Jump to content

വവ്വാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(നരിച്ചീർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Bats
Temporal range: 52–0 Ma Late Paleocene - സമീപസ്ഥം
"Chiroptera" from Ernst Haeckel's Kunstformen der Natur, 1904
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Infraclass:
Superorder:
Order:
Chiroptera

Suborders

See article.

Worldwide distribution of bat species
നരിച്ചീറ്
വലിയ ഒരു വവ്വാൽ, കോട്ടയം, കേരളം

കൈറോപ്റ്റെറ വംശത്തിൽപ്പെട്ട പറക്കാൻ കഴിയുന്ന സസ്തനികളാണ്‌ വവ്വാലുകൾ. ശരിയായ പറക്കൽ ശേഷിയുള്ള ഒരേയൊരു സസ്തനി മൃഗമാണ്‌. മൂഷികവംശം കഴിഞ്ഞാൽ ഏറ്റവും വൈവിധ്യമേറിയ സസ്തനി വംശമാണ്‌ വവ്വാലുകൾ. 1240 വ്യത്യസ്ത ഇനം വവ്വാലുകൾ ഉണ്ട്. ഇതിൽ പഴങ്ങൾ മാത്രം കഴിയ്ക്കുന്ന വലിയ ഇനങ്ങളും പ്രാണികളെ ഭക്ഷിക്കുന്ന ചെറിയവയും ആണ് പ്രധാനം. അമേരിക്കൻ ഭുപ്രദേശത്ത് കാന്നുന്ന വാമ്പീർ വവ്വാൽ മറ്റു സസ്തനികളുടെ (മനുഷ്യൻ അടക്കം) രക്തം ഊറ്റി കുടിച്ചാണു ജീവിക്കുന്നത്. ഇത് കാരണം, വവ്വാലുകളെക്കുറിച്ച് ധാരാളം അന്ധവിശ്വാസങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലും ഇന്നും കാണുന്നുണ്ട്. സാഹിത്യത്തിലും ചലച്ചിത്രങ്ങളിലും വവ്വാലുകളെ വളരെ ഭയാനകമായി ചിത്രീകരിക്കാറുണ്ട്. ഡ്രാക്കുള, യക്ഷി തുടങ്ങിയവ വവ്വാലുകളായി പറന്നുചെന്ന് മനുഷ്യരെ കൊല്ലുന്ന നിരവധി സിനിമകൾ ലോകമെമ്പാടും ഉണ്ടായിട്ടുണ്ട്.

കൂടുതൽ ചൂടും, തണുപ്പും ഉള്ള പ്രദേശങ്ങൾ ഒഴികെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ വലിപ്പത്തിലും നിറത്തിലും തരത്തിലും വവ്വാലുകളെ കാണാൻ സാധിക്കും. കേരളത്തിൽ സാധാരണ കാണപ്പെടുന്ന വവ്വാൽ ചില ഭാഗങ്ങളിൽ വാവൽ, കടവാതിൽ, നരിച്ചീറ് എന്നീ പേരുകളിലും അറിയപ്പെടുന്നു. വലിയ ഇനങ്ങളെ പാറാട എന്നും വിളിക്കാറുണ്ട്. ഇന്ന് വംശനാശഭീഷണി നേരിടുന്ന അസംഖ്യം ജീവികളിൽ പല വവ്വാൽ സ്പീഷീസുകളും ഉൾപ്പെടുന്നു.

പരിണാമവും വർഗ്ഗീകരണവും

വവ്വാലുകൾ പ്രസവിക്കുന്ന സസ്തനികൾ ആണ്. ജനിതകപഠനങ്ങൾ അവയെ ഹിംസ്രമൃഗങ്ങളും കാലികളും തിമിംഗിലങ്ങളും മറ്റും ഉൾപ്പെടുന്ന ലോറേഷ്യാതേരിയ സൂപ്പർഓർഡറിൽ ആണ് പെടുത്തുന്നത്.


