നജീബ് ഉദ് ദൗള
1756 മുതൽ 1770 വരെ മുഗൾ ചക്രവർത്തിയുടെ പ്രതിനിധിയായി ദൽഹി ആസ്ഥാനമാക്കി ഭരണം നടത്തിയ പടയാളിയാണ് നജീബ് ഉദ് ദൗള. പഷ്തൂൺ വംശജനായിരുന്ന നജീബ് ഖാനെ, അഹ്മദ് ഷാ അബ്ദാലിയാണ് ഈ പദവിയിലേക്കുയർത്തിയത് . [1]
ജീവിതരേഖ
[തിരുത്തുക]ഇന്ന് പാകിസ്താനിലുൾപ്പെടുന്ന സ്വാറ്റ് പ്രവിശ്യയിലാണ് നജീബ് ഖാൻ ജനിച്ചത് എന്നാണ് അനുമാനം.ജനനത്തീയതി ലഭ്യമല്ല. യുദ്ധനിപുണരും സാഹസികരുമായ പഷ്ത്തൂൺ യുവാക്കളെ മുഗൾ സൈന്യത്തിലേക്ക് നിരന്തരം ആവശ്യമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഒരുപാടു പഷ്ത്തൂൺ യുവാക്കൾ ദൽഹിയ്ലേക്ക് കുടിയേറിപ്പാർത്തു. ഇക്കൂട്ടത്തിൽ പെട്ടവരായിരുന്നു ബഷാരത് ഖാൻ യുസുഫ്സായിയും സഹോദരൻ അസലത് ഖാൻ യുസഫ്സായിയും. ദൽഹിക്കടുത്ത് രാംപൂരിലായിരുന്നു ഇവരുടെ വാസം.[2] അസലത് ഖാന്റെ പുത്രൻ നജീബ് ഖാനും 1739-ൽ രാംപൂരിലെത്തി. സ്വന്തം സാമർ ത്ഥ്യം കൊണ്ട് പടിപ്പടിയായി ഉയരുകയും ചെയ്തു. 1752-ൽ മുഗൾ ചക്രവർത്തി അഹ്മദ്ഷായുടെ ഭരണ കാലത്ത് അഹ്മദ് ഷാ അബ്ദാലി ലാഹോർ, മൂൾട്ടാൻ പ്രവിശ്യകൾ കൈക്കലാക്കിയപ്പോൾ നജീബ് ഖാൻ അബ്ദലിയോടൊപ്പമാണ് നിന്നത്. ഇതിനു പ്രതിഫലമായി അബ്ദലി നജീബ് ഖാനെ , ഇന്ത്യയിലെ തന്റെ പ്രതിനിധിയായി അംഗീകരിച്ചു. മുഗൾ ദർബാറിലെ ഉപജാപങ്ങളിൽ ഇടപെടാതെ നജീബ് രാംപൂരിൽ തനിക്കായി നജീബാബാദ് എന്ന നഗരം കെട്ടിപ്പടുത്തു. 1754- 59 കാലഘട്ടത്തിൾ മുഗൾ സാമ്രാജ്യത്തിന്റെ പ്രധാന മന്ത്രിയായിരുന്ന ഗാസിയുദ്ദീന്റെ കുതന്ത്രങ്ങൾ ഒടുവിൽ പാനിപത്ത് യുദ്ധത്തിലും അബ്ദലിയുടെ വൻ വിജയത്തിലും കലാശിച്ചു. മുഗൾ സമ്രാട്ട് ഷാ ആലം രണ്ടാമൻ അലഹബാദിലായിരുന്നതിനാൽ അബ്ദലി, നജീബ് ഖാനെ മുഗൾ സമ്രാട്ടിന്റെ സർവ്വാധികാര പ്രതിനിധിയായി അവരോധിച്ച് സ്വദേശത്തേക്കു തിരിച്ചു പോയി. ബക്സർ യുദ്ധത്തിനു ശേഷം ബ്രിട്ടീഷുകാരുടെ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന ഷാ ആലം ഉടനടി ദൽഹിയിലേക്കു പുറപ്പെടാവുന്ന ചുറ്റുപാടിലായിരുന്നില്ല. അതുകൊണ്ട് നജീബ് ഉദ്ദൌള തന്നെ ഭരണം കൈകാര്യം ചെയ്തു. പാനിപ്പത് യുദ്ധത്തിനുശേഷം ഉത്തരേന്ത്യയിൽ നിന്ന് മറാഠശക്തികൾ പിൻ വാങ്ങിയതുകാരണം ജാട്ടുകൾ വീണ്ടും മുഗൾ സാമ്രാജ്യത്തിന് ശല്യമായി. അവർ ദൽഹി പിടിച്ചെടുക്കുമെന്ന ന്ല വന്നപ്പോൾ നജീബ് ഉദ് ദൗള വീണ്ടും മറാഠസഹായം ആവശ്യപ്പെട്ടു. മറാഠരുടെ പിന്തുണയോടെ ദൽഹി സുരക്ഷിതപ്പെടുത്തുന്നതിനിടയിൽ 1770, ഒക്റ്റോബർ 31ന് നജീബ് ഉദ് ദൗള മരണമടഞ്ഞു.
