Jump to content

ആർ. ശങ്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രാമൻ ശങ്കർ
കേരളത്തിന്റെ മുഖ്യമന്ത്രി
ഓഫീസിൽ
സെപ്റ്റംബർ 26 1962 – സെപ്റ്റംബർ 10 1964
മുൻഗാമിപട്ടം എ. താണുപിള്ള
പിൻഗാമിഇ.എം.എസ്. നമ്പൂതിരിപ്പാട്
കേരളത്തിലെ ഉപമുഖ്യമന്ത്രി
ഓഫീസിൽ
ഫെബ്രുവരി 22 1960 – സെപ്റ്റംബർ 26 1962
പിൻഗാമിസി.എച്ച്. മുഹമ്മദ്കോയ
കേരളത്തിന്റെ ധനമന്ത്രി
ഓഫീസിൽ
ഫെബ്രുവരി 22 1960 – സെപ്റ്റംബർ 26 1962
മുൻഗാമിസി. അച്യുതമേനോൻ
പിൻഗാമിപി.കെ. കുഞ്ഞ്
കേരള നിയമസഭ അംഗം
ഓഫീസിൽ
ഫെബ്രുവരി 22 1960 – സെപ്റ്റംബർ 10 1964
മുൻഗാമിസി. കണ്ണൻ
മണ്ഡലംകണ്ണൂർ -1
വ്യക്തിഗത വിവരങ്ങൾ
ജനനം(1909-04-30)ഏപ്രിൽ 30, 1909
കുഴിക്കലിടവക
മരണംനവംബർ 6, 1972(1972-11-06) (പ്രായം 63)
കൊല്ലം
ദേശീയതഇന്ത്യൻ
രാഷ്ട്രീയ കക്ഷികോൺഗ്രസ്
പങ്കാളിലക്ഷ്മിക്കുട്ടി
കുട്ടികൾ2
മാതാപിതാക്കൾ
  • രാമൻ പണിക്കർ (അച്ഛൻ)
  • കുഞ്ചാലി അമ്മ (അമ്മ)
വസതി(s)പുത്തൂർ, കൊല്ലം
As of ഒക്ടോബർ 28, 2022
ഉറവിടം: നിയമസഭ

പിന്നോക്കസമുദായത്തിൽ നിന്ന് കേരളത്തിൻ്റെ മുഖ്യമന്ത്രി പദത്തിലെത്തിയ ആദ്യത്തെ വ്യക്തിയാണ് രാമൻ ശങ്കർ എന്ന ആർ.ശങ്കർ (1909-1972) കോൺഗ്രസുകാരനായ ആദ്യത്തെ കേരള മുഖ്യമന്ത്രി ശങ്കറാണ്‌.[1] കേരളത്തിൻ്റെ ആദ്യ ഉപമുഖ്യമന്ത്രി എന്ന ബഹുമതിയും ശങ്കറിന് അവകാശപ്പെട്ടതാണ്. അതോടൊപ്പം തന്നെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായ ഒരേയൊരു മുഖ്യമന്ത്രിയും ഇദ്ദേഹമാണ്. രണ്ടാം കേരള നിയമസഭയിൽ മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ശങ്കർ 1962 സെപ്റ്റംബർ 26 മുതൽ 1964 സെപ്റ്റംബർ 10 വരെ ആകെ 715 ദിവസം മുഖ്യമന്ത്രിയായിരുന്നു[2][3][4] [5].ശക്തനായ ഭരണാധികാരി, ഉജ്വല വാഗ്മി, പരന്ന വായനയ്ക്ക് ഉടമ, അസാമാന്യ സംഘാടകശേഷിയുള്ള നേതാവ്, സാമുദായിക–രാഷ്ട്രീയ നേതൃത്വത്തിൽ ഒരുപോലെ മുദ്രപതിച്ച വ്യക്തി എന്ന നിലകളിൽ ആർ ശങ്കർ അറിയപ്പെട്ടു. [6]

ജീവിതരേഖ

[തിരുത്തുക]

