Jump to content

നാഗ് ഹമ്മദി ഗ്രന്ഥശേഖരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


1945-ൽ ഉപരി-ഈജിപ്തിലെ പട്ടണമായ നാഗ് ഹമ്മദിയിൽ കണ്ടുകിട്ടിയ ആദ്യകാല ക്രിസ്തീയ-ജ്ഞാനവാദ ഗ്രന്ഥങ്ങളാണ് നാഗ് ഹമ്മദി ഗ്രന്ഥശേഖരം എന്നറിയപ്പെടുന്നത്. ജ്ഞാനവാദ-സുവിശേഷങ്ങൾ എന്ന പേരും ഈ ഗ്രന്ഥശേഖരത്തിനുണ്ട്. തോലിന്റെ പുറം ചട്ടയോടുകൂടിയ പന്ത്രണ്ടു പപ്പൈറസ് പുസ്തകങ്ങൾ അടച്ചുകെട്ടിയ ഒരു ഭരണിയിൽ സൂക്ഷിച്ചിരുന്നത് മൊഹമ്മദ് അലി സമ്മാൻ എന്ന കർഷകനാണ് കണ്ടെത്തിയത്.[1][2] മുഖ്യമായും ജ്ഞാനവാദവിഭാഗത്തിൽ പെടുന്ന 52 രചനകൾ ഉൾപ്പെട്ട ഈ ശേഖരത്തിൽ, അവയ്ക്കു പുറമേ, "ഹെർമ്മസിന്റെ ഗ്രന്ഥസമുച്ചയം" എന്ന വിഭാഗത്തിലെ മൂന്നു രചനകളും പ്ലേറ്റോയുടെ റിപ്പബ്ലിക്കിന്റെ ഒരു ഭാഗികപരിഭാഷയും ഉണ്ടായിരുന്നു . അപ്രാണിക ഗ്രന്ഥങ്ങളുടെ സംശോധനാരഹിതമായ ഉപയോഗത്തിനെതിരെ ക്രിസ്തീയചിന്തകനും അലക്സാൻഡ്രിയയിലെ മെത്രാനുമായിരുന്ന അത്തനാസിയൂസ് ക്രി.വ. 367-ൽ പ്രസിദ്ധപ്പെടുത്തിയ ലേഖനത്തെ തുടർന്ന്, സമീപത്തുള്ള വിശുദ്ധ പക്കോമിയൂസിന്റെ ആശ്രമം കുഴിച്ചിട്ടവയാകാം ഈ ഗ്രന്ഥങ്ങളെന്ന്, നാഗ് ഹമ്മദി ശേഖരത്തിന്റെ ഇംഗ്ലീഷ് പരിഭാഷക്കെഴുതിയ ആമുഖത്തിൽ, ജെയിംസ് റോബിൻസൻ അഭിപ്രായപ്പെട്ടിട്ടുണ്ട്.


