Jump to content

നടരാജ ഗുരു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(നടരാജഗുരു എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


നടരാജ ഗുരു (1895-1973) ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനും ഗുരു പരമ്പരയിലെ രണ്ടാ‍മനുമായിരുന്നു. നാരായണ ഗുരുകുലത്തിന്റെ സ്ഥാപകനായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരുവിന്റെ എല്ലാ പ്രധാന കൃതികളും അദ്ദേഹം ആംഗലേയത്തിലേക്കു തർജ്ജിമ ചെയ്യുകയും അവയ്ക്കു കുറിപ്പുകൾ എഴുതുകയും ചെയ്തു.

ആദ്യകാലം

[തിരുത്തുക]

പ്രമുഖ സാമൂഹ്യ പരിഷ്കർത്താവും ശ്രീ നാരായണ ധർമ്മ പരിപാലന യോഗത്തിന്റെ സ്ഥാപക നേതാക്കളിൽ പ്രമുഖനുമായ ഡോ.പല്പു (പത്മനാഭൻ) എന്ന വിദഗ്ദ്ധ ഭിക്ഷഗ്വരന്റെ രണ്ടാമത്തെ മകനായി 1895 ഇൽ ബാംഗ്ലൂരിൽ നടരാജ ഗുരു ജനിച്ചു. തിരുവനന്തപുരത്തെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കാൻഡി (ശ്രീലങ്ക) യിൽ നിന്നു മെട്രിക്കുലേഷൻ ചെയ്തു.മദ്രാസ് പ്രസിഡൻസി കോളെജിൽ നിന്നു ഭൂമിശാസ്ത്രത്തിലും ജീവശാസ്ത്രത്തിലും അദ്ദേഹം ബിരുദാനന്തര ബിരുദം നേടി.

മദ്രാസ് സർവകലാശാലയിൽ നിന്നു വിദ്യാഭ്യാസ മനശാസ്ത്രത്തിൽ ബിരുദം നേടിയ അദ്ദേഹത്തിന് പാരിസിലെ സോർബോൺ സർവകലാശാലയിൽനിന്ന് ഡി.ലിറ്റ് ലഭിച്ചു. ജനീവയിലെ അന്താരാഷ്ട്ര ഫെല്ലോഷിപ്പ് സ്കൂളിൽ അദ്ദേഹം അദ്ധ്യാപകനായി സേവനം അനുഷ്ടിച്ചു.

നടരാജ ഗുരുവും ശ്രീനാരായണ ഗുരുവും

[തിരുത്തുക]

അദ്ദേഹം നാരായണഗുരുവിനെ ആദ്യമായി കാണുന്നത് ബാംഗ്ലൂരിലെ തന്റെ ഭവനത്തിൽവെച്ചാണ്. പഠനത്തിനു ശേഷം അദ്ദേഹം ശ്രീനാരായണ ഗുരുവിനെ കണ്ട് ഗുരുവിന്റെ ആശ്രമത്തിൽ ചേരുവാനുള്ള തന്റെ ആഗ്രഹം അറിയിച്ചു. ശ്രീനാരായണ ഗുരു സന്യാസത്തിന്റെ ത്യാഗവും കഷ്ടതകളും പറഞ്ഞു മനസ്സിലാക്കി അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടരാജ ഗുരുവിന്റെ ആത്മാർത്ഥതയിൽ ബോദ്ധ്യം വന്നപ്പോൾ അദ്ദേഹത്തെ ആശ്രമത്തിലെ അന്തേവാസിയായി സ്വീകരിച്ചു. ആലുവയിലെ അദ്വൈത ആശ്രമത്തിലും വർക്കല ശിവഗിരിയിലെ ആശ്രമത്തിലും അദ്ദേഹം തന്റെ സന്യാസത്തിന്റെ ആദ്യകാലം ചിലവഴിച്ചു. ശിവഗിരിയിൽ വെച്ച് ശ്രീനാരായണ ഗുരു നടരാജ ഗുരുവിനെ “വർക്കല ശ്രീനാരായണ ആംഗലേയ വിദ്യാലയ“ത്തിന്റെ പ്രധാനാധ്യപകനായി നിയമിച്ചു. നടരാജ ഗുരുവിന്റെ സമ്പൂർണാർപ്പണവും സ്കൂൾ നടത്തിപ്പിലെ അദ്ദേഹത്തിന്റെ വിപ്ലവകരമായ ആശയങ്ങളും ശ്രീനാരായണ ഗുരുവിന്റെ മറ്റ് പല ശിഷ്യന്മാരിൽനിന്നും എതിർപ്പുകൾ ക്ഷണിച്ചു വരുത്തി.

