Jump to content

ദീപ പാലനാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദീപ പാലനാട്
ജനനം1982/04/17
ദേശീയത ഇന്ത്യ
തൊഴിൽസ്കൂൾ അദ്ധ്യാപിക (പോരൂർ എ.യു.പി. സ്‌കൂൾ ) , റേഡിയോ അനൗൺസർ
ജീവിതപങ്കാളി(കൾ)കെ ടി പ്രദീപ്
മാതാപിതാക്ക(ൾ)പാലനാട് ദിവാകരൻ
സുധ
ബന്ധുക്കൾസുദീപ് പാലനാട്

കഥകളി സംഗീതജ്ഞരിൽ വിരളമായ സ്ത്രീ ഗായകരിൽ ഒരാളാണ് ദീപ പാലനാട് [1], [2]. സ്ത്രീകളെ ക്ഷേത്രകലയിൽ നിന്ന് അകറ്റി നിർത്തുന്ന ഒരു സാമൂഹിക വ്യവസ്ഥയിൽ നിന്ന് നാല് നൂറ്റാണ്ട് പഴക്കമുള്ള കഥകളിയിൽ അവർ സ്വന്തമായ ഒരു വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

പുരസ്‌കാരം

[തിരുത്തുക]
  • കഥകളിരംഗത്തെ യുവ ഗായകർക്കായി ഏർപ്പെടുത്തിയ വെണ്മണി ഹരിദാസ് പുരസ്‌കാരം 2021 ൽ ഇവർ കരസ്ഥമാക്കി [3] , [4]
  • കഥകളി സംഗീതത്തിലെ യുവപ്രതിഭയ്ക്കുള്ള കൊല്ലം കഥകളി ക്ലബ്ബിന്റെ പുരസ്കാരം
  • കോഴിക്കോട് നവരസംം ചാരിറ്റബിൾട്രസ്റ്റിന്റെ സ്ത്രീരത്നം അവാർഡിന് തിരഞ്ഞെടുത്തു
  • മുംബൈ, ഭേരിയിൽ നിന്നും കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ് ആദരമുദ്ര ലഭിച്ചു
  • ആനമങ്ങാട് കഥകളി ക്ലബ്ബിന്റെ ആദരമുദ്ര ലഭിച്ചു
  • പാലൂർ ശ്രീസുബ്രഹ്മണ്യ പുരസ്കാരം 2021
  • കഥകളിയിലെ സ്ത്രീ സാന്നിദ്ധ്യങ്ങൾക്കായി എറണാകുളം കഥകളി ക്ലബ്ബ് ഏ‌‌‍‌‌‌‌‌‌‌ർപ്പെടുത്തിയ പുരസ്കാരം 2024ൽ ലഭിച്ചു‌.

സ്വകാര്യ ജീവിതം

[തിരുത്തുക]

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയ്ക്കടുത്ത് പുലാമന്തോൾ പഞ്ചായത്തിലെ കട്ടുപ്പാറയിൽ കഥകളി സംഗീതജ്ഞനായ പാലനാട് ദിവാകരന്റെയും സുധയുടേയും മകളായി ജനനം. മൂന്നാം വയസ്സുമുതൽ പദങ്ങൾ പഠിച്ചു തുടങ്ങി [5],[6] . സംഗീതസംവിധായകനും ഗായകനും ആയ സുദീപ് പാലനാട് സഹോദരൻ ആണ്.

ഗണിതത്തതിൽ ബിരുദവും ബി.എഡും നേടി.

കലാപഠനം

[തിരുത്തുക]

