Jump to content

ദേശിക വിനായകം പിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kavimani Desigavinayagam Pillai
Kavimani Desiga Vinayagam Pillai in 1940s
ജനനം(1876-07-27)27 ജൂലൈ 1876
Theroor, Kanyakumari district, Tamilnadu
മരണം26 സെപ്റ്റംബർ 1954(1954-09-26) (പ്രായം 78)
ദേശീയതIndian
അറിയപ്പെടുന്നത്Poet
സ്ഥാനപ്പേര്Kavimani
ജീവിതപങ്കാളി(കൾ)Umaiyammai
മാതാപിതാക്ക(ൾ)Shivathaanu Pillai, Aathilakshmi
ഒപ്പ്
Kavimani Desigavinayagam Pillai on a 2005 stamp of India

തമിഴ് സാഹിത്യകാരൻ. പഴയ തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന നാഗർകോവിലിനടുത്ത് തേരൂർ എന്ന ഗ്രാമത്തിൽ ജനിച്ചു. അച്ഛൻ ശിവതാണുപിള്ള, അമ്മ ആദിലക്ഷ്മി അമ്മാൾ. തിരുവനന്തപുരത്ത് അധ്യാപന പരിശീലനം നേടിയശേഷം ആദ്യം നാഗർകോവിലിലും പിന്നീട് തിരുവനന്തപുരത്ത് അധ്യാപക പരിശീലന സ്കൂളിലും അതിനുശേഷം വിമൻസ് കോളജിലും തമിഴ് അധ്യാപകനായിരുന്നു.

ശാന്തമനോഹരവും ലാളിത്യഭംഗി ഒത്തിണങ്ങിയതുമാണ് വിനായകം പിള്ളയുടെ കവിതകൾ. ആശയങ്ങൾ സരളമായി അവതരിപ്പിക്കുവാൻ വെൺപാ പോലുള്ള വൃത്തങ്ങൾ ഇദ്ദേഹത്തിന് തടസ്സമായിരുന്നില്ല. സംഭവബഹുലവും സമരകലുഷിതവുമായ കാലഘട്ടത്തിൽ ജീവിച്ച ഇദ്ദേഹത്തിന്റെ കവിതകളിൽ വികാരം വിചാരത്തെ കീഴടക്കുന്നില്ല. തമിഴ് മണ്ണിലെ നാടോടി സാഹിത്യത്തിന്റെ തെളിവും ഈണവും പുരാതന തമിഴ് സാഹിത്യ പാണ്ഡിത്യത്തിന്റെ ഭാവനാ സൌന്ദര്യവും ബൗദ്ധിക ഉൾക്കനവും കൂടിക്കലർന്നവ ആയിരുന്നു ഇദ്ദേഹത്തിന്റെ രചനകൾ. ദേശീയം, തമിഴ് സമൂഹം, രാജ്യസ്നേഹം, പ്രകൃതി ആസ്വാദനം, സാഹിത്യം, കുട്ടികൾക്കുള്ള പാട്ടുകൾ, ജ്ഞാനതൃഷ്ണ എന്നീ വിഷയങ്ങളിലെല്ലാം ഇദ്ദേഹം സാഹിത്യരചന നടത്തിയിട്ടുണ്ട്. 'ഹൃദയത്തിലുള്ളതാണ് കവിത, അത് സന്തോഷം പ്രദാനം ചെയ്യുന്നതായിരിക്കണം, തെളിമ നിറഞ്ഞതായിരിക്കണം' എന്ന ഇദ്ദേഹത്തിന്റെ വാക്കുകൾക്ക് ഉദാഹരണങ്ങളാണ് സ്വന്തം കവിതകൾ. ആംഗലകവി എഡ്വിൻ ആർണോൾഡിന്റെ ലൈറ്റ് ഒഫ് ഏഷ്യയും ബ്ലേക്ക്, എവർസൺ, ടെന്നിസൻ, ഫിറ്റ്സ്ജറാൾഡ്, സ്വിൻബേൺ തുടങ്ങിയവരുടെയെല്ലാം രചനകളും ആശയങ്ങളും മൂലകൃതികളുടെ മാധുര്യം ചോർന്നുപോകാതെ തമിഴിലേക്ക് മൊഴിമാറ്റം നടത്തി. വേർഡ്സ്വർത്ത്, ഷെല്ലി എന്നിവരുടെ കവിഭാവനയും ലാളിത്യവും ഇദ്ദേഹത്തിന്റെ കവിതകളിലും കാണാം. ഉമർ ഖയാമിന്റെ കവിതകൾ എഡ്വേർഡ് ഫിറ്റ്സ്ജറാൾഡ് ഇംഗ്ലീഷിൽ തർജുമ ചെയ്തതിനെ സ്വതന്ത്രമായി അനുകരിച്ച് ദേശിക വിനായകം പിള്ള തമിഴിൽ രചിച്ച കവിതകൾ ലളിതവും ആസ്വാദ്യവുമാണ്. കുട്ടികൾക്ക് വായിച്ച് രസിക്കുവാൻ തക്കവണ്ണമുള്ള പല കവിതകളും (നഴ്സറി റൈംസ്) ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഫ്യൂജി ദ്വീപിലെ തമിഴർ, സ്ത്രീകളുടെ അവകാശങ്ങൾ,ഹരിജനങ്ങളുടെ പ്രശ്നങ്ങൾ, മദ്യനിരോധനം, യുദ്ധത്തിന്റെ ക്രൂരത, തൊഴിലാളികളുടെ അവകാശം, തൊഴിലില്ലായ്മ, ദേശീയ പതാക, ഖാദി വില്പന, വട്ടമേശ സമ്മേളനം, സ്വാതന്ത്ര്യം, ജനാധിപത്യം എന്നിങ്ങനെ ആനുകാലിക, രാഷ്ട്രീയ, സാമുദായിക പ്രശ്നങ്ങൾ എല്ലാം ഇദ്ദേഹത്തിന്റെ കവിതയ്ക്ക് വിഷയമായിട്ടുണ്ട്. വെള്ളാളരുടെ ഇടയിൽ നിലവിലിരുന്ന മരുമക്കത്തായ സമ്പ്രദായത്തെ അധിക്ഷേപിച്ച് നാഞ്ചിനാടിന്റെ പ്രാദേശിക ഭാഷയിൽ ഇദ്ദേഹം രചിച്ച ആക്ഷേപഹാസ്യമാണ് മരുമക്കൾവഴി മാൻമിയം (1942). 1940-ൽ കവിമണി എന്ന ബിരുദം നല്കി ഇദ്ദേഹത്തെ ആദരിച്ചു. ഇദ്ദേഹത്തിന്റെ മറ്റു കൃതികളിൽ പ്രധാനപ്പെട്ടവയാണ് മലരും മാലൈയും (1938),ആശിയജോതി(1941), ഉമർ ഖയാം (1945), ദേവിയിൻ കീർത്തനങ്ങൾ (1953), ഇളം തെന്റൽ (1941) എന്നിവ.

1954 സെപ്. 26-ന് ഇദ്ദേഹം അന്തരിച്ചു.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ദേശിക വിനായകം പിള്ള എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ദേശിക_വിനായകം_പിള്ള&oldid=4092382" എന്ന താളിൽനിന്ന് ശേഖരിച്ചത്