രചനകളുടെ മൂലഭാഷ ഗ്രീക്ക് ആയിരുന്നിരിക്കാമെങ്കിലും ശേഖരത്തിലെ ഗ്രന്ഥങ്ങൾ എഴുതിയിരിക്കുന്നത് പുരാതന ഈജിപ്തിലെ കോപ്റ്റിക് ഭാഷയിലാണ്. കണ്ടെത്തലിൽ ഉൾപ്പെട്ട ഗ്രന്ഥങ്ങളിൽ ഏറ്റവും പ്രസിദ്ധമായത് യേശുവിന്റെ വചനങ്ങൾ അടങ്ങിയ "തോമ്മായുടെ സുവിശേഷം" എന്ന അപ്രാമാണിക ഗ്രന്ഥത്തിന്റെ ലഭ്യമായ ഒരേയൊരു സമ്പൂർണ്ണപ്രതിയാണ്. നാഗ് ഹമ്മദിയിലെ കണ്ടെത്തലിനെ തുടർന്ന്, "തോമ്മായുടെ സുവിശേഷത്തിലെ" യേശുവചനങ്ങളിൽ ചിലത് 1898-ൽ ഈജിപ്തിലെ ഓക്സിറിങ്കസിൽ നിന്നു കിട്ടിയ കൈയെഴുത്തുപ്രതികളിലും മറ്റുചില ആദ്യകാല ക്രിസ്തീയലിഖിതങ്ങളിലും ഉള്ളതായി തിരിച്ചറിഞ്ഞു. തുടർന്ന് തോമ്മായുടെ സുവിശേഷത്തിന്റെ ഗ്രീക്ക് മൂലത്തിന്റെ രചനാകാലം ക്രി..വ. 80-നടുത്ത്, ഒന്നും രണ്ടും നൂറ്റാണ്ടുകളിലെങ്ങോ ആയിരിക്കാമെന്ന് ഊഹിക്കപ്പെട്ടെങ്കിലും ഇക്കാര്യത്തിൽ അഭിപ്രായൈക്യമില്ല. നാഗ് ഹമ്മദി പുസ്തകങ്ങളുടെ തന്നെ കാലം മൂന്നോ നാലോ നൂറ്റാണ്ടുകൾ ആയിരിക്കാമെന്നു കരുതപ്പെടുന്നു.

നാഗ് ഹമ്മദി പുസ്തകങ്ങൾ ഇപ്പോൾ ഈജിപ്തിൽ കെയ്‌റോയിലെ കോപ്റ്റിക് മ്യൂസിയത്തിലാണ് സൂക്ഷിക്കപ്പെട്ടിരിക്കുന്നത്.

കണ്ടെത്തൽ

[തിരുത്തുക]

നാഗ് ഹമ്മദി ഗ്രന്ഥശേഖരത്തിന്റെ കണ്ടെത്തലിന്റെ കഥ ആ ശേഖരത്തിന്റെ ഉള്ളടക്കത്തെപ്പോലെ തന്നെ ആവേശമുണർത്തുന്നതാണ്. [3] 1945 ഡിസംബർ മാസത്തിൽ മൊഹമ്മദ് അലി സമ്മാൻ എന്ന കർഷകൻ കൃഷിക്ക് വളമായുപയോഗിക്കാനുള്ള ഒരിനം ധാതുവസ്തുവിനുവേണ്ടി മണ്ണിളക്കിയപ്പോഴാണ് ഒരു വലിയ മൺഭരണിയിൽ അടച്ചു സൂക്ഷിച്ചിരുന്ന ഈ പപ്പൈറസ് ഗ്രന്ഥങ്ങൾ കണ്ടെത്തിയത്. ഈ കണ്ടെത്തലിന്റെ കാര്യം ആദ്യം അയാൾ അരേയും അറിയിച്ചില്ല. അതിനാൽ വിലമതിക്കാനാവാത്ത ഈ കണ്ടെത്തലിനെക്കുറിച്ച് ലോകം അറിഞ്ഞത് വൈകിയും ക്രമേണയുമാണ്. ഈ ഗ്രന്ഥങ്ങളിൽ അപശകുനം സംശയിച്ച സമ്മാന്റെ അമ്മ അവയിൽ ചിലത് കത്തിച്ചു കളഞ്ഞതായും പറയപ്പെടുന്നു.[3] ചില പുസ്തകങ്ങളുടെ പുറംചട്ടകളും, താളുകൾ തന്നെയും അങ്ങനെ നഷ്ടപ്പെട്ടു.[4]


