Jump to content

എസ്.എൻ.ഡി.പി. യോഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ശ്രീ നാരായണ ധർമ്മ പരിപാലന യോഗം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ശ്രീനാരാ‍യണ ധർമ്മ പരിപാലന യോഗം എന്നതിന്റെ ചുരുക്കെഴുത്താണ്‌ എസ്.എൻ.ഡി.പി. യോഗം (SNDP Yogam). കേരളത്തിന്റെ നവോത്ഥാനത്തിൽ പ്രധാന പങ്ക് വഹിച്ച ശ്രീനാരാ‍യണ ധർമ്മ പരിപാലന യോഗം 1903 മെയ് 15-ന് കമ്പനി നിയമപ്രകാരം രജിസ്റ്റർ ചെയ്തു. ശ്രീനാരായണഗുരുദേവൻ യോഗത്തിന്റെ ആദ്യ അദ്ധ്യക്ഷനും മഹാകവി കുമാരനാശാൻ ആദ്യ സെക്രട്ടറിയും ആയിരുന്നു. നിലവിൽ കേരളത്തിന്റെ സാമൂഹിക ജീവിതത്തിലും രാഷ്ട്രീയത്തിലും നിർണ്ണായക സ്വാധീനം ചെലുത്താൻ കഴിവുള്ള പ്രബലവും ശക്തവുമായ ഒരു സംഘടനയാണ് എസ്.എൻ.ഡി.പി.

സാമുദായികസമത്വത്തിനുവേണ്ടിയുള്ള സംഘടിതയത്നം കേരളത്തിൽ ആദ്യമായുണ്ടായത് എസ്.എൻ.ഡി.പി യോഗത്തിന്റെ ആരംഭത്തോടെയാണ്‌. ഒരു വലിയ സംഘടന രൂപവത്കരിച്ച് ശക്തിയായ ഒരു പ്രക്ഷോഭം തുടങ്ങാൻ വേണ്ടി ‘ഈഴവ മഹാജനസഭ’ എന്ന പേരിൽ ഒരു സംഘടന തുടങ്ങുവാൻ ഡോ. പല്പു തീരുമാനിച്ചു. അതിലേക്ക് ആവശ്യമായ നിയമാവലി രൂപപ്പെടുത്തി തങ്കശ്ശേരിയിൽ നിന്നും പുറപ്പെടുന്ന ‘മലയാളി’ പത്രത്തിൽ അദ്ദേഹം പ്രസിദ്ധപ്പെടുത്തി. മയ്യനാട്, പരവൂർ മുതലായ പ്രദേശങ്ങളിൽ ഡോ. പല്പുവും അദ്ദേഹത്തിന്റെ സ്നേഹിതരും ചില യോഗങ്ങൾ വിളിച്ചു കൂട്ടിയെങ്കിലും അവയൊന്നും ഫലപ്രാപ്തിയിലെത്തിയില്ല. അക്കാലത്താണ് അരുവിപ്പുറത്ത് നാരായണഗുരു ശിവപ്രതിഷ്ഠ നടത്തിയതും ശിവക്ഷേത്രം സ്ഥാപിക്കുന്നതും. അതിന്റെ ഭരണത്തിനും മറ്റ് ഉത്തരവാദിത്തങ്ങൾക്കുമായി ഒരു “വാവൂട്ട് യോഗം” നന്നായി പ്രവർത്തിക്കുന്നതായി ഡോ. പല്പു മനസ്സിലാ‍ക്കി. സമുദായോദ്ധരണത്തിനായുള്ള സംഘടന വിജയകരമായി നടത്താൻ അതിനെ മതത്തോട് ബന്ധിപ്പിക്കുകയും ഗുരുവിന്റെ അധ്യക്ഷതയിൽ ആ സ്ഥാപനം പ്രവർത്തിപ്പിക്കുകയും ചെയ്യണമെന്ന് ഡോ. പല്പു മനസ്സിലാക്കി. നാരാ‍യണഗുരുവുമായും അദ്ദേഹത്തിന്റെ അനുയായികളുമായും മറ്റും ചർച്ചകൾ നടത്തി ഗുരുവിന്റെ പൂർണ്ണ അനുഗ്രഹവും അനുയായികളുടെ പിന്തുണയും സമ്പാദിച്ചു.

യോഗം രുപീകരണം

[തിരുത്തുക]

ശ്രീനാരായണഗുരുവിനു വേണ്ടി കുമാരനാശാൻ പേരുവച്ചയച്ച ഒരു ക്ഷണക്കത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിന്റെ നാനാഭാഗത്തുനിന്നും എത്തിയ കുറേ ഈഴവപ്രമാണിമാർ 1902 ഡിസംബറിൽ തിരുവനന്തപുരത്തെ കമലാലയം ബംഗ്ലാവിൽ യോഗം ചേർന്നു. നാരായണഗുരു ആദ്യം പ്രതിഷ്ഠിച്ച അരുവിപ്പുറം ക്ഷേത്രത്തോടനുബന്ധിച്ചു നടന്നിരുന്ന “വാവൂട്ട് യോഗം” കേരളത്തിലാകെ പ്രവർത്തിക്കുന്ന ശ്രീനാ‍രായണ ധർമ്മ പരിപാലന യോഗമാക്കി വളർത്താൻ അന്നവർ തീരുമാനിച്ചതിന്റെ ഫലമായാണ് യോഗം സ്ഥാപിച്ചത്.

ശ്രീനാരായണ ഗുരുവിന്റെ ആദർശങ്ങൾ പ്രചരിപ്പിക്കുക, അവശ സമുദായങ്ങളെ സാമൂ‍ഹികവും ആത്മീയവുമായ പുരോഗതിയിലേക്ക് നയിക്കുക, സന്യാസമഠങ്ങളും വിദ്യാഭാസ സ്ഥാപനങ്ങളും സ്ഥാപിക്കുക, തുടങ്ങിയവയായിരുന്നു യോഗത്തിന്റെ മുഖ്യ ലക്ഷ്യങ്ങൾ. യോഗത്തിന്റെ മുഖപത്രമായി വിവേകോദയം എന്ന ദ്വൈമാസിക കുമാരനാശാന്റെ പത്രാധിപത്യത്തിൽ 1904ൽ ആരംഭിച്ചു. ഡോ. പല്പു ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങൾ പ്രചരിപ്പിച്ചു. ഈ പ്രവർത്തനങ്ങളുടെയും പല പല നിവേദനങ്ങളുടെയും ഫലമായി പല സർക്കാർ വിദ്യാലയങ്ങളും അവശ സമുദായങ്ങൾക്ക് തുറന്നുകൊടുക്കപ്പെട്ടു. ശ്രീനാരായണഗുരുവിന്റെ ക്ഷേത്രനിർമ്മാണ പ്രവർത്തനങ്ങൾക്ക് യോഗം പരിപൂർണ്ണ പിന്തുണ നൽകി.

മഹാകവി എം.കുമാരനാശാന്റെ നേതൃത്വം

[തിരുത്തുക]

എസ്.എൻ.ഡി.പി യോഗം സെക്രട്ടറി പദം

[തിരുത്തുക]

യോഗത്തിന്റെ സംഘടനാപരമായ ചുമതലകൾ അർപ്പിക്കാൻ ശ്രീനാരായണഗുരു തിരഞ്ഞെടുത്തത് പ്രിയ ശിഷ്യനായ കുമാരനാശാനെ ആയിരുന്നു. അങ്ങനെ 1903ൽ കുമാരനാശാൻ ആദ്യ യോഗം സെക്രട്ടറിയായി. ഏതാണ്ട് 16 വർഷക്കാലം അദ്ദേഹം ആ ചുമതല വഹിച്ചു. 1904ൽ അദ്ദേഹം എസ്.എൻ.ഡി.പി യോഗത്തിന്റെ മുഖപത്രമായ “വിവേകോദയം” മാസിക ആരംഭിച്ചു. എസ്.എൻ.ഡി.പി യോഗം സെക്രട്ടറി എന്ന നിലയ്ക്ക് കേരളത്തിലെ പിന്നോക്കസമുദായങ്ങളുടെ പുരോഗതിക്കുവേണ്ടി കുമാരനാശാൻ വഹിച്ച പങ്ക് നിസ്തുലമാണ്. സ്വപ്നജീവിയായ കവി അല്ലായിരുന്നു അദ്ദേഹം. സാമൂഹികയാഥാർത്ഥ്യങ്ങളുമായി നിരന്തരം ഇടപഴകിക്കൊണ്ടും അവയെ മാറ്റിത്തീർക്കാനുള്ള പരിശ്രമങ്ങളിൽ ഏർപ്പെട്ടുകൊണ്ടുമാണ് അദ്ദേഹം ജീവിച്ചത്. ആശാന്റെ കവിതകൾക്ക് അസാധാരണമായ ശക്തിവിശേഷം പ്രദാനം ചെയ്തത് ഈ സാമൂഹികബോധമാണ്.