അധികം താമസിയാതെ മഹദജി സിന്ധ്യയുടെ നേതൃത്വത്തിൽ മറാഠസേന 1771-ൽ ദൽഹി തിരികെ പിടിച്ച്, ഷാ ആലം രണ്ടാമനെ ഭരണഭാരം ഏറ്റെടുക്കാൻ ദൽഹിയിലേക്കു ക്ഷണിച്ചു. [3]
മരണാനന്തര സംഭവങ്ങൾ
[തിരുത്തുക]നജീബ് ഉദ് ദൗളയുടെ മരണത്തിനു ശേഷമുണ്ടായത് അതിക്രൂരമായ പ്രതികാര പ്രക്രിയകളായിരുന്നു. നജീബ് ഉദ് ദൗളക്ക് മൂന്നു മക്കളുണ്ടായിരുന്നു, മുഹമ്മദ് കാലുഖാൻ ബഹാദൂർ , മുഹമ്മദ് മാച്ചൂ ഖാൻ ബഹാദൂർ, സബീതാ ഖാൻ ബഹാദൂർ. നജീബ് ഉദ് ദൗളയുടെ മരണ ശേഷം പുത്രൻ സബീതാഖാനാണ് പിതാവിന്റെ സ്ഥാനമാനങ്ങൾ പതിച്ചു കിട്ടിയത്. [2]. അധികാരലഹരിയിൽ സബീതാഖാൻ മുഗൾ കൊട്ടാരത്തിലേക്ക് അതിക്രമിച്ചു കടക്കയും മുഗൾ സമ്രാട്ട് ഷാ ആലം രണ്ടാമന്റെ സഹോദരിയടക്കം പല സ്ത്രീകളേയും മാനഭംഗപ്പെടുത്തുകയും ചെയ്തു. വിവരമറിഞ്ഞ ഷാ ആലം ദൽഹിയിലെത്താൻ തിരക്കു കൂട്ടി, 1772 ജനവരിയിൽ ബ്രിട്ടീഷു സൈനികരുടെ അകമ്പടിയോടെ ദൽഹിയിലെത്തിയ ഷാ ആലത്തിന്റെ പ്രതികാരത്തിന് ഇരയായത് സബീതാഖാന്റെ മൂത്ത പുത്രൻ ഗുലാം ഖാദിറായിരുന്നു. ഷണ്ഡനാക്കപ്പെട്ട ഗുലാം ഖാദിർ, മുഗൾ അന്തഃപുരത്തിലെ സേവകനായി നിയമിക്കപ്പെട്ടു.[2].
മഹദജി സിന്ധ്യുയുടെ സൈന്യം, സബീതാ ഖാന് പൈതൃകമായി ലഭിച്ച പ്രവിശ്യകൾ മുഴുവനും കീഴടക്കി, അങ്ങനെ റോഹിലാഖാണ്ഡിന്റെ സിംഹഭാഗവും മറാഠരുടെ കൈവശമായി. സബീതാഖാൻ വനാന്തരങ്ങളിലേക്ക് ഓടി രക്ഷപ്പെട്ടു.[3] സബീതാ ഖാന് പിന്നീട് മാപ്പു നല്കപ്പെട്ടു, 1778 ഡിസമ്പറോടെ ഭവാനീപൂർ സഹരൻപൂർ പ്രാന്തങ്ങളും പതിച്ചു കിട്ടി. 1785 ജനവരി 21ന് മൃതിയടഞ്ഞു. പക്ഷെ സന്ദർഭം ഒത്തു വന്നപ്പോൾ ഗുലാം ഖാദിർ പകരം വീട്ടി. , 1778,ജൂലൈയിൽ അധികാരം പിടിച്ചെടുക്കയും ആഗസ്റ്റ് 12ന് ഷാ ആലമിനെ പിടിച്ചു കെട്ടി കണ്ണുകൾ ചൂഴ്ന്നെടുക്കുകയും ചെയ്തു. മറാഠ സൈന്യം വീണ്ടും മുഗൾ സാമ്രാജ്യത്തിന്റെ രക്ഷക്കെത്തി. . രക്ഷപ്പെടാൻ ശ്രമിച്ച ഖാദിറിനെ 1788 ഡിസമ്പറിൽ മറാഠ സൈനികർ മീറഠിൽ വെച്ച് പിടികൂടി. ഇരു ചെവികളും മൂക്കും കൈകാലുകളും ഛേദിക്കപ്പെട്ട നിലയിൽ ഖാദിർ ദൽഹിയിലേക്കു തിരിച്ചയക്കപ്പെട്ടെങ്കിലും വഴിക്കു വെച്ച് മരണമടഞ്ഞെന്നും .[2] ,അതല്ല, മുഗൾ സാമ്രാട്ടിന്റെ ആജ്ഞ പ്രകാരം 1789 മാർച്ച് 4ന് വധശിക്ഷക്ക് വ്ധേയനാക്കപ്പെട്ടെന്നും വിരുദ്ധാഭിപ്രായങ്ങളുണ്ട് [3] അന്ധനായ ഷാ ആലം രണ്ടാമൻ ചക്രവർത്തിയായി മരണം വരെ ( 19 നവമ്പർ 1806 ) തുടർന്നെങ്കിലും അതു നാമമാത്രമായിരുന്നു.