നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യ
ഭാരത സർക്കാരിന്റെ പഴയകാല രേഖകളും മറ്റും സൂക്ഷിക്കുന്നതിനായി ഡെൽഹി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു സർക്കാർ സ്ഥാപനമാണ് നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യ (National Archives of India). സാംസ്കാരിക മന്ത്രാലയത്തിനു കീഴിലാണ് ഇതിന്റെ പ്രവർത്തനം.[1] ഇവിടെയുള്ള രേഖകൾ പൊതുജനങ്ങൾക്കും പരിശോധിക്കാവുന്നതാണ്. 1891-ൽ ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനമായ കൊൽക്കത്തയിൽ 'ഇംപീരിയൽ റെക്കോർഡ് ഡിപ്പാർട്ട്മെന്റ്' എന്ന പേരിൽ പ്രവർത്തനം ആരംഭിച്ച സ്ഥാപനം 1911-ൽ ഡെൽഹിയിലേക്ക് മാറ്റുകയായിരുന്നു.
ചരിത്രം
[തിരുത്തുക]1891 മാർച്ച് 11-ന് കൊൽക്കത്തയിൽ 'ഇംപീരിയൽ റെക്കോർഡ് ഡിപ്പാർട്ട്മെന്റ്' സ്ഥാപിതമായി. സർക്കാർ രേഖകൾ സൂക്ഷിക്കുന്നതിനായി രൂപീകരിച്ച ഈ സ്ഥാപനത്തിന്റെ ആദ്യകാല മേൽനോട്ടം ജി.ഡബ്ല്യു. ഫോറസ്റ്റിനായിരുന്നു.[2] 1911-ൽ ഇന്ത്യയുടെ തലസ്ഥാനം കൊൽക്കത്തയിൽ നിന്നും ഡെൽഹിയിലേക്ക് മാറ്റിയതോടെ ഈ സ്ഥാപനവും പുതിയ തലസ്ഥാനത്തേക്ക് മാറ്റി സ്ഥാപിച്ചു. ഡെൽഹി നഗരത്തിന്റെ ശില്പി എഡ്‌വിൻ ല്യൂട്ടൻസാണ് പുതിയ മന്ദിരത്തിന്റെ രൂപരേഖ തയ്യാറാക്കിയത്. നിയോ-ക്ലാസിക്കൽ ശൈലിയിൽ നിർമ്മിച്ച ഈ മന്ദിരത്തെ ഇംപീരിയൽ റെക്കോർഡ് ഓഫീസെന്നും മ്യൂസിയം ഓഫ് ദി നാഷണൽ ആർക്കൈവ്സെന്നും വിളിച്ചിരുന്നു.[3] 1998 ജൂലൈ 6-ന് ഇന്ത്യൻ രാഷ്ട്രപതി കെ.ആർ. നാരായണൻ ഇത് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു.
രേഖകൾ
[തിരുത്തുക]എ.ഡി. 1748 മുതലുള്ള രേഖകൾ ഇവിടെ സൂക്ഷിച്ചുവച്ചിട്ടുണ്ട്. ഇംഗ്ലീഷ്, അറബി, ഹിന്ദി, പേർഷ്യൻ, സംസ്കൃതം, ഉർദു എന്നീ ഭാഷകളിലുള്ള പല പ്രധാന രേഖകളും ഇതിൽ ഉൾപ്പെടുന്നു. പനയോല, മരത്തോൽ, കടലാസ് എന്നിവയിലുള്ള പുരാതന രേഖകൾ ഇപ്പോഴും കേടുകൂടാതെ സൂക്ഷിച്ചിട്ടുണ്ട്.
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ National Archives of India Government of India website.
- ↑ "124th Foundation Day Celebrations of National Archives of India". PIB. 11 March 2014. Retrieved 12 March 2014.
- ↑ "Architectural marvels for the new capital". Hindustan Times. July 20, 2011. Archived from the original on 2014-11-02. Retrieved 2016-05-27.