Jump to content

ദന്ത്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നാവിന്റെ അഗ്രം മേൽപ്പല്ലിനുപിറകിൽ സ്പർശിച്ചോ ഉരസിയോ ഉച്ചരിക്കുന്ന വ്യഞ്ജനങ്ങളാണ് ദന്ത്യങ്ങൾ (Dental consonant). ഉച്ചാരണസ്ഥാനങ്ങൾ തമ്മിൽ സൂക്ഷ്മഭേദംമാത്രമേ ഉള്ളൂ എന്നതിനാൽ പല ഭാഷകളിലും ദന്ത്യങ്ങളും ദന്തമൂലത്തിൽ (മോണ)‍ സ്പർശിച്ചുച്ചരിക്കുന്ന വർത്സ്യങ്ങളും തമ്മിൽ വേർതിരിവില്ല. അതുപോലെ വർത്സ്യങ്ങളും മൂർദ്ധന്യങ്ങളും തമ്മിലും. എന്നാൽ ദ്രാവിഡഭാഷകളിൽ, വിശേഷിച്ച് മലയാളത്തിൽ ഇവ മൂന്നും വേർതിരിച്ചുതന്നെ ഉച്ചരിക്കപ്പെടുന്നു.

ഇന്ത്യൻ ഭാഷകളിൽ ദന്ത്യവർഗ്ഗം എന്നപേരിൽ ദന്ത്യസ്പർശങ്ങളുടെ ഒരു സമുച്ചയം ഉണ്ട്. ദ്രാവിഡത്തിൽ ശ്വാസിയായ ദന്ത്യസ്പർശവും ദന്ത്യാനുനാസികവും (നാദി) മാത്രമേയുള്ളൂ. ശ്വാസി-നാദിഭേദവും അല്പപ്രാണ-മഹാപ്രാണഭേദങ്ങളും ചേർന്ന് നാല് സ്ഫോടകങ്ങളും അനുനാസികവും ചേർന്നതാണ് ആര്യഭാഷകളിലെ ദന്ത്യവർഗ്ഗം. എന്നാൽ ആര്യഭാഷകളിലും മറ്റ് ഇൻഡോ-യൂറോപ്യൻ ഭാഷകളിലും ദന്ത്യാനുനാസികം ഒരു ഉപസ്വനം മാത്രമാണ്. സ്വതന്ത്രോച്ചാരണത്തിൽ വർത്സ്യമോ ദന്ത്യവർത്സ്യമോ ആണ് ഇവയിൽ ഉപയോഗിക്കുന്നത്. ദ്രാവിഡഭാഷകളിൽ ശുദ്ധമായ ദന്ത്യാനുനാസികം ഉണ്ട്. ദ്രാവിഡത്തിൽ തെലുങ്ക്, കന്നഡ, മലയാളം തുടങ്ങിയ ദ്രാവിഡഭാഷകൾ സംസ്കൃതത്തിൽനിന്ന് നാദിയെയും മഹാപ്രാ‍ണങ്ങളെയും സ്വീകരിച്ചിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=ദന്ത്യം&oldid=1695214" എന്ന താളിൽനിന്ന് ശേഖരിച്ചത്