നാട്ടാന പരിപാലന ചട്ടം
കേരളത്തിൽ ആനയുടെ പരിപാലനവുമായി ബന്ധപ്പെട്ട് ജനനംമുതൽ മരണംവരെയുള്ള കാര്യങ്ങൾ നിയന്ത്രിക്കുന്നതിന് കേരള സർക്കാർ പുറത്തിറക്കിയിട്ടുള്ള നിയമങ്ങളാണ് നാട്ടാന പരിപാലന ചട്ടങ്ങൾ. വന്യജീവി പരിപാലന നിയമത്തിലെ വ്യവസ്ഥകൾക്കനുസരിച്ചാണ് നാട്ടാന പരിപാലന ചട്ടങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നത്. 2003ൽ നിലവിൽവന്ന ചട്ടങ്ങൾ 2012ൽ ചില മാറ്റങ്ങളോടെ പുതുക്കി വിജ്ഞാപനംചെയ്തിട്ടുണ്ട്. [1] ആനകളെ വളർത്തുമ്പോൾ പാലിക്കേണ്ട വിവിധങ്ങളായ കാര്യങ്ങളെപ്പറ്റിയുള്ള വിശദമായ മാർഗനിർദ്ദേശങ്ങൾ കേരള സർക്കാർ പുറത്തിറക്കുകയുണ്ടായി. ഇതു പ്രകാരം ആനയുടമ ആനയെ പരിപാലിക്കാൻ മൂന്നുവർഷമെങ്കിലും പ്രവൃത്തിപരിചയമുള്ള പാപ്പാനെയേ നിയമിക്കാവൂ. അയാൾക്ക് പ്രവൃത്തിപരിചയത്തിന് സർട്ടിഫിക്കറ്റും ഉണ്ടാകണം. വനം വകുപ്പ് നൽകുന്ന പരിശീലനം പാപ്പാന്മാർക്ക് ലഭിക്കുന്നു എന്ന് ഉടമ ഉറപ്പുവരുത്തണം. പാപ്പാന് ഒരു സഹായി ഉണ്ടായിരിക്കണം. ആനയ്ക്ക് വിശ്രമിക്കാൻ ആനയുടെ വലിപ്പം അനുസരിച്ച് വൃത്തിയുള്ള തൊഴുത്ത് ഉണ്ടായിരിക്കണം.
ഒമ്പതു മീറ്റർ നീളവും ആറു മീറ്റർ വീതിയുമുള്ള തൊഴുത്താണ് മുതിർന്ന ആനയ്ക്ക് വേണ്ടത്. അടച്ചുകെട്ടിയ ഷെഡ്ഡാണെങ്കിൽ ചുരുങ്ങിയത് അഞ്ചര മീറ്റർ ഉയരം ഉണ്ടാവണം. എന്നും ആനയെ കുളിപ്പിക്കുന്നു എന്ന് ഉറപ്പാക്കണം. ആനയ്ക്ക് അസുഖമോ പരിക്കോ ഗർഭമോ ഉണ്ടെങ്കിൽ ഉടമയെ പാപ്പാൻ അറിയിക്കണം. മൃഗഡോക്ടറുടെ സഹായം ഉടമ തേടണം. മെഡിക്കൽ പരിശോധന നടത്തുകയും പ്രതിരോധ കുത്തിവയ്പുകൾ നൽകുകയും വേണം. രണ്ടുവർഷത്തിലൊരിക്കൽ പാപ്പാനെയും ആരോഗ്യ പരിശോധനയ്ക്കു വിധേയനാക്കണം. പാപ്പാന് ആനയിലേക്ക് പകരാനിടയുള്ള രോഗങ്ങൾ ഇല്ലെന്ന് ഉറപ്പാക്കണം. ആനയെ ഉത്സവത്തിനും മറ്റും കൊണ്ടുപോകുമ്പോൾ സംഘാടകർ പരിപാടിയുടെ വിശദാംശങ്ങൾ അധികൃതർക്ക് എഴുതിനൽകണം. ആനയ്ക്ക് യാതൊരു വിധത്തിലുമുള്ള വന്ധ്യംകരണ ശസ്ത്രക്രിയയും നടത്തരുത്. ചട്ടങ്ങളിലെ വ്യവസ്ഥകൾ ലംഘിക്കപ്പെട്ടാൽ വന്യജീവി സംരക്ഷണ നിയമപ്രകാരമുള്ള ശിക്ഷ ഉടമയ്ക്കു ലഭിക്കും. എന്നാൽ കേരളത്തിൽ ഇതുവരെ ഈ ചട്ടങ്ങൾ കർശനമായി നടപ്പാക്കിയിട്ടില്ല.[2] 2010- ലെ രാജസ്ഥാൻ ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ച് കേരള വനം വകുപ്പ് 2015 മെയ് 14 ന് ആനകളെ നിയന്ത്രിക്കാൻ ഇരുമ്പുതോട്ടി ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു. അത്യാവശ്യമെങ്കിൽ മരം കൊണ്ടുള്ള തോട്ടി മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.[3]
അധികവായനയ്ക്ക്
[തിരുത്തുക]- http://www.forest.kerala.gov.in/images/ce/ce7.pdf Archived 2021-04-30 at the Wayback Machine
- http://www.moef.nic.in/sites/default/files/2.pdf
- ↑ "നാട്ടാനയ്ക്കായി ചട്ടങ്ങൾ". www.deshabhimani.com.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-04-07. Retrieved 2017-02-23.
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2017-11-30. Retrieved 2017-02-23.