1909 ഏപ്രിൽ 30ന് കൊല്ലം ജില്ലയിലെ കൊട്ടാരക്കര ശാസ്താംകോട്ട റോഡിൽ പുത്തൂർ നിന്നും ഒരു മൈൽ ദൂരമുള്ള പാങ്ങോട് എന്ന‌സ്ഥലത്തെ വിളയിൽ വീട്ടിൽ രാമൻ പണിക്കരുടെയും കുഞ്ചാലിയമ്മയുടേയും മകനായി ജനിച്ചു. ശങ്കറിന്റെ മൂത്ത സഹോദരങ്ങൾ നാരായണൻ, ഗോവിന്ദൻ, കല്യാണി, കുഞ്ഞുനങ്ങേലി എന്നിവരാണ്. ഇളയവരായി പത്മനാഭൻ, കേശവൻ, മാധവൻ എന്നിവരും ജനിച്ചു. എട്ടു മക്കളിൽ അഞ്ചാമനായിരുന്നു ശങ്കർ.

ആ പ്രദേശത്തെ നാട്ടാശാൻ ആയിരുന്ന ചാമക്കാല വേലുപ്പിള്ളയുടെ കുടിപ്പള്ളിക്കുടത്തിൽ ആണ് വിദ്യാഭ്യാസം ആരംഭിച്ചത്. അവിടെ നിന്ന് അന്നത്തെ രീതി അനുസരിച്ച് നിലത്തെഴുത്തും കണക്കും കൂട്ടിവായനയും അഭ്യസിച്ചു. ആശാൻ പള്ളിക്കൂടത്തിൽ നിന്ന് ശങ്കറിനെ പുത്തൂർ ഗവർണ്മെന്റ് സ്കൂളിൽ രണ്ടാം ക്ലാസ്സിൽ ചേർത്തു. അവിടെ നിന്നും 1917ൽ നാലാം ക്ലാസ്സിൽ ഒന്നാമനായി ശങ്കർ വിജയിച്ചു. അവിടെ നിന്നും അന്ന് 8 വയസ്സ് ഉള്ള ശങ്കറിനെ കൊട്ടാരക്കര ഇംഗ്ലിഷ് സ്കൂളിൽ ചേർത്തു. ശങ്കർ പുത്തൂർ പ്രൈമറി സ്കൂളിലും കൊട്ടാരക്കര ഇംഗ്ലീഷ് സ്കൂളിലും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം തിരുവനന്തപുരം മഹാരാജാസ് കോളേജിൽ നിന്നും ബിരുദവും ലോ കോളേജിൽ നിയമബിരുദവും നേടി. തുടർന്ന് ശിവഗിരി ഹൈസ്കൂൾ പ്രിൻസിപ്പലായി ഔദ്യോഗിക ജീവിതമാരംഭിച്ചു. ഈ അവസരത്തിൽ എസ്.എൻ.ഡി.പി. യോഗത്തിൻ്റെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായി മാറിയ ശങ്കർ മികച്ച പ്രസംഗകനായി അന്ന് സമൂഹത്തിൽ നിലനിന്ന സാമൂഹിക വിപത്തുകൾക്കെതിരെ ശബ്ദമുയർത്തി.

സ്റ്റേറ്റ് കോൺഗ്രസിൻ്റെ പിറവിയോടെ കോൺഗ്രസിൻ്റെ സജീവ പ്രവർത്തകനായി മാറി. സ്റ്റേറ്റ് കോൺഗ്രസിൻ്റെ വളർച്ചയോടെ രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിൽ ശങ്കറും അറിയപ്പെടുന്ന നേതാവായി മാറി. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിനാൽ ജയിലിൽ അടക്കപ്പെട്ടു. സ്വാതന്ത്ര്യാനന്തരം കോൺഗ്രസിനെ ശക്തിപ്പെടുത്താൻ നിരന്തരം പ്രവർത്തിച്ച ശങ്കർ ഇതിനിടയിൽ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ താത്കാലികമായ മാറി നിന്ന് പതിമൂന്ന് വർഷം എസ്.എൻ.ഡി.പിയുടെ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇക്കാലയളവിൽ എസ്.എൻ.ഡി.പി യോഗത്തിൻ്റെ ജനറൽ സെക്രട്ടറി, പ്രസിഡൻ്റ്, ശ്രീനാരായണ ട്രസ്റ്റ് മേധാവി എന്നീ നിലകളിൽ പ്രവർത്തിച്ചു.