നാ‍രായണ ഗുരുകുലം

[തിരുത്തുക]

ശ്രീനാരായണ ഗുരുവിന്റെ മറ്റൊരു ശിഷ്യനായ സ്വാമി ബോധാനന്ദയുടെ അടുത്തേക്കു ഊട്ടിയിലേക്ക് അദ്ദേഹം പോയി. ഒരു സുഹൃത്ത് ഊട്ടിയിലെ ഫേൺ ഹില്ലിൽ ദാനം ചെയ്ത സ്ഥലത്ത് അദ്ദേഹം നാരായണ ഗുരുകുലം ആരംഭിച്ചു. ആത്മീയ പഠനത്തിനും ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളുടെ പ്രചരണത്തിനുമായി നാരായണ ഗുരുകുലം നിലകൊള്ളുന്നു. നടരാജ ഗുരു അവിടെ നാലു വർഷത്തോളം കുട്ടികളെ പഠിപ്പിക്കുവാൻ ചിലവഴിച്ചു. ശ്രീനാരായണ ഗുരു ഒരിക്കൽ ഫേൺ ഹിൽ സന്ദർശിച്ച് അദ്ദേഹത്തിനു സ്ഥാപനത്തിന്റെ നടത്തിപ്പിൽ വിലപ്പെട്ട ഉപദേശങ്ങൾ നൽകി. സാമ്പത്തിക പ്രതിസന്ധിയും ചില അന്തേവാസികളുടെ വഴിവിട്ട പെരുമാറ്റവും കാ‍രണം നാരായണ ഗുരുകുലം 1927 ഇൽ അടച്ചു പൂട്ടേണ്ടി വന്നു.

വീണ്ടും നാരായണ ഗുരുവിന്റെ സമക്ഷത്തിലേക്ക്

[തിരുത്തുക]

നടരാജ ഗുരു വർക്കലയിൽ തിരിച്ചു പോയി ശ്രീനാരായണ ഗുരുവുമൊത്ത് ഏതാനും മാസങ്ങൾ ചിലവഴിച്ചു. ശ്രീ നാരായണ ഗുരുവിന്റെ ആരോഗ്യം മോശമാവുകയും അദ്ദേഹത്തെ ചികത്സക്കായി പല സ്ഥലങ്ങളിലും കൊണ്ടുപോവുകയും വേണ്ടിവന്ന ഈ കാലഘട്ടം ആയിരുന്നു അത്. ഈ യാത്രകളിൽ നടരാജ ഗുരു ശ്രീനാരായണ ഗുരുവിനെ അനുഗമിക്കുകയും ഇരുവരും ആശയങ്ങൾ കൈമാറുകയും ശ്രീനാരായണ ഗുരു നടരാജ ഗുരുവിന്റെ പല സംശയങ്ങളും നിവാരണം ചെയ്യുകയും ചെയ്തു. പിന്നീട് ശ്രീനാരായണ ഗുരുവിൽ നിന്നം അനുഗ്രഹവും അനുവാദവും സാമ്പത്തിക സഹായവും സ്വീകരിച്ചു കൊണ്ട് 1928 മെയ് മാസത്തിൽ ഉപരിപഠനത്തിനായി യൂറോപ്പിലേക്ക് യാത്രയായി.