Boreoeutheria
Laurasiatheria

 Eulipotyphla (ഹെഡ്ജ്ഹോഗുകൾ, ഷ്രൂ, മോൾ, സോളെനോഡോൺ)

Scrotifera

 Chiroptera (വവ്വാലുകൾ)

Fereuungulata
Ferae

 Pholidota (പാൻഗോളിനുകൾ)

 Carnivora (പൂച്ചവർഗ്ഗം, പട്ടി, കരടി, സീൽ, കഴുതപ്പുലി)   

Euungulata

 Perissodactyla (കുതിര, ടാപ്പിർ, കാണ്ടാമൃഗം)

 Cetartiodactyla (ഒട്ടകം, പന്നി, അയവെട്ടുന്ന ജീവികൾ, ഹിപ്പോ, തിമിംഗിലങ്ങൾ)

 Euarchontoglires (മനുഷ്യർ, കുരങ്ങുകൾ, കൊളൂഗോ, എലികൾ, മുയലുകൾ)

ലഘുവായ കരജീവികൾ ആയതിനാൽ വവ്വാലുകളുടെ ഫോസിൽ റെക്കോഡ് ശുഷ്കമാണ്. ഏകദേശം 52.5 ദശലക്ഷം വർഷം മുൻപുള്ള Icaronycteris, Archaeonycteris, Palaeochiropteryx, Hassianycteris തുടങ്ങിയ ആദിമ വവ്വാൽ സ്പീഷീസുകൾ ആണ് കിട്ടിയതിൽ പഴയത്. അമേരിക്കയിൽ നിന്നും കണ്ടെത്തിയ Onychonycteris finneyi ആകട്ടെ 52 ദശലക്ഷം വർഷം പഴക്കം ഉള്ളതാണ്. ആധുനിക സ്പീഷീസുകളിൽ നിന്നും വ്യത്യസ്തമായി എല്ലാ വിരലുകളിലും കൂർത്ത നഖങ്ങൾ ഉള്ളത് ആയിരുന്നു ഈ ആദിമ വവ്വാൽ. നീളം കൂടിയ കാലുകളും ഉണ്ടായിരുന്നു. മരത്തിൽ നിന്നും മരത്തിലേക്ക് ഗ്ലൈഡ് ചെയ്തിരുന്ന പൂർവികർ ആണ് വവ്വാലുകൾക്ക് ഉണ്ടായിരുന്നത് എന്ന സൂചനയാണ് ലഭ്യമായ ഫോസിലുകൾ തരുന്നത്.

വാസസ്ഥലം

സാധാരണയായി വവ്വാലുകൾ വലിയ മരങ്ങളിൽ ആണ്‌ കാണപ്പെടുന്നത്. എങ്കിലും വലിയ ഗുഹകൾ, പഴയ ആൾ താമസമില്ലാത്ത വീടുകൾ, വലിയ കെട്ടിടങ്ങൾ, പാലങ്ങളുടെ അടിവശം, ഖനികൾ എന്നിവിടങ്ങളിലും കാണാൻ സാധിക്കും.

സവിശേഷതകൾ

വവ്വാലുകളുടെ ശരീരം പൊതുവേ രോമത്താൽ ആവരണം ചെയ്യപ്പെട്ടിട്ടുള്ളതാണ്‌. ഓറഞ്ച്, ചാരം കലർന്ന വെള്ളയോ തവിട്ടോ നിറങ്ങൾ എന്നിവയാണ്‌ പ്രധാന നിറങ്ങൾ. ഈ നിറങ്ങൾ പകൽ ശത്രുക്കളിൽ നിന്നും രക്ഷപ്പെടുന്നതിനും രാത്രികാലങ്ങളിൽ ഇര തേടുന്നതിനും സഹായിക്കുന്നു. കാഴ്ചശക്തി വളരെ കൂടുതലാണ്‌. എങ്കിലും ഇവയ്ക്ക് നിറങ്ങൾ തിരിച്ചറിയാൻ സാധിക്കുകയില്ല. രാത്രിയിൽ ഇരയുടെ ആകൃതി, ചലനം എന്നിവ മനസ്സിലാക്കാൻ ഈ കാഴ്ചകൊണ്ട് വവ്വാലുകൾക്ക് കഴിയുന്നു. ഇത്രയും കാഴ്ചശക്തിയുണ്ടെങ്കിലും വവ്വാലുകൾ മിക്കപ്പോഴും ആശയവിനിമയം നടത്തുന്നത് ശബ്ദവും മണവും കൊണ്ടാണ്‌. കുഞ്ഞുങ്ങളെയും താമസസ്ഥലത്തെയും തിരിച്ചറിയുന്നത് മണം കൊണ്ടാണ്‌. മിക്കവാറും എല്ലാ തരം വവ്വാലുകളും പ്രത്യേക തരം സ്രവം ഉത്പാദിപ്പിക്കുന്നു. ഈ മണമാണ്‌ തിരിച്ചറിയുന്നതിനായി ഉപയോഗിക്കുന്നത്.

