പണ്ഡിത രമാബായ്
പണ്ഡിത രമാബായ് | |
---|---|
ജനനം | |
മരണം | 5 ഏപ്രിൽ 1922 മഹാരാഷ്ട്ര, ഇന്ത്യ | (പ്രായം 63)
ഇന്ത്യയിലെ ഒരു സാമൂഹ്യപ്രവർത്തകയും പരിഷ്കർത്താവുമായിരുന്നു പണ്ഡിത രമാബായ് (23 ഏപ്രിൽ 1858 – 5 ഏപ്രിൽ 1922). ഭാഷകളിലും ഹിന്ദുമതഗ്രന്ഥങ്ങളിലുമുള്ള പരിജ്ഞാനത്തെ ബഹുമാനിച്ച് 1878-ൽ കൽക്കട്ട സർവകലാശാലയിലെ അദ്ധ്യാപകരാണ് പണ്ഡിത എന്ന വിശേഷണം നൽകിയത്.
ആദ്യകാലജീവിതം
[തിരുത്തുക]കർണാടകയിലെ മംഗലാപുരം ജില്ലയിൽ കാർക്കള താലൂക്കിൽ ഒരു ചിത്പവൻ ബ്രാഹ്മണകുടുംബത്തിലാണ് രമാബായ് ജനിച്ചത്. മറാഠിയായിരുന്നു ഇവരുടെ സംസാരഭാഷ. പിതാവ് അനന്ത് ശാസ്ത്രി ഡോംഗ്രെ, അന്നത്തെ വ്യവസ്ഥിതിക്കു വിഭിന്നമായി, സ്ത്രീകൾക്കും സംസ്കൃത പഠനവും വിദ്യാഭ്യാസവും ആവശ്യമാണെന്ന് വിശ്വസിച്ചിരുന്നു. സമൂഹത്തിന്റെ എതിർപ്പ് കൂട്ടാക്കാതെ രമാബായ്, മാതാവ് ലക്ഷ്മിബായ് എന്നിവരെ അദ്ദേഹം സംസ്കൃതവും പുരാണങ്ങളും പഠിപ്പിച്ചു. സംസ്കൃതം കൂടാതെ മറാഠി, കാനറീസ്, ബംഗാളി, ഹിന്ദുസ്ഥാനി എന്നീ ഭാഷകളും രമാബായ് അഭ്യസിച്ചു. മാതാപിതാക്കളുടെ നിര്യാണശേഷം രമാബായിയും സഹോദരനും, രണ്ടായിരത്തോളം മൈൽ ദൂരം കാൽനടയായി[1] സഞ്ചരിച്ച ശേഷം കൽക്കട്ടയിലെത്തി. പണ്ഡിത, സരസ്വതി എന്നീ വിശേഷണങ്ങൾ രമാബായിക്ക് സമ്മാനിച്ചത് കൽക്കട്ടയിലെ പണ്ഡിതരാണ്. കേശബ് ചന്ദ്ര സെൻ ഇവർക്ക് വേദങ്ങൾ നൽകുകയും വായിക്കുവാൻ പ്രേരിപ്പിക്കുകയും ചെയ്യുകയുണ്ടായി.
1880 നവംബർ 13-ന് താഴ്ന്ന ജാതിക്കാരനായ ബാബു ബിപിൻ ബിഹാരി മേധാവി എന്ന ബംഗാളി അഭിഭാഷകനെ വിവാഹം ചെയ്തു. ഈ ബന്ധത്തിൽ മനോരമ എന്ന മകൾ ജനിച്ചു. 1882-ൽ ബാബു നിര്യാതനായി. തുടർന്ന് രമാബായി സ്കോളർഷിപ്പോടെ ബ്രിട്ടനിൽ പഠിക്കുവാൻ എത്തി. ഇക്കാലത്ത് അവർ ക്രിസ്തുമതം സ്വീകരിച്ചു.
സാമൂഹ്യരംഗത്ത്
[തിരുത്തുക]ഇന്ത്യയിലെ സ്ത്രീകളുടെയും ബാലവിധവകളുടെയും ഉന്നമനത്തിനായി അമേരിക്കയിൽ 3 വർഷക്കാലം പ്രഭാഷണപരമ്പരകൾ നടത്തുകയും രമാബായ് ഫൗണ്ടേഷൻ സ്ഥാപിച്ച് 30,000 ഡോളർ സമാഹരിക്കുകയും ചെയ്തു. ഇവർ രചിച്ച ഹൈ കാസ്റ്റ് ഹിന്ദു വിമൻ എന്ന പുസ്തകത്തിന്റെ പതിനായിരത്തോളം പ്രതികൾ അമേരിക്കയിൽ വിറ്റഴിക്കപ്പെടുകയുണ്ടായി.
1881-ൽ പൂനെയിൽ ആര്യ മഹിളാ സഭ സ്ഥാപിക്കുകയും ശൈശവവിവാഹം പോലുള്ള സാമൂഹിക അനാചാരങ്ങൾക്കെതിരെ പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തു.1889-ൽ ബാലവിധവകളുടെ പുനരധിവാസത്തിനായി പൂനെയിൽ മുക്തി മിഷൻ സ്ഥാപിച്ചു. 1900-ൽ മുക്തി മിഷനിൽ 1500 നിവാസികളും നൂറിലധികം കാലികളും ഉണ്ടായിരുന്നു. വിധവകൾ, അനാഥർ, അന്ധർ തുടങ്ങിയവർക്കായി ദി പണ്ഡിത രമാബായ് മുക്തി മിഷൻ ഇന്നും പ്രവർത്തനം തുടരുന്നു[2].
1922 ഏപ്രിൽ 5-ന് നിര്യാതയായി.
ബഹുമതികൾ
[തിരുത്തുക]1919-ൽ ബ്രിട്ടീഷ് സർക്കാർ കൈസർ-ഇ-ഹിന്ദ് ബഹുമതി നൽകി ആദരിച്ചു. 1989 ഒക്റ്റോബർ 26-ന് രമാബായിയുടെ സ്മരണാർഥം ഭാരതസർക്കാർ തപാൽ സ്റ്റാമ്പ് പുറത്തിറക്കി.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ജീവന്മാർഗ്.കോം - പണ്ഡിത രമാബായ്- ഫൗണ്ടർ ഓഫ് മുക്തി മിഷൻ
- പണ്ഡിത രമാബായ് - മേക്കിംഗ് ഓഫ് എ സോഷ്യൽ ആന്റ്രപ്രന്യുർ
- സൗത്ത് ഏഷ്യൻ അമേരിക്കൻ ഡിജിറ്റൽ ആർക്കൈവ്
- സ്റ്റോറി ഓഫ് രമാബായ് Archived 2018-03-05 at the Wayback Machine.
അവലംബം
[തിരുത്തുക]- ↑ My Story by Pandita Ramabai. Pub: Christian Institute for Study of Religion and Society, Bangalore.
- ↑ http://www.gracevalley.org/teaching/2010/Untold_Tale_Revival_Pandita_Ramabai.html Mr. Gregory Perry