ഒരു കൊലപാതകാരോപണത്തിൽ പോലീസിനെ ഭയന്ന് നടന്നിരുന്ന മൊഹമ്മദ് അലി സമ്മാൻ[4] 1946-ൽ പുസ്തകങ്ങൾ അടുത്തുള്ള ഒരു കോപ്റ്റിക് ക്രിസ്തീയ പുരോഹിതനെ ഏല്പിച്ചു. ഒക്ടോബർ മാസത്തിൽ, പുരോഹിതന്റെ ഭാര്യാസഹോദരൻ, കൈയെഴുത്തുപ്രതികളിലൊന്ന് കെയ്റോയിലെ കോപ്റ്റിക് മ്യൂസിയത്തിന് വിറ്റു. ഈ നാഗ് ഹമ്മദി ശേഖരത്തിൽ ക്രമസംഖ്യ മൂന്നായി ഗണിക്കപ്പെടുന്ന പുസ്തകമായിരുന്നു അത്. അതിന്റെ പ്രാധാന്യം മനസ്സിലാക്കിയ കോപ്റ്റിക് ഭാഷാവിദഗ്‌ധനും മതചരിത്രകാരനുമായ ജീൻ ഡോർസ്, അതിനെ സംബന്ധിച്ച ആദ്യപരാമർശം 1948-ൽ പ്രസിദ്ധീകരിച്ചു. തുടർന്നു വന്ന വർഷങ്ങളിൽ, അവശേഷിച്ച കൈയെഴുത്തു പ്രതികൾ, അവ കൈവശം വച്ചിരുന്ന കോപ്റ്റിക് പുരോഹിതൻ കെയ്റോയിലെ ഒരു സൈപ്രസുകാരൻ പുരാവസ്തുവ്യാപാരിയ്ക്കു വിറ്റു. ഈ അമൂല്യഗ്രന്ഥങ്ങൾ വിദേശത്തേയ്ക്ക് കടത്തപ്പെടുമെന്നു ഭയന്ന ഈജിപ്തിലെ പുരാവസ്തുവകുപ്പ് അതു തടഞ്ഞു. 1956-ൽ ഗമാൽ അബ്ദൂൽ നാസറിനെ അധികാരത്തിലെത്തിച്ച വിപ്ലവത്തെ തുടർന്ന്, ഈജിപ്തിന്റെ ദേശീയസ്വത്തായി പ്രഖ്യാപിക്കപ്പെട്ട ഈ ഗ്രന്ഥങ്ങൾ കോപ്റ്റിക് മ്യൂസിയത്തിന് കൈമാറി. അപ്പോൾ കോപ്റ്റിക് മ്യൂസിയത്തിന്റെ ഡയറക്ടറായിരുന്ന പഹോർ ലബീബ്, ഈ ഗ്രന്ഥങ്ങളെ ഈജിപ്തിൽ നിലനിർത്തുന്നതിൽ പ്രത്യേകം താത്പര്യം കാട്ടി.


അതിനിടെ കൈയെഴുത്തുപ്രതികളിൽ ഒന്ന് കെയ്റോയിൽ ഒരു ബെൽജിയംകാരൻ പുരാവസ്തുവ്യാപാരിക്കു വിറ്റിരുന്നു. അത് 1951-ൽ സൂറിച്ചിലെ കാൾ ഗുസ്താവ് യുങ്ങ് ഇൻസ്റ്റിട്യൂട്ടിന്റെ കൈവശമായി. ജ്ഞാനവാദത്തിൽ ഏറെ തത്പരനായിരുന്ന പ്രസിദ്ധമനോവിജ്ഞാനി യുങ്ങിന് ജന്മദിനസമ്മാനമായി നൽകാനായിരുന്നു അത് വാങ്ങിയത്; അതിനാൽ, ഗ്രന്ഥശേഖരത്തിൽ ഇപ്പോൾ ക്രമസംഖ്യ ഒന്നായി വരുന്ന ഈ പുസ്തകം, "യുങ്ങ് പുസ്തകം" എന്ന് അറിയപ്പെടുന്നു.


