Jump to content

ദൂതവാക്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ദൂതവാക്യം എന്ന താളിലുണ്ട്.

ഒരു സംസ്കൃത നാടകമാണ് ദൂതവാക്യം. ഭാസനാടകചക്രത്തിൽ ഉൾപ്പെടുന്ന ദൂതവാക്യം വ്യായോഗം എന്ന രൂപകഭേദത്തിൽപ്പെടുന്ന ഏകാങ്കമാണ്. മഹാഭാരതത്തിലെ ഉദ്യോഗപർവത്തിൽ വർണിതമായ ശ്രീകൃഷ്ണദൂത് ആണ് പ്രമേയം. മഹാഭാരതത്തിലെ കഥയിൽനിന്ന് കാര്യമായ വ്യതിയാനം കൂടാതെയാണ് നാടകീയമായി കഥ അവതരിപ്പിക്കുന്നത്.

ദുര്യോധനന്റെ രാജസദസ്സിൽ കഞ്ചുകി എത്തി പാണ്ഡവരുടെ ദൂതനായി പുരുഷോത്തമനായ കൃഷ്ണൻ വന്നിരിക്കുന്നതായി അറിയിക്കുന്നതാണ് ആദ്യ രംഗം. പുരുഷോത്തമൻ എന്ന വിശേഷണം പാടില്ല എന്നും മേലിൽ ഇങ്ങനെ ആവർത്തിക്കരുതെന്നും ദുര്യോധനൻ നിർദ്ദേശിക്കുന്നു. കൃഷ്ണൻ വരുമ്പോൾ ആരുംതന്നെ എഴുന്നേൽക്കരുതെന്നും ബഹുമാനം പ്രകടിപ്പിക്കരുതെന്നും നിർദ്ദേശിക്കുന്നു. പാഞ്ചാലീവസ്ത്രാക്ഷേപം ചിത്രണം ചെയ്ത വലിയ ചിത്രം കൃഷ്ണൻ വരുമ്പോൾത്തന്നെ കാണുന്ന നിലയിൽ സദസ്സിൽ പ്രദർശിപ്പിച്ചിരിക്കുന്നു. പാണ്ഡവരോടും ദൂതനായി വരുന്ന കൃഷ്ണനോടുമുള്ള വിദ്വേഷം ഈ നിലയിൽ ആദ്യംതന്നെ ദുര്യോധനൻ പ്രകടിപ്പിക്കുന്നു. കൃഷ്ണനെ ബഹുമാനിക്കുന്നവർ പന്ത്രണ്ടുഭാരം സ്വർണം പിഴയായി നല്കേണ്ടിവരും എന്ന് അനുശാസിക്കുന്നു. എന്നാൽ കൃഷ്ണൻ സദസ്സിലേക്കു വന്നപ്പോൾ ദുര്യോധനൻ ഒഴികെ മറ്റെല്ലാവരും എഴുന്നേറ്റുനിന്ന് വിനയപൂർവം സ്വാഗതമരുളി. ദുര്യോധനനാകട്ടെ സംഭ്രമംമൂലം സിംഹാസനത്തിൽനിന്ന് താഴേക്കു വീഴുകയാണുണ്ടായത്.