ദീർഘനേരം പറക്കാൻ കഴിവുള്ള സസ്തനികളാണ് വവ്വാലുകൾ. പറക്കുവാനുള്ള അനുകൂല മാറ്റങ്ങളുടെ ഭാഗമായി ഇവയുടെ പിൻകാലുകൾ ശോഷിച്ചു. തന്മൂലം ശരീരഭാരം താങ്ങിനിർത്താനോ മുകളിലേക്ക് പറന്നുപൊങ്ങാൻ വണ്ണം നിലത്ത് ഊന്നാനോ അവയുടെ ദുർബലമായ കാലുകൾക്ക് കഴിയില്ല. അതുകൊണ്ട് മരപ്പൊത്തുകളിൽനിന്നോ മണ്ണിൽ നിന്നോ പറന്നുയരാൻ വവ്വാലുകൾക്ക് കഴിയില്ല. ഇത് മറികടക്കാനാണ് അവ മരച്ചില്ലകളിൽ തലകീഴായി തൂങ്ങിക്കിടക്കുന്നത്. പറക്കണമെന്ന് തോന്നുമ്പോൾ അവ മരത്തിൽ നിന്നുള്ള പിടിവിടുകയാണ് ചെയ്യുന്നത്. താഴെ വീഴുന്നതിനുമുമ്പ് ചിറകടിച്ച് ശരീരം വായുവിൽ ഉയർത്തുകയും ചെയ്യുന്നു.[2]

ഇക്കോലൊക്കേഷൻ

ഉയർന്ന ആവൃത്തിയിലുള്ള ശബ്ദത്തിന്റെ പ്രതിധ്വനി വിശകലനം ചെയ്ത് സഞ്ചാരപാതയിലെ തടസ്സങ്ങളും മറ്റും തിരിച്ചറിയുന്നതിനു സഹായിക്കുന്ന പ്രക്രിയയാണ് ഇക്കോലൊക്കേഷൻ.(ഡോൾഫിനും ഈ കഴിവുണ്ട്.) ഈ സംവിധാനം ഉപയോഗിക്കുന്ന ഷഡ്പദഭോജികളായ വാവലുകൾക്ക് ഇരയുടെ വലിപ്പം, ദൂരപരിധി, പറക്കുന്ന ഉയം, ചലനവേഗത എന്നീ സൂക്ഷ്മവിവരങ്ങൾ 99% കൃത്യതയോടെ തിരിച്ചറിയാൻ സഹായിക്കും. ഇതിനായി ഇവ 30 കിലോ ഹേർട്സിനും (30 kHz) മുകളിലുള്ള ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നു. പ്രതിധ്വനിച്ചെത്തുന്ന ശബ്ദതരംഗങ്ങൾ ഇതിലും ഉയർന്ന ആവൃത്തിയിലുള്ളവയാണ്. ആവൃത്തിയിൽ ഈ മാറ്റമുണ്ടാകുന്നത് ഡോപ്ളർ ഷിഫ്റ്റ് എന്നറിയപ്പെടുന്നു. ഇരയുടെ സ്ഥാനം മില്ലിസെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള ശബ്ദതരംഗങ്ങളാൽ ഇവ തിരിച്ചറിയുന്നു. അതിനുശേഷം ഇവ ആ ദിശയിലേയ്ക്കുതന്നെ നീങ്ങുന്നു. ശബ്ദദൈർഘ്യവും ഇടവേളയും ഇരയോടടുക്കുന്തോറും കുറയുന്നു. [3] വവ്വാലുകളുടെ ചെവിയിലെത്തുന്ന ശബ്ദതരംഗങ്ങൾ ആന്തരകർണ്ണത്തിലെ കോക്ലിയയിലെ ബേസിലാർ സ്തരത്തെ കമ്പനം ചെയ്യിക്കുകയും തലച്ചോറിലെ ഓഡിറ്ററി കോർട്ടക്സിലേയ്ക്ക് ഇവ നാഡീയആവേഗങ്ങളായി എത്തുകയും ചെയ്യുന്നു. ഡോപ്ളർ ഷിഫ്റ്റഡ് കോൺസ്റ്റന്റ് ഫ്രീക്വൻസി ഏരിയ എന്ന ഈ ഭാഗം ഉയർന്ന ആവൃത്തിശബ്ദത്തിന്റെ ആവേഗങ്ങളെ തിരിച്ചറിയാൻ സഹായിക്കും. പരിസരത്തിൽ നിന്നുള്ള മറ്റ് ശബ്ദങ്ങളുമായി കൂട്ടിക്കുഴയാതെ ഇവയ്ക്ക് പ്രതിധ്വനി തിരിച്ചറിയാൻ കഴിയുന്നു.

