Jump to content

ദൈവനഗരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അഗസ്തീനോസിന്റെ ദൈവനഗരം, 1470-ൽ സൃഷ്ടിച്ച ഒരു പ്രതിയുടെ ഒന്നാം പുറം

ഹിപ്പോയിലെ അഗസ്തീനോസ് രചിച്ച പ്രസിദ്ധ കൃതിയാണ്‌ ദൈവനഗരം (ലത്തീൻ: De Civitate Dei; ഇംഗ്ലീഷ്: City of God). 22 വാല്യങ്ങളുള്ള ഈ കൃതി അഗസ്തീനോസിന്റെ ഏറ്റവും ബൃഹത്തായ രചനയും തന്റെ കൃതികളിൽ അദ്ദേഹത്തിനു ഏറ്റവും പ്രിയപ്പെട്ടതും ആയിരുന്നു. പടിഞ്ഞാറൻ റോമാ സാമ്രാജ്യം, വടക്കുനിന്നു വന്ന 'പ്രാകൃതഗോത്രങ്ങളുടെ' ആക്രമണത്തിൽ തകരുന്നത് കണ്ട അഗസ്തീനോസിന്റെ പ്രതികരണമാണ് ഈ രചന. റോമാനഗരത്തെ കേന്ദ്രീകരിച്ചുള്ള മനുഷ്യനിർമ്മിത സാമ്രാജ്യത്തിന്റെ തകർച്ച ചൂണ്ടിക്കാട്ടി, സ്വർഗ്ഗത്തിലെ ദൈവനഗരം മാത്രമേ ശാശ്വതമായുള്ളു എന്ന് പറയുകയാണ് അഗസ്തീനോസ് ആ കൃതിയിൽ. നിരന്തരം ആവർത്തിക്കുന്ന കാലചക്രങ്ങളെ അടിസ്ഥനമാക്കിയുള്ള യവന, പൗരസ്ത്യ ചരിത്രസങ്കല്പങ്ങളിൽ നിന്നു ഭിന്നമായി, കൃത്യമായ തുടക്കത്തിൽ നിന്ന് നിശ്ചിതമായ പരിസമാപ്തിയിലേയ്ക്കു ദൈവികപദ്ധതിയനുസരിച്ച് മുന്നേറ്റമാണ്‌ ഈ കൃതിയിൽ അഗസ്തീനോസ് വരച്ചുകാട്ടുന്ന ചരിത്രം.

പശ്ചാത്തലം

[തിരുത്തുക]

പടിഞ്ഞാറൻ റോമാസാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന റോമാനഗരം ക്രി.വ. 410-ൽ അലാറിക്കിന്റെ നേതൃത്ത്വത്തിൽ ഉത്തരയൂറോപ്പിൽ നിന്നു വന്ന വിസിഗോത്തുകളുടെ കൊള്ളക്കിരയായി. ക്രിസ്ത്യാനികളേയും പേഗന്മാരേയും ഒരുപോലെ ഞെട്ടിച്ച ആ അത്യാഹിതത്തിനു കാരണം റോമൻ ജനതയും ഭരണകൂടവും അവരുടെ പരമ്പാരാഗതദൈവങ്ങളെ അവഗണിച്ച് ക്രിസ്തുമതത്തിലേയ്ക്കു തിരിഞ്ഞതിൽ നിന്നുണ്ടായ ദൈവകോപമാണെന്ന് പരക്കെ വാദിക്കപ്പെട്ടു. വിസിഗോത്തുകളുടെ കൊള്ളയെ തുടർന്ന് റോമിൽ നിന്ന് അഭയാർത്ഥികളായി എത്തിയവരിൽ ചിലർ വഴി ഈ വാദം അഗസ്തീനോസ് ജീവിച്ചിരുന്ന ഉത്തരാഫ്രിക്കയിലും പടർന്നു. ദൈവനഗരത്തിന്റെ രചനയ്ക്ക് അഗസ്തീനോസിനെ പ്രേരിപ്പിച്ച സാഹചര്യം ഇതാണ്‌.

ഉള്ളടക്കം

[തിരുത്തുക]
De civitate Dei, 1483

വിനാശത്തിനു വിധിക്കപ്പെട്ടിരിക്കുന്ന മനുഷ്യനഗരവും, ദൈവപ്രതീക്ഷയിൽ ജീവിക്കുന്നവരുടെ ദൈവനഗരവും ഇടകലർന്നതാണ്‌ ഈ ലോകമെന്നും ഇരു നഗരങ്ങളുടേയും വേർതിരിവും അന്തിമഭാഗധേയങ്ങളിലേയ്ക്കുള്ള മടക്കമില്ലാത്ത യാത്രയും ലോകാവസാനത്തിൽ നടക്കാനിരിക്കുന്നെന്നും ഈ കൃതിയിൽ അഗസ്തീനോസ് വാദിച്ചു. ക്രിസ്തുമതം തീരെ പൗരാണികതയില്ലാത്ത പുതുവിശ്വാസമാണെന്ന പേഗൻ വിമർശനത്തിന്‌ അഗസ്തീനോസ് പറയുന്ന മറുപടി ബൈബിളിലെ ഉല്പത്തി പുസ്തകത്തിലെ കായേൻ ആബേൽ-മാരുടെ കഥ പരാമർശിച്ചാണ്‌. വിനാശത്തിനു വിധിക്കപ്പെട്ടിരിക്കുന്ന മനുഷ്യനഗരത്തിന്റെ പിതാവ് ദുഷ്ടനായ കായേനും സ്നേഹത്തിലും പ്രതീക്ഷയിലും ഉറച്ച ദൈവനഗരത്തിലെ ആദ്യപൗരൻ നീതിമാനായ ആബേലും ആണ്‌. ദൈവനഗരത്തിലെ പൗരന്മാരായ യഥാർത്ഥ ക്രിസ്ത്യാനികൾ ഈ ലോകത്തിൽ തീർത്ഥാടകരും പരദേശികളുമായി തങ്ങളെത്തന്നെ കണ്ട് സ്വർഗ്ഗപ്രതീക്ഷയിൽ ജീവിക്കുന്നു. 22 വാല്യങ്ങളുള്ള ഈ ബൃഹദ്‌കൃതിയ്ക്ക് അഞ്ചു ഭാഗങ്ങൾ ചേർന്ന ഘടനയാണുള്ളത്. ഈ വിഭജനം താഴെപ്പറയുന്ന പ്രമേയങ്ങളെ ആധാരമാക്കിയാണ്‌:

