന്ന് ബ്രിട്ടീഷുകാർ ദില്ലി പിടിച്ചടക്കുന്ന കാലത്ത് ഡെൽഹി ഫീൽഡ് ഫോഴ്സിൽ ചേരുകയും, നഗരവാസികളോടുള്ള ബ്രിട്ടീഷുകാരുടെ രക്തരൂഷിതമായ പ്രതികാരത്തിന് നേതൃത്വം നൽകുകയും ചെയ്തു.[2]

കുടുംബം

[തിരുത്തുക]

ഷാർലറ്റ് ആയിരുന്നു തിയോയുടെ ഭാര്യ. ഒരു ആൺകുട്ടിയെ പ്രസവിച്ചതിനെത്തുടർന്ന് അവരുടെ ആരോഗ്യസ്ഥിതി വഷളാകുകയും, 1853 സെപ്റ്റംബർ 26-ന് സിംലയിൽവച്ച് മരണമടയുകയും ചെയ്തു.[5] ഭാര്യയുടെ മരണത്തിനുപിന്നാലെത്തന്നെ പിതാവും മരണമടഞ്ഞു. ഈ മരണങ്ങൾ മൂലമുള്ള മാനസികസമ്മർദ്ദം അദ്ദേഹത്തിന്റെ ശാരീരികസ്ഥിതിയെ കാര്യമായി ബാധിച്ചിരുന്നു.[4]

അവലംബം

[തിരുത്തുക]
  1. ഹെൻറി മേനേഴ്സ് ചൈഷെസ്റ്റർ. മെറ്റ്കാഫ്, തിയോഫിലസ് ജോൺ. Retrieved 2013 ജൂലൈ 10. {{cite book}}: |work= ignored (help); Check date values in: |accessdate= (help)
  2. 2.0 2.1 2.2 2.3 ലാസ്റ്റ് മുഗൾ[൧], താൾ: XXI
  3. 3.0 3.1 ലാസ്റ്റ് മുഗൾ[൧], താൾ: 55
  4. 4.0 4.1 ലാസ്റ്റ് മുഗൾ,[൧] താൾ: 132
  5. ലാസ്റ്റ് മുഗൾ,[൧] താൾ: 114 - 117

കുറിപ്പുകൾ

[തിരുത്തുക]