നിയമസഭാംഗം

[തിരുത്തുക]

1909-ൽ അദ്ദേഹത്തിന്റെകൂടി ശ്രമഫലമായി ഈഴവർക്കു തിരുവിതാംകൂർ നിയമ നിർമ്മാണ സഭയിൽ പ്രാതിനിധ്യം ലഭിച്ചു. അദ്ദേഹം നിയമസഭാംഗമായി പ്രവർത്തിച്ചു. നിയമ സഭയിലെ പ്രസംഗങ്ങൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 1919ൽ എൻ. കുമാരൻ യോഗം സെക്രട്ടറിയായി. അദ്ദേഹത്തിന്റെ കാലത്താൺ ക്ഷേത്രപ്രവേശന പ്രക്ഷോഭം, മദ്യവർജ്ജന പ്രക്ഷോഭം, വൈക്കം സത്യാഗ്രഹം തുടങ്ങിയവയിൽ യോഗം പങ്കെടുത്തത്. വൈക്കം സത്യാഗ്രഹത്തിന്റെ ഫലമായി ക്ഷേത്രവീഥികളിൽ സഞ്ചരിക്കാൻ അവർണ്ണർക്ക് അനുവാദം ലഭിച്ചു.

ടി.കെ. മാധവന്റെ നേതൃത്വം

[തിരുത്തുക]

1928ൽ യോഗം സെക്രട്ടറിയായി ടി.കെ. മാധവൻ തിരഞ്ഞെടുക്കപ്പെട്ടതോടെ യോഗം ഒരു കെട്ടുറപ്പുള്ള സംഘടനയായി മാറി. ഇന്നു കാണുന്ന എസ്.എൻ.ഡി.പിയുടെ സ്ഥാപനപരമായ അസ്ഥിവാരം അദ്ദേഹം സൃഷ്ടിച്ചതാണ്. ഈ കാലഘട്ടം സംഘടനാഘട്ടമെന്നും പ്രക്ഷോഭഘട്ടമെന്നും അറിയപ്പെടുന്നു. യോഗത്തെ ഇന്ത്യയിലെ ഏറ്റവും വലിയ സമുദായസംഘടനയാക്കി തീർത്തതും, സാമുദായിക അവശതകൾ പരിഹരിക്കാനുള്ള പ്രക്ഷോഭങ്ങളെ അഖിലേന്ത്യാ തലത്തിൽ ശ്രദ്ധേയമാക്കിയതും അദ്ദേഹത്തിന്റെ നേട്ടങ്ങളാണ്. മുൻപ് നടന്ന വൈക്കം സത്യാഗ്രഹം അദ്ദേഹത്തിന്റെ സൃഷ്ടിയായിരുന്നു.

സി.കേശവന്റെ നേതൃത്വം

[തിരുത്തുക]

1933ൽ സി. കേശവൻ യോഗം സെക്രട്ടറിയായി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഈഴവ-ക്രിസ്ത്യൻ-മുസ്ലിം സമുദായങ്ങൾ ചേർന്ന് നിവർത്തന പ്രക്ഷോഭം ആരംഭിച്ചു. 1935 ജൂൺ 7 ന് കോഴഞ്ചേരിയിൽ ചെയ്ത പ്രസംഗം അദ്ദേഹത്തെ ജയിലിൽ എത്തിച്ചുവെങ്കിലും നിവർത്തന പ്രക്ഷോഭം വൻ വിജയമാ‍യി. അതിന്റെ ഫലമായി അവർണ്ണർക്ക് ക്ഷേത്രങ്ങളിൽ പ്രവേശിക്കാ‍നുള്ള അനുമതിയും, ഈഴവ-ക്രിസ്ത്യൻ-മുസ്ലിം സമുദായങ്ങൾക്ക് സർക്കാർ സർവീസിൽ സംവരണവും സർക്കാർ അനുവദിച്ചു. അതോടൊപ്പം സർക്കാർ നിയമനങ്ങൾ നടത്താൻ പബ്ലിക്ക് സർവീസ് കമ്മീഷനും രൂപീകൃതമായി. അതോടെ എല്ലാ ജാതിക്കാ‍ർക്കും പട്ടാളത്തിലും പ്രവേശനം ലഭിക്കുകയും “നായർ പട്ടാളം” എന്ന പേർ മാറുകയും ചെയ്തു.