1961-ൽ യുങ്ങിന്റെ മരണത്തിനു ശേഷം യുങ്ങ് പുസ്തകത്തിന്റെ ഉടമസ്ഥാവകാശം തർക്കത്തിലായെങ്കിലും 1975-ൽ അതും കെയ്റോയിലെ കോപ്റ്റിക് മ്യൂസിയത്തിലെത്തി. 1945-ൽ കണ്ടെത്തിയെ ശേഖരത്തിലെ പതിനൊന്നു പുസ്തകങ്ങളും രണ്ടു പുസ്തകങ്ങളുടെ ഭാഗങ്ങളും അടക്കം ആയിരത്തോളം താളുകളാണ് [3] കോപ്റ്റിക് മ്യൂസിയത്തിലുള്ളത്.

പ്രാധാന്യം

[തിരുത്തുക]

ക്രിസ്തുവിനു മുൻപ് ഉരുവെടുത്ത് ക്രിസ്തുമതത്തിന്റെ ആദിമശതകങ്ങളിൽ ഏറെ പ്രചാരം നേടിയ ഒരു മതവിശ്വാസവും ചിന്താവ്യവസ്ഥയുമായിരുന്ന ജ്ഞാനവാദം, ക്രിസ്തുമതവുമായുള്ള മത്സരത്തിൽ പരാജയപ്പെട്ട് അപ്രത്യക്ഷമായതിനെ തുടർന്ന് അതിന്റെ സമ്പന്നമായ സാഹിത്യശേഖരവും നശിപ്പിക്കപ്പെടുകയോ വിസ്മൃതിയിലാവുകയോ ചെയ്തു. ഇരുപതാം നൂറ്റാണ്ടിന്റെ പകുതിക്കു മുൻപ് ജ്ഞാനവാദത്തിന്റെ ചിന്താലോകത്തെക്കുറിച്ചറിയാൻ ആകെ ആശ്രയിക്കാനുണ്ടായിരുന്നത് അതിനെ വിമർശിച്ച് ക്രിസ്തീയലേഖകന്മാർ സൃഷ്ടിച്ച രചനകളിലെ ഉദ്ധരണികൾ മാത്രമായിരുന്നു. പക്ഷപാതപരമായ ക്രിസ്തീയവീക്ഷണത്തിൽ നിന്നുള്ള വികലചിത്രം മാത്രമാണ് ഈ രചനകളിൽ നിന്ന് കിട്ടിയിരുന്നത്. ജ്ഞാനവാദലിഖിതങ്ങൾ അടങ്ങിയ ബെർലിൻ പുസ്തകം (Berlin Codex 8502) എന്ന കൈയെഴുത്തുപ്രതി 1896-ൽ കണ്ടുകിട്ടിയിരുന്നെങ്കിലും അത് പ്രസിദ്ധീകരിക്കപ്പെട്ടത് 1955-ലാണ്. മറിയത്തിന്റെ സുവിശേഷം, യോഹന്നാന്റെ അപ്പോക്രിഫ, യേശുക്രിസ്തുവിന്റെ വിജ്ഞാനം എന്നീ മൂന്നു ജ്ഞാനവാദരചനകൾ മാത്രമാണ് ആ കൈയെഴുത്തുപ്രതിയിൽ ഉണ്ടായിരുന്നത്.[5]