യൂറോപ്പിൽ

[തിരുത്തുക]

ലണ്ടനിലേക്കാണു അദ്ദേഹം കൊളംബോയിൽ നിന്നു യാത്ര തിരിച്ചതെങ്കിലും മാർഗ്ഗമദ്ധ്യേ അദ്ദേഹം തന്റെ നിശ്ചയം മാറ്റുകയും സ്വിറ്റ്സർലാന്റിലെ ജനീവയിൽ കപ്പലിറങ്ങുകയും ചെയ്തു. ആദ്യത്തെ കുറച്ചു കഷ്ടപ്പാടുകൾക്കു ശേഷം അദ്ദേഹത്തിനു ജനീവക്കു അടുത്തുള്ള ഗ്ലാന്റിലെ ഫെലോഷിപ് വിദ്യാലയത്തിൽ ജോലി ലഭിച്ചു. ഇവിടെ ഊർജ്ജതന്ത്ര അദ്ധ്യാപകനായി ജോലി ചെയ്യുന്നതിനിടയിൽ അദ്ദേഹം ഫ്രഞ്ച് ഭാഷ പ്രാവീണ്യം നേടുകയും വിദ്യാഭ്യാസ മനശാസ്ത്രത്തിലുള്ള തന്റെ ഡോക്ടറേറ്റ് പ്രബന്ധം തയ്യാറാക്കാൻ ആരംഭിക്കുകയും ചെയ്തു. അദ്ദേഹം പ്രശസ്തമായ പാരീസിലെ സോർബോൺ സർവകലാശാലയിൽ ഡോക്ടറേറ്റിനു ചേർന്നു. പ്രശസ്ത ഫ്രഞ്ച് തത്ത്വചിന്തകനായ ഹെന്രി ബെർഗ്ഗ്സൺ അദ്ദേഹത്തിന്റെ അദ്ധ്യാപകനായിരുന്നു. പ്രശസ്ത ചിന്തകനാ‍യ ഷാൺ ഷാക്ക് റൂസ്സോവിന്റെ പ്രബന്ധങ്ങൾ നടരാജ ഗുരുവിനെ സ്വാധീനിച്ചു. അഞ്ചു വർഷത്തെ പ്രയത്നത്തിനു ശേഷം അദ്ദേഹം വിദ്യാഭ്യാസത്തിലെ വ്യക്തി പ്രഭാവം (Le Facteur Personnel dans le Processus Educatif) എന്ന പേരിൽ തന്റെ പ്രബന്ധം സമർപ്പിച്ചു. ഗുരുശിഷ്യ ബന്ധത്തെ അടിസ്ഥാനമാക്കിയ ഈ ഗ്രന്ഥത്തെ സോർബോണിലെ പ്രബന്ധ കമ്മിറ്റി സഹർഷം അംഗീകരിക്കുകയും ഏറ്റവും ഉയർന്ന മാർക്കോടെ അദ്ദേഹത്തിനു ഡി. ലിറ്റ് സമ്മാനിക്കുകയും ചെയ്തു. ജനീവയിൽ വെച്ച് സൂഫി ചതുർവാർഷികം എന്ന പ്രസിദ്ധീകരണത്തിൽ ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തെയും സന്ദേശങ്ങളെയും കുറിച്ച് “ഗുരുവിന്റെ വഴി” എന്ന ലേഖന പരമ്പര എഴുതി. ഇതു യൂറോപ്പിലെ പ്രബുദ്ധ സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുകയും റൊമെയ്ൻ റോളണ്ട് ഉൾപ്പെടെയുള്ള എഴുത്തുകാരെ സ്വാധീനിക്കുകയും ചെയ്തു. ഈ രചനകൾ നടരാജ ഗുരുവിന്റെ രചനയായ “ഗുരുവിന്റെ വാക്ക്” എന്ന പ്രശസ്ത ഗ്രന്ഥത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. യൂറോപ്പിലെ ഈ താമസത്തിനിടയിൽ അദ്ദേഹം ഗാന്ധിജിയെയും നെഹറുവിനെയും കണ്ടുമുട്ടി.