വവ്വാലുകളും പരാഗണവും

500 -ലേറെ തരം സസ്യങ്ങളിലെ പരാഗണത്തിന് വവ്വാലുകൾ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

കേരളത്തിൽ

  • നരിച്ചീർ.

സാധാരണ കേരളത്തിൽ പരക്കെ കാണപ്പെടുന്ന വവ്വാൽ ഇനമാണ്‌ നരിച്ചീറുകൾ. പഴയ കെട്ടിടങ്ങളിലും വാസയോഗ്യമായതും അല്ലാത്തതുമായ പഴയ കെട്ടിടങ്ങളുടെ മച്ചിലും ഉള്ളിലും കാണപ്പെടുന്നവയാണ്‌ ഇത്. പ്രധാനമായും ഷഡ്പദഭോജിയാണിത്. ചെറിയ പ്രാണികൾ, പാറ്റ, വിട്ടിൽ എന്നിവയാണ്‌ പ്രധാന ആഹാരം.

  • കുറുമൂക്കൻ നരിച്ചീർ[4]
കുറുമൂക്കൻ നരിച്ചീർ

സാധാരണ കാണുന്ന തരമാണിത്. ഇത് പൂർണ്ണമായും ഒരു സസ്യഭോജിയായ വവ്വാൽ ഇനമാണ്‌. വവ്വാലിന്റെ ചെറിയ ഒരു പതിപ്പാണ്‌ കുറുമൂക്കൻ നരിച്ചീറുകൾ. തവിട്ടുനിറമാണ്‌ ഇത്തരത്തിലുള്ള വവ്വാലുകൾക്ക് കണ്ടുവരുന്നത്. തവിട്ട് നിറത്തിൽ വിളറിയ വിരലുകളാണ്‌ ഇവയുടെ പ്രത്യേകത. ഇവയുടെ ചെവികൾക്ക് മങ്ങിയ നിറമാണുള്ളത്. പേരയ്ക്ക, വാഴയിലെ തേൻ തുടങ്ങിയവയാണ്‌ പ്രധാന ആഹാരം. വാഴകളിൽ പരാഗണം കൂടുതലായും നടക്കുന്നത് ഇത്തരം വവ്വാലുകൾ മുഖേനയാണ്‌.

  • എലിവാലൻ നരിച്ചീർ

ചെറിയ എലികളായ ചുണ്ടെലികളുടേതു പോലെയുള്ള ചേറിയ നേർത്ത വാലുള്ള ഇനം വവ്വാലുകൾ ആണ്‌ എലിവാലൻ നരിച്ചീറുകൾ എന്ന വിഭാഗത്തിൽ പെടുന്നത്. ഇത്തരം നരിച്ചീറുകൾക്ക് വയറ്റിൽ ചാരനിറമാണ്‌ പൊതുവേ കാണപ്പെടുന്നത്. മറ്റ് വവ്വാലുകളെ അപേക്ഷിച്ച് വളരെ പതുക്കെ മാത്രമേ ഇവ പറക്കാറുള്ളൂ. ഇത്തരം നരിച്ചീറുകൾ കൂടുതലും ഗുഹകളിൽ വസിക്കുന്നവരാണ്‌. കൂടുതലും വരണ്ട പ്രദേശങ്ങൾ ഇഷ്ടപ്പെടുന്ന വവ്വാലിനമാണ്‌ ഇത്.