ആർ.ശങ്കറും അതിനു ശേഷവും

[തിരുത്തുക]

സാന്ത്വന്ത്ര്യ സമരത്തിൽ യോഗം കോൺഗ്രസിനോടൊപ്പം ചേർന്നു നിന്നു. യോഗം വിദ്യാഭ്യാസ കാര്യത്തിൽ വീണ്ടും ശ്രദ്ധപതിപ്പിച്ചത് ആർ. ശങ്കർ യോഗം സെക്രട്ടറിയായതോടുകൂടെയാ‍ണ്. 1947ൽ കൊല്ലത്ത് ശ്രീനാരായണ കോളേജ് സ്ഥാപിച്ചുകൊണ്ട് ഉന്നത വിദ്യാഭ്യാസരംഗത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് നാടിന്റെ പലഭാഗങ്ങളിലായി സ്ഥാപിക്കപ്പെട്ട കോളേജുകളുടെ ഭരണം 1952ൽ എസ്.എൻ ട്രസ്റ്റിനു കീഴിലാക്കി.

നാരായണഗുരു മരണം വരെ പ്രസിഡന്റ് പദവി വഹിച്ചു. തുടർന്ന് കെ. അയ്യപ്പൻ, എം. ഗോവിന്ദൻ, പി.കെ. വേലായുധൻ, വി.കെ. പണിക്കർ, ഡോ. പി.എൻ. നാരായണൻ, കെ. സുകുമാരൻ, ആർ. ശങ്കർ, വി.ജി. സുകുമാരൻ, കെ.എ. വേലായുധൻ, എ. അച്ചുതൻ, സി.ആർ. കേശവൻ വൈദ്യർ‍, എം.കെ. രാഘവൻ, കെ. രാഹുലൻ, ജി. പ്രിയദർശൻ, സി.കെ. വിദ്യാസാഗർ,ഡോ.എം.സോമൻ എന്നിവർ യോഗം പ്രസിഡന്റുമാരായിരുന്നു. യുവജനവിഭാഗവും വനിതാവിഭാഗവും യോഗത്തിനുണ്ട്. യോഗത്തിന്റെ ഇപ്പഴത്തെ മുഖപത്രം ‘യോഗനാദം’ ആണ്.

എസ്.എൻ. ട്രസ്റ്റിനു കീഴിൽ പ്രവർത്തിക്കുന്നവയല്ലാതെ യോഗത്തിന്റേതായി പല വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ട്.

വിദ്യ കൊണ്ട് പ്രബുദ്ധരാകാനും വ്യവസായം കൊണ്ട് അഭിവൃദ്ധിപ്പെടാനും സംഘടനകൊണ്ട് ശക്തരാകാനും നാരായണഗുരു നൽകിയ ആഹ്വാനം പ്രാവർത്തികമായത് യോഗം വഴി ആയിരുന്നു. താലികെട്ട് കല്യാണം, പുളികുടി തുടങ്ങിയ അനാചാ‍രങ്ങൾ നിർത്തലാക്കിയതും വിവാഹസമ്പ്രദായം ലളിതമാക്കിയതും ഗുരുവിന്റെ നിർദ്ദേശപ്രകാരം യോഗം പ്രവർത്തിച്ചത് വഴിയാണ്.

കെ. അയ്യപ്പന്റെ നേതൃത്വത്തിലുണ്ടായ ‘സഹോദര പ്രസ്ഥാനം’, അയ്യങ്കാളി നേതൃത്വം നൽകിയ ‘സാധുജനപരിപാലന യോഗം’, പണ്ഡിറ്റ് കെ.പി. കറുപ്പന്റെ നേതൃത്വത്തിലുണ്ടായ അരയസമുദായ സംഘടന തുടങ്ങിയവയൊക്കെ യോഗം പ്രവർത്തനങ്ങളിൽ നിന്ന് ഉത്തേജനം ഉൽക്കൊണ്ട് രൂപം കൊണ്ടവയാണ്.

ഇതുംകൂടി കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]


  1. നാരായണഗുരു - സമാഹാരം - പി.കെ. ബാലകൃഷ്ണൻ (1954)
  2. ഡൽഹി എസ്.എൻ.ഡി.പി യൂണിയൻ Archived 2007-01-26 at the Wayback Machine.
  3. ശ്രീനാരായണഗുരു ഫോറം
  4. സി.കേശവൻ-
  5. മൂർക്കോത്ത് കുമാരൻ
"https://ml.wikipedia.org/w/index.php?title=എസ്.എൻ.ഡി.പി._യോഗം&oldid=4135524" എന്ന താളിൽനിന്ന് ശേഖരിച്ചത്