Jump to content

തീറ്റ റപ്പായി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തീറ്റ റപ്പായി
ജനനം
പൈനാടൻ കുരിയപ്പൻ റപ്പായി

(1939-04-20)20 ഏപ്രിൽ 1939
മരണം9 ഡിസംബർ 2006(2006-12-09) (പ്രായം 67)
ദേശീയതഭാരതീയൻ
മറ്റ് പേരുകൾMonster Eater
തൊഴിൽതീറ്റമത്സരവിദഗ്ദ്ധൻ

സാധാരണക്കാർക്ക് അസാദ്ധ്യമായ തരത്തിൽ ഭക്ഷണം കഴിക്കുന്നതിലൂടെ പ്രശസ്തനായ മലയാളിയായിരുന്നു പി.കെ. റപ്പായി എന്ന തീറ്റ റപ്പായി[1]. കേരളത്തിനകത്തും പുറത്തും നടന്ന തീറ്റമത്സരങ്ങളിലെ വിജയങ്ങളിലൂടെയാണ് റപ്പായി പേരെടുത്തത്. തൃശ്ശൂർ കിഴക്കും‌പാട്ടുകര പൈനാടൻ വീട്ടിൽ കുര്യപ്പന്റേയും താണ്ടമ്മയുടേയും ഏഴുമക്കളിൽ മൂത്തവനായി 1939 ഏപ്രിൽ 20-ന് ജനിച്ചു. ഒമ്പതാം ക്ലാസ്സുകൊണ്ട് പഠനം നിർത്തി. പിന്നീട് ഓട്ടുകമ്പനികളിൽ ജോലി നോക്കി. അതിനുശേഷം ഹോട്ടലുകളിൽ ജോലിനോക്കി അവിടെനിന്നു കിട്ടുന്ന ഭക്ഷണം കൊണ്ടായി ജീവിതം. യൌവനാരംഭത്തിൽ തന്നെ തീറ്റമത്സരങ്ങളിൽ പ്രശസ്തനായി. ഒരു വയറുതന്നെ കഴിയാൻ ബുദ്ധിമുട്ടാണെന്നവകാശപ്പെട്ട റപ്പായി വിവാഹം കഴിച്ചിരുന്നില്ല. 140 കിലോഗ്രാം തൂക്കം, അഞ്ചേമുക്കാലടി ഉയരം, 130 സെന്റിമീറ്റർ ചുറ്റളവുള്ള ശരീരം എന്നിങ്ങനെയായിരുന്നു ശരീരപ്രകൃതി. മാതാവിനോടൊപ്പം കിഴക്കും‌പാട്ടുകരയിലെ തറവാട്ടുവീട്ടിലായിരുന്നു താമസം. 2006 ഡിസംബർ 9-ന് 67-ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു.

ഭക്ഷണക്രമം

[തിരുത്തുക]

മസ്തിഷ്കത്തിലെ ഹൈപ്പോതലാമസിലെ തകരാറുമൂലമുണ്ടായ അമിതവിശപ്പായിരുന്നു റപ്പായിയുടെ അമിതഭക്ഷണത്തിന്റെ കാരണം. രാവിലെ 75 ഇഡ്ഢലി, ഉച്ചക്ക് കിട്ടുന്നത്രയും എന്തെങ്കിലും ഭക്ഷണം, വൈകിട്ട് അത്താഴം അതിനിടയിൽ കിട്ടുന്നതെന്തും എന്നിങ്ങനെയായിരുന്നു ഭക്ഷണക്രമം. 750 ഇഢലി, 25 കിലോ അപ്പം, നാലുകുല വാഴപ്പഴം, അഞ്ച് ബക്കറ്റ് പായസം എന്നിങ്ങനെ തീറ്റമത്സരങ്ങളിൽ റിക്കോർഡ് സൃഷ്ടിച്ചിട്ടുണ്ട്. ഈ റിക്കോർഡുകളുടെ പേരിൽ ലിംക ബുക്ക് ഓഫ് റിക്കോർഡ്സിലും പേര് വന്നിട്ടുണ്ട്[2].

രക്താതിമർദ്ദവും പ്രമേഹവും വർദ്ധിച്ചതുമൂലം 2006 നവംബർ അവസാനം മുതൽ തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്ന റപ്പായി 2006 ഡിസംബർ 9-ന് പുലർച്ചെ 4:30-ഓടെ 67-ആം വയസ്സിൽ അന്തരിച്ചു. മൃതദേഹം കിഴക്കുമ്പാട്ടുകരയിലെ വീട്ടിൽ പൊതുദർശനത്തിന് വച്ചശേഷം ലൂർദ്ദ് കത്തീഡ്രൽ പള്ളിയിൽ സംസ്കരിച്ചു. ലിംക ബുക്കിൽ പേരുവന്നിരുന്നെങ്കിലും ഗിന്നസ് ബുക്കിലും കയറിപ്പറ്റണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. എന്നാൽ, അസുഖം മൂർച്ചിച്ചതോടെ അത് നടക്കില്ലെന്ന് ഉറപ്പാകുകയും അദ്ദേഹം തീറ്റമത്സരങ്ങളിൽ നിന്ന് പിന്മാറുകയും ചെയ്തു. മരണസമയത്ത് അദ്ദേഹത്തിന് 120 കിലോ ഭാരമുണ്ടായിരുന്നു. തന്മൂലം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ഒരു പ്രത്യേക ശവപ്പെട്ടി തന്നെ അദ്ദേഹത്തിനുവേണ്ടി പണിയിച്ചിരുന്നു[2].

അവലംബം

[തിരുത്തുക]
  1. "150 idlis and 100 chapatis take toll". The Telegraph.
  2. 2.0 2.1 "റപ്പായി". The Hindu. Archived from the original on 2007-10-27. Retrieved 2008-04-26.
"https://ml.wikipedia.org/w/index.php?title=തീറ്റ_റപ്പായി&oldid=3654480" എന്ന താളിൽനിന്ന് ശേഖരിച്ചത്