പഞ്ചാബ് സിവിൽ സെക്രട്ടേറിയേറ്റ് മന്ദിരം
31°34′03″N 74°18′05″E / 31.567637°N 74.301309°E പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയുടെ ഭരണകേന്ദ്രമാണ് ലാഹോറിലെ അനാർക്കലി പ്രദേശത്ത് നിലനിൽക്കുന്ന പഞ്ചാബ് സിവിൽ സെക്രട്ടേറിയേറ്റ്. സിഖ് ചക്രവർത്തി രഞ്ജിത് സിങ്ങിന്റെ സൈന്യത്തിലെ വിദേശപടയാളിയായിരുന്ന ജീൻ ബാപ്റ്റിസ്റ്റ് വെഞ്ചുറ പണികഴിപ്പിച്ച ഈ കെട്ടിടം ആദ്യകാലത്ത് വെഞ്ചുറ ഹൗസ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. അനാർക്കലി ശവകുടീരത്തിനോട് ചേർന്ന് പണിതതായതിനാൽ അനാർക്കലി ഹൗസ് എന്ന പേരിലും അറിയപ്പെട്ടിരുന്നു. മുൻപ് ഇവിടെ നിലനിന്നിരുന്ന ഒരു മുഗൾ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങൾക്കു മുകളിലാണ് യൂറോപ്യൻ പേർഷ്യൻ ശൈലികൾ സമന്വയിപ്പിച്ചുകൊണ്ട് വെഞ്ചുറ ഈ കെട്ടിടം പണിതത്.[1] ബ്രിട്ടീഷ് ഭരണകാലത്ത്, 1846 മുതൽ ഇത് ബ്രിട്ടീഷ് റെസിഡണ്ടിന്റെ കാര്യാലയവും വസതിയുമായി മാറി. 1849-ൽ പഞ്ചാബ് ഭരണബോർഡിന്റെ ആസ്ഥാനമായി. 1871 മുതൽ പഞ്ചാബ് സർക്കാറിന്റെ സെക്രട്ടറിയേറ്റായി.[2] ഇപ്പോഴും ഇത് പഞ്ചാബ് ചീഫ് സെക്രട്ടറിയുടെ കാര്യാലയമാണ്.[1]
രഞ്ജിത് സിങ്ങിന്റെ ഭരണകാലത്ത്, വെഞ്ചുറക്കുപുറമേ, ഷോൺ ഫ്രാൻസ്വ അല്ലാഡ് എന്ന സിഖ് സേനയിലെ മറ്റൊരു ഫ്രഞ്ചുകാരനായിരുന്ന സേനാനായകനും ഈ കെട്ടിടം താമസത്തിനുപയോഗിച്ചിരുന്നു. ഈ കെട്ടിടം പണിതത് 1845-ലാണെന്നാണ് 1916-ലെ പഞ്ചാബ് ഗസറ്റീർ അഭിപ്രായപ്പെടുന്നത്. എന്നാൽ 1917-ൽ ഇവിടെ സ്ഥാപിച്ചിട്ടുള്ള ഒരു ഫലകം അനുസരിച്ച് വെഞ്ചുറ ഇത് പണിതീർത്ത് കുറേ വർഷങ്ങളോളം ഇവിടെ താമസിക്കുകയും ചെയ്തിരുന്നു. 1831-ൽ ഇവിടെയെത്തിയ വിദേശസഞ്ചാരി ജാക്ക് മോണ്ടിന്റെ വിവരണത്തിൽ അപ്പോളിവിടെ വെഞ്ചുറയും അല്ലാഡും താമസിക്കുകയായിരുന്നുവെന്നാണ്.[1] ഈ വസതി യഥാർത്ഥത്തിൽ രഞ്ജിത് സിങ്ങിന്റെ മൂത്തപുത്രനായ ഖഡക് സിങ്ങിനു വേണ്ടി പണികഴിപ്പിച്ചതാണെന്നും അഭിപ്രായമുണ്ട്. 1846-ൽ ബ്രിട്ടീഷ് റെസിഡന്റായെത്തിയ ഹെൻറി ലോറൻസ് ഈ കെട്ടിടത്തിൽ കൂട്ടിച്ചേർക്കലുകൾ വരുത്തിയിരുന്നു. ഈ കെട്ടിടവും ഇതിനോടടുത്തുള്ള അനാർക്കലി ശവകുടീരവും, പഞ്ചാബിലെ ബ്രിട്ടീഷ് ഭരണത്തിന്റെ കേന്ദ്രമായിരുന്നു. ഇതിനോടടുത്തായി നിരവധി പട്ടാളബാരക്കുകളും മറ്റുമായി അനാർക്കലി ജില്ലയിൽ നിരവധി ബ്രിട്ടീഷ് കെട്ടിടങ്ങൾ നിർമ്മിക്കപ്പെട്ടു.[2]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 റാസ നൂർ. "സിവിൽ സെക്രട്ടേറിയേറ്റ്". ലാഹോർ സൈറ്റ്സ് ഓഫ് ഇന്ററസ്റ്റ് (in ഇംഗ്ലീഷ്). ആൽബെർട്ട സർവകലാശാല. Archived from the original (html) on 2012-10-16. Retrieved 28 ഫെബ്രുവരി 2013.
- ↑ 2.0 2.1 ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "5 - ദ പഞ്ചാബ് ഏജൻസി ആൻഡ് ജലന്ധർ ദൊവാബ്, 1846 (The Punjab Agency and Jullundur Doab, 1846), 1843-1845". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (in ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. pp. 141–142. ISBN 019579415 X. Retrieved 2012 നവംബർ 17.
{{cite book}}
: Check date values in:|accessdate=
and|year=
(help)CS1 maint: year (link)