കർണ്ണാടകസംഗീതത്തിന്റെ അടിസ്ഥാന പാഠങ്ങൾ പിതാവിൽനിന്നുംപഠിക്കാൻ തുടങ്ങി. കഥകളി സംഗീതത്തിലും പിതാവായ പാലനാട് ദിവാകരൻ തന്നെയാണ് ഗുരു. തുടർന്ന് കർണ്ണാടക സംഗീതത്തിൽ ശ്രീ വി വി സദാനന്ദൻ, ശ്രീ വെള്ളിനേഴി സുബ്രഹ്മണ്യൻ, ശ്രീ പുന്നപ്പുഴ രാമനാഥൻ, ശ്രീ വെച്ചൂർ ശങ്കർ എന്നിവരുടെ കീഴിൽ ഉന്നതപഠനം നടത്തി. കഥകളിസംഗീതത്തിൽ ശ്രീ മാടമ്പി സുബ്രഹ്മണ്യൻനമ്പൂതിരിയിൽ നിന്നും ശ്രീ കോട്ടയ്ക്കൽമധുവിൽ നിന്നും അഭ്യസനംനേടിയിട്ടുണ്ട്.ശ്രീ കലാമണ്ഡലം കെ ജി വാസുദേവന്റേയും കലാമണ്ഡലം കൃഷ്ണകുമാറിന്റേയും കീഴിൽ കഥകളി അഭ്യസിച്ചിട്ടുണ്ട്. ശ്രീമതി കലാമണ്ഡലം സുധയുടെ കീഴിൽ നൃത്തവും അഭ്യസിച്ചിട്ടുണ്ട്.

കലാജീവിതം

[തിരുത്തുക]

കഥകളിയരങ്ങുകളിൽ ഗായികയായി പ്രവർത്തിച്ചുവരുന്നു.ധാരാളം കഥകളിപ്പദക്കച്ചേരികൾ നടത്തിയിട്ടുണ്ട്. ആകാശവാണിയിൽ കഥകളി സംഗീതവിഭാഗത്തിൽ എ ഗ്രേഡ് ആർട്ടിസ്റ്റ് ആണ്. ലൂക്ക, ഒരു ദേശ വിശേഷം എന്നീ സിനിമകളിൽ പിന്നണി ഗായികയായിട്ടുണ്ട്. കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കഥകളി സംഗീതത്തിന് ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ് സ്മാരക കഥകളി സംഗീത മത്സരത്തിലും എറണാകുളം കഥകളി ക്ലബ്ബ് സംഗീതമത്സരത്തിലും വിജയിയായിട്ടുണ്ട്. കേന്ദ്ര ഗവണ്മെന്റിന്റെ സ്കോളർഷിപ്പോടെ പത്തുവർഷം കഥകളി സംഗീതത്തിൽ ഉപരിപഠനംനേടിയിട്ടുണ്ട്. 1996 ആഗസ്റ്റ് 6ന് സഹോദരൻ സുദീപ് പാലനാടിനൊപ്പം ഗുരുവായൂരിൽ കുചേലവൃത്തം കഥകളിക്ക് പാടിക്കൊണ്ട് അരങ്ങേറ്റം നടത്തി. നചികേതസ്സ് എന്ന ആട്ടക്കഥയ്ക്ക് സംഗീതം ചിട്ടപ്പെടുത്തിയിട്ടുണ്ട്. അഷ്ടപദിയാട്ടം, മോഹിനിയാട്ടം എന്നിവയ്ക്ക് പിന്നണി ഗായികയായി പ്രവർത്തിച്ച് വരുന്നു. വിവിധ സദസ്സുകളിൽ കവിതാലാപനം നടത്തിയിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. "കളിയരങ്ങിലെ കിളിനാദം...-". www.manoramaonline.com.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-02-03. Retrieved 2017-03-28.
  3. "വെണ്മണി ഹരിദാസ് പുരസ്‌കാരം ദീപ പാലനാടിന്......-". www.mathrubhumi.com. Archived from the original on 2021-10-09. Retrieved 2021-10-09.
  4. "വെണ്മണി ഹരിദാസ് പുരസ്‌കാരം ദീപ പാലനാടിന്......-". keralakaumudi.com.
  5. "കഥകളിപ്പദങ്ങളിൽ അലയടിക്കുന്ന പെൺശബ്ദം ഇതാ ഇവിടെയുണ്ട്!-". malayalam.samayam.com.
  6. http://www.mathrubhumi.com/features/politics/%E0%B4%AA%E0%B5%86%E0%B4%A3%E0%B5%8D%E2%80%8D%E0%B4%AA%E0%B4%A6%E0%B4%82-1.337932[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ദീപ_പാലനാട്&oldid=4140240" എന്ന താളിൽനിന്ന് ശേഖരിച്ചത്