ഊട്ടിയിൽ വീണ്ടും

[തിരുത്തുക]

നടരാജ ഗുരു 1933 ഇൽ ഇന്ത്യയിൽ തിരിച്ചെത്തി. അദ്ദേഹം അദ്ധ്യാപകനായി ജോലി നോക്കുവാനായി ഇന്ത്യ മുഴുവൻ രണ്ടു വർഷത്തോളം സഞ്ചരിച്ചു. അർഹമായ ഒരു ജോലിയുടെ അഭാവത്തിൽ അദ്ദേഹം ഊട്ടിയിൽ തിരിച്ചെത്തുകയും നാരായണ ഗുരുകുലം പുനരാരംഭിക്കുകയും ചെയ്തു. ഒരു തകരക്കൂരയുൽ പതിനഞ്ചു വർഷത്തോളം താമസിച്ച് അദ്ദേഹം ഉപനിഷത്തുകളും ഭഗവദ് ഗീതയും നാരായണ ഗുരുവിന്റെ കൃതികളും പഠിച്ചു. ഈ കാലയളവിൽ ജോൺ സ്പീർസ് എന്ന സ്കോട്ട്ലാന്റുകാരൻ അദ്ദേഹത്തിന്റെ ആദ്യ ശിഷ്യനായി.

സർഗ്ഗ സംഭാവനകൾ

[തിരുത്തുക]

നടരാജ ഗുരു ശാസ്ത്രം മാർക്സിസത്തിന്റെ പാതയിലൂടെ ഒരു ഭൗതിക മരുഭൂമിയിലേക്കു വഴുതിപ്പോയി എന്നും ഇൻ‌ക്വിസിഷന്റെ ഭീകരതകളിൽ മനം മടുത്ത് പാശ്ചാത്യ ശാസ്ത്രം അതിഭൌതുകയിലേക്ക് നൂറ്റാണ്ടുകളോളം തിരിഞ്ഞുപോയി എന്നും വിശ്വസിച്ചിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായമനുസരിച്ച് ആശയങ്ങളും ഓർമ്മകളും വികാരങ്ങളും സമയവും മറ്റു പ്രധാന ശാസ്ത്ര വിഭാഗങ്ങളും ഒരു ജീവിയുടെ നിലനില്പിനെ പൂർണമായും ഭൌതീകവൽക്കരിക്കുന്ന പ്രവണതകളെ അതിജീവിച്ച അതിഭൌതീക ഖടകങ്ങളാണ്. ഓരോ പദാർഥവും അതിന്റെ ഉപരിതലത്തിനെ ചൂഴ്ന്നു നോക്കിയാൽ ഊർജ്ജം പ്രസരിപ്പിക്കുന്ന ഖടകങ്ങളാണ്.

ശാസ്ത്രത്തിനെതിരെ ഒരു പ്രതിബലമായി മതവും മറ്റ് അതിഭൌതീക ഖടകങ്ങളും യാത്ഥാർത്ഥ്യത്തിൽ നിന്നു എത്രതന്നെ വ്യതിചലിച്ചാലും വിട്ടുവീഴ്ചയില്ലാത്ത ഭൌതീകവാദത്തിൽനിന്നു ഒരു രക്ഷാമാർഗ്ഗമായി രണ്ടുകൈയും നീട്ടി സ്വീകരിക്കപ്പെടുന്നു. മുൻ‌വിധികളില്ലാത്ത മനുഷ്യന്റെ മനസ്സിന്റെ പുരോഗമനത്തിലേക്കുനയിക്കുന്ന ചിന്താനിർഭരമായ ഒരു തത്ത്വശാസ്ത്രത്തിന് ഭൌതീകശാസ്ത്രവും അതിഭൌതീകതയും തമ്മിൽ ഒരു ബലാബലം നിലനിൽക്കണം. അവയിൽ ഓരോന്നും മറ്റൊന്നിനെ സാധൂകരിക്കുകയും പിന്താങ്ങുകയും വേണം.

നടരാജഗുരു അത്തരം ഒരു പുരോഗമനത്തിനും യാത്ഥാർത്ഥ്യത്തിന്റെ എല്ലാ വശങ്ങളെയും ഒരുമിപ്പിക്കുന്ന ഒരു മാർഗ്ഗത്തിനും ഉള്ള ഒരു അടിവാരം കെട്ടിപ്പടുത്തു എന്ന് നടരാജഗുരുവിനെ പിന്തുടരുന്നവർ വിശ്വസിക്കുന്നു. നടരാജഗുരുവിന്റെ മതമനുസരിച്ച് അർത്ഥപൂർണ്ണമായ ഏതൊരു തത്ത്വശാസ്ത്രത്തിന്റെയും മൂകക്കല്ലായി ബ്രഹ്മമായ ഒരു ആശയവും മൂല്യവും അന്തർലീനമായിരിക്കുന്നു. തന്റെ ഈ ബ്രഹ്മത്തെ അവതരിപ്പിച്ചതിനുശേഷം നാരായണഗുരു യുക്തിവാദവും ഭൌതീകവാദവുമുൾപ്പെടെ പല തത്ത്വശാസ്ത്രങ്ങളിലും അവയിലെ ബ്രഹ്മമായ ആശയത്തെ തിരഞ്ഞ് ഗവേഷണം നടത്തി.

ബ്രഹ്മത്തിന്റെ ഒരു ഏകാത്മക ശാസ്ത്രം

[തിരുത്തുക]

ബ്രഹ്മത്തിന്റെ ഒരു ഏകാത്മക ശാസ്ത്രം (An integrated science of the absolute) നടരാജ ഗുരുവിന്റെ പരമപ്രധാനമായ കൃതിയാണിത്. നടരാജ ഗുരുവിന്റെ പാശ്ചാത്യ പൌരസ്ത്യരാജ്യങ്ങളിലെ 50 വർഷത്തെ ശാസ്ത്ര തത്ത്വശാസ്ത്ര പഠനങ്ങളുടെ ക്രോഡീകരണമാണ് ബ്രഹ്മത്തിന്റെ ഒരു ഏകാത്മക ശാസ്ത്രം എന്ന രണ്ടു വാല്യങ്ങളിലുള്ള കൃതി. ഈ പുസ്തകത്തിൽ നടരാജ ഗുരു എല്ലാ മനുഷ്യ വ്യവഹാരങ്ങളും ഒരുമിച്ചു ചേരുന്ന ഒരു ഏകാത്മക ശാസ്ത്രത്തെ നിർവചിക്കുന്നു. അദ്ദേഹം അതിനെ ബ്രഹ്മത്തിന്റെ ഒരു ഏകാത്മക ശാസ്ത്രം (ബ്രഹ്മവിദ്യ) എന്നു വിളിച്ചു. നടരാജ ഗുരുവിന്റെ അഭിപ്രായത്തിൽ ആധുനികശാസ്ത്രവും പൌരാണിക ജ്ഞാനവും ബ്രഹ്മവിദ്യയിൽ കാന്തത്തിന്റെ വിരുദ്ധ ധ്രുവങ്ങളെപ്പോലെ ഒരുമിച്ചു ചേരുന്നു. ഈ ശാസ്ത്രത്തിന്റെ അടിത്തറ ശ്രീനാരായണ ഗുരു രചിച്ച നൂറു സംസ്കൃതശ്ലോകങ്ങളുടെ ക്രോഡീകരണമായ ‘ദർശനമാല’യാണ്. ഉപനിശദ്ജ്ഞാനത്തിൽ അധിഷ്ഠിതമായ ദർശനമാല എല്ലാ സത്യദർശനങ്ങളുടെയും കൊടുമുടിയായി കരുതപ്പെടുന്നു.ശ്രീനാരായണ ഗുരുവിന്റെ ബ്രഹ്മദർശനങ്ങൾ ആധുനികശാസ്ത്രം ശരിവെക്കുന്നു എന്ന് നടരാ‍ജഗുരു വിശ്വസിച്ചു. ബ്രഹ്മവിദ്യ പലശാസ്ത്രങ്ങളെ ഒട്ടിച്ചുചേർത്തുവെച്ച ഒരു മഹാശാസ്ത്രമല്ല, മറിച്ച്, എല്ലാശാസ്ത്രങ്ങളെയും എല്ലാ മർത്യവ്യവഹാരങ്ങളെയും പുണരുന്ന ഏകീകൃതശാസ്ത്രമാണെന്ന് അദ്ദേഹം വിശ്വസിച്ചു.

