പത്തായം
മുൻകാലങ്ങളിൽ, ധാന്യങ്ങൾ കേടുകൂടാതെ സൂക്ഷിക്കാനുപയോഗിച്ചിരുന്ന സംഭരണിയാണ് പത്തായം അഥവാ പത്താഴം. വീടുകളുടെ തറകൾ മണ്ണും ചാണകവും കരിയും കൂട്ടി മെഴുകിയവയും ഈർപ്പമുള്ള കാലാവസ്ഥയും ആയതു കൊണ്ട് ധാന്യങ്ങൾ, കേടുകൂടാതെ സൂക്ഷിക്കാൻ ഇവ അത്യാവശ്യമായിരുന്നു.
നിർമ്മാണം
[തിരുത്തുക]തേക്ക്, ഈട്ടി, പ്ലാവ് തുടങ്ങിയ ഈട് നിൽക്കുന്ന മരം കൊണ്ടാണ് നിർമ്മാണം. ചതുരാകൃതിയിൽ, നിലത്തു നിന്ന് അൽപ്പം ഉയർത്തി മൂന്നുചുമരുകളോടും ചേർത്ത് പണിത്, തുറന്നിരിക്കുന്ന വശം, നിരപ്പലകകൾ ഇട്ടു അടക്കുന്ന പത്തായങ്ങളും നാലുകാലിൽ പണിത് നീക്കിമാറ്റാവുന്ന കട്ടിൽപ്പത്തായങ്ങളും (കട്ടിൽ പോലെ ഉപയോഗിക്കാവുന്നത് ) ഉണ്ടായിരുന്നു. കട്ടിലായും എഴുത്തുമേശയായും ഇത്തരം പത്തായങ്ങളെ ഉപയോഗിക്കാറുണ്ടായിരുന്നു.
പത്തായപ്പുര
[തിരുത്തുക]വലിയ തറവാടുകളിൽ, പ്രധാന വീടിന്റെ അടുത്തായി വേറെ ഒരു പുര പണിത് അതിലെ പ്രധാന മുറിയിൽ പത്തായവും അതിനോട് ചേർന്ന് മുറികളും മാളികയും പണിത പത്തായപുരകളും സാധാരണയായി നിർമ്മിക്കാറുണ്ടായിരുന്നു.[1] ചില ആരാധനാലയങ്ങളോടനുബന്ധിച്ച് പത്തായപ്പുരകൾ നിർമ്മിച്ച് പരിപാലിക്കുന്നുണ്ട്.[2]
പത്തായച്ചൊല്ലുകൾ
[തിരുത്തുക]അച്ഛൻ പത്തായത്തിലുമില്ല തട്ടിൻ പുറത്തുമില്ല എന്നത് പ്രശസ്തമായ ചൊല്ലാണ്. പത്തായവുമായി ചേർത്ത് നിരവധി പഴഞ്ചൊല്ലുകൾ മലയാളത്തിലുണ്ട്. ചില ഉദാഹരണങ്ങൾ-
- പത്തായം പെറും ചക്കി കുത്തും അമ്മ വെക്കും ഉണ്ണി ഉണ്ണും
- പത്തായക്കാരനോട് കടം കൊള്ളണം
- പത്തായത്തെ പട്ടിണിക്കിടരുത്.
- പത്തായമുള്ളേടം പയറുമുണ്ടാവും/പയറും കാണും
അവലംബം
[തിരുത്തുക]- ↑ "ഇ എം എസിന്റെ ഓർമകളിൽ പുളിങ്കാവിലെ "പത്തായപ്പുര'". deshabhimani.com.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആറാട്ടുപുഴ ക്ഷേത്രം പത്തായപ്പുര". Irinjalakuda.com.[പ്രവർത്തിക്കാത്ത കണ്ണി]