മുൻപ് കേട്ടിട്ടില്ലാതിരുന്ന നാല്പതോളം രചനകളും നേരത്തേ അറിയാമായിരുന്ന രചനകളിൽ ചിലതിന്റെ വേറെ കൈയെഴുത്തുപ്രതികളും അടങ്ങുന്ന നാഗ് ഹമ്മദി ശേഖരം, ജ്ഞാനവാദചിന്തയെക്കുറിച്ച് ജ്ഞാനവാദസ്രോതസ്സുകളിൽ നിന്നു തന്നെയായ അറിവിനുള്ള വിപുലമായ സാധ്യത തുറന്നു. ഹെബ്രായ ബൈബിളിനേയും യഹൂദമതത്തേയും കുറിച്ചുള്ള പഠനത്തിൽ ചാവുകടൽ ചുരുളുകൾക്കുള്ള പ്രാധാന്യമാണ്, ജ്ഞാനവാദത്തിന്റേയും ആദ്യകാലക്രിസ്തുമതത്തിന്റേയും കാര്യത്തിൽ നാഗ് ഹമ്മദിയിലെ കണ്ടെത്തലിനുള്ളത്.[5] ജ്ഞാനവാദവീക്ഷണത്തിൽ നിന്നുള്ള സുവിശേഷങ്ങളും, നടപടിഗ്രന്ഥങ്ങളും, ലേഖനങ്ങളും എല്ലാം അതിൽ ഉൾപ്പെട്ടിരുന്നു. ആ ശേഖരത്തിലുള്ള തോമ്മായുടെ സുവിശേഷം, പീലിപ്പോസിന്റെ സുവിശേഷം, സത്യസുവിശേഷം, പത്രോസിന്റേയും പന്ത്രണ്ടു ശ്ലീഹന്മാരുടേയും നടപടികൾ, പത്രോസ് പീലിപ്പോസിനെഴുതിയ ലേഖനം, യാക്കോബിന്റെ രണ്ടു വെളിപാടുകൾ, പത്രോസിന്റെ വെളിപാട്, പൗലോസിന്റെ വെളിപാട് എന്നിവ ചേർന്നാൽ, ജ്ഞാനവാദവീക്ഷണത്തിൽ നിന്നുള്ള ഒരു സമ്പൂർണ്ണ പുതിയനിയമം തന്നെയാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ജ്ഞാനവാദികൾക്ക് അവരുടെ വിശ്വാസം എന്തായിരുന്നുവെന്ന് ഈ രചനകളിൽ നിന്ന് മനസ്സിലാക്കാം. ക്രിസ്തീയ ലേഖകന്മാർ ജ്ഞാനവാദത്തെ നിരാശയിലൂന്നിയ, വിചിത്രവും, കിറുക്കുപിടിച്ചതുമായ ഒരു പ്രത്യയശാസ്ത്രമായി ചിത്രീകരിച്ചു. എന്നാൽ, മനുഷ്യാവസ്ഥയുടേയും ലോകത്തിലെ തിന്മയുടേയും പ്രശ്നങ്ങളെ കൈകാര്യം ചെയ്യാനുള്ള ഗൗരവപൂർണ്ണമായൊരു സം‌രംഭവും, പ്രത്യാശയുടേയും വിമോചനത്തിന്റേയും മറ്റൊരു മതവുമായി ജ്ഞാനവാദം ഈ രചനകളിൽ തെളിയുന്നു.[5]

അവലംബം

[തിരുത്തുക]
  1. "നാഗ് ഹമ്മദി ഗ്രന്ഥശേഖരം: ഒരു വലിയ കണ്ടെത്തലിന്റെ പിന്നിലുള്ള ചെറിയ ചരിത്രം". Archived from the original on 2009-09-04. Retrieved 2009-11-27.
  2. മാർവിൻ മേയറും ജെയിംസ് എം. റോബിൻസണും, നാഗ് ഹമ്മദി ലിഖിതങ്ങൾ, അന്തരാഷ്ട്രപതിപ്പ്. HarperOne, 2007. പുറങ്ങൾ 2-3. ISBN 0060523786
  3. 3.0 3.1 3.2 Markschies, Christoph (trans. John Bowden), (2000). Gnosis: An Introduction. T & T Clark - പുറങ്ങൾ 48-49
  4. 4.0 4.1 Tertullian.org നാഗ് ഹമ്മദിയിലെ കൈയെഴുത്തുപ്രതികളുടെ കണ്ടെത്തൽ [1]
  5. 5.0 5.1 5.2 നാഗ് ഹമ്മദി ഗ്രന്ഥശേഖരം, ഓക്സ്ഫോർഡ് ബൈബിൾ സഹായി(പുറങ്ങൾ 543-544)