പാണ്ഡവർക്ക് രാജ്യഭാരം അവകാശപ്പെട്ടതാണെന്നും പകുതി രാജ്യമെങ്കിലും അവർക്കു നല്കണമെന്നും കൃഷ്ണൻ അറിയിക്കുന്നു. ഈ നിർദ്ദേശം സ്വീകാര്യമല്ലെന്നും പാണ്ഡവർ യഥാർഥമായി പാണ്ഡുപുത്രന്മാരല്ലാത്തതിനാൽ അവർക്ക് രാജ്യഭരണം ന്യായമായി ലഭ്യമല്ലെന്നുമാണ് ദുര്യോധനൻ അറിയിക്കുന്നത്. കുരുവംശരാജാവായ വിചിത്രവീര്യന്റെ പത്നി അംബികയുടെ പുത്രനായ ധൃതരാഷ്ട്രർ ഇതേപോലെ രാജപുത്രനല്ല എന്ന ന്യായം കൃഷ്ണൻ തിരിച്ചും പറയുന്നത് ദുര്യോധനനെ പ്രകോപിതനാക്കുന്നു. കൃഷ്ണനെ ബന്ധനസ്ഥനാക്കുന്നതിന് ആജ്ഞാപിക്കുന്നെങ്കിലും ആരും അതിനു മുന്നോട്ടുവരുന്നില്ല എന്നുകണ്ട് ദുര്യോധനൻ സ്വയം ആ സാഹസത്തിനു മുതിരുന്നു. കൃഷ്ണന്റെ ദിവ്യായുധങ്ങളായ സുദർശനം, കൗമോദകി (ഗദ), പാഞ്ചജന്യം (ശംഖ്) എന്നിവ ദിവ്യരൂപം ധരിച്ച് പ്രത്യക്ഷപ്പെടുകയും കൃഷ്ണന്റെ ആജ്ഞ പാലിക്കുന്നതിനു തയ്യാറായി നില്ക്കുകയും ചെയ്യുന്നു. ദുര്യോധനനെ വധിക്കുവാൻ സന്ദർഭമുണ്ടാകുന്നതിനുമുമ്പ് ധൃതരാഷ്ട്രർ കൃഷ്ണനോട് ക്ഷമായാചനം നടത്തുകയും ദൌത്യം വിജയിക്കാതെ കൃഷ്ണൻ തിരികെപ്പോവുകയും ചെയ്യുന്നു. 1912-ൽ തിരുവനന്തപുരത്തിനു സമീപമുള്ള ഒരു ഗൃഹത്തിൽ നിന്നു ലഭിച്ച താളിയോലഗ്രന്ഥശേഖരത്തിൽ നിന്നാണ് ഭാസനാടകങ്ങൾ ആദ്യം ഉപലബ്ധമാകുന്നത്. മഹാമഹോപാധ്യായ ടി. ഗണപതിശാസ്ത്രികളാണ് ഇവ കണ്ടെടുത്ത് ട്രിവാൻഡ്രം സാൻസ്ക്രിറ്റ് സീരീസ് എന്ന ഗ്രന്ഥസമുച്ചയത്തിലുൾപ്പെടുത്തി പ്രസിദ്ധീകരിച്ചത്.

വീരരസപ്രധാനമായ ഈ വ്യായോഗത്തിൽ സ്ത്രീകഥാപാത്രങ്ങളില്ല. വീഥി എന്ന രൂപക(നാടക)ഭേദത്തിലും ഇതിനെ ചിലർ പരിഗണിച്ചിട്ടുണ്ട്. കൃഷ്ണന്റെ ദിവ്യായുധങ്ങൾ ദിവ്യരൂപം സ്വീകരിച്ച് കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെടുന്നതും കൃഷ്ണൻ വരുന്നതിനു മുമ്പുതന്നെ പാഞ്ചാലീവസ്ത്രാക്ഷേപം ചിത്രീകരിച്ച ചിത്രം സദസ്സിൽ വച്ചിരുന്നതും മഹാഭാരതകഥയിൽ നിന്നുമുള്ള വ്യതിയാനങ്ങളാണ്. കൃഷ്ണന്റെ ദൂത് ഇതിവൃത്തമാക്കി സംസ്കൃതത്തിലും പ്രാദേശിക ഭാഷകളിലും വേറെയും അനേകം കൃതികൾ വിരചിതമായിട്ടുണ്ട്. മേല്പുത്തൂർ നാരായണഭട്ടതിരിയുടെ ദൂതവാക്യം പ്രബന്ധം ഇവയിൽ പ്രമുഖമാണ്. ഭാസനാടകങ്ങൾ കേരളീയ അഭിനയകലാരൂപമായ കൂടിയാട്ടത്തിന് ഉപയോഗിച്ചിരുന്നതിനാൽ ഇവയ്ക്ക് കേരളത്തിൽ കൂടുതൽ പ്രചാരം ലഭിച്ചിരുന്നു. ഈ രീതിയിൽ പ്രസിദ്ധി നേടിയ ദൂതവാക്യം വ്യായോഗത്തിന് മലയാളത്തിൽ പരിഭാഷയും ഈ കഥ ഇതിവൃത്തമായി ആട്ടക്കഥ, ഗദ്യാനുവർത്തനം, തുള്ളൽക്കഥ തുടങ്ങിയ സാഹിത്യരൂപങ്ങളും ഉണ്ടായി.

