തൃക്കാളൂർ ലഹള
തൃക്കാളൂർ കലാപം | |||||||
---|---|---|---|---|---|---|---|
മാപ്പിള ലഹളകൾ ഭാഗം | |||||||
.തൃക്കാളൂർ കലാപം | |||||||
| |||||||
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ | |||||||
ബ്രിട്ടീഷ് രാജ് | മാപ്പിള വിപ്ലവകാരികൾ | ||||||
പടനായകരും മറ്റു നേതാക്കളും | |||||||
ക്യാപ്റ്റൻ കാർട്ടീസ് , മേജർ ജോസഫ് ഹീത്ത് | കോളക്കോടൻ കുട്ടി ഹസ്സൻ | ||||||
നാശനഷ്ടങ്ങൾ | |||||||
കൊല്ലപ്പെട്ടവർ ലഭ്യമല്ല പരിക്കേറ്റവർ ലഭ്യമല്ല | കൊല്ലപ്പെട്ടവർ 12 |
1884 കാലഘട്ടത്തിൽ മലബാർ ജില്ലയിലെ ഏറനാട്ടിലെ മലപ്പുറത്ത് ബ്രിട്ടീഷ് പട്ടാളവും, മാപ്പിളമാരും തമ്മിലുണ്ടായ യുദ്ധമാണ് തൃക്കാളൂർ ലഹള എന്ന പേരിൽ അറിയപ്പെടുന്നത്. ലഹളക്കാരായ കോളക്കോടൻ കുട്ടിഹസ്സനെയും 11 മാപ്പിളമാരെയും സൈന്യം വെടിവെച്ചു കൊല്ലുകയായിരുന്നു.[1]
പിന്നാമ്പുറം
[തിരുത്തുക]മലപ്പുറത്തെ കണ്ണഞ്ചേരി ചോഴി , കണ്ണഞ്ചേരി രാമൻ എന്നീ സഹോദരങ്ങൾ തമ്മിൽ ഉണ്ടായ സ്വത്ത് തർക്കമാണ് കലാപത്തിന് ഹേതു. ന്യായമുണ്ടായിരുന്ന ചോഴിയുടെ കൂടെയായിരുന്നു ബ്രിട്ടീഷ് ജന്മി പ്രമാണിമാർ അടങ്ങുന്ന അധികാരി വർഗ്ഗം. അധികാര പിന്തുണ ഇല്ലാത്ത രാമൻ മുസ്ലിമായി മാർക്കം കൂടി മാപ്പിള വേഷത്തിൽ അങ്ങാടിയിലിറങ്ങി ചോഴിയെ ആക്രമിച്ചു. മാപ്പിളമാരും ജന്മി -ബ്രിട്ടീഷ് അധികാരികളുമായുള്ള ശത്രുത കൊടുമ്പിരികൊണ്ടിരിക്കുന്ന അവസ്ഥയായത് കൊണ്ട് സഹോദരനും, പിന്തുണ നൽകുന്ന ജന്മിമാരും ഭയന്ന് പിന്തിരിയുമെന്നും മാപ്പിളമാർ തന്റെ രക്ഷക്കെത്തുമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു രാമന്റെ ഈ ചെയ്തികൾ.[2]
രാമന്റെ ഭാഗത്ത് നിന്നുണ്ടായ ആക്രമണവും മാപ്പിളമാർ ആക്രമിക്കാൻ വരുന്നുണ്ടെന്ന ഭീഷണിയും മൂലം ഭയപ്പാടിലായ ചോഴിയും ജന്മിമാരും തുക്ടി സായിപ്പിന് പരാതി നൽകി. പരാതിയിൽ പ്രദേശവാസികളായ പ്രദേശവാസികളായ ചില മാപ്പിളമാരെയും പ്രതിചേർത്തിരുന്നു.