  • 1 മുതൽ 5 വരെ വാല്യങ്ങൾ: ഈ ലോകത്തിലെ ശാന്തിയ്ക്കായുള്ള പേഗൻ ആരാധന
  • 6 മുതൽ 10 വരെ വാല്യങ്ങൾ: നിത്യശാന്തി മോഹിച്ചുള്ള പേഗൻ ആരാധന
  • 11 മുതൽ 14 വരെ വാല്യങ്ങൾ: മനുഷ്യഗരത്തിന്റേയും ദൈവനഗരത്തിന്റേയും ഉല്പത്തി.
  • 15 മുതൽ 18 വരെ വാല്യങ്ങൾ: ഇരു നഗരങ്ങളുടേയും ചരിത്രം
  • 19 മുതൽ 22 വരെ വാല്യങ്ങൾ: ഇരുനഗരങ്ങളുടേയും അന്തിമവിധി

വിലയിരുത്തൽ

[തിരുത്തുക]

റോമാനഗരത്തിന്റെ ദുരവസ്ഥയുടെ പശ്ചാത്തലത്തിൽ എഴുതപ്പെട്ടതെങ്കിലും റോമിന്റെ പതനത്തോടുള്ള പ്രതികരണം മാത്രമായി ദൈവനഗരത്തെ കാണുന്നത് ശരിയാവില്ല. ആ സംഭവം ഈ കൃതിയുടെ വായനയ്ക്കുള്ള പശ്ചത്താലം ഒരുക്കിയെന്നേയുള്ളു. പേഗൻ സംസ്കൃതിയെ നേർക്കുനേർ വെല്ലുവിളിച്ചുകൊണ്ട്, പിൽക്കാലനൂറ്റാണ്ടുകളിൽ പാശ്ചാത്യക്രൈസ്തവലോകത്തിനു മാർഗ്ഗദർശകമായിത്തീർന്ന ചരിത്രവീക്ഷണവും ലോകവീക്ഷണവും രൂപപ്പെടുത്തുകയാണ്‌ ദൈവനഗരത്തിൽ അഗസ്തീനൊസ് ചെയ്തത്.[1] ഈ കൃതിയിൽ അദ്ദേഹം പിന്തുടർന്ന ചരിത്രദർശനം, മദ്ധ്യകാലമനുഷ്യന്റെ ലോകവീക്ഷണത്തെ ആഴത്തിൽ സ്വാധീനിച്ചു. തിന്മയിലേയ്ക്ക് ചാഞ്ഞ മനുഷ്യനഗരത്തിന്റേയും ദൈവമക്കളുടെ നഗരമായ സഭടേയും ചിത്രം, രാഷ്ടീയാധികാരങ്ങളുമായുള്ള മുഖാമുഖങ്ങളിൽ മദ്ധ്യകാലപൗരോഹിത്യം അതിന്റെ മേൽക്കൊയ്മയുടെ സ്ഥാപനത്തിന്‌ ഫലപ്രദമായി ഉപയോഗിച്ചു. രാഷ്ടീയാധികാരത്തെ മനുഷ്യനഗരവും മതത്തെ ദൈവനഗരവും ആയി വ്യാഖ്യാനിക്കുകയായിരുന്നു പതിവ്.[2] ഒരു ദർശനമെന്ന നിലയിൽ പേഗൻ മതത്തിന്റെ അന്ത്യത്തേയും ക്രിസ്തുമതത്തിന്റെ ആരംഭത്തേയും ഈ കൃതി സൂചിപ്പിക്കുന്നുവെന്ന് പറഞ്ഞ ചരിത്രകാരൻ വിൽ ഡുറാന്റ് ഇതിനെ മദ്ധ്യകാലമനസ്സിന്റെ ആദ്യത്തെ തികവുറ്റ ചിത്രം (the first definitive formulation of the medieval mind) എന്നു വിശേഷിപ്പിക്കുന്നു.[3]

അവലംബം

[തിരുത്തുക]
  1. ഹിപ്പോയിലെ അഗസ്തീനോസ്, ഒരു ജീവചരിത്രം, പീറ്റർ ബ്രൗൺ, New Edition with an Epilogue (പുറം 311)
  2. Paths of Faith, John A. Hutchison, Claremont Graduate School, McGraw-Hill Book Company(പുറങ്ങൾ 498-506)
  3. വിശ്വാസത്തിന്റെ യുഗം, ദ സ്റ്റോറി ഓഫ് സിവിലിസേഷൻ, നാലാം ഭാഗം(പുറം 73)
"https://ml.wikipedia.org/w/index.php?title=ദൈവനഗരം&oldid=2673233" എന്ന താളിൽനിന്ന് ശേഖരിച്ചത്