ദൂതവാക്യം വ്യായോഗത്തിന് പന്തളം കേരളവർമ തയ്യാറാക്കിയ പരിഭാഷ ഭാഷാദൂതവാക്യം വ്യായോഗം എന്നറിയപ്പെടുന്നു. മേല്പുത്തൂരിന്റെ ദൂതവാക്യം പ്രബന്ധത്തിന് ചുനക്കര ഉണ്ണിക്കൃഷ്ണവാരിയർ പരിഭാഷ രചിച്ചു. ഭാഷാഗദ്യത്തിന്റെ ആദ്യമാതൃകകളിലൊന്നും അജ്ഞാതകർതൃകവുമായ ദൂതവാക്യംഭാഷാഗദ്യം കൊച്ചി രാമവർമ മഹാരാജാവാണ് പ്രസാധനം ചെയ്തത്. നാടകത്തിന്റെ കേരളീയ കലാരൂപമായിരുന്ന കൂടിയാട്ടത്തിന് അഭിനയിക്കുന്നതിനുവേണ്ട രംഗാവിഷ്കാരവിശേഷതകൾകൂടി നിർദ്ദേശിച്ചുകൊണ്ടാണ് ഇതിലെ അവതരണം. 'കൊ. 564-ാമാണ്ട് മിഥുനഞായിറുപോകിന്റ നാളിൽ പരുവക്കൽ ഗൃഹത്തിൽ ഇരുന്ന ചെറിയനാട്ട് ഉണ്ണിരാമൻ പകർത്തിയ പ്രതി'യാണ് ഉള്ളൂർ പ്രസിദ്ധീകരിച്ചത്. ഗ്രന്ഥാന്ത്യത്തിൽ 'ആദിത്യവർമായനമഃ' എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് തിരുവിതാംകൂറിൽ 14-ാം ശ.-ത്തിൽ ഭരണം നടത്തിയ ആദിത്യവർമയാകാമെന്ന് ഉള്ളൂർ അഭിപ്രായപ്പെടുന്നു. ഇതിൽ ഗ്രന്ഥത്തെപ്പറ്റി 'എഴുതിയകാലം കുറിച്ചിട്ടുള്ള ഏടുകളിൽ എന്റെ അറിവിൽപ്പെട്ടിടത്തോളം കേരളത്തിൽ ഈ താളിയോലഗ്രന്ഥത്തിനാണ് പഴക്കം അധികം' എന്ന് ഉള്ളൂർ രേഖപ്പെടുത്തുന്നു. മലയാളഗദ്യസാഹിത്യത്തിന്റെ അതിപ്രാചീന മാതൃകയായ ഇതിലെ ഒരു ഭാഗം ഇപ്രകാരമാണ്:

'വിശ്വരൂപിയാകിന വിഷ്ണുഭഗവാനെ പിടിച്ചുകെട്ടാ
മെന്റു നിനച്ചു ചെന്റണിയിന്റവൻ കാണാതൊഴിഞ്ഞ്',
'ഏനേ പേടിച്ചു നഷ്ടനായോൻ, തിരോഭവിച്ചാൻ
എന്റു ചൊല്ലറ്റരുളിചെയ്തു നില്ക്കിന്റവന്ന് അരികേ
കാണായി അംബുജേക്ഷണൻ തിരുവടിയെ.'

പില്ക്കാലത്ത് പ്രചാരലുപ്തങ്ങളായ പല പദങ്ങളും ശൈലികളും പ്രയോഗങ്ങളും ഇതിൽ കാണുന്നതിന് ഉദാഹരണങ്ങളാണ് അലങ്ങുക (അലയുക), തറാതെ (തെറ്റാതെ), എഴുനിറ്റു (എഴുന്നേറ്റു), പടുക (പെടുക), ഞാങ്ങൾ (ഞങ്ങൾ), നൽവരവ് (സ്വാഗതം) തുടങ്ങിയവ. ആനത്തലവങ്ങൾ, എന്റള്ളടം, ദയാവ്, ശരൺ തുടങ്ങിയ പ്രയോഗങ്ങളും പുറപ്പെടത്തുടങ്ങീതു, പ്രവർത്തിക്കത്തുടങ്ങി എന്നിങ്ങനെ പൂർണക്രിയയിൽ നടുവിനയെച്ചം ചേർത്തുള്ള പ്രയോഗങ്ങളും 'പോയ്ക്കെടു' തുടങ്ങിയ പ്രാചീന പ്രയോഗങ്ങളും 'മഹാരാജൻ ആജ്ഞാപിക്കിന്റോൻ' എന്നു തുടങ്ങിയ വാക്യനിബന്ധന രീതിയും ഇതിൽ കാണാം. കൊച്ചി വീരകേരളവർമമഹാരാജാവ്, കണ്ടിയൂർ കുഞ്ഞുവാരിയർ, കോട്ടയത്ത് അനിഴം തിരുനാൾ കേരളവർമത്തമ്പുരാൻ എന്നിവർ ദൂതവാക്യം ആട്ടക്കഥകൾ രചിച്ചിട്ടുണ്ട്. അജ്ഞാതകർത്തൃകമായ ദൂതവാക്യം ശീതങ്കൻ തുള്ളലിൽ കുഞ്ചൻനമ്പ്യാരുടെ തുള്ളൽപ്പാട്ടിന്റെ ശൈലി പ്രകടമാണ്. ദൂതവാക്യം പതിനാലുവൃത്തം കുഞ്ചൻനമ്പ്യാർ അമ്പലപ്പുഴയിൽ വസിക്കുന്ന കാലത്ത് രചിച്ചതാണെന്നു കരുതപ്പെടുന്നു. ഇതിലെ ഏഴാം വൃത്തത്തിലെ (അധ്യായത്തിലെ) എല്ലാ പാട്ടുകളും ദേവനാരായണ എന്ന വാക്കിൽ അവസാനിപ്പിച്ചിരിക്കുന്നത് അമ്പലപ്പുഴ രാജാവായിരുന്ന ദേവനാരായണനെ പ്രകീർത്തിക്കുന്നതിനുകൂടിയാണെന്നാണ് വിശ്വാസം. ഒരു പാട്ട്:

'കമലാകാന്തന്റെ കാരുണ്യശീലന്റെ
കമനീയാംഗന്റെ കാമസമാനന്റെ
ഗമനസന്നാഹം കേട്ടുവിഷാദിച്ചു
കമനിപാഞ്ചാലി ദേവനാരായണ'

ഈ കൃതിയും അജ്ഞാതകർത്തൃകമായ ദൂതവാക്യം പാനയും മേല്പുത്തൂരിന്റെ ദൂതവാക്യം പ്രബന്ധത്തെ ഉപജീവിച്ച് രചിച്ചവയാണെന്നു കരുതാം. ദൂതവാക്യം പാനയിലെ സൂചനയനുസരിച്ച് ഇതിന്റെ രചയിതാവ് പെരുവനത്തിനടുത്തുള്ള ചേർപ്പിൽ താമസിച്ചിരുന്ന ശുകപുരഗ്രാമക്കാരനായ ഒരു നമ്പൂതിരിയാണെന്ന് ഊഹിക്കാം എന്ന് ഉള്ളൂർ അഭിപ്രായപ്പെടുന്നു.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ദൂതവാക്യം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ദൂതവാക്യം&oldid=3621366" എന്ന താളിൽനിന്ന് ശേഖരിച്ചത്