Jump to content

നിലയ്ക്കൽ പ്രക്ഷോഭം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1983 മാർച്ച് 24-ന് ഒരു ക്രിസ്ത്യൻ പാതിരി (റെവ. മാത്യു അതിയാകുളം) [1] തന്റെ ഇടവകയിലെ രണ്ടംഗങ്ങൾ തോമാശ്ലീഹ 57 AD-യിൽ നിലയ്ക്കൽ മഹാദേവക്ഷേത്രത്തിനടുത്ത് സ്ഥാപിച്ച ഒരു കൽക്കുരിശ് കണ്ടെത്തി എന്നവകാശപ്പെട്ടു. ഈ സ്ഥലം 18 മലകൾ ചേർന്ന അയ്യപ്പന്റെ പൂങ്കാവനമാണെന്നാണ് ഹിന്ദുക്കൾ കണക്കാക്കുന്നത്. പാതിരി ഇവിടെ പള്ളി നിർമ്മിക്കാനുള്ള അവകാശവാദം നടത്തിയപ്പോൾ ഹിന്ദു സംഘടനകൾ സംയുക്തമായി അതിനെതിരേ പ്രക്ഷോഭമാരംഭിച്ചു. ഇത് ആറു മാസം നീണ്ടു നിൽക്കുകയും പള്ളിയുടെ സ്ഥാനം മാറ്റുന്നതിൽ അവസാനിക്കുകയും ചെയ്തു. പള്ളി ആ സ്ഥലത്ത് സ്ഥാപിക്കാൻ പാടില്ല എന്നാവശ്യപ്പെട്ട് നടന്ന സമരത്തെയാണ് നിലയ്ക്കൽ പ്രക്ഷോഭം എന്ന് വിളിക്കുന്നത്.

ചരിത്രം

[തിരുത്തുക]

യേശു ക്രിസ്തുവിന്റെ പന്ത്രണ്ട് അപ്പോസ്തലന്മാരിൽ ഒരാളായ തോമാശ്ലീഹാ കേരളത്തിൽ വന്നിരുന്നുവെന്നും അദ്ദേഹം കേരളത്തിൽ എട്ടു പള്ളികൾ സ്ഥാപിച്ചിരുന്നുവെന്നും കേരളത്തിലെ ക്രിസ്ത്യാനികൾക്കിടയിൽ പണ്ടുമുതൽക്കേ ഉണ്ടായിരുന്ന വിശ്വാസമാണ്. ഇതിനെ സാധൂകരിക്കത്തക്ക ചരിത്രരേഖകളോന്നുമില്ലെങ്കിലും ഈ വിശ്വാസം റെമ്പാൻ പാട്ടിലും വീരാടിയാൻ പാട്ടിലും മറ്റും കാണാവുന്നതാണ്. [2]. നിലയ്ക്കലിൽ തോമാശ്ലീഹ ഒരു ദേവാലയം സ്ഥാപിച്ചിരുന്നെന്നും അവിടെ ആയിരത്തിയൊരുനൂറ് ആൾക്കാരെ ക്രിസ്തുമതത്തിൽ ചേർത്തുവെന്നും വിശ്വാസമുണ്ട്.

1983-ൽ നടന്നത്

[തിരുത്തുക]

1983 മാർച്ച് 24-ന് ക്രിസ്ത്യൻ പുരോഹിതനായ മാത്യു അതിയാകുളം അദ്ദേഹത്തിന്റെ ഇടവകയിലെ രണ്ടംഗങ്ങൾ കല്ലിന്റെ ഒരു കുരിശ് നില്യ്ക്കൽ മഹാദേവക്ഷേത്രത്തിനടുത്ത് കണ്ടെത്തിയെന്നും അത് തോമാശ്ലീഹ 57 A.D. യിൽ സ്ഥാപിച്ചതാണെന്നും അവകാശപ്പെട്ടു രംഗത്തുവന്നു. അന്നുതന്നെ സ്ഥലത്ത് ഒരു ഓലപ്പുര നിർമ്മിക്കപ്പെടുകയും പ്രാർത്ഥനയും മറ്റും ആരംഭിക്കുകയും ചെയ്തു. പലർക്കും ഈ അവകാശവാദത്തിൽ സത്യമുണ്ടെന്ന് തോന്നിയിരുന്നില്ല. പുതുതായി നിർമിച്ച കുരിശാണിതെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാകുമെന്ന് ആരോപണമുയർന്നിരുന്നു. കുരിശ് നിലവിലുണ്ടോ എന്നുപോലും സംശയമുണ്ടായിരുന്നു. കുരിശ് ഇവിടെ സ്ഥാപിച്ച് ഫോട്ടോ എടുത്തതായി പള്ളി നേതാക്കൾ അവകാശപ്പെട്ടുവെങ്കിലും കുരിശ് മോഷണം പോയതായി നാലുദിവസം കഴിഞ്ഞ് പള്ളിയധികാരി പോലീസിൽ പരാതിപ്പെട്ടതായി ദി സാൻ ഫ്രാൻസിസ്കോ എക്സാമിനർ എന്ന പത്രത്തിന്റെ ലേഖകൻ റിപ്പോർട്ട് ചെയ്തു. മേയ് 19-ന് കേരള സർക്കാർ റിസർവ് വനപ്രദേശത്തു നിന്ന് ഒരു ഹെക്ടർ ഭൂമി ഇവിടെ പള്ളി നിർമ്മിക്കാനായി നൽകാൻ തീരുമാനമെടുത്തു. [3]

2000-ഓളം ഹിന്ദുക്കൾ ഇതിനെതിരേ പ്രകടനം നടത്തുകയും അതിനെതിരേയുണ്ടായ പോലീസ് നടപടിയിൽ പലർക്കും പരിക്കേല്ക്കുകയും ചെയ്തു. ഇതിനെതിരേ കേരളമാകമാനം പ്രതിഷേധമുണ്ടായി. പലയിടത്തും പ്രതിഷേധം അക്രമാസക്തമാവുകയും പൊതുമുതൽ നശിപ്പിക്കപ്പെടുകയും ചെയ്തു. രണ്ട് ക്രിസ്ത്യൻ പള്ളികൾക്കെതിരേ ബോംബാക്രമണവുമുണ്ടായി. [അവലംബം ആവശ്യമാണ്]

സ്വാമി സത്യാനന്ദ സരസ്വതി , കുമ്മനം രാജശേഖരൻ ശിശുപാൽ ജി എന്നിവരുടെ നേതൃത്വത്തിൽ ഹിന്ദു സംഘടനകൾ സംയുക്തമായി പള്ളി ആ സ്ഥാനത്ത് സ്ഥാപിക്കുന്നതിനെതിരായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിച്ചു .

ഒത്തു തീർപ്പ്

[തിരുത്തുക]

പ്രതിഷേധങ്ങൾക്കിടയിൽ പള്ളി സ്ഥാപിക്കാൻ പ്രബുദ്ധരായ ചില ക്രിസ്ത്യാനികൾക്കുതന്നെ താല്പര്യമില്ലയിരുന്നു. ഡോ. സി.പി.മാത്യു ദി ഹിന്ദു ദിനപത്രത്തിന് 1983 ജൂൺ 4-ന് ഇങ്ങനെയൊരു കത്തയച്ചിരുന്നു.

"ഒരു കുരിശിന്റെ ആകൃതിയിലുള്ള ഒരു കരിങ്കൽ കഷണം സംസ്ഥാനത്തിന്റെ സാമുദായിക സൗഹാർദ്ദത്തിന്റെ വേരറുക്കാൻ പോകുകയാണ്. ഈ കല്ലിനെന്തെങ്കിലും പ്രാധാന്യമുണ്ടെങ്കിൽ, അത് പുരാവസ്തു വകുപ്പിനു മാത്രമാണ്. ചില ഇടുങ്ങിയ മനസുള്ള ക്രിസ്ത്യാനി തീവ്രചിന്താഗതിക്കാർ (പുരോഹിതരും അൽമായരും) ഇതിനു പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. ക്രിസ്ത്യാനികൾക്ക് പൊതുവിൽ ഇതിനോട് താല്പര്യമില്ല. എന്താണൊരു ക്രിസ്ത്യാനിക്ക് മുഖ്യം? ഒരു കഷണം കരിങ്കല്ലോ ക്രിസ്തു നമുക്കു തന്ന പാഠങ്ങളോ? "

സ്വാമി സത്യാനന്ദ വിശ്വേശ്വര തീർത്ഥ (ഉടുപ്പിയിലെ പേജാവർ മഠത്തിന്റെ തലവൻ), വിദ്യാനന്ദ സരസ്വതി എന്നിവർ 1983 ജൂലൈ 18-ന് പള്ളി തോമാശ്ലീഹ സ്ഥാപിച്ചതാണെന്ന് സംശയലേശമന്യേ തെളിയിച്ചാൽ എതിർപ്പ് പിൻവലിക്കാമെന്നും അത്തരമൊരു തെളിവില്ലാത്ത സ്ഥിതിക്ക് 18 കുന്നുകൾ ഉൾപ്പെടുന്ന അയ്യപ്പന്റെ പൂങ്കാവനത്തിൽ കുരിശ് സ്ഥാപിക്കാനുള്ള നീക്കത്തിൽ നിന്ന് പിന്മാറണമെന്നും ആവശ്യപ്പെട്ടു.

ജൂലൈ 21-ന് വടവട്ടൂരിൽ വിവിധ സഭകളിൽപ്പെട്ട 21 ബിഷപ്പുമാർ ഒത്തു ചേരുകയും നിർമ്മാണം അന്തരീക്ഷം ശാന്തമാകുന്നതുവരെ നീട്ടിവയ്ക്കാൻ തീരുമാനിക്കുകയും ചെയ്തു. ജൂലൈ 23-ന് സത്യാനന്ദ സരസ്വതി ഈ തീരുമാനത്തെ സ്വാഗതം ചെയ്തു. ആഗസ്റ്റ് 19-ൻ 15 ബിഷപ്പുമാരടങ്ങിയ സബ് കമ്മിറ്റി പണിയാനുദ്ദേശിക്കുന്ന പള്ളിയുടെ സ്ഥാനം മഹദേവർ ക്ഷേത്രത്തിൽ നിന്ന് 4 കിലോമീറ്റർ ദൂരേയ്ക്ക് മാറ്റാമെന്ന് തീരുമാനിച്ചു. മാറ്റിപ്പണിഞ്ഞ പള്ളിയുടെ സിൽവർ ജൂബിലി 2011-ൽ ആഘോഷിക്കപ്പെട്ടു. [4]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-09-08. Retrieved 2012-06-15.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-06-25. Retrieved 2012-06-15.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-09-08. Retrieved 2012-06-15.
  4. http://theindianawaaz.com/index.php?option=com_content&view=article&id=1281&catid=48
"https://ml.wikipedia.org/w/index.php?title=നിലയ്ക്കൽ_പ്രക്ഷോഭം&oldid=4009808" എന്ന താളിൽനിന്ന് ശേഖരിച്ചത്