അറസ്റ് വാറണ്ടും റൈഡും ഉണ്ടായതിനെ തുടർന്ന് മാപ്പിളമാർ ചോഴിയെയും അധികാരികളെയും കണ്ട് തങ്ങൾക്ക് ആർക്കും ഈ സംഭവത്തെ കുറിച്ചറിയില്ല എന്നു ബോധിപ്പിച്ചെങ്കിലും അത് ഫലം ചെയ്തില്ല. പ്രതിയാക്കപ്പെട്ട മാപ്പിളമാർ രാമനെ കണ്ട് മതമാറ്റവും സ്വത്ത് തർക്കവും അന്വേഷിച്ചു. താൻ കുറച്ചു കാലത്തേക്ക് മാപ്പിളായായെന്നും ഇപ്പോൾ തിരിച്ചു പഴയ ജാതിയിലേക്ക് വന്നെന്നും സ്വത്ത് തർക്കത്തിൽ സഹായിക്കണമെന്നും രാമൻ മറുപടി നൽകി. അതോടെ പ്രകോപിതനായ സംഘാംഗമായ അവറാൻ കുട്ടിയും കോയാം കുട്ടിയും കുഞ്ഞമ്മദ് മൊല്ലയും രാമനെ മർദ്ദിച്ചു മൃതപ്രായനാക്കി. ക്രൂരമായ മർദ്ദനമേറ്റ രാമൻ സഹോദരൻ ചോഴിയെയും ജന്മിമാരെയും കണ്ട് ഒത്തു തീർപ്പാവുകയും ചോഴിയുടെ സഹായത്തോടെ മർദിച്ച മാപ്പിളർമാർക്കെതിരെ പരാതി നൽകുകയും ചെയ്തു. ഇതിനെ തുടർന്ന് കീഴ്മുറി അംശത്തിലെ മാപ്പിളമാർക്ക് തുക്കിടി സായിപ് പതിഞ്ചായിരം ഉറുപ്പിക കൂട്ടപ്പിഴ ചുമത്തി. ആയിരം രൂപ രാമന് നൽകാനും വിധിയുണ്ടായി [3]
ഇതോടെ പ്രതി ചേർക്കപ്പെട്ട മാപ്പിളമാർ സഭ കൂടി രാമനെ കൊല്ലാൻ തീരുമാനിച്ചു. സഹീതാകാൻ (രക്തസാക്ഷിയാകാൻ) വേണ്ടി പാണക്കാട് സയ്യിദ് ഹുസൈൻ ആറ്റക്കോയ തങ്ങൾ എന്ന സിദ്ധനെ കണ്ട് മന്ത്രിച്ച ഏലസ്സുകൾ വാങ്ങി കെട്ടി. ബെദർ മൗലൂദ് ആചാരം അനുഷ്ഠിച്ചു, ജാറങ്ങളിൽ സന്ദർശനവും പ്രാർത്ഥനയും നടത്തി, വാളുകളിൽ ബർക്കത്തിനായി സയ്യിദ് ഫസലെന്ന പുണ്യാളന്റെ പേര് ഉല്ലേഖനം ചചെയ്യിപ്പിച്ചു. [4] ലഹളക്കൊരുങ്ങും മുൻപ് മാപ്പിളമാർ ചെയ്യാറുള്ള ഇത്തരം ആചാര രീതികൾ ശ്രദ്ധയിൽ പെട്ട ജന്മി കൂട്ടവും മാപ്പിളമാരുടെ ആക്രമണത്തിൽ നിന്നും കണ്ണഞ്ചേരി രാമനെ രക്ഷിക്കുവാനായി മലപ്പുറം പട്ടാള ബാരക്സിനടുത്ത ചോഴി കുട്ടിയുടെ വീട്ടിലേക്ക് മാറ്റി താമസിപ്പിച്ചു. എന്നാൽ അത് വക വെക്കാതെ ഡിസംബർ 27 ന് പുലർച്ചെ കോളക്കോടൻ കുട്ടിഹസ്സനും പതിനൊന്ന് മാപ്പിളമാരും അവിടം ആക്രമിച്ചു. ആക്രമണ സൂചന ലഭിച്ച രാമൻ രക്ഷപ്പെട്ടിരുന്നു. അക്രമം തടയാൻ ശ്രമിച്ച ചോഴിയെയും മകനെയും ലഹളക്കാർ കൊലപ്പെടുത്തി, വീട് അഗ്നിക്കിരയാക്കി. കൊലയെ തുടർന്ന് ലഹളക്കാർ മലപ്പുറം അങ്ങാടിയിൽ ആയുധങ്ങളുയർത്തിപ്പിടിച്ചു ബ്രിട്ടീഷ് പട്ടാളത്തെയും, ജന്മികളെയും പോരിന് വിളിച്ചു പ്രകടനം നടത്തി. തുടർന്ന് ഒളിപ്പോരിനായി തൃക്കാളൂർ ക്ഷേത്ര വളപ്പിൽ പട്ടാളത്തെയും കാത്തിരുന്നു. വാർത്ത അറിഞ്ഞു സ്വീനിയുടെ പോലീസ് സംഘം ഡിസംബർ 28 ന് രാവിലെയോടെ പ്രദേശം വളഞ്ഞു. കീഴടങ്ങാൻ പ്രേരിപ്പിക്കാനായി സന്ധി സംഭാഷണത്തിന് പോയ സർക്കാർ പ്രതിനിധിയോട് 'സന്ധിയില്ലെന്നും രാമൻ ചെയ്ത തെറ്റിന് അയാളെ ശിക്ഷിക്കേണ്ടതിനു പകരം നിങ്ങൾ ഞങ്ങളെയാണ് ശിക്ഷിച്ചതെന്നും, അയാൾ ചെയ്ത അതിക്രമങ്ങൾക്ക് ഞങ്ങളിൽ നിന്ന് പിഴഈടാക്കുകയും, കുറ്റവാളിക്ക് പാരിതോഷികമായി ആയിരം ഉറുപ്പിക കൊടുപ്പിക്കുകയും ചെയ്ത ബ്രിട്ടീഷുകാരെ വിശ്വാസമില്ലെന്നും പട്ടാളക്കാരോട് പൊരുതാനാണ് ഞങ്ങൾ കാത്തിരിക്കുന്നതെന്നുമുല്ല മറുപടിയാണ് ലഹളക്കാർ നൽകിയത്.
ഉച്ചയോടടുത്ത് സർജൻ മേജർ ജോസഫ് ഹീത്തിന്റെ കീഴിൽ ഓക്സ് ഫോർഡ് ഷൈൻ ഇന്ഫന്റ്രി സൈനിക ബറ്റാലിയൻ സംഭവസ്ഥലത്തെത്തുകയും ആക്രമണം ആരഭിക്കുകയുമുണ്ടായി,ഡൈനാമിറ്റ് ഉപയോഗിച്ച് മതിൽക്കെട്ട് തകർത്ത് അകത്ത് കയറാൻ ശ്രമിച്ച സൈന്യത്തിനും പോലീസ് സംഘത്തിനും കനത്ത പ്രത്യാക്രമണത്തിൽ പിന്തിരിയേണ്ടി വന്നു. രാവിലെ തുടങ്ങിയ സൈനിക ഓപ്പറേഷൻ കനക്കുകയും നീണ്ടു പോവുകയും ചെയ്തതോടെ വൈകുന്നേരം ഓക്സ് ഫോർഡ്ഷൈൻ ഇന്ഫന്റ്രിയുടെ കൂടുതൽ സൈനികരും, രാത്രിയോടെ ക്യാപ്റ്റൻ കാർട്ടീസിന്റെ കീഴിലുള്ള സംഘവും, പിറ്റേന്ന് ക്യാപ്റ്റൻ ഹെറൻ മാക്സ്‌വെല്ലും, സർജൻ കുസാക്കിന്റെ നേതൃത്വത്തിൽ അമ്പതു പേരടങ്ങുന്ന റോയൽ ഫസിലിയേഴ്‌സ് സൈനിക ഗ്രൂപ്പും ആക്രമണത്തിൽ പങ്കുചേർന്നു. പുലർച്ചയോടെ മദ്രാസിൽ നിന്നുള്ള സ്‌പെഷൽ അസിസ്റ്റന്റ് മജിസ്‌ട്രേറ്റ് ട്വിഗ്ഗും സ്ഥലത്തെത്തി. നീണ്ടു നിന്ന പോരാട്ടം ലഹളക്കാരെ തളർത്തിയിട്ടുണ്ടെന്നും രണ്ടുപേർ പ്രാർത്ഥിക്കുക, രണ്ടു പേർ ഉറങ്ങുക, ബാക്കിയുള്ളവർ ആക്രമണം നടത്തുക എന്നിങ്ങനെയുള്ള രീതിയാണ് ലഹളക്കാർ കൈകൊള്ളുന്നതെന്നും ഭക്ഷണവും വെള്ളവും ലഭിക്കാത്തതിനാൽ അവർ ക്ഷീണിതരാണെന്നും പട്ടാള സംഘം മനസ്സിലാക്കി. അതോടെ മൂന്ന് സംഘങ്ങളായി പട്ടാളവും പോലീസും വിഭജിച്ചു ഡൈനാമിറ്റുൾപ്പെടയുള്ള സ്‌ഫോടകവസ്തുക്കളും, ഒളിഞ്ഞു വെടിവെക്കാൻ വിദഗ്ദ്ധരായ തോക്കുധാരികളും വിവിധഭാഗങ്ങളിൽ വിന്യസിക്കപ്പെടുകയും കനത്ത ഏറ്റുമുട്ടലിലൂടെ മുഴുവൻ ലഹളക്കാരെയും കൊലപ്പെടുത്തുകയുമുണ്ടായി.[5]
ലഹളക്കാരുടെ മൃതശരീരങ്ങളിൽ നിന്നും ഏലസ്സുകൾ കണ്ടെടുത്തതിനെ തുടർന്ന് ആറ്റക്കോയ തങ്ങളെ തമിഴ്നാട്ടിലെ വെല്ലൂരിലേക്കു നാടുകടത്തി.
ഇവ കാണുക
[തിരുത്തുക]- മമ്പുറം സയ്യിദ് ഫസൽ
- മാപ്പിള ലഹളകൾ
- മുട്ടിച്ചിറ ലഹള
- ചേരൂർ വിപ്ലവം
- മഞ്ചേരി കലാപം(1849)
- മലബാർ കലാപം -1921
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- മലബാറിലെ കാർഷികബന്ധങ്ങൾ: ഒരു പഠനം, ഡോ.കെ.കെ.എൻ.കുറുപ്പ്
- മാപ്പിള മുസ്ലിംസ് ഓഫ് കേരള, റോളണ്ട് ഇ മില്ലൻ
അവലംബങ്ങൾ
[തിരുത്തുക]- ↑ കേരള ചരിത്ര നിഘണ്ടു, പുറം 284
- ↑ മലബാര് കലാപം പ്രഭുത്വത്തിനും രാജവാഴ്ചക്കുമെതിരെ - കെ.എന്. പണിക്കർ
- ↑ വില്യം ലോഗൻ ,മലബാർ മാന്വൽ, പേജ് 585
- ↑ എം ഗംഗാധരൻ, മമ്പുറം തങ്ങന്മാരുടെ കാലവും അകലവും,സയ്യിദ് ഫസൽ അധിനിവേശ വിരുദ്ധ ചരിത്രത്തിലെ നിത്യസാന്നിധ്യം , Chintha Publishers
- ↑ വില്ല്യം, ലോഗൻ , മലബാർ മാന്വൽ, പേജ് 587 -591