ദിനമണി എന്ന പത്രത്തിൻ്റെ പത്രാധിപരായും പ്രവർത്തിച്ച ശങ്കർ കോൺഗ്രസിൽ മടങ്ങിയെത്തിയ ശേഷം പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ദൗത്യം ഏറ്റെടുത്തു. അദ്ദേഹത്തിൻ്റെ സംഘടനാപാടവവും നേതൃഗുണവും സ്റ്റേറ്റ് കോൺഗ്രസിന് നേട്ടമായി.

രാഷ്ട്രീയ ജീവിതം

[തിരുത്തുക]
കൊല്ലം എസ്.എൻ. കോളേജിനു മുന്നിലെ ശങ്കറിന്റെ പ്രതിമ

1948-ൽ തിരുവിതാംകൂർ അസംബ്ലിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ശങ്കർ വിജയിച്ചു. 1949 മുതൽ 1956 വരെ തിരുകൊച്ചി അസംബ്ലിയിൽ അംഗമായി. 1960-ൽ കോൺസ്റ്റിറ്റുവൻ്റ് അസംബ്ലി, ഡീലിമിറ്റേഷൻ കമ്മീഷൻ, റിഫോംസ് കമ്മിറ്റി എന്നിവയിൽ അംഗമായിരുന്നു. വിമോചന സമരകാലത്ത് 1959-ൽ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനായും പ്രവർത്തിച്ചു. 1960-ൽ കേരള നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ അദ്ദേഹം വൻ വിജയത്തിലേക്ക് നയിച്ചു. പട്ടം താണുപിള്ളയുടെ നേതൃത്വത്തിൽ മന്ത്രിസഭ രൂപീകരിച്ചപ്പോൾ ശങ്കർ ഉപമുഖ്യമന്ത്രിയായി. അതോടൊപ്പം തന്നെ സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രിയുമായിരുന്നു.

1962-ൽ കേരള മുഖ്യമന്ത്രിയായിരുന്ന പട്ടം താണുപിള്ളയെ കേന്ദ്ര സർക്കാർ സംസ്ഥാന ഗവർണറായി നിയമിച്ചപ്പോൾ ശങ്കർ കേരളത്തിൻ്റെ മൂന്നാമത് മുഖ്യമന്ത്രിയായി അധികാരമേറ്റു. മികച്ച ഭരണാധികാരിയും രാജ്യതന്ത്രജ്ഞനുമായിരുന്നു ശങ്കർ. മുഖ്യമന്ത്രി എന്ന പദവിയിലിരുന്ന് നല്ല ഭരണം നടത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. ധനകാര്യ വകുപ്പ് മന്ത്രി എന്ന നിലയിൽ ഒട്ടനവധി പരിഷ്കാരങ്ങൾ അദ്ദേഹം കൊണ്ടുവന്നു. ആർ.ശങ്കർ ധനകാര്യമന്ത്രിയായിരുന്നപ്പോഴാണ് ഇന്ത്യയിലാദ്യമായി വിധവാപെൻഷനും വാർദ്ധക്യപെൻഷനും ഏർപ്പെടുത്തിയത്. ജീവനക്കാർക്ക് വീട്ടുവാടക അലവൻസ് അനുവദിച്ചതും അദ്ദേഹത്തിന്റെ കാലത്തായിരുന്നു.[7]സംസ്ഥാനത്തിൻ്റെ വ്യവസായ വികസനത്തിന് അടിത്തറ പാകാൻ അദ്ദേഹത്തിൻ്റെ വികസന പ്രവർത്തനങ്ങൾ സഹായകരമായി. ആർ.ശങ്കറിന്റെ ക്രാന്തദർശിത്വം സർവകലാശാലകളിൽ വലിയ പരിഷ്‌കാരങ്ങൾക്ക് വഴിവെച്ചു. ബിരുദകോഴ്‌സിന് വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാൻ,​ അശാസ്ത്രീയമായ പ്രീ - യൂണിവേഴ്‌സി​റ്റി കോഴ്‌സ് എടുത്തുമാ​റ്റി രണ്ടുകൊല്ലത്തെ പ്രീഡിഗ്രി കോഴ്‌സ് കൊണ്ടുവന്നത് ആർ.ശങ്കറാണ്. സംസ്‌കൃതവിദ്യാഭ്യാസം സർവകലാശാലതലത്തിൽ ഉൾക്കൊള്ളിച്ചതും സംസ്‌കൃതാദ്ധ്യാപകർക്ക് ഇതര അദ്ധ്യാപകരുടെ പദവി നൽകിയതും അദ്ദേഹത്തിന്റെ ഭരണകാലത്താണ്.[7]

1962 മുതൽ 1964 വരെ രണ്ട് വർഷക്കാലം മാത്രമെ ശങ്കറിന് മുഖ്യമന്ത്രിയായി തുടരാൻ കഴിഞ്ഞുള്ളൂ. അപ്പോഴേക്കും കോൺഗ്രസ് പാർട്ടിയിലെ വിഭാഗീയ പ്രവർത്തനങ്ങളെ തുടർന്ന് അദ്ദേഹത്തിന് അധികാരമൊഴിയേണ്ടി വന്നു[8]. 15 കോൺഗ്രസ് എം.എൽ.എ.മാർ മന്ത്രിസഭയ്ക്കുള്ള പിന്തുണ പിൻവലിച്ചത് ആർ.ശങ്കർ മന്ത്രിസഭയുടെ രാജിക്ക് വഴിയൊരുക്കി. 1964 സെപ്റ്റംബർ 8ന് പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയം കൂടി പാസായതോടെ ശങ്കർ മന്ത്രിസഭയ്ക്ക് രാജി വയ്ക്കേണ്ടി വന്നു.അതോടു കൂടി കേരളം വീണ്ടും രാഷ്ട്രപതി ഭരണത്തിന് കീഴിലായി. മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു ശങ്കർ മന്ത്രിസഭയ്ക്ക്. കേരളം കണ്ട അവസാനത്തെ ഏക കക്ഷി മന്ത്രിസഭയായിരുന്നു അത്.

1972 നവംബർ 6-ന് ആർ.ശങ്കർ അന്തരിച്ചു[9][10]

സ്വകാര്യ ജീവിതം

[തിരുത്തുക]

ഭാര്യ - ലക്ഷ്മിക്കുട്ടി, മകൻ - മോഹൻ ശങ്കർ, ബി.ജെ.പി. സ്ഥാനാർത്ഥിയായി നിയമസഭയിലേക്ക് മൽസരിച്ചിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. "പ്രതിമ അനാഛാദനം: മുഖ്യമന്ത്രിയെ ഒഴിവാക്കി; വ്യാപക പ്രതിഷേധം" (in ഇംഗ്ലീഷ്). Retrieved 2022-12-06.
  2. "ഗ്രൂപ്പിസവും ചേരിപ്പോരും; അധികാര രാഷ്ട്രീയത്തിൽ മനംനൊന്ത ആർ ശങ്കർ; ഓർമ്മച്ചിത്രം". Retrieved 2022-12-06.
  3. Daily, Keralakaumudi. "ആർ. ശങ്കർ അധഃസ്ഥിതരുടെ അസ്തമിക്കാത്ത സൂര്യൻ" (in ഇംഗ്ലീഷ്). Retrieved 2022-12-06.
  4. "ആർ. ശങ്കർ: ഒരു യുഗസ്രഷ്ടാവ്‌" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2022-12-06.
  5. "ആർ ശങ്കർ എന്ന കരുത്തൻ". Retrieved 2022-12-06.
  6. "കസേരയെക്കാൾ വലിയൊരാൾ; ആർ.ശങ്കർ ഓർമയായിട്ട് ഇന്ന് 50 വർഷം". Retrieved 2022-12-06.
  7. 7.0 7.1 Daily, Keralakaumudi. "ആർ.ശങ്കർ; ചരിത്രത്തിൽ മഹാമുദ്റ പതിപ്പിച്ച ധിഷണാശാലി" (in ഇംഗ്ലീഷ്). Retrieved 2022-12-06.
  8. "പട്ടം താണുപിള്ളയും ആർ.ശങ്കറും മുഖ്യമന്ത്രിമാർ; കാലാവധി തികയ്ക്കാതെ രണ്ടാം മന്ത്രിസഭ". Retrieved 2022-12-06.
  9. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-08-13. Retrieved 2011-03-08.
  10. "Manorama Subscription | Books | E-editions". Retrieved 2022-12-06.
Preceded by കേരളത്തിലെ മുഖ്യമന്ത്രിമാർ
1962– 1964
Succeeded by
"https://ml.wikipedia.org/w/index.php?title=ആർ._ശങ്കർ&oldid=4012651" എന്ന താളിൽനിന്ന് ശേഖരിച്ചത്