മറ്റു കൃതികൾ

[തിരുത്തുക]
  1. ഗുരുവിന്റെ വാക്ക്: ശ്രീനാരായണ ഗുരിവിന്റെ ജീവിതവും സന്ദേശങ്ങളും
  2. വേദാന്തം - പുനർവിചിന്തനവും പുനരാഖ്യാനവും (vedantha - revalued and restated)
  3. ഒരു ബ്രഹ്മചാരിയുടെ ആത്മകഥ. (autobiography of an absolutist)
  4. ഭഗവദ് ഗീത - വിവർത്തനവും കുറിപ്പുകളും
  5. ബ്രഹ്മത്തിന്റെ ഒരു ഏകാത്മക ശാസ്ത്രം (വാല്യം I, II)
  6. ജ്ഞാനം - ബ്രഹ്മമായതും ആരാധിക്കപ്പെടേണ്ടതും (wisdom - absolute and adorable)
  7. ശങ്കരന്റെ സൌന്ദര്യലഹരി
  8. പാശ്ചാത്യ തത്ത്വചിന്തകളിൽ ഒരു അടിത്തറയുടെ തിരയൽ (search for a norm in western philosophy)
  9. ഒരു ഗുരുവിന്റെ തത്ത്വശാസ്ത്രം
  10. ലോക ഗവർണ്മെന്റിന് ഒരു മെമ്മൊറാണ്ടം
  11. ലോക വിദ്യാഭ്യാസ മാനിഫെസ്റ്റോ
  12. ഏകലോകാനുഭവം
  13. തർക്കശാസ്ത്ര സമീപനം (dialactical methodology)
  14. ശ്രീ നാരായണഗുരുവിന്റെ കവിതകളുടെ ശേഖരം
  15. പരംപോരുൾ പാശ്ചാത്യ ദർശനത്തിൽ
  16. അനുകമ്പാദശകം വ്യാഖ്യാനം
  17. പിണ്ഡനന്ദി വ്യാഖ്യാനം
  18. ആത്മോപദേശശതകം വ്യാഖ്യാനം
  19. ജാതി മീമാംസ വ്യാഖ്യാനം

കുറിപ്പുകൾ

[തിരുത്തുക]

നടരാജ ഗുരുവിന്റെ തത്ത്വശാസ്ത്രങ്ങളുടെ ഒരു പൂർണ്ണരൂപം അദ്ദേഹത്തിന്റെ അടുത്തകാലത്തു പ്രസിദ്ധീകരിച്ച കൃതിയായ “ഏകാത്മക തത്ത്വശാസ്ത്രം” എന്ന പുസ്തകത്തിൽ നിന്നും ലഭിക്കും.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=നടരാജ_ഗുരു&oldid=3947992" എന്ന താളിൽനിന്ന് ശേഖരിച്ചത്