Jump to content

ധനഞ്ജയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ധനഞ്ജയൻ
ധനഞ്ജയൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ധനഞ്ജയൻ (വിവക്ഷകൾ) എന്ന താൾ കാണുക. ധനഞ്ജയൻ (വിവക്ഷകൾ)

പ്രശസ്ത ഭരതനാട്യ നർത്തകനും നൃത്താധ്യാപകനും. 1939 ഏപ്രിൽ 17-ന് കേരളത്തിലെ കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ ജനിച്ചു. സംസ്കൃത സാഹിത്യത്തിൽ പ്രത്യേക താത്പര്യം കാണിച്ചിരുന്ന ഇദ്ദേഹം ചെറുപ്പത്തിലേ കവിതകളെഴുതുമായിരുന്നു. അച്ഛൻ എ. രാമപ്പൊതുവാൾ അമച്വർ നാടകരംഗത്ത് പ്രവർത്തിച്ചിരുന്നു. അതിനാൽ ചില നാടകങ്ങളിലും ധനഞ്ജയന് അഭിനയിക്കാൻ അവസരം ലഭിച്ചു. പതിമൂന്നാം വയസ്സിൽ മദ്രാസിലെ കലാക്ഷേത്രയിൽ നൃത്തം അഭ്യസിക്കാനായി ചേർന്നു. കലാക്ഷേത്രയുടെ സ്ഥാപക കൂടിയായ രുക്മിണീദേവിയുടെ കീഴിലായിരുന്നു നൃത്താഭ്യാസം. 1967-ൽ പഠനം പൂർത്തിയാക്കുമ്പോൾ ഭരതനാട്യത്തിലും കഥകളിയിലും ബിരുദ, ബിരുദാനന്തരബിരുദ ഡിപ്ലോമകൾ ഇദ്ദേഹം കരസ്ഥമാക്കിയിരുന്നു. തുടർന്ന് അവിടെ അധ്യാപകനായി നിയമിതനായി. പ്രശസ്ത നർത്തകിയും കലാക്ഷേത്രയിലെതന്നെ വിദ്യാർഥിനിയുമായിരുന്ന ശാന്തയെ ഇദ്ദേഹം വിവാഹം ചെയ്തു. ഇവരൊന്നിച്ച് കലാപരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. ധനഞ്ജയൻ-ശാന്താധനഞ്ജയൻ നൃത്തജോഡി 'ധനഞ്ജയൻസ്' എന്നാണറിയപ്പെടുന്നത്.

1968-ൽ ഭാരത കലാഞ്ജലി എന്ന പേരിൽ മദ്രാസിൽ ധനഞ്ജയൻസ് ഒരു നൃത്ത അക്കാദമി ആരംഭിച്ചു. അക്കാദമിക രംഗത്തെ വേറിട്ട പരീക്ഷണങ്ങളും അന്താരാഷ്ട്രനിലവാരമുള്ള സ്ഥാപനങ്ങളുമായി സഹകരിച്ചുള്ള പ്രവർത്തനങ്ങളുംവഴി ഭാരത കലാഞ്ജലി ശ്രദ്ധേയമായി. ഭരതനാട്യം എന്ന നൃത്തരൂപത്തെ ലോകത്തിനു പരിചയപ്പെടുത്തിക്കൊടുക്കുന്നതിൽ ഈ അക്കാദമി വലിയ പങ്കാണ് വഹിച്ചത്. ഇവിടെ നൃത്തത്തെക്കുറിച്ച് ഗവേഷണങ്ങളും നടന്നുവരുന്നു. കേന്ദ്രഗവണ്മെന്റിന്റെ ഇന്ത്യ മെറിറ്റ് സ്കോളർഷിപ്പ്, ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിന്റെ സ്കോളർഷിപ്പ് തുടങ്ങിയവ നേടുന്നവരെ ഉപരിപഠനത്തിനും ഗവേഷണത്തിനുമായി അയയ്ക്കുന്നത് ഇവിടേക്കാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധിപേർ ഇവിടേക്ക് നൃത്തപരിശീലനത്തിനും ഗവേഷണത്തിനുമായി വന്നെത്തുന്നു. ഇവിടത്തെ പൂർവവിദ്യാർഥികൾ യു.എസ്., ജപ്പാൻ, യു.കെ., ജർമനി, സ്പെയിൻ, ശ്രീലങ്ക, മലേഷ്യ, സിംഗപ്പൂർ, ആസ്റ്റ്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ ഭാരത കലാഞ്ജലിയുടെ നൃത്തവിദ്യാകേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. 1988 മുതൽ നാട്യ-അധ്യയന ഗുരുകുലം എന്ന പേരിൽ നൃത്ത ക്യാമ്പുകളും സംഘടിപ്പിച്ചുവരുന്നു. ധനഞ്ജയനും ഭാര്യ ശാന്തയും 1999-ൽ 60-ാം വയസ്സിൽ ധനഞ്ജയന്റെ ജന്മദേശമായ പയ്യന്നൂരിൽ ഭാരതീയ സാംസ്കാരിക കലാരംഗം (ഭാസ്കര) എന്ന പേരിൽ ഒരു അക്കാദമി സ്ഥാപിച്ചു. ഗ്രാമീണരായ കുട്ടികൾക്ക് കലയിലധിഷ്ഠിതമായ വിദ്യാഭ്യാസം നല്കുക എന്നതായിരുന്നു ഭാസ്കരയുടെ ലക്ഷ്യം. ചെന്നൈയിലെ കലാക്ഷേത്ര, പശ്ചിമ ബംഗാളിലെ ശാന്തിനികേതൻ, വിശ്വഭാരതി തുടങ്ങിയവയെപ്പോലെ സർവ മേഖലകളിലും അനൌപചാരിക വിദ്യാഭ്യാസം നല്കുന്ന രീതിയാണ് ഇവിടെ സ്വീകരിച്ചുവരുന്നത്. കഥകളി, ഭരതനാട്യം, കർണാടകസംഗീതം, ചിത്രരചന, ശില്പനിർമ്മാണം, മറ്റു നാടൻകലകൾ തുടങ്ങിയവയിലുള്ള പരിശീലനത്തിനു പുറമേ സംസ്കൃതവും ഇവിടെ പഠിപ്പിക്കുന്നു. ഭാരത കലാഞ്ജലിയുമായിച്ചേർന്ന് ഇവിടെ ഗുരുകുല ക്യാമ്പുകളും സംഘടിപ്പിച്ചുവരുന്നു.

നിരവധി പുരസ്കാരങ്ങൾ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. തമിഴ്നാട് സർക്കാരിന്റെ കലൈമണി അവാർഡ് (1990), കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് (1994), കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ് (1993), ശ്രീകൃഷ്ണ ഗണ സഭയുടെ നൃത്ത ചൂഢാമണി അവാർഡ് (1989), കലാദർപ്പണ പുരസ്കാരം, കലാശ്രേഷ്ഠ പുരസ്കാരം (2001), ലൈഫ് മാഗസിൻ പുരസ്കാരം (1997) തുടങ്ങിയവ ഇദ്ദേഹത്തിന് ലഭിച്ച പുരസ്കാരങ്ങളിൽ ചിലതാണ്.

2005-ൽ മദ്രാസ് മ്യൂസിക് അക്കാദമി 'സംഗീത കലാ ആചാര്യ' പട്ടം നല്കി ഇദ്ദേഹത്തെ ആദരിച്ചു.

അവലംബം

[തിരുത്തുക]


പുറം കണ്ണികൾ

[തിരുത്തുക]
  • Beyond Performing Art and Culture : Politico-Socio Aspects, V.P. Dhananjayan. New Delhi, B.R. Rhythms, 2007, xviii, 314 p., ills, ISBN 81-88827-08-8.
  • Dhananjayan on Indian Classical Dance, V.P Dhananjayan, B.R Rhythms, 2004, 3rd revised edition, ISBN 81-88827-04-5
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ധനഞ്ജയൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ധനഞ്ജയൻ&oldid=3957208" എന്ന താളിൽനിന്ന് ശേഖരിച്ചത്