  • കുതിരലാടൻ നരിച്ചീർ
ആൽ‌മരത്തിൽ തലകീഴായി തൂങ്ങിക്കിടക്കുന്ന പാറാടകൾ

കൂടുതലായും വനപ്രദേശത്ത് കാണപ്പെടുന്നു. വനത്തിനുള്ളിലെ വലിയ മരത്തിന്റെ ചില്ലകളിൽ കൂടുതലായും കാണപ്പെടുന്ന ഇവയ്ക്ക് കുതിരലാടത്തിന്റെ ആകൃതിയിൽ മൂക്കിനു ചുറ്റും രോമങ്ങളാൽ അടയാളം കാണപ്പെടുന്നു. ഇവയുടെ മുഖത്തിന്‌ കുതിരയുടെ മുഖഛായയാണ്‌ ഉള്ളത്. നവംബർ ഡിസംബർ മാസങ്ങളിൽ ചെമ്പൻ നിറമായിരിക്കുന്ന ഇവയ്ക്ക് മറ്റ് സമയങ്ങളിൽ തവിട്ട് കലർന്ന ചാരനിറം ആണുള്ളത്. ഇത്തരം വവ്വാലുകളുടെ പ്രധാന ആഹാരം ചെറിയ പ്രാണികളാണ്‌.

അന്താരാഷ്ട്ര വവ്വാൽ വർഷം

ലോകവ്യാപകമായി വവ്വാൽ ഇനങ്ങൾ നേരിടുന്ന ഭീഷണിയും അവയുടെ വർദ്ധമാനമായ വംശനാശ നിരക്കും കണക്കിലെടുത്ത് 2011 - 2012 വർഷം അന്താരാഷ്ട്ര വവ്വാൽ വർഷമായി ആചരിച്ചിരുന്നു. ദേശാടനം നടത്തുന്ന വന്യജീവിജനുസുകളെ സംബന്ധിച്ച യു.എൻ.ഇ.പി കൺവെൻഷനും യൂറോപ്യൻ വവ്വാൽ സംരക്ഷ ഉടമ്പടിയും സംയുക്തമായിട്ടാണ് വവ്വാൽ വർഷാചരണത്തിന് ആഹ്വാനം നൽകിയിട്ടുള്ളത്. [5] [6]

അവലംബം

  1. Eick; Jacobs, DS; Matthee, CA; et al. (2005). "A Nuclear DNA Phylogenetic Perspective on the Evolution of Echolocation and Historical Biogeography of Extant Bats (Chiroptera)". Molecular Biology and Evolution. 22 (9): 1869. doi:10.1093/molbev/msi180. PMID 15930153. Several molecular studies have shown that Chiroptera belong to the Laurasiatheria (represented by carnivores, pangolins, cetartiodactyls, eulipotyphlans, and perissodactyls) and are only distantly related to dermopterans, scandentians, and primates (Nikaido et al. 2000; Lin and Penny 2001; Madsen et al. 2001; Murphy et al. 2001a, 2001b; Van Den Bussche and Hoofer 2004). {{cite journal}}: Explicit use of et al. in: |author= (help)
  2. "ദേശാഭിമാനി ചിന്ത". Archived from the original on 2016-03-05. Retrieved 2013-03-18.
  3. SCERT, കേരള വിദ്യാഭ്യാസവകുപ്പ് പ്രസിദ്ധീകരിച്ച എട്ടാം ക്ലാസ്സ് അദ്ധ്യാപകസഹായി, പേജ് 74-75
  4. [1]|maria-online.com
  5. http://www.yearofthebat.org/
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-09-26. Retrieved 2011-09-28.

സഹായ ലേഖനം

"https://ml.wikipedia.org/w/index.php?title=വവ്വാൽ&oldid=3898222" എന്ന താളിൽനിന്ന് ശേഖരിച്ചത്