നന്നയ്യ
നന്നയ്യ | |
---|---|
ജനനം | Nannyya Eleventh century Rajahmundry |
മരണം | Rajahmundry, Andhra Pradesh |
തൂലികാ നാമം | Nannaya |
തൊഴിൽ | First Telugu Poet |
ദേശീയത | Indian |
പൗരത്വം | India |
Genre | Poet |
ശ്രദ്ധേയമായ രചന(കൾ) | Andhra Mahabharatam |
പ്രാചീന തെലുഗു കവിയാണ് നന്നയ്യ (തെലുഗ്: నన్నయ). ചാലൂക്യരാജാവായ രാജരാജ നരേന്ദ്രന്റെ (1022-63) സദസ്യകവിയും സുഹൃത്തും കുലഗുരുവും ആയിരുന്നു ഇദ്ദേഹം. രാജാവിന്റെ ആവശ്യപ്രകാരം പഞ്ചമവേദമെന്നറിയപ്പെടുന്ന മഹാഭാരതം വിവർത്തനം ചെയ്തു. സതീർഥ്യനും വിദ്വത്കവിയുമായ നാരായണഭട്ടന്റെ സഹായത്തോടുകൂടിയാണ് വിവർത്തനം നിർവഹിച്ചത്.
തെലുഗുവിൽ മഹാഭാരതം വിവർത്തനം ചെയ്ത ആദ്യത്തെ മൂന്നു കവികളിൽ ഒന്നാമനാണ് ഇദ്ദേഹം. വ്യാകരണ നിയമാനുസാരിയും ശുദ്ധവുമായ ഭാഷയിൽ ആദ്യമായി കാവ്യം രചിച്ചയാൾ എന്ന നിലയിൽ നന്നയ്യയെ തെലുഗുവിലെ ആദ്യകവിയായി പരിഗണിക്കുന്നു. ആദിപർവവും സഭാപർവവും വനപർവ്വത്തിന്റെ മൂന്നു സർഗങ്ങളും 143 വ്യാകരണങ്ങളുമാണ് നന്നയ്യയുടെ ഭാരതത്തിലുള്ളത്. ബാക്കിയുള്ളവ, വിവർത്തനത്തിൽ ഇദ്ദേഹത്തിന്റെ പാത പിന്തുടർന്ന തിക്കനയും എർറനയും പൂർത്തിയാക്കി.
നന്നയ്യയുടെ ആന്ധ്രമഹാഭാരതം അതിൽ വരുത്തിയിട്ടുള്ള വ്യതിയാനങ്ങൾ കൊണ്ടു ശ്രദ്ധേയമാണ്. പല ഭാഗങ്ങളും വിട്ടുകളയുകയും ചിലത് സംഗ്രഹിക്കുകയും ചില വിവരണങ്ങൾ കൂട്ടിച്ചേർക്കുകയും ചെയ്തിട്ടുണ്ട്. ദ്രൗപദി അർജുനനെ വരണമാല്യം അണിയിക്കുന്നതിലെ കാവ്യഭംഗി വിവർത്തനത്തിലെ മൗലികതയ്ക്ക് ഒരുദാഹരണമാണ്. ദുര്യോധനൻ ദ്രൗപദിയെ സഭയിൽ വിളിച്ചു വരുത്തി അപമാനിക്കാൻ ശ്രമിച്ചപ്പോൾ ദുര്യോധനനെ സഭയിൽ നിന്നു നിഷ്കാസനം ചെയ്യാൻ ഗാന്ധാരി ധൃതരാഷ്ടരോടു പറയുന്ന ഭാഗം വിട്ടുകളഞ്ഞിട്ടുള്ള ഭാഗങ്ങൾക്കുദാഹരണം. ഭാരതത്തിൽ ഗാന്ധാരിയുടെ മഹത്ത്വം വെളിവാക്കപ്പെടുന്ന ചുരുക്കം ചില ഭാഗങ്ങളിൽ ഒന്നാണിത്. ആദിപർവത്തിലെ കചദേവയാനി, സഭാപർവത്തിലെ ശിശുപാല വധം, ആരണ്യപർവത്തിലെ നളചരിതം എന്നിവ ഏറെ ആസ്വാദ്യങ്ങളാണ്.
സംസ്കൃതപദബഹുലമാണ് നന്നയ്യയുടെ ഭാരതവിവർത്തനമെങ്കിലും ഒഴുക്കും ഗാംഭീര്യവും ഉള്ളതാണ് രചനാരീതി. ചമ്പകമാല ശാർദൂലം, മത്തേഭം, ഉത്പലമാല തുടങ്ങിയ വൃത്തങ്ങൾക്കു പുറമേ, തരുവോജ, മധ്യാക്കര എന്നിങ്ങനെയുള്ള ദേശീ വൃത്തങ്ങളും ഉപയോഗിച്ചിട്ടുണ്ട്.
തെലുഗു സാഹിത്യത്തിൽ ആത്മകഥ, ജീവചരിത്രം എന്നിവയ്ക്ക് തുടക്കം കുറിച്ചതും നന്നയ്യയാണെന്നു പറയാം. ആന്ധ്രഭാരതത്തിന്റെ ആദിപർവം ഒന്നാം കാണ്ഡത്തിൽ തന്റെ ആത്മകഥാപരമായ ചരിത്രം ഏതാനും വരികളിൽ പ്രതിപാദിച്ചിട്ടുണ്ട്. അതുപോലെ രാജരാജനരേന്ദ്രരാജാവിന്റെ ജീവചരിത്രം 12 പദ്യങ്ങളിലായി വിവരിച്ചിരിക്കുന്നു. എന്തുകൊണ്ടും തെലുഗു ക്ലാസ്സിക് കൃതികളിൽ ഉയർന്ന സ്ഥാനമാണ് ഈ കൃതിക്കുള്ളത്. വാല്മീകിയും വ്യാസനും സംസ്കൃത കാവ്യത്തിനു നല്കിയതുപോലുള്ള കാവ്യപാരമ്പര്യമാണ് നന്നയ്യ തെലുഗു സാഹിത്യത്തിന് നല്കിയിരിക്കുന്നതെന്നു പറയാം.
തെലുഗുവിലെ ആദ്യത്തെ വ്യാകരണഗ്രന്ഥമായ ആന്ധ്രശബ്ദസാമള്ളി നന്നയ്യയുടേതാണെന്ന് കരുതപ്പെടുന്നു. ലക്ഷണസാരമു, ഇന്ദ്രവിജയമു, ചാമുണ്ഡി വിലാസമു, രാഘവാദ്യുദയമു എന്നിവയാണ് നന്നയ്യ രചിച്ചതെന്നു വിശ്വസിക്കപ്പെടുന്ന ഇതര കൃതികൾ.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ (11-ാം ശ.) നന്നയ്യ (11-ാം ശ.) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |