ദാനനികുതി
ഒരു വ്യക്തിയുടെ ജീവിതകാലത്ത് നടത്തുന്ന ദാനങ്ങൾക്കോ സമ്മാനങ്ങൾക്കോ മേൽ ചുമത്തുന്ന നികുതിയാണ് ദാനനികുതി. 1974-ൽ ബ്രിട്ടനിൽ സ്വത്ത് കൈമാറ്റത്തിന്മേൽ ഒരു പ്രത്യേക നികുതി ചുമത്തിത്തുടങ്ങിയത് അതുവരെ നിലവിലിരുന്ന എസ്റ്റേറ്റ് ഡ്യൂട്ടിക്ക് പകരമായിരുന്നു. 1986-ൽ ഈ പുതിയ നികുതിയുടെ പേര് ഇൻഹെറിറ്റൻസ് നികുതി (Inheritance tax)[1] എന്നു മാറ്റുകയുണ്ടായി. എല്ലാ ദാനങ്ങളും ഈ നികുതിയുടെ പരിധിയിലായി. മരണത്തിന് ഏഴ് വർഷം മുമ്പ് ഒരു വ്യക്തി നടത്തുന്ന ദാനങ്ങൾക്ക് നികുതിബാദ്ധ്യത ഇല്ലായിരുന്നു. മരണത്തിന് മൂന്ന് വർഷം മുമ്പ് നടത്തുന്ന മുഴുവൻ ദാനങ്ങളും നികുതിവിധേയമാക്കുന്ന തരത്തിലാണ് പിന്നീടുണ്ടായ ബ്രിട്ടിഷ് ബജറ്റുകൾ തയ്യാറാക്കിയത്. കാലാകാലങ്ങളിൽ പൈതൃകസ്വത്ത് ദാനമായി കിട്ടുന്നവർ കൊടുക്കേണ്ട നികുതിനിരക്കുകളിൽ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. നിയമത്തിൽ ചില ഒഴിവുകളും സഹായങ്ങളും നികുതിദായകന് ലഭ്യമാക്കിയിട്ടുണ്ട്. സന്നദ്ധ സേവാസംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ജീവകാരുണ്യ സ്ഥാപനങ്ങൾ എന്നിവ സ്വീകരിക്കുന്ന ദാനങ്ങൾക്ക് സാധാരണയായി ഈ നികുതി ചുമത്താറില്ല. ചില അവസരങ്ങളിൽ അവയ്ക്കുമേൽ ചില പരിധികൾ ഉണ്ടാകും എന്നുമാത്രം.
പരീക്ഷണാടിസ്താനത്തിൽ
[തിരുത്തുക]കേംബ്രിജ് ധനശാസ്ത്രജ്ഞനായിരുന്ന പ്രൊഫ. നിക്കോളസ് കാൽഡർ (Nicholas Kaldor)[2] ഇന്ത്യയിലെ നികുതിപരിഷ്കാരത്തെക്കുറിച്ചുള്ള റിപ്പോർട്ടിലാണ് ദാനനികുതി ഇവിടെ പരീക്ഷിക്കാൻ നിർദ്ദേശം നൽകിയത്. ഇന്ത്യൻ നികുതിസമ്പ്രദായത്തിൽ നികുതിഒഴിവാക്കലും നികുതിവെട്ടിപ്പും സാർവത്രികമാണ്. അതുകൊണ്ട് എല്ലാ പഴുതുകളും അടയ്ക്കാൻ പ്രത്യക്ഷനികുതിഘടന പരിഷ്കരിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. 1956-ൽ സമർപ്പിച്ച റിപ്പോർട്ടിൽ ആദായനികുതിയുടെ ഏറ്റവും ഉയർന്ന നിരക്ക് 42% ആയിരിക്കണമെന്നും ആദായനികുതിക്കു പുറമേ സ്വത്ത്നികുതി, ദാനനികുതി, വ്യയനികുതി എന്നിവകൂടി ഇന്ത്യ പുതുതായി നടപ്പാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. പിൽക്കാലത്ത് അവ ഇന്ത്യ പരീക്ഷിക്കുകയും ചെയ്തു.
1958-ലെ നികുതിനിയമം
[തിരുത്തുക]1958-ലെ നികുതിനിയമം അനുസരിച്ച് വ്യക്തി, അവിഭക്ത ഹിന്ദുകുടുംബം, കമ്പനിട്രസ്റ്റുകൾ എന്നിവർക്ക് ദാനനികുതി ബാധകമാണ്. നിലവിലുള്ള സ്ഥാവരജംഗമ വസ്തുക്കൾ പ്രതിഫലം ആഗ്രഹിക്കാതെയും പ്രതിഫലം കൈപ്പറ്റാതെയും മറ്റൊരാൾക്കോ ഏജൻസിക്കോ കൈമാറ്റം ചെയ്താൽ അത് ദാനം എന്ന നിർവചനത്തിൻകീഴിൽ വരും. ദാതാവ്, ദാനം സ്വീകരിക്കുന്നയാൾ എന്നിവരെ വ്യക്തമായി നിയമത്തിൽ നിർവചിച്ചിട്ടുണ്ട്. നികുതിയിൽ നിന്നുള്ള ഒഴിവുകൾ പ്രത്യേകം വിശദമാക്കിയിരിക്കുന്നു. വിദേശത്തു താമസിക്കുന്ന പ്രവാസി ഇന്ത്യക്കാർ നോൺ റസിഡന്റ് അക്കൌണ്ടിലെ നിക്ഷേപത്തുകയിൽനിന്നു നടത്തുന്ന ദാനം, ഇന്ത്യയിലെ ബന്ധുവിന് നൽകുന്ന ദാനം, ആതുരസേവന-ധർമസ്ഥാപനങ്ങൾക്ക് നൽകുന്ന ദാനം, കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി നൽകുന്ന ദാനം എന്നിവ നികുതിയിൽനിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്.
ഇന്ത്യയിൽ 1999-2000 അസ്സസ്മെന്റ് വർഷം മുതൽ ദാനനികുതിനിയമത്തിൽ മാറ്റം വന്നു. വിവാഹ ആവശ്യത്തിന് നൽകുന്ന രണ്ട് ലക്ഷം രൂപ വരെയുള്ള ദാനം നികുതിയിൽനിന്ന് ഒഴിവാക്കി. കാലാകാലങ്ങളിൽ നികുതിനയത്തിൽ മാറ്റങ്ങൾ ഉണ്ടാകാവുന്നതാണ്.
അവലംബം
[തിരുത്തുക]പുറംകണ്ണികൾ
[തിരുത്തുക]- http://window.state.tx.us/taxinfo/inherit/index.html Archived 2012-01-02 at the Wayback Machine.
- http://www.tn.gov/revenue/tntaxes/inherit.htm Archived 2012-01-14 at the Wayback Machine.
- http://frankellis.hubpages.com/hub/federal-inheritance-tax Archived 2012-01-06 at the Wayback Machine.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ദാനനികുതി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |