കെ.കെ. വിശ്വനാഥൻ
കെ.കെ. വിശ്വനാഥൻ | |
---|---|
ഗുജറാത്തിന്റെ നാലാമത് ഗവർണർ | |
ഓഫീസിൽ ഏപ്രിൽ 4 1973 – ഓഗസ്റ്റ് 13 1978 | |
മുൻഗാമി | പി.എൻ. ഭഗവതി |
പിൻഗാമി | ശാരദാ മുഖർജി |
കേരള നിയമസഭ അംഗം | |
ഓഫീസിൽ മാർച്ച് 16 1957 – സെപ്റ്റംബർ 10 1964 | |
പിൻഗാമി | എം.പി. മുഹമ്മദ് ജാഫർ ഖാൻ |
മണ്ഡലം | മട്ടാഞ്ചേരി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | മട്ടാഞ്ചേരി | നവംബർ 14, 1914
മരണം | ഓഗസ്റ്റ് 17, 1992 | (പ്രായം 77)
രാഷ്ട്രീയ കക്ഷി | കോൺഗ്രസ് |
As of നവംബർ 1, 2011 ഉറവിടം: നിയമസഭ |
ആധുനികകേരളത്തിന്റെ ചരിത്രത്തിൽ പ്രകടമായ മാറ്റങ്ങളുണ്ടാക്കി തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഒരു രാഷ്ട്രീയനേതാവും തൊഴിലാളിസംഘടനാപ്രവർത്തകനും നിയമജ്ഞനും സമൂഹപരിഷ്കർത്താവുമായിരുന്നു കമ്പന്തോടത്ത് കുഞ്ഞൻ വിശ്വനാഥൻ എന്ന കെ.കെ. വിശ്വനാഥൻ(14 നവംബർ 1914- 17 ഓഗസ്റ്റ് 1992). 1914 നവംബർ 4ന് കൊച്ചിയിലെ മട്ടാഞ്ചേരിയിലാണ് വിശ്വനാഥൻ ജനിച്ചത്. തൃശ്ശൂർ സെന്റ് തോമാസ് കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, തിരുവനന്തപുരം ലോ കോളേജ് എന്നീ കലാലയങ്ങളിൽ പഠനം പൂർത്തിയാക്കി. 1938ൽ മദ്രാസ് സർവ്വകലാശാലയിൽ നിന്നും നിയമത്തിൽ ബിരുദമെടുത്തു.
രാഷ്ട്രീയ ജീവിതം
[തിരുത്തുക]1938-ൽ കൊച്ചിയിൽ അഭിഭാഷകനായി സന്നത് എടുത്തു. അതോടൊപ്പം തന്നെ അവിടത്തെ ഒരു ഹൈസ്കൂളിന്റെ മാനേജ്മെന്റ് ചുമതലയേൽക്കുകയും തൊഴിലാളിയൂണിയൻ പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. തുറമുഖ തൊഴിലാളി യൂണിയന്റെ സംഘാടകനേതാക്കളിൽ പ്രമുഖനായിരുന്നു വിശ്വനാഥൻ. പിന്നീടിദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ കൊച്ചി രാജ്യത്തെ പ്രാദേശികരൂപമായിരുന്ന പ്രജാമണ്ഡലത്തിൽ ചേർന്നു. 1948ൽ പ്രജാമണ്ഡലത്തിന്റെ ടിക്കറ്റിൽ കൊച്ചി ലെജിസ്ലേറ്റീവ് കൌൺസിലിലേക്കു് തെരഞ്ഞെടുക്കപ്പെട്ടു. 1949ൽ കൊച്ചിയും തിരുവിതാംകൂറും ലയിച്ചു് തിരുക്കൊച്ചി ആയിത്തീർന്നപ്പോൾ സ്വാഭാവികമായും തിരുക്കൊച്ചി സ്റ്റേറ്റ് അസംബ്ലി മെംബറുമായി. 1950ൽ കൊച്ചി പ്രജാമണ്ഡലത്തിന്റെ ആഹ്വാനമനുസരിച്ചു് അന്നത്തെ പ്രജാമണ്ഡലം നിയമസഭാംഗങ്ങൾ ഒന്നടങ്കം രാജി വെച്ചപ്പോൾ വിശ്വനാഥനും ആ കൂട്ടത്തിൽ മുമ്പിലുണ്ടായിരുന്നു. അതോടെ അദ്ദേഹം വ്യാപകമായ ജനക്ഷേമപരിപാടികളിലേക്കു് കൂടുതൽ ശ്രദ്ധ തിരിച്ചു. കൊച്ചി മേഖലയിലെ ശ്രദ്ധേയനായ സാമൂഹ്യസേവകനും കോൺഗ്രസ്സ് നേതാവും എന്നു പേരെടുത്തു.
1956 നവംബർ ഒന്നിന് ഐക്യകേരളം നിലവിൽ വന്നതിനേത്തുടർന്ന് 1957ൽ നടന്ന തെരഞ്ഞെടുപ്പിൽ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ ലോകത്തിലാദ്യമായി ബാലറ്റ് തെരഞ്ഞെടുപ്പിലൂടെ ഒരു കമ്യൂണിസ്റ്റ് സർക്കാർ കേരളത്തിൽ നിലവിൽ വന്നു. കെ.കെ.വിശ്വനാഥനും ഈ നിയമസഭയിലെ ഒരു പ്രതിപക്ഷാംഗമായിരുന്നു. കേരളത്തിലെ കോൺഗ്രസ്സ് ലെജിസ്ലേറ്റീവ് പാർട്ടിയുടെ സെക്രട്ടറിയായി അദ്ദേഹം നിയമിക്കപ്പെട്ടു. സമൂഹത്തിന്റെ താഴേക്കിടയിൽ ജീവിച്ചുപോന്നിരുന്ന വിഭാഗങ്ങൾക്കു് കൂടുതൽ അഭിവൃദ്ധിയും ഉന്നമനവും പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തിലേക്ക് അദ്ദേഹം ദത്തശ്രദ്ധനായി. അതോടൊപ്പം മികച്ച പാർലമെന്റേറിയൻ എന്ന നിലയിൽ സഭയ്ക്കകത്തും പുറത്തും ശ്രദ്ധ നേടി. എതിരാളികൾക്കുപോലും സുസമ്മതനായിരുന്ന അദ്ദേഹത്തിന്റെ ഭൂപരിഷ്കരണനിയമങ്ങളിലെ വൈദഗ്ദ്യം ആ മന്ത്രിസഭ തുടങ്ങിവെച്ച ഭൂപരിഷ്കരണപ്രസ്ഥാനത്തിന് ശക്തമായ മുതൽക്കൂട്ടായി. ഇക്കാലഘട്ടത്തിൽ സാമൂഹ്യ-രാഷ്ട്രീയപ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി അദ്ദേഹം തന്റെ തൊഴിലായിരുന്ന അഭിഭാഷകവൃത്തിയിൽ നിന്നും പൂർണ്ണമായി വിരമിച്ചു. വിമോചനസമരത്തിനുശേഷം നടന്ന 1959ലെ പൊതുതെരഞ്ഞെടുപ്പിൽ വിശ്വനാഥൻ ഭീമമായ ഭൂരിപക്ഷത്തോടെ വീണ്ടും നിയമസഭയിലേക്കെത്തി. പുതുതായി രൂപം കൊണ്ട കൂട്ടുമന്ത്രിസഭയ്ക്കും തുടർന്നു വന്ന കോൺഗ്രസ്സ് മന്ത്രിസഭയ്ക്കും, അതിനകം രൂപം പൂണ്ടിരുന്ന ഭൂപരിഷ്കരണനിയമങ്ങൾ പ്രായോഗികവിജയമാക്കിത്തീർക്കുന്നതിൽ അദ്ദേഹം അതിശക്തമായ പിന്തുണനൽകി. ഇതേ അവസരത്തിൽ ദി റിപ്പബ്ലിൿ എന്ന പേരിൽ ഒരു മലയാളം വാരികയുടെ പത്രാധിപരായി അദ്ദേഹം സ്ഥാന വഹിച്ചു. കോൺഗ്രസ്സിന്റെ നയങ്ങളും കർമ്മപരിപാടികളും സംബന്ധിച്ച വിവരങ്ങൾ ഫലവത്തായി സാധാരണ ജനങ്ങളിലേക്കെത്തിക്കാൻ ഈ വാരിക അദ്ദേഹത്തെ സഹായിച്ചു.
1957-60, 1960-64 എന്നീ കാലഘട്ടങ്ങളിൽ അദ്ദേഹം കോൺഗ്രസ്സ് ലെജിസ്ലേറ്റീവ് പാർട്ടിയുടെ സെക്രട്ടറിയായി തുടർന്നു. 1966 മുതൽ 69 വരെ കേരള പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയുടെ കാര്യദർശിയുമായിരുന്നു. 1966ൽ കേരളത്തിൽ വെച്ചു നടന്ന പ്രഥമ എ.ഐ.സി.സി. സമ്മേളനത്തിന്റെ (കൊച്ചി) വമ്പിച്ച വിജയത്തിനു് അദ്ദേഹത്തിന്റെ മികച്ച സംഘടനാപാടവം കാരണമായി. 1969ൽ ദേശീയതലത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പിളർന്നു. താൽക്കാലിക കെ.പി.സി.സി. കൺവീനർ എന്ന ഉത്തരവാദിത്തം ഏറ്റെടുത്ത അദ്ദേഹം തന്റെ കക്ഷിയ്ക്കു് കേരളത്തിൽ ഉറച്ച അടിസ്ഥാനവും ശക്തിയും വീണ്ടെടുക്കാനുള്ള ഭഗീരഥപ്രയത്നത്തിൽ ഏർപ്പെട്ടു. 1970ൽ കെ.പി.സി.സി.യുടെ അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. 1972ൽ അതേ സ്ഥാനത്തേക്കു് വീണ്ടും അദ്ദേഹം തന്നെ നിയമിതനായി.
സാമൂഹ്യ സേവകൻ
[തിരുത്തുക]പാർലമെന്ററി രാഷ്ട്രീയത്തിനു പുറത്തും അദ്ദേഹത്തിന്റെ സേവനങ്ങൾ ജനങ്ങൾക്കുപകാരപ്പെട്ടു. കെ. കെ. വിശ്വനാഥൻ ഒന്നും രണ്ടും പഞ്ചവത്സരപദ്ധതികളിൽ പട്ടികജാതി/പട്ടികവർഗ്ഗക്ഷേമപരിപാടികളുടെ സംസ്ഥാന മൂല്യനിർണ്ണയസമിതിയുടെ ചെയർമാനായിരുന്നു.കേരള സംസ്ഥാന ഭക്ഷ്യക്ഷേമ ഉപദേശകസമിതി, ആരോഗ്യക്ഷേമ ഉപദേശകസമിതി, ഭൂപരിഷ്കരണത്തിനു വേണ്ടിയുള്ള ഉന്നതാധികാര സമിതി, എസ്റ്റിമേറ്റ്സ് കമ്മിറ്റി, ഇൻഷൂറൻസ് കമ്മിറ്റി, റൂൾസ് കമ്മിറ്റി എന്നിവയിലെല്ലാം വിവിധകാലഘട്ടങ്ങളിൽ അംഗമായിരുന്നിട്ടുണ്ടു്. ശ്രീനാരായണഗുരുവിന്റെ ജന്മശതാബ്ദി പ്രമാണിച്ചു് സംഘടിപ്പിച്ച അഖിലേന്ത്യാ പ്രദർശനത്തിനു നേതൃത്വം നൽകിയതും അദ്ദേഹമായിരുന്നു. ശ്രീനാരായണ ധർമ്മ പരിപാലന യോഗത്തിന്റെ അദ്ധ്യക്ഷൻ ആയും സ്ഥാനം വഹിച്ചിട്ടുണ്ടു്.
ഇരുപതു വർഷത്തോളം തൊഴിലാളിക്ഷേമപ്രവർത്തനങ്ങളിൽ ഏറെ ശ്രദ്ധ പതിപ്പിച്ച അദ്ദേഹം പിൽക്കാലത്തു് അവർക്കു പ്രയോജനപ്രദമായ പല നിയമങ്ങളും പദ്ധതികളും നടപ്പിലാക്കാൻ അതതുകാലത്തെ സർക്കാരുകൾക്കു് പ്രേരണ നൽകി. കൊച്ചി രാജ്യത്തെ ഉത്തരവാദിത്തഭരണത്തിനു വഴിയിട്ട പ്രായപൂർത്തി വോട്ടവകാശത്തിനു വേണ്ടി വിശ്വനാഥൻ ഗണ്യമായ പ്രയത്നം നടത്തി. കോൺഗ്രസ്സിലെ അദ്ദേഹത്തിന്റെ പ്രവർത്തനകാലത്ത് കെ.പി.സി.സി. പുനഃസംഘടിപ്പിക്കാനും അതിനുള്ളിൽ ന്യൂനപക്ഷ/അധഃകൃതവിഭാഗങ്ങൾക്കും ചെറുപ്പക്കാർക്കും മെച്ചപ്പെട്ട പ്രാതിനിധ്യം ഉറപ്പാക്കുവാനും അദ്ദേഹം യത്നിച്ചു. അദ്ദേഹത്തിന്റെ ഈ നയം കോൺഗ്രസ്സിനെ കൂടുതൽ ജനാധിപത്യപരവും സർവ്വസമ്മതവും സമൂഹനിരപേക്ഷവും ആക്കിത്തീർത്തു. ഹരിജനങ്ങൾ പ്രവർത്തിപ്പിക്കുന്ന ഭക്ഷണശാലകളും മറ്റും കൂടുതലായി തുറക്കുന്നതിനു വേണ്ടി അദ്ദേഹം പ്രോത്സാഹിപ്പിച്ചു. അദ്ദേഹത്തിന്റെ മുഖ്യകാർമ്മികത്വത്തിലായിരുന്നു കോൺഗ്രസ്സിന്റെ ഒരു പോഷകസംഘടനയായ സേവാ ദൾ വികസിപ്പിച്ചു് 25,000 അംഗങ്ങളുള്ള ഒരു വൻസംഘമായി മാറിയതു്.
കേരളത്തിലെ ദീർഘമായ അദ്ദേഹത്തിന്റെ സാമൂഹ്യസേവനകാലഘട്ടങ്ങളിൽ വിപ്ലവാത്മകമായ പല പരിവർത്തനങ്ങൾക്കും സംസ്ഥാനം സാക്ഷിയായി. മേലാളികളും എതിരാളികളും അനുയായികളും അടക്കം എല്ലാ വൃത്തങ്ങളിൽനിന്നും ആദരവും പ്രതീക്ഷയും സമ്പാദിക്കാൻ അദ്ദേഹത്തിന്റെ ബൌദ്ധികസത്യസന്ധതയും ജ്ഞാനവും കാരണമായി. മുതിർന്നവർക്കു് അദ്ദേഹത്തിന്റെ സുതാര്യമായ ആർജ്ജവമായിരുന്നു പ്രിയങ്കരമെങ്കിൽ വളർന്നുവരുന്ന പുതുതലമുറയ്ക്കു് അദ്ദേഹം ഒരു വഴികാട്ടിയും ദർശകനും സുഹൃത്തുമായി.
ഗുജറാത്ത് ഗവർണർ
[തിരുത്തുക]1973 ഏപ്രിൽ നാലാം തീയതി മുതൽ 1978 ആഗസ്റ്റ് 14 വരെ ഗുജറാത്തിലെ ഗവർണർ ആയിരുന്നു. 1974 ഫെബ്രുവരിയിൽ ഗുജറാത്തിലെ മന്ത്രിസഭ പിരിച്ചുവിട്ട് അവിടെ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. ഇക്കാലഘട്ടത്തിൽ രാഷ്ട്രപതിയുടെ പ്രതിപുരുഷനായ സംസ്ഥാനഗവർണർ ആണു് സംസ്ഥാനഭരണം നടത്തിക്കൊണ്ടുപോവേണ്ടതു്. ഗുജറാത്തിലെ അക്കാലത്തെ രാഷ്ട്രീയസാഹചര്യങ്ങൾ മൂലം 16 മാസത്തോളം നീണ്ടുനിന്ന ഈ ഭരണഘട്ടം ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ആറുമാസത്തിനു മേലെ നിലനിന്ന രാഷ്ട്രപതിഭരണം എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ടു. അക്കാലത്തു് അദ്ദേഹം നടത്തിയിരുന്ന പ്രതിവാര റേഡിയോ പ്രക്ഷേപണങ്ങൾ സംഗ്രഹിച്ചു് “രാഷ്ട്രപതി ഭരണത്തിലൂടെ” എന്ന പേരിൽ ഗുജറാത്ത് സർക്കാർ ഒരു ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുണ്ടു്.
ഇന്ത്യയിലെത്തന്നെ എക്കാലത്തേയും മികച്ച ഒരു നിയമനിർമ്മാതാവും നിയമപണ്ഡിതനും എന്ന നിലയിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം 1992 ആഗസ്റ്റ് 17ന് അന്തരിച്ചു. മരണസമയത്ത് അദ്ദേഹം എസ്.എൻ.ഡി.പി. യോഗത്തിന്റെ അധ്യക്ഷസ്ഥാനം അലങ്കരിച്ചുവരികയായിരുന്നു.
തിരഞ്ഞെടുപ്പുകൾ
[തിരുത്തുക]വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|
1967 | നാട്ടിക നിയമസഭാമണ്ഡലം | ടി.കെ. കൃഷ്ണൻ | സി.പി.എം. | കെ.കെ. വിശ്വനാഥൻ | ഐ.എൻ.സി. |
1965 | മട്ടാഞ്ചേരി നിയമസഭാമണ്ഡലം | എം.പി. മുഹമ്മദ് ജാഫർ ഖാൻ | സ്വതന്ത്ര സ്ഥാനാർത്ഥി | കെ.കെ. വിശ്വനാഥൻ | കോൺഗ്രസ് |
1960 | മട്ടാഞ്ചേരി നിയമസഭാമണ്ഡലം | കെ.കെ. വിശ്വനാഥൻ | കോൺഗ്രസ് | രത്നം രംഗനാഥ് റായ് | സ്വതന്ത്ര സ്ഥാനാർത്ഥി |
1957 | മട്ടാഞ്ചേരി നിയമസഭാമണ്ഡലം | കെ.കെ. വിശ്വനാഥൻ | കോൺഗ്രസ് | ടി.എം. അബു | സി.പി.ഐ. |
അവലംബം
[തിരുത്തുക]- http://www.niyamasabha.org/codes/members/m742.htm
- http://www.rajbhavan.gujarat.gov.in/uniquepage.asp?id_pk=63 Archived 2013-12-27 at the Wayback Machine
- http://books.google.com/books/about/Through_the_President_s_rule_February_19.html?id=tvf7GAAACAAJ
- http://www.niyamasabha.org/codes/legislatorsupto2006